ആ ഇടവകയിലെ വൈദികന് ബുധനാഴ്ചകളില്‍ കപ്യാര്‍ക്കൊപ്പം പ്രായമായവരെ സന്ദര്‍ശിക്കുക പതിവായിരുന്നു. അക്കൂട്ടത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ ബലിക്ക് വരാന്‍ സാധിക്കാത്ത ഒരു വയോധിക എപ്പോഴും അവരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കാറുണ്ട്. ഒരു ദിവസം, പതിവുസംഭാഷണമൊക്കെ കഴിഞ്ഞപ്പോള്‍ അവരോട് നിത്യജീവിതത്തെക്കുറിച്ചും സ്വര്‍ഗീയപ്രത്യാശയെക്കുറിച്ചും സംസാരിക്കാമെന്ന് വൈദികന് കരുതി.
ഒരു മുഖവുരയെന്നോണം അദ്ദേഹം ആ വയോധികയോട് ചോദിച്ചു, ”എന്തിനാണ് നാം ഇവിടെ വന്നത് എന്ന് ചിന്തിക്കാറുണ്ടോ?”
അവര്‍ വേഗം മറുപടി പറഞ്ഞു, ”ഉവ്വ് അച്ചാ, ഞാനതേക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ചിന്തിക്കാറുണ്ട്.”
അവരുടെ പ്രായത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ ആ മറുപടി കേട്ടപ്പോള്‍ വൈദികന് അത്ര അതിശയം തോന്നിയില്ല. പ്രായമാകുന്തോറും നിത്യജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണല്ലോ എന്ന് അദ്ദേഹം മനസിലോര്‍ത്തു. എങ്കിലും വെറുതെ ഒരു കൗതുകത്തിനായി ചോദിച്ചു, ”അമ്മച്ചി എപ്പോഴാണ് അതേക്കുറിച്ച് ധ്യാനിക്കാറുള്ളത്? രാവിലെ ഉണരുന്ന നേരത്തോ അതോ രാത്രി ഉറങ്ങുന്നതിന് മുമ്പോ?”
”അല്ലച്ചാ, ആ രണ്ട് സമയത്തുമല്ല.
പകല്‍ മുഴുവന്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അതേക്കുറിച്ച് ചിന്തിക്കും. പ്രത്യേകിച്ച് ഹാളിലൂടെ എന്റെ കിടപ്പുമുറിയിലേക്ക് നടക്കുമ്പോള്‍ പകുതിവഴിയില്‍ നിന്നിട്ട് ഞാന്‍ ആലോചിക്കും- അല്ലാ, ഞാനെന്തിനാണിവിടെ വന്നത് എന്ന്!!”
അമ്മച്ചിക്കടുത്തുനിന്ന് ദൈവാലയത്തിലേക്ക് മടങ്ങുമ്പോള്‍ തമാശരൂപേണ കപ്യാര് പറഞ്ഞു, ”എന്നാലും അച്ചാ, ഇത്രയും വലിയ ‘ധ്യാനം’ പ്രതീക്ഷിച്ചില്ല.”
കപ്യാരുടെ വാക്കുകള്‍കേട്ട് ആദ്യം ചിരിച്ചെങ്കിലും വൈദികന് പതിയെ ഗൗരവത്തിലായി. കപ്യാരോട് അദ്ദേഹം ചോദിച്ചു, ”അല്ല, നാമെന്തിനാണിവിടെ വന്നതെന്ന് ഞാനോ ചേട്ടനോ ധ്യാനിക്കാറുണ്ടോ? വാസ്തവത്തില്‍ നന്മരണത്തിനായുള്ള ഒരുക്കമാണ് ഈ ജീവിതം മുഴുവനുമെന്ന് നമ്മിലെത്രപേര്‍ മനസിലാക്കുന്നുണ്ട്? ആ അമ്മച്ചി നമ്മെ അതേക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു.”
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കപ്യാരും തെല്ലുനേരം മൗനത്തിലാണ്ടു.
”ഈ ജീവിതത്തിനുവേണ്ടിമാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15/19)