വത്തിക്കാന്‍ സിറ്റി: പിശാച് ഇല്ല എന്ന് വിശ്വസിപ്പിക്കുകയാണ് ശത്രുവായ പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പിശാചിന് അസ്തിത്വം ഇല്ലെന്ന് പറഞ്ഞാലും മന്ത്രവാദികള്‍, ജ്യോതിഷികള്‍, മന്ത്രത്തകിടുകള്‍ വില്ക്കുന്നവര്, സാത്താന്‍സേവ നടത്തുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ ലോകത്തിലുണ്ട്. അതുതന്നെ പിശാച് ഉണ്ടെന്നതിന്റെ തെളിവാണ്. ചുറ്റിനും ദൃശ്യമായ തിന്മയുടെയും ക്രൂരതയുടെയും രൂപത്തില്‍ പിശാച് പ്രവര്‍ത്തിക്കുന്നു.
ദുഷ്ടാരൂപിയെ തോല്പിക്കാന്, മരുഭൂമിയില്‍ യേശു കാണിച്ചുതന്നതുപോലെ, ദൈവവചനമാണ് ഉപയോഗിക്കേണ്ടത്. യേശുവിന് ആവശ്യമില്ലെങ്കിലും നമുക്ക് വേണ്ട മറ്റൊരു ഘടകം വിശുദ്ധ പത്രോസ് നിര്‍ദേശിക്കുന്ന ജാഗ്രതയാണ്: ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1 പത്രോസ് 5/8).
കുരിശിലെ ക്രിസ്തു, പിശാചിന്റെ ശക്തിയെ പരാജയപ്പെടുത്തി. പക്ഷേ പിശാചിനോട് സംസാരിക്കാന്‍ നില്‍ക്കരുത്. പ്രലോഭനം അനുഭവപ്പെടുമ്പോള്‍, അനുകൂലമായി പ്രതികരിക്കാതിരിക്കുക, അകലം പാലിക്കുക; ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ സമീപിക്കരുത്. സാങ്കേതികവിദ്യ പിശാചിനെ അകത്തുപ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പ ഓര്‍മിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അത് വിറ്റഴിച്ച് ലാഭമുണ്ടാക്കുന്ന വിപണിയെക്കുറിച്ച് ബോധമുള്ളവരാകണം. പിശാചാണ് അതിന് പിന്നിലെന്ന് നമുക്കറിയാം. അതിനാല്‍ നാം ജാഗ്രതയുള്ളവരായിരിക്കണം എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഏറ്റവും പ്രധാനമായി പരിശുദ്ധാത്മാവിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് പാപ്പ പറഞ്ഞു.