ഞങ്ങള്‍ മൂന്ന് പേര്‍ പഠനത്തിനുവേണ്ടി വീട് വാടകക്ക് എടുത്തത് ശോഭ എന്ന ചേച്ചിയുടെ വീടിന്റെയടുത്തായിരുന്നു. അവിടെ താമസമാക്കിയ നാള്‍മുതല്‍ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിക്കൊണ്ടിരുന്നത് ശോഭച്ചേച്ചിയും ജന്മനാ അന്ധരായ രണ്ട് മക്കളുംമാത്രമുള്ള ഈ കുടുംബമാണ്.
അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന തകര്‍ച്ചകളെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ഈശോയെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആക്രൈസ്തവരായ ആ കുടുംബത്തോട് ഈശോയെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനുള്ള ജ്ഞാനം എനിക്കില്ലായിരുന്നു.
ആറുമാസത്തോളം കഴിഞ്ഞപ്പോള്‍ ശോഭച്ചേച്ചിക്ക് കാന്‍സര്‍ പിടിപെട്ടു. കാന്‍സര്‍ ആണെന്ന് ആദ്യം ശോഭചേച്ചി പങ്കുവച്ചത് ഞങ്ങളോടാണ്. സ്വന്തം മക്കളെപ്പോലെ കണ്ടതുകൊണ്ടാകും ഞങ്ങളോട് അക്കാര്യം പറഞ്ഞത്. ഏതായാലും തുടര്‍ചികിത്സയെ കുറിച്ച് ഞങ്ങളും ആലോചിച്ചു തുടങ്ങി. അടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകണം. ചികിത്സ ആരംഭിക്കണം. കാര്യങ്ങള്‍ മൊത്തത്തില്‍ ഒന്ന് പ്ലാന്‍ ചെയ്യണം. പക്ഷേ ബൈസ്റ്റാന്‍ഡര്‍ ആയി കൂടെപ്പോകുവാന്‍ ആളില്ല.
തൊട്ടടുത്ത ദിവസം വിശുദ്ധ കുര്‍ബാനയ്ക്കിടെ ഈശോ എന്നോട് പറഞ്ഞു, ”ബൈസ്റ്റാന്‍ഡര്‍ ആയി ശോഭച്ചേച്ചിക്ക് ഒപ്പം പോകണം. റിസ്‌ക്കുണ്ട്. ആ റിസ്‌ക് നീ എടുക്കണം!” ഞാന്‍ ‘യെസ് ലോര്‍ഡ്’ പറഞ്ഞു. കാരണം ഇതുപോലെ ‘യെസ്’പറഞ്ഞതൊക്കെ പിന്നീട് വലിയ അനുഗ്രഹമായിട്ടുള്ളത് എനിക്കറിയാം.
പിറ്റേ ദിവസംതൊട്ട് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബൈസ്റ്റാന്‍ഡര്‍ ആയി ശോഭച്ചേച്ചിക്ക് ഒപ്പം പോകാന്‍ തുടങ്ങി. കാണുന്നവരൊക്കെ ചോദിക്കും, അമ്മയാണോ എന്ന്.
‘അതെ, അമ്മയെപ്പോലെ’ എന്നൊക്കെ പറഞ്ഞു ഞാന്‍ ആ ബൈസ്റ്റാന്‍ഡര്‍ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിച്ചു. യാത്രയ്ക്കിടയില്‍ ചേച്ചി വിഷമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ തിരിച്ച് ഈശോയെക്കുറിച്ച് പറയും. ഈശോയെക്കുറിച്ചും മാതാവിനെക്കുറിച്ചും ഈശോ എന്തിനാണ് കുരിശില്‍ മരിച്ച് ഉയര്‍ത്തെഴുന്നേറ്റത് എന്നുമൊക്കെ എനിക്കന്ന് അറിയാവുന്നതുപോലെ പറഞ്ഞുകൊടുക്കും. കരുണക്കൊന്ത ചൊല്ലിയും പീഡാനുഭവ രഹസ്യങ്ങള്‍ ധ്യാനിച്ചും ആ സഹോദരി കീമോ വാര്‍ഡിലെ മണിക്കൂറുകള്‍ അനുഗ്രഹപ്രദമാക്കി. കര്‍ത്താവ് നല്‍കിയ അവസരം പ്രയോജനപ്പെടുത്തുകമാത്രമാണ് ഞാന്‍ ചെയ്തത്.
അവിടംകൊണ്ട് തീര്‍ന്നില്ല. ഒരു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും കീമോ കഴിഞ്ഞ് തിരിച്ചുവരുന്ന ദിവസം ബൈപ്പാസിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് ജോലിക്കാര്‍ ഇറങ്ങുന്ന കാഴ്ച ഞാന്‍ ബസ്സിലിരുന്ന് കണ്ടു. അന്നേരം, ഞാന്‍ ഇങ്ങനെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു, ”ഈശോയേ, ഇതുപോലെ ഒരു ആശുപത്രിയില്‍ എനിക്കും ഒരു ജോലി തരണേ…” മെഡിക്കല്‍ മേഖലയിലാണ് ഞാനും പഠനം നടത്തിക്കൊണ്ടിരുന്നത്.
നിങ്ങള്‍ക്ക് അറിയുമോ, അതേ ആശുപത്രിയില്‍ത്തന്നെ മികച്ചൊരു ജോലി തന്നുകൊണ്ടാണ് കര്‍ത്താവ് എന്നെ കേട്ടത്.
അതെങ്ങനെ സംഭവിച്ചുവെന്നത് ഇന്നും എനിക്ക് അജ്ഞാതമാണ്. അത്ഭുതവുമാണ്. ഒരു കാര്യം ഉറപ്പ്, കര്‍ത്താവിനെ ശ്രവിച്ചപ്പോള്‍, അവിടുത്തേക്ക് വേണ്ടി ഓടിയപ്പോള്‍, യേശുവിനെ ഏറ്റുപറഞ്ഞപ്പോള്‍, സുവിശേഷത്തിന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സാക്ഷിയായപ്പോള്‍ അവിടുന്നെന്നെ മാനിച്ചു, അത്രതന്നെ. ”ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങള്‍ 19/17).
അനുഭവംകൊണ്ട് മനസിലാക്കിയിട്ടുള്ള ഏതാനും കാര്യങ്ങള്‍ ഇവയാണ്. കര്‍ത്താവിനെക്കുറിച്ച് പറയണം എന്ന് ആഗ്രഹമുള്ള ഒരാള്‍ക്ക് അവിടുന്ന് അവസരങ്ങളും അതിനുള്ള കൃപകളും നല്‍കുന്നുണ്ട്.
അത് വിനിയോഗിക്കണം എന്നുമാത്രം. രണ്ടാമതായി, പാവങ്ങള്‍ക്ക് വേണ്ടിയുള്ള കര്‍ത്താവിന്റെ ശുശ്രൂഷയെ അവഗണിക്കരുത്. അത് ചെയ്യാതെ പോകരുത്. അവിടുത്തെ അറിയേണ്ടവരാണ് എല്ലാവരുംതന്നെ. അത്തരം അവസരങ്ങള്‍ വിനിയോഗിക്കുകയും പുതിയവ നമ്മള്‍ കണ്ടെത്തുകയും വേണം. പ്രത്യേകിച്ച് ഈശോയെ നേരിട്ട് അറിഞ്ഞിട്ടില്ലാത്ത ആത്മാവില്‍ ദരിദ്രരായവര്‍ക്ക് വേണ്ടിയുള്ളവ. സന്തോഷത്തോടെ, മടുപ്പുകൂടാതെ വേണം ഇക്കാര്യം ചെയ്യാന്‍. നമുക്ക് സ്വന്തമായി ഒരു മിഷന്‍ ഉണ്ടെങ്കില്‍ പാവങ്ങളെ പരിഗണിച്ചുകൊണ്ട് വേണം അത് മുന്‍പോട്ട് പോകുവാന്‍.
നമുക്ക് കുറച്ച് നഷ്ടങ്ങള്‍ വരുമെന്ന തോന്നലുണ്ടായാലും കര്‍ത്താവിനുവേണ്ടിയാണല്ലോ എന്ന മനസ്സോടെ അധ്വാനിക്കണം. എല്ലാം അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് എണ്ണിയെണ്ണി അനുഗ്രഹിക്കും. തീര്‍ച്ച!
”എന്തെന്നാല്‍, പരിച്ഛേദിതര്‍ക്കുളള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു. നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു… പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം” (ഗലാത്തിയാ 2/8-9).
ആദിമസഭയുടെ സുവിശേഷവത്കരണ അരൂപി അഥവാ ഇവാഞ്ചലൈസേഷന്‍ സ്പിരിറ്റ് ഇതായിരുന്നു. നമുക്കും ഇതുപോലൊരു കൃപ സ്വീകരിക്കാം. പ്രയോജനപ്പെടുത്താം.
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM