എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍… – Shalom Times Shalom Times |
Welcome to Shalom Times

എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍…

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവിടുത്തെ നമ്മുടെ സുഹൃത്താക്കുന്നതിലൂടെയും നമുക്ക് എന്ത് ലഭിക്കുന്നു എന്നതിനെക്കുറിച്ച് ബനഡിക്ട് 16-ാം പാപ്പ പറഞ്ഞതിങ്ങനെ:
”ഒരു വ്യക്തി യേശുവിനെ അറിയുന്നതിലൂടെ അവന് ജീവിതത്തെ അഭിമുഖീകരിക്കാന്‍ വേണ്ടതെല്ലാം ലഭിക്കുന്നു. ശാന്തതയും ഉള്‍വെളിച്ചവും ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷിയും വിശാലമനസ്‌കതയും നന്മയ്ക്കും നീതിക്കും സത്യത്തിനുംവേണ്ടി വിലകൊടുക്കാനുള്ള സന്നദ്ധതയുമെല്ലാം അവന് ലഭിക്കുന്നു.”

ദൈവവുമായി നിരന്തരം ബന്ധത്തിലായിരിക്കുക എന്നതാണ് അതിനുള്ള ഏകവഴി. നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങളുടെ മുറി പങ്കിടുന്നവനും സഹപ്രവര്‍ത്തകനും നിരന്തരം സഹചാരിയുമാണെന്ന് സങ്കല്പിച്ചുനോക്കൂ. ആ സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ ദൈവത്തോട് സംസാരിക്കുകയും എല്ലായ്‌പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നമുക്ക് ദൈവം അങ്ങനെ ആയിരിക്കേണ്ടവനാണ്.

എഴുന്നേല്‍ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒരു പ്രധാനതീരുമാനം എടുക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കാന്‍ പോകുമ്പോഴും പ്രാര്‍ത്ഥനയിലായിരിക്കുക. സഹനവേളകളില്‍ ആശ്വാസത്തിനും പ്രതികൂലങ്ങളില്‍ ക്ഷമ ലഭിക്കാനും നല്ല സമയങ്ങളില്‍ നന്ദിയോടെയായിരിക്കാനും മോശം സമയത്ത് അത് ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കാനുമായി പ്രാര്‍ത്ഥിക്കുക.

ഓരോ സമയത്തെയും നിസാരകാര്യങ്ങളായാലും അവിടുത്തോട് പങ്കുവയ്ക്കുകയും അനുദിന ധ്യാനത്തിന്റെ ഭാഗമായി ദൈവത്തോട് സംസാരിക്കാന്‍ പ്രത്യേകസമയം മാറ്റിവയ്ക്കുകയും ചെയ്യുക.
വിശുദ്ധ അഗസ്റ്റിനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം: ”കര്‍ത്താവേ, അങ്ങയില്‍ വിലയം പ്രാപിക്കുവോളം എന്റെ ആത്മാവ് അസ്വസ്ഥമാണ്.”