അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം! – Shalom Times Shalom Times |
Welcome to Shalom Times

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം!

അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക! ആദ്യനാളുകളില്‍ എനിക്കത് ആശ്ചര്യകരമായ ഒരറിവായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തോടു ചേര്‍ന്നുതന്നെയാണ് അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അറിവും എനിക്ക് കിട്ടിയത്. അറിവ് അനുഭവമായിത്തീര്‍ന്നപ്പോള്‍ അത് എനിക്ക് ഏറെ ആസ്വാദ്യതയുള്ളതായി അനുഭവപ്പെട്ടു.
നാലാം ക്ലാസില്‍വച്ചായിരുന്നു എന്റെ ആദ്യത്തെ കുര്‍ബാനസ്വീകരണം. എസ്.ഡി സിസ്റ്റേഴ്‌സാണ് എന്നെ അതിന് ഒരുക്കിയത്. തികഞ്ഞ അനുസരണത്തോടുകൂടി നമസ്‌കാരങ്ങളെല്ലാം പഠിച്ച് ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കുവാന്‍ ഒരുങ്ങി.

അന്നത്തെ കാലഘട്ടത്തില്‍ ആദ്യകുര്‍ ബാന സ്വീകരിച്ചാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുടക്കംകൂടാതെ ദിവ്യബലിയില്‍ സംബന്ധിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തേതുപോലെ വാഹനസൗകര്യങ്ങളൊന്നും തീരെ ഇല്ലാതിരുന്ന അക്കാലത്ത് കുന്നും മലയും താണ്ടി രണ്ടും മൂന്നും കിലോമീറ്റര്‍ നടന്ന് പള്ളിയില്‍ എത്തേണ്ടവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞാനും അവരില്‍പെട്ട ഒരാള്‍ ആയിരുന്നു. ദിവസേനയുള്ള ദിവ്യബലി അസാധ്യമായിരുന്ന ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളെ ആദ്യകുര്‍ബാനയ്ക്കുവേണ്ടി ഒരുക്കിയ സിസ്റ്റര്‍ നല്ലൊരു പരിഹാരമാര്‍ഗം പറഞ്ഞുതന്നു. അതാണ് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം.

‘ സിസ്റ്റര്‍ ഇങ്ങനെ പറഞ്ഞു. ”എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഈശോയ്ക്ക് നമ്മുടെ ഉള്ളില്‍ വസിക്കുവാന്‍ ഒരു തിരുവോസ്തിയോളം ചെറുതാകാന്‍ കഴിയുമെന്നത് ആശ്ചര്യകരം തന്നെയല്ലേ. എന്നാല്‍ അതിനെക്കാള്‍ വലിയ ഒരത്ഭുതം ഈശോയ്ക്ക് ചെയ്യാന്‍ കഴിയും. ഈ തിരുവോസ്തിക്ക് ‘അരൂപിക്കടുത്തവിധം നമ്മുടെ ഉള്ളില്‍ വരാനും വന്നു വാസമാക്കാനും കഴിയും’ എന്നതാണത്. അതിനാല്‍ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ് എല്ലാ ദിവസവും പള്ളിയില്‍ വരാന്‍ പറ്റാത്തവര്‍ ഒട്ടും വിഷമിക്കേണ്ട. നമുക്ക് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധവും സ്വീകരിക്കാം. ഞാന്‍ ചൊല്ലിത്തരുന്ന ഈ പ്രാര്‍ത്ഥന സ്വീകരിച്ച് ഹൃദിസ്ഥമാക്കി അത് ഈശോയോട് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി.” പ്രാര്‍ത്ഥന ഇതാണ്:

”സക്രാരിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ, അങ്ങ് സത്യമായും ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. ഓ ദിവ്യ ഈശോയെ കൂദാശയ്ക്കടുത്തവിധം അങ്ങയെ സ്വീകരിക്കുവാന്‍ എനിക്ക് സാധ്യമല്ലാത്ത ഈ നിമിഷത്തില്‍ അരൂപിക്കടുത്തവിധം അവിടുന്ന് എന്റെ ഹൃദയത്തിലേക്കും എന്റെ ജീവിതത്തിലേക്കും എഴുന്നള്ളിവരേണമേ. ഓ ഈശോയേ, പാപിയായ എന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ട് അവിടുന്ന് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുകയും അതിനായി നന്ദി പറയുകയും ചെയ്യുന്നു. ഓ എന്റെ നല്ല ഈശോയേ എന്നെ പൂര്‍ണമായും നിന്റേതാക്കി മാറ്റണമേ ആമ്മേന്‍.”
എന്നെപ്പോലെ എല്ലാ ദിവസവും പള്ളിയിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഈ പ്രാര്‍ത്ഥന വലിയ ആശ്വാസവും കൂദാശയ്ക്കടുത്ത ദിവ്യകാരുണ്യ സ്വീകരണംപോലെതന്നെയോ അതിലധികമോ ആസ്വാദ്യകരവുമായി ആ നാളുകളില്‍ അനുഭവപ്പെട്ടിട്ടുണ്ട്.

എവിടെവച്ചും എത്രവട്ടമെങ്കിലും
സിസ്റ്റര്‍ തുടര്‍ന്നും പറഞ്ഞുതന്നു. ”ഈ അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എത്രപ്രാവശ്യം വേണമെങ്കിലും എവിടെവച്ചും നമുക്കു നടത്താം. നിങ്ങള്‍ക്കു മാത്രമല്ല പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ കഴിയാത്ത നിങ്ങളുടെ അപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും ഈ രീതിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം. ഈ പ്രാര്‍ത്ഥന കാണാപാഠം പഠിക്കാന്‍ വിഷമമുള്ളവര്‍ക്ക് ഇതേ രീതിയില്‍ത്തന്നെ ചൊല്ലണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ”ഓ ദിവ്യകാരുണ്യ ഈശോയേ അങ്ങയെ സ്വീകരിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന എന്റെ ഹൃദയത്തിലേക്ക് അരൂപിക്കടുത്തവിധം എഴുന്നള്ളിവരണേ” എന്നുമാത്രം പ്രാര്‍ത്ഥിച്ചാലും ദിവ്യകാരുണ്യ ഈശോ നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. ഒരു ദിവസത്തില്‍ എത്രപ്രാവശ്യം വേണമെങ്കിലും നമുക്ക് ഈവിധത്തില്‍ അരൂപിക്കടുത്തവിധം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം. നമുക്കുമുമ്പേ സ്വര്‍ഗത്തിലെത്തിയിട്ടുള്ള വലിയ വലിയ വിശുദ്ധന്മാരില്‍ പലരും ഒരു ദിവസംതന്നെ ഈ വിധത്തില്‍ അരൂപിയില്‍ പലവട്ടം വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുള്ളവര്‍ ആണ്.” ഇത്രയുമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരിണത്തെ സംബന്ധിച്ച് അന്ന് സിസ്റ്ററില്‍നിന്നും കിട്ടിയ അറിവ്. അറിവു മാത്രമല്ല ആ സ്വീകരണം എപ്പോഴെല്ലാം ഞാന്‍ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതൊരു മാധുര്യമേറുന്ന അനുഭവമായിരുന്നു.

പിന്നീടങ്ങോട്ട്
മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോള്‍ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ വെളിപ്പെടുത്തലുകള്‍ കിട്ടി. എല്ലാം ആ നാളുകളില്‍ എന്നെ പഠിപ്പിച്ച സിസ്റ്റേഴ്‌സുവഴി കിട്ടിയിട്ടുള്ളതാണ്. അത് ഇതാണ്. അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ആര്‍ക്കുവേണമെങ്കിലും നടത്താം. കത്തോലിക്കാ സഭയിലുള്ള അംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടത് എന്നാണ് ഞാന്‍ ആദ്യനാളുകളില്‍ അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്. എന്നാല്‍ അങ്ങനെ മാത്രമല്ല അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. യേശുവിനെ സ്‌നേഹിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരുവനും ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജാതിയിലും ജനതയിലുംപെട്ടവനാകട്ടെ അവന് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധം സ്വീകരിക്കുവാനുള്ള അവകാശമുണ്ട്.

”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പെട്ടവനാണെങ്കിലും അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 10/35). ഈ തിരിച്ചറിവില്ലാത്ത യേശുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ള അനേക വിജാതീയര്‍ കുര്‍ബാനയനുഭവം ഞങ്ങള്‍ക്ക് അന്യമാണല്ലോ എന്നുകരുതി വിലപിച്ചു കഴിയുന്നു. അതിന്റെ യാതൊരാവശ്യവുമില്ല. ഹൃദയത്തില്‍ സ്വന്തം തെറ്റുകളെക്കുറിച്ച് അനുതാപമുണ്ടായിരിക്കുകയും യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജനതയില്‍പെട്ടവനാകട്ടെ അവന് വിശുദ്ധ കുര്‍ബാന അരൂപിയില്‍ ഉള്‍ക്കൊള്ളാന്‍ അവകാശമുണ്ട്.
ഞങ്ങളെ ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കിയ സിസ്റ്റര്‍ പറഞ്ഞുതന്ന ആ ദിവ്യകാരുണ്യ പ്രാര്‍ത്ഥന പൂര്‍ണ വിശ്വാസത്തോടെ ഹൃദയപൂര്‍വം ചൊല്ലിയാല്‍മതി.

എല്ലാ ദിവസവും ദിവ്യബലിയില്‍ സംബന്ധിക്കണമെന്നും വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളണമെന്നും വളരെ തീവ്രമായിത്തന്നെ ആഗ്രഹിക്കുന്ന ഒത്തിരിപ്പേര്‍ ഇത് വായിക്കുന്നവരുടെ ഇടയിലുണ്ട്. പക്ഷേ അനാരോഗ്യത്തിന്റെ അവസ്ഥകള്‍കൊണ്ടും മറ്റുപല വിപരീത സാഹചര്യങ്ങള്‍കൊണ്ടും അനേകംപേര്‍ക്ക് ഇതിന് കഴിയാറില്ല. ഇതെഴുതുന്ന ഞാനും അത്തരത്തില്‍പെട്ട ഒരാള്‍തന്നെയാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വലിയൊരു ദൈവാനുഗ്രഹമാണ് ഈ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. വിശുദ്ധ കുര്‍ബാന കൂദാശയ്ക്കടുത്തവിധം സ്വീകരിക്കുന്ന അതേ അനുഭവംതന്നെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഈശോ നമുക്കും നല്‍കും. പൂര്‍ണമായ വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ക്ക് അതിലും അധികവും ദൈവം തരും.

ചിലപ്പോഴെല്ലാം ഈ അനുഭവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിട്ടും അതിന് കഴിയാതെപോയതില്‍ സങ്കടപ്പെട്ട് എന്നൊക്കെ അതിനു പകരമായി അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചുവോ അന്നൊക്കെ മൂന്നിരട്ടിപങ്ക് ദൈവാനുഭവം എല്ലാ മേഖലയിലുമുള്ള അഭിഷേകക്കൂടുതലും ദിവ്യകാരുണ്യ ഈശോ എനിക്കു തന്നിട്ടുണ്ട്. എന്നിലൂടെ നിര്‍വഹിക്കപ്പെടേണ്ട എന്റെ കടമകളും ഉത്തരവാദിത്വങ്ങളും ജോലികളും ഈ രീതിയില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ച ദിവസങ്ങളില്‍ മൂന്നിരട്ടിപങ്ക് അഭിഷേകത്തോടെ നടത്തപ്പെടുന്നത് വലിയ അത്ഭുതത്തോടുകൂടെത്തന്നെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്.

ഉപേക്ഷമൂലമുള്ള പാപം
എന്നാല്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ സാഹചര്യവും ആരോഗ്യവും ഉള്ളവര്‍ ഒരു കാരണവശാലും അനുദിന ദിവ്യബലി ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ഉപേക്ഷമൂലം ചെയ്യുന്ന പാപമായിത്തീരും. അനുദിന കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുന്നവര്‍ക്കും അതിനുശേഷവും പലവട്ടം അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്. ദിവസം മുഴുവനും നിരന്തര ദൈവസാന്നിധ്യത്തിലും ദൈവപരിപാലനയിലും വിശുദ്ധിയിലും വ്യാപരിക്കുവാന്‍ ഇത് നമ്മെ സഹായിക്കും. നാം അള്‍ത്താരയില്‍ വണങ്ങുന്ന മഹാവിശുദ്ധരില്‍ പലരും ഈ രീതിയിലുള്ള അരൂപിയിലുള്ള ദിവ്യകാരുണ്യ അനുഭവം ഒരു ദിവസത്തില്‍തന്നെ പലവട്ടം ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ളവരാണ്.

കോവിഡ്കാലത്ത്
കോവിഡ് മഹാമാരി പെയ്തിറങ്ങിയ കാലത്ത് ശാരീരികമായി ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയാതിരുന്ന സമയത്താണ് ആ കുറവു നികത്താന്‍വേണ്ടി മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ ബലികളില്‍ കുര്‍ബാനസ്വീകരണസമയത്ത് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന സാധാരണ ജനങ്ങളെ തേടിയെത്തിയത്. വിശ്വാസികളില്‍ പലരും ആ സമയത്താണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന ഉണ്ടെന്നുതന്നെ മനസിലാക്കുന്നത്. പക്ഷേ ഇത് സഭയില്‍ അനേക കാലങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്നതുതന്നെയാണ്. ഇന്നും നിലനില്‍ക്കുന്നതുമാണ്.
ഉത്ഭവം

കത്തോലിക്കാസഭയില്‍
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ഉടലെടുത്തത് കത്തോലിക്കാ സഭയില്‍തന്നെയാണ്. പക്ഷേ ഇത് കത്തോലിക്കാ സഭാവിശ്വാസികളുടെമാത്രം സ്വകാര്യസ്വത്തല്ല. വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയിലോ ജാതിയിലോ ജനതയിലോ പെട്ടവനാകട്ടെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അവകാശമുണ്ട്. അജ്ഞതമൂലം അത് നാം നഷ്ടമാക്കരുത്. യേശുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടും ഔദ്യോഗികമായി (മാമോദീസയിലൂടെ) സഭയുടെ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് കൂദാശയ്ക്കടുത്ത വിധത്തിലുള്ള ദിവ്യകാരുണ്യസ്വീകരണം കത്തോലിക്കാ സഭാനിയമമനുസരിച്ച് അനുവദനീയമല്ലല്ലോ. അങ്ങനെയുള്ളവര്‍ക്ക് ഒരു വലിയ ആശ്വാസദൂതായിരിക്കും അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണം എന്ന് എനിക്കുറപ്പുണ്ട്. ഇതൊരു ദൈവശാസ്ത്രത്തിന്റെ വെളിപ്പെടുത്തലല്ല.

എന്റെയും ഈ വിധത്തില്‍ ഈശോയെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള മറ്റനേകരുടെയും ജീവിതാനുഭവമാണ്. അമ്മയുടെ മടിയിലിരുന്നു സ്വസ്ഥമായി മുലപ്പാല്‍ നുകരുന്ന കുഞ്ഞ് ആസ്വാദ്യതയോടെ അത് ചെയ്തു സംതൃപ്തനാകുന്നത് അതിന്റെ പിന്നിലെ ദൈവശാസ്ത്രം മനസിലാക്കിയിട്ടല്ലല്ലോ. അതവനെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവം ആയതുകൊണ്ടാണ്. അതിനാല്‍ ദിവ്യകാരുണ്യ ഈശോയെ നമുക്ക് സര്‍വാത്മനാ സ്വീകരിക്കാം.

ഈശോയുടെ കുരിശിലെ ബലിയെക്കാള്‍ എത്രയോ വലിയ ശൂന്യവല്‍ക്കരണമാണ് ആര്‍ക്കും കൈനീട്ടി തൊടാനും വിശ്വാസപൂര്‍വം ഉള്‍ക്കൊള്ളാനും തക്കവിധത്തിലുള്ള ഒരു തിരുവോസ്തിയാകാന്‍ തന്നെ സമര്‍പ്പിക്കുന്നതിലൂടെ അവിടുന്ന് ചെയ്തത്. ഈ മഹാസൗഭാഗ്യം യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിച്ച ആരും നഷ്ടപ്പെടുത്താതിരിക്കും. യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിക്കാത്ത അനേകര്‍ക്കുവേണ്ടിക്കൂടിയും നമുക്ക് വിശ്വാസപൂര്‍വം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം.

പാപത്തിലേക്കും നാശത്തിലേക്കും കുതിച്ചുപാഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ രക്ഷപെടുത്താന്‍ ദൈവത്തിന്റെ മഹാകാരുണ്യത്തിന് മാത്രമേ കഴിയുകയുള്ളൂ. നമുക്ക് ദൈവകരുണയുടെ ചാലകങ്ങളായി മാറാം. ഈ ലോകത്തെ രക്ഷയിലേക്ക് നയിക്കുന്ന പരമമായ ദൈവകാരുണ്യമാണല്ലോ വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണല്ലോ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയെ ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം’ എന്ന് സഭാപിതാക്കന്മാര്‍ വിളിക്കുന്നത്. നാം നമുക്കുവേണ്ടി മാത്രമല്ല ഈലോകത്തിലേക്കു പിറന്നു വീഴുന്ന ഓരോ ആത്മാവിനുവേണ്ടിയും വിശുദ്ധ കുര്‍ബാന അരൂപിയില്‍ സ്വീകരിക്കുന്നവരായി മാറട്ടെ. അങ്ങനെ ഈ കുര്‍ബാനയനുഭവം സകല ആത്മാക്കള്‍ക്കും നിത്യരക്ഷയിലേക്കു നയിക്കുന്ന ഒന്നായിത്തീരട്ടെ!!
നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമ്മേന്‍.

സ്റ്റെല്ല ബെന്നി