ജീവിതത്തിലും മരണത്തിലും മറച്ചുപിടിക്കുന്നവര്‍ – Shalom Times Shalom Times |
Welcome to Shalom Times

ജീവിതത്തിലും മരണത്തിലും മറച്ചുപിടിക്കുന്നവര്‍

ഉത്തരേന്ത്യയില്‍ സേവനം ചെയ്യുന്ന ഒരു സിസ്റ്റര്‍ തന്റെ ടു-വീലറില്‍, ദൂരെയുള്ള മിഷന്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കാട്ടിനുള്ളിലൂടെ മാത്രമേ വഴിയുള്ളൂ. നിരപ്പുള്ള റോഡുകളില്ലാത്ത ദുര്‍ഘടയാത്ര.
പകുതിവഴി പിന്നിട്ട് ഒരു വളവിലെത്തിയപ്പോള്‍ കയ്യില്‍ കുറുവടികളുമായി ഒരു സംഘം അക്രമികള്‍ മുമ്പില്‍! സിസ്റ്റര്‍ ഭയന്നു വിറയ്ക്കാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ ചുറ്റും നോക്കി, ഒരു മാര്‍ഗവുമില്ല. പെട്ടെന്ന് സിസ്റ്റര്‍ പറഞ്ഞു, ‘ഞാന്‍ ഇന്ന് സ്വീകരിച്ച ദിവ്യകാരുണ്യ ഈശോയേ.., എന്നെ ഇവരില്‍ നിന്നും മറച്ചുപിടിക്കണേ.’ അക്രമികള്‍ സിസ്റ്ററിന് നേരെതന്നെ വന്നു; പക്ഷേ, അടുത്തെത്താറായപ്പോള്‍ ഇരുവശങ്ങളിലേക്ക് മാറി, സിസ്റ്ററിനെ തുറിച്ചുനോക്കിക്കൊണ്ടു അവിടെത്തന്നെ നിന്നു. സിസ്റ്റര്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ വാഹനമോടിച്ചു പോവുകയും ചെയ്തു.

”അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍ നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 31/20) എന്ന ദൈവിക വാഗ്ദാനം സിസ്റ്റര്‍ നേരിട്ടനുഭവിച്ച ദിനമായിരുന്നു അത്.
ദൈവം തന്റെ പ്രിയപ്പെട്ടവരെ മറച്ചുവച്ച്, ശത്രുവിനെ ലജ്ജിപ്പിച്ച നിരവധി സംഭവങ്ങള്‍ക്ക് തിരുലിഖിതങ്ങള്‍ സാക്ഷിയാണ്. മോശ, ദാവീദ്, ഏലിയാ, ഏലീഷാ, ഇങ്ങനെ… എന്നാല്‍ സാധാരണ ജീവിതം നയിച്ച ഒരു മരണാസന്നന്റെ അനുഭവം വിശുദ്ധ അന്തോണിയസ് വെളിപ്പെടുത്തുന്നുണ്ട്.
അയാളുടെ മരണനേരം, ആത്മാവിനെ തട്ടിയെടുക്കാനായി നരകമൊന്നാകെ ഇളകിവന്നു. വിധിയാളനായ ഈശോയുടെ മുമ്പില്‍ പിശാചുക്കള്‍ ഇയാളുടെ പാപങ്ങളും മന്ദോഷ്ണതയുമെല്ലാം എണ്ണിപ്പറഞ്ഞുകൊണ്ട് വിധിയുടെ തുലാസിലേക്ക് അവ കുന്നുകൂട്ടി. പാപങ്ങളുടെ തട്ട് ഭാരത്താല്‍ താഴ്ന്നു, പുണ്യങ്ങളുടെ തട്ട് ഉയരത്തില്‍ ആടിക്കളിച്ചു. ശത്രുസൈന്യം ഇയാളെ നരകത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ബഹളം വച്ചുതുടങ്ങി… തീര്‍ത്തും നിസഹായമായ അവസ്ഥ. ഉടന്‍ പരിശുദ്ധ മറിയം ഓടിയെത്തി, അമ്മയുടെ കരം പുണ്യങ്ങളുടെ തട്ടില്‍ വയ്ക്കുകയും അത് പാപങ്ങളുടെ തട്ടിനേക്കാള്‍ താഴുകയും ചെയ്തുവത്രേ. ”തന്റെ കയ്യുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു” (ഏശയ്യാ 49/2).

ഇനിയും ദൈവഹിതപ്രകാരം ജീവിക്കാമെങ്കില്‍ ദൈവസന്നിധിയില്‍ അയാള്‍ക്കുവേണ്ടി വാദിക്കാമെന്ന് പരിശുദ്ധ അമ്മ വാക്കും നല്കി. പിന്നീട് ആ വ്യക്തി ജീവിതത്തിലേക്ക് തിരികെ വരികയും മാനസാന്തരപ്പെട്ട് പരിഹാരജീവിതം നയിക്കുകയും ചെയ്തുവെന്ന് വിശുദ്ധന്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവിതത്തിലും മരണത്തിലും ശത്രു ഒരുക്കുന്ന സകല കെണികളില്‍നിന്നും മറച്ചുപിടിക്കാനും നമുക്കുവേണ്ടി വാദിക്കാനും ഈശോയും പരിശുദ്ധ അമ്മയും നമുക്കുണ്ട് എന്നത് നമ്മെ പ്രത്യാശാഭരിതരും ആത്മധൈര്യമുള്ളവരുമാക്കട്ടെ. ജീവിതവും മരണവും എല്ലാ മനുഷ്യര്‍ക്കുമുണ്ട്. എന്നാല്‍ ദൈവത്തില്‍ വിശ്വസിച്ച്, ആശ്രയിക്കുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന സംരക്ഷണവും സഹായവുമാണിവ.

മനുഷ്യര്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് മരണനേരത്താണ്. ആ സമയത്ത് ഒരു മനുഷ്യര്‍ക്കും, എത്ര സ്‌നേഹിക്കുന്നവരാണെങ്കിലും, നമ്മെ സഹായിക്കാന്‍ കഴിയില്ല. അതുകൊണ്ട്, പരിശുദ്ധ അമ്മയോട് നമുക്കു നിരന്തരം പ്രാര്‍ത്ഥിക്കാം:
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേന്‍.