അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒരിക്കലെങ്കിലും പോകാത്തവര്‍ വിരളമായിരിക്കും. നമുക്ക് ഉല്ലാസം പകരുവാനും നമ്മെ സന്തോഷിപ്പിക്കുവാനും അവിടെ പല തരത്തിലുള്ള ധാരാളം റൈഡുകളുണ്ട്. നമ്മെ കശക്കിയെറിയുന്ന തരത്തിലുള്ള വളരെ സാഹസികത നിറഞ്ഞ, അല്പം ഭയപ്പെടുത്തുന്ന റൈഡുകളുമുണ്ട്. എങ്കിലും ഇത്തരം റൈഡുകള്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. ഇതിലെ സാഹസികതനിറഞ്ഞ വളവുകളും തിരിവുകളും ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം അവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. സുരക്ഷിതമായ, അപ്രതീക്ഷിതമായി യാതൊരു വളവോ തിരിവോ കശക്കിയെറിയലുകളോ ഇല്ലാത്ത ഒരു ട്രെയിന്‍ യാത്രയെക്കാളും എല്ലാവരും ഇഷ്ടപ്പെടുക റോളര്‍ കോസ്റ്റര്‍ റൈഡുകള്‍ തന്നെയാണ്. എന്തുകൊണ്ടായിരിക്കാം? ട്രെയിന്‍ യാത്രയില്‍ വിരസതയുണ്ട്, എന്നാല്‍, അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകള്‍ ഉദ്വേഗജനകമാണ് എന്നതുതന്നെ കാരണം.
നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള അപ്രതീക്ഷിതമായ ഉയര്‍ച്ച താഴ്ചകളും കശക്കിയെറിയപ്പെടുന്ന തരത്തിലുള്ള അനുഭവങ്ങളും ഉണ്ടായേക്കാം. അതുതന്നെയാണ് ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നതും. മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍നിന്നു പലായനം ചെയ്യുമ്പോള്‍, മുന്നോട്ട് എന്താണ് എന്ന് അവര്‍ക്ക് അറിയില്ല. എന്നാല്‍, ഈ യാത്രയുടെ ഒരു വിവരണം മുന്‍കൂട്ടി അവര്‍ക്കു നല്കപ്പെട്ടിരുന്നെങ്കില് കഥ മറ്റൊന്നായേനെ. ചെങ്കടല്‍ വിഭജിക്കപ്പെടുന്നതിന്റെ ആശ്ചര്യവും അത്ഭുതവും അവര്‍ക്കു നഷ്ടമായേനേ. അബ്രാഹം ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ പോകുമ്പോള്‍, ദൈവം നല്കുന്ന കുഞ്ഞാടിനെയാണ് താന്‍ ബലിയര്‍പ്പിക്കുക എന്ന് അബ്രാഹം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍, അബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസവും വിശ്വസ്തതയും യുഗാന്ത്യം വരെയുള്ള വിശ്വാസികള്‍ക്കു മാതൃകയായി തെളിയിക്കപ്പെടുകയില്ലായിരുന്നു.
ജീവിതത്തിലെ ഇതുപോലുള്ള അനിശ്ചിതത്വമാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നതും. ദൈവത്തോടുള്ള നമ്മുടെ സ്നേഹവും വിശ്വാസവും വിശ്വസ്തതയും തെളിയിക്കാന്‍ കിട്ടുന്ന അവസരങ്ങളാണിവ. അതിനാല്‍, എന്തുകൊണ്ട് ചില സഹനങ്ങള്‍ എന്നു ചിന്തിക്കരുത്. കാരണം, അതിന്റെ ഉത്തരം ഇപ്പോള്‍ അറിഞ്ഞാല്‍ മുമ്പോട്ടുള്ള യാത്രയില്‍ ഒരുക്കപ്പെട്ടിട്ടുള്ള അത്ഭുതങ്ങളും മനോഹാരിതയും നഷ്ടമായേക്കാം. ചില സഹനങ്ങളുടെ അര്‍ത്ഥം കണ്ടെത്തേണ്ടതാണെങ്കില്, ചിലത് അങ്ങനെയല്ല. ഒന്നും മസ്സിലാകുന്നില്ലെങ്കിലും ദൈവത്തോട് ‘ആമ്മേന്‍’ പറയേണ്ട അവസരങ്ങളാണവ. അതിനാല്‍, ”പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്” (1 പത്രോസ് 4/12) അങ്ങനെയുള്ള അവസരങ്ങളില്‍ താഴ്മയോടെ സങ്കീര്‍ത്തകനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം: ”എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ! അങ്ങയിലാണ് ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 57/1).
എന്തുതന്നെ സംഭവിച്ചാലും, ഒടുവില്‍, ”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെടുന്നവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്ക് അറിയാമല്ലോ? (റോമാ 8/28).