
അന്ന് എനിക്ക് അഞ്ച് മണിക്കൂറോളം യാത്ര ചെയത് ഒരിടം വരെ പോകാന്‍ ഉണ്ടായിരുന്നു. അതിരാവിലെതന്നെ പുറപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഏറ്റവും മുന്‍പിലെ ഒറ്റയ്ക്കുള്ള സീറ്റാണ് കിട്ടിയത്. തെളിഞ്ഞ കാലാവസ്ഥ. യുട്യൂബില്‍ ജപമാല വച്ച് ഹെഡ്‌സെറ്റില്‍ കേട്ട്, ഒപ്പം ചൊല്ലി ഞാനും കാഴ്ചകളിലേക്ക് കണ്ണ് നട്ടു. മനസര്‍പ്പിച്ചു കൊന്ത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഒരു സന്തോഷം മനസില്‍ നിറഞ്ഞതുപോലെ…
ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോഴേക്ക് ബസില്‍ ആളുകള്‍ കൂടി. എന്റെ പുറകില്‍ നില്‍ക്കുന്ന ഒരു ചേച്ചി ‘എവിടെയാ ഇറങ്ങുന്നത്’ എന്ന് ഇരിക്കുന്ന ആരോടൊക്കെയോ ചോദിക്കുന്നത് കേള്‍ക്കാം. എനിക്ക് ഇറങ്ങേണ്ടത് ബസിന്റെ അവസാനത്തെ സ്‌റ്റോപ്പ് ആണെന്നത് അവര്‍ ആദ്യമേ ചോദിച്ചു മനസിലാക്കിയിരുന്നു.
പെട്ടെന്നെനിക്ക് തോന്നി: ‘എനിക്കിനിയും മൂന്ന് മണിക്കൂറോളം യാത്ര ഉണ്ട്. ഇടയ്ക്ക് കുറച്ചു സമയം നില്‍ക്കാവുന്നതല്ലേ ഉള്ളൂ. ചേച്ചി പറഞ്ഞതുപ്രകാരം അവര്‍ക്ക് ഇറങ്ങേണ്ടത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞുള്ള സ്റ്റോപ്പിലാണ്. അത് കഴിഞ്ഞാല്‍ വീണ്ടും ആ സീറ്റില്‍ എനിക്കുതന്നെ ഇരിക്കാം. പിന്നെന്തുകൊണ്ട് ഒരു സഹായം ചെയ്തുകൂടാ!?’
”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത് ” (സുഭാഷിതങ്ങള്‍ 3:27).
തിരിച്ചും മറിച്ചും ചിന്തിക്കാതെ, ആ പ്രേരണയെ ഞാന്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. അവരെ തൊട്ടുവിളിച്ച് പറഞ്ഞു, ‘ഇവിടെ ഇരുന്നോളൂ. ചേച്ചി ഇറങ്ങുമ്പോള്‍ ഞാന്‍ ഇരുന്നോളാം.’
അത് പറഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും എന്റെ തൊട്ടു പിറകിലെ സീറ്റില്‍ ഇരുന്ന കുട്ടി എഴുന്നേല്‍ക്കുകയും അവര്‍ക്ക് ആ സീറ്റ് ലഭിക്കുകയും ചെയ്തു. ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണ് നട്ടു. അപ്പോള്‍ മനസ്സില്‍ തോന്നിയത് എഴുന്നേറ്റു കൊടുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ല. മറിച്ച്, ഇങ്ങനെ ഒരു കാര്യം എന്തുകൊണ്ട് ഇതുവരെ ചിന്തിച്ചില്ല എന്നാണ്.
എത്രയോ തവണ മണിക്കൂറുകളോളം, നിന്ന് യാത്ര ചെയ്തപ്പോള്‍ കുറച്ചു സമയമെങ്കിലും ഒന്ന് ഇരിക്കാന്‍ കൊതിച്ചിരുന്നു. അതിന്റെ വിഷമം അറിയാമായിരുന്നിട്ടും പലരുടെയും നിസ്സഹായ അവസ്ഥകളെ നിസ്സാരവത്കരിച്ചുകൊണ്ട് കണ്ണടച്ച് എത്ര ദൂരയാത്രകള്‍ ചെയ്തിരിക്കുന്നു!
ഞാന്‍ ഈ ചിന്തകള്‍ കൂട്ടുകാരിയോട് പങ്കുവച്ചപ്പോള്‍ ‘പുണ്യപ്രവൃത്തിയാണെന്ന് കരുതി പരിചയമില്ലാത്തവര്‍ക്ക് വലിയ സഹായം ചെയ്യാന്‍ പോയിട്ട് ഉള്ള സീറ്റും കളഞ്ഞ് മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരുമോ’ എന്നായി അവളുടെ സംശയം.
ഒരു ദീര്‍ഘയാത്രയില്‍ സീറ്റ് ഇല്ലാതെ നില്‍ക്കുമ്പോള്‍ ‘എടോ താന്‍ കുറച്ചു സമയം ഇരുന്നോ. അര മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സീറ്റ് തന്നാല്‍ മതി. ഇനിയും ഒരുപാട് സമയം യാത്ര ഇല്ലേ. നമുക്ക് മാറിമാറി ഇരിക്കാം എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞാല്‍ നീ പെരുമാറുക എങ്ങനെയാകും?’ എന്ന ചോദ്യത്തിനൊപ്പം ഞാനെന്റെ അന്നത്തെ അനുഭവത്തിന്റെ ബാക്കി പറഞ്ഞു.പുറകിലെ സീറ്റില്‍ ഇരുന്ന ഉടനെ ചേച്ചി എന്നെ തൊട്ടുവിളിച്ചു പറഞ്ഞു : ‘മോളേ, താങ്ക്‌സ് കേട്ടോ അങ്ങനെ ഒന്ന് ചോദിച്ചതിന്. എനിക്ക് മുട്ടുവേദന ഉള്ളതുകൊണ്ട് കുറെ നേരം നിന്ന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ആണ്. കുറച്ചു നേരമെങ്കിലും ഒന്ന് ഇരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുകയായിരുന്നു. നല്ല സന്തോഷം തോന്നി മോളങ്ങനെ ചോദിച്ചപ്പോള്‍.” എന്റെ ഉള്ളില്‍നിന്ന് വന്ന ആ സന്തോഷം സംശയങ്ങള്‍ മാറിയ സുഹൃത്തിന്റെ മുഖത്തേയ്ക്കും പടര്‍ന്നു.
അപരിചിതരോട് സംസാരിച്ചു തുടങ്ങാനും തുടരാനും മടിയുള്ള ഒരാളായിരുന്നു ഞാന്‍. ഒരിക്കല്‍ മറ്റൊരു യാത്രയില്‍ എന്റെ അടുത്തിരുന്ന ചേച്ചി ‘എങ്ങോട്ടാ പോകുന്നേ?’ എന്നൊരു ചോദ്യത്തോടെ ആരംഭിച്ച സംസാരം അരമണിക്കൂറോളം നീണ്ടുപോയി. എനിക്കന്നു തോന്നിയത്, ആരോടെങ്കിലും മനസു തുറന്നൊന്നു സംസാരിക്കാന്‍ ചേച്ചി ആഗ്രഹിച്ചിരുന്നു എന്നാണ്. അപരിചിതരോട് ആകുമ്പോള്‍ മുന്‍വിധികള്‍ ഇല്ലാതെ അവരെ കേള്‍ക്കുകയും ചെയ്യും. നല്ലൊരു കേള്‍വിക്കാരിയായി ഇരുന്നതിനൊപ്പം അവരുടെ വിഷമങ്ങള്‍ക്ക് ആശ്വാസമാകും എന്ന് തോന്നിയതിനാല്‍ ശാലോം ടൈംസ് മാസികയും പരിചയപ്പെടുത്തി. അവരുടെ സംസാരത്തിനിടയ്ക്ക് തികച്ചും അപ്രതീക്ഷിതമായി, ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കോഴ്‌സ് പഠിച്ചിറങ്ങിയ അവരുടെ മോളുടെ കാര്യവും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ജോലിസാധ്യതയും ഒക്കെ ആ ചേച്ചിയും പങ്കുവച്ചു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സന്തോഷം.
നിര്‍ത്താതെ സംസാരിച്ചു ബുദ്ധിമുട്ടിക്കാതെ, എല്ലാ സ്വകാര്യ കാര്യങ്ങളും തിരക്കാതെ, കൊച്ചു വര്‍ത്തമാനത്തിലൂടെ, വിശേഷങ്ങള്‍ കേട്ടിരിക്കുന്നതിലൂടെ പരസ്പരം കരുതാനാവുമെന്ന് മനസ്സിലാക്കിയതുകൊണ്ട് ഞാനിപ്പോള്‍ സഹാനുഭൂതിയുള്ള ഒരു സഹയാത്രിക ആവാന്‍ പരിശ്രമിക്കുന്നു..
നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ, ദൈവസ്‌നേഹംകൊണ്ടു നിറയുന്നത് അനുഭവിക്കാം. ഈ വചനം ഒന്ന് ഓര്‍ത്താല്‍മതി, ”മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് പോലെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31).
ട്രീസ ടി.