പരിചിതനായ ഒരു ധനാഡ്യന്റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്‍ക്കായോ അനേകം സാധാരണക്കാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്‍ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്‍വാതിലിന്റെ, മുകളിലെ രണ്ട് വാതില്‍പ്പാളികള്‍ തുറന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് പറഞ്ഞുവിടും.
അങ്ങനെയിരിക്കേയാണ് അദ്ദേഹം കരിസ്മാറ്റിക് ധ്യാനത്തിന് പോയത്. തിരികെവന്നപ്പോള്‍ ആകെയൊരു മാറ്റം! വീട്ടില്‍ വരുന്നവരെ സ്വീകരിക്കനായി മുന്‍വശത്തെ നാല് വാതില്‍പ്പാളികളും മലര്‍ക്കെ തുറക്കപ്പെട്ടു. വീടിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹം രുചിച്ചറിഞ്ഞ ദൈവസ്‌നേഹത്തെക്കുറിച്ച് ഏറ്റവും ഉച്ചത്തിലുള്ള ഒരു പ്രഘോഷണമായിരുന്നു അത്.
”ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്” (2 കോറിന്തോസ് 5/17).
ജോസ് കിഴക്കേടത്ത്