മറക്കാനാവാത്ത പ്രസംഗം – Shalom Times Shalom Times |
Welcome to Shalom Times

മറക്കാനാവാത്ത പ്രസംഗം

ഒരിക്കല്‍ മാനന്തവാടിയില്‍നിന്നു തവിഞ്ഞാല്‍ അതിര്‍ത്തിയിലുള്ള ഒരു രോഗിക്കു തിരുപ്പാഥേയവുമായി ഞാന്‍ പോയി. തിരിച്ചുവരുന്നവഴി കൂട്ടത്തിലുള്ളയാള്‍ പറഞ്ഞതനുസരിച്ച് രോഗിയായി കിടന്ന ഒരു ഹൈന്ദവസ്ത്രീയെ കാണാന്‍ ഒരു വീട്ടില്‍ കയറി. അവര്‍ക്കു ക്രിസ്ത്യാനിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്നു കൂട്ടത്തിലുണ്ടായിരുന്നയാള്‍ പറഞ്ഞിരുന്നു. വീട്, മേഞ്ഞതാണെങ്കിലും തറയോ ഭിത്തിയോ ഒന്നുമില്ല, കാട്ടുതൂണിന്മേല്‍ കെട്ടിയ ഒരു ഷെഡായിരുന്നു. ആ വീട്ടിലുള്ളവര്‍ കിടന്നിരുന്നത് കാട്ടുതടികളും മുളമ്പായും കൊണ്ടുണ്ടാക്കിയ മച്ചിന്റെ മുകളിലായിരുന്നു. രോഗിണിയും അവിടെ ആയിരുന്നു. ഒരു ഏണിയില്‍ക്കൂടി വേണം അവിടെ കയറിപ്പറ്റാന്‍. ഞാന്‍ ഏണിയില്‍ കയറിനിന്ന് അവരോടു സംസാരിച്ചു. രോഗിണി ഗുരുതരാവസ്ഥയിലാണെന്ന് തോന്നി.

അവര്‍ക്ക് അപ്പോള്‍ മാമോദീസ വേണമെന്നു നിര്‍ബന്ധം പറഞ്ഞു. ഞാന്‍ താഴെയിറങ്ങി, അവരുടെ മകനോട് അമ്മയുടെ ആഗ്രഹം പറഞ്ഞു. അത് കാര്യമായി എടുക്കാനില്ല എന്നായിരുന്നു അവന്റെ അഭിപ്രായം. അന്ത്യാഭിലാഷമല്ലേ, സാധിച്ചുകൊടുക്കുന്നതാണ് നല്ലതെന്നു പറഞ്ഞതുകൊണ്ട് അവന്‍ സമ്മതിച്ചു. ഞാന്‍ ഏണിയില്‍ കയറിനിന്നുകൊണ്ടു കുറച്ചു സമയംകൊണ്ട് അവര്‍ക്ക് വേണ്ടതെല്ലാം പറഞ്ഞുകൊടുത്തു. ഒരു പാത്രത്തില്‍ വെള്ളമെടുത്തു മച്ചിന്റെ മുകളില്‍ കയറി ജ്ഞാനസ്‌നാനം കൊടുത്തു. വീട്ടുമാമോദീസയാണ് കൊടുത്തത്. സുഖമായാല്‍ മറ്റു കര്‍മങ്ങള്‍ പള്ളിയില്‍ വന്നിട്ടു സ്വീകരിച്ചാല്‍ മതിയെന്നു പറഞ്ഞു. പിന്നീട് ആ സ്ത്രീ സുഖപ്പെട്ടു. പള്ളിയില്‍ വന്നു വേണ്ടതെല്ലാം സ്വീകരിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി.

പല വലിയ സ്റ്റേജുകളില്‍നിന്ന് ആയിരങ്ങളോടു സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെങ്കിലും ഏണിയില്‍ കയറിനിന്നുകൊണ്ട് ആ സ്ത്രീയോടു ക്രിസ്തുവിനെ പ്രസംഗിച്ചത് ഞാന്‍ ഒരിക്കലും മറക്കുകയില്ല.

മോണ്‍. സി.ജെ വര്‍ക്കിയുടെ ആത്മകഥയില്‍നിന്ന്.