
ആർത്തിരമ്പുന്ന വലിയ ജനക്കൂട്ടം. നിലവിളികളും കൂക്കുവിളികളും അട്ടഹാസങ്ങളും … ജനം തള്ളിക്കയറുകയാണ്. അവരെ നിയന്ത്രിക്കാൻ പാടുപെടുന്ന പട്ടാളം. ഇവർക്കെല്ലാം മധ്യേ ദീപ്തമായ മുഖശോഭയുള്ള ഒരു മെത്രാനും വൈദികനും ഡീക്കനും പ്രതാപത്തോടെ നീങ്ങുന്നു. ചുറ്റുമുള്ള പട്ടാളക്കാർ ഇവരെ ആഞ്ഞടിക്കുകയും ചവിട്ടുകയും കുത്തുകയും തള്ളിവീഴ്ത്തുകയുമെല്ലാം ചെയ്യുമ്പോഴും അവർ ശാന്തഗംഭീരരായി കാണപ്പെട്ടു. ന്യായാധിപന്റെ മുമ്പിൽ കുറ്റവാളികളെപ്പോലെ നിർത്തി അവരുടെമേൽ എണ്ണമറ്റ കുറ്റങ്ങൾ ആരോപിച്ചു.
ജഡ്ജി അവസാനമായി ബിഷപ്പിനോടു പറഞ്ഞു: ‘നിങ്ങൾ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഞങ്ങളുടെ ദൈവത്തിൽ വിശ്വസിക്കാൻ തയ്യാറാണോ..? എങ്കിൽ ഞങ്ങളുടെ ദൈവത്തിന്റെ പ്രധാന പുരോഹിതനാക്കി പൂർണ അധികാരവും സമ്പത്തും പ്രതാപവും നിങ്ങൾക്ക് നല്കാം.’ അവർ മൂവരും ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു: ”ക്രിസ്തുവാണ് ഏകസത്യ ദൈവം, ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ.” അതു കേട്ടമാത്രയിൽ പട്ടാളക്കാർ അവരെ വീണ്ടും ക്രൂരമായി മർദ്ദിച്ചു. കോപത്താൽ വിറളിപൂണ്ട ജഡ്ജി അവരെ എത്രയുംവേഗം കൊന്നുകളയാൻ ഉത്തരവിട്ടു.
മലകളെയും ആകാശ ഗോളങ്ങളെയും ആരാധിച്ചിരുന്ന അവർ ബുധന്റെ ക്ഷേത്രത്തിനടുത്തുള്ള ‘രക്തസാക്ഷിക്കുന്നി’ലേക്ക് മൂവരെയും വലിച്ചിഴച്ചു. മഴുവേന്തിയ ആരാച്ചാർ കുന്നിൻമുകളിൽ അവരെയും കാത്തു നില്പായി. ജനം വലിയ ഭീതിയോടെ ശ്വാസമടക്കി നില്‌ക്കെ, മഴു മൂന്നു തവണ ഉയർന്നു താഴ്ന്നു. രക്തസാക്ഷിക്കുന്ന് രക്തപ്പുഴയായി… മിന്നും താരകങ്ങളെപ്പോലെ മൂന്നു മനുഷ്യ ശിരസുകൾ നിലത്തു വീണുരുണ്ടു.
ഞെട്ടിപ്പിച്ച അത്ഭുതം
പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയൊരു അത്ഭുതം അവിടെ നടന്നു. ഗളഛേദം ചെയ്യപ്പെട്ട മെത്രാൻ തല്ക്ഷണം ജീവനോടെ എഴുന്നേറ്റു. മുറിച്ചുമാറ്റപ്പെട്ട സ്വന്തം ശിരസും അദ്ദേഹത്തിന്റെ കരങ്ങളിൽ ഉണ്ടായിരുന്നു…! സൂര്യനെപ്പോലെ പ്രശോഭിക്കുന്ന ശരീരവും മുഖവും. അറ്റുപോയ ശിരസും കയ്യിൽ പിടിച്ച് ആ പുണ്യപുരുഷൻ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ആരംഭിച്ചു. എന്തുചെയ്യണമെന്നറിയാതെ ആൾക്കൂട്ടവും സൈന്യവും വിജാതീയ പുരോഹിതവൃന്ദവും സ്തബ്ധരായി നില്‌ക്കെ സ്വർഗത്തിൽനിന്നും പരിശുദ്ധ മാലാഖാമാർ പറന്നിറങ്ങി, മെത്രാനുചുറ്റും അണിനിരന്നു.
അവർ അദ്ദേഹത്തെ ആ കുന്നിൻമുകളിൽനിന്ന് താഴേക്ക് നയിച്ചു. രണ്ടു മൈൽ ദൂരം സ്വന്തം ശിരസും കരങ്ങളിലേന്തി വിശുദ്ധ ഡെന്നിസ് എന്ന ആ മെത്രാൻ സുവിശേഷം പ്രഘോഷിച്ച് നടന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നിടത്ത് വന്നു നിന്നു. കണ്ടവരെല്ലാം മാറത്തടിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അന്യദേവാരാധകർ സത്യ ദൈവത്തിനു മുമ്പിൽ മുട്ടുമടക്കി, യേശു മാത്രമാണ് ഏക ദൈവമെന്ന് ഏറ്റു പറഞ്ഞു. ”ഇത് യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ്” (ഫിലിപ്പി 2:10,11).
മറ്റെന്തിലും വലിയ അത്ഭുതമായിരുന്നു അത്. തൊട്ടുമുമ്പുവരെ തള്ളിപ്പറഞ്ഞ അതേ ദൈവത്തെ, സ്വന്തം ദൈവമായി ഉറക്കെ പ്രഖ്യാപിക്കുന്നതുകേട്ട് പ്രകൃതിപോലും കോരിത്തരിച്ചു. ചില കഠിന ഹൃദയരൊഴികെ ആ വലിയ ജനാവലി മുഴുവൻ അന്ന് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. അത്ര വലിയ ക്രൈസ്തവ സാക്ഷ്യമാണ് വിശുദ്ധ ഡെന്നിസിലൂടെ അവിടെ സംഭവിച്ചത്.
ഫ്രാൻസിലേക്ക് പോയപ്പോൾ
ഡയോണിഷ്യസ് എന്ന ലാറ്റിൻ നാമമുള്ള വിശുദ്ധ ഡെന്നിസ്, മൂന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിൽ, ആധുനിക ഇറ്റലിയിൽ ജനിച്ചു. വിശുദ്ധ ഫാബിയൻ മാർപ്പാപ്പ (236-250) ആധുനിക ഫ്രാൻസിലെ ഏഴ് നഗരങ്ങളിൽ സുവിശേഷമെത്തിക്കാൻ ഏഴ് ബിഷപ്പുമാരെ നിയോഗിച്ചു. ബിഷപ്പ് ഡെന്നിസിനെ ലുട്ടെഷ്യയിലേക്ക് (ആധുനിക പാരീസ്) അയച്ച്, അവിടത്തെ ബിഷപ്പാക്കി. അദ്ദേഹം ഫാ.റസ്റ്റിക്കസിനോടും ഡീക്കൻ എലൂതെറിയസിനോടുമൊപ്പം ലുട്ടെഷ്യയുടെ ഹൃദയഭാഗത്ത് സീൻ നദിയിലെ ഒരു ദ്വീപിൽ താമസമാക്കി. അവിടെ ദൈവാലയം നിർമിച്ച് ദിവ്യബലിയും സുവിശേഷ പ്രഘോഷണ പ്രവർത്തനങ്ങളും ആരംഭിച്ചു. അനേകർ ക്രിസ്തുസ്‌നേഹത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇത് തദ്ദേശീയ വിജാതീയ പുരോഹിതരായ ഡ്രൂയിഡുകളെ രോഷാകുലരാക്കി. അവർ ജനത്തെ ഇളക്കിവിട്ട് മെത്രാനെയും സഹായികളെയും തടവിലാക്കുകയായിരുന്നു.
ക്രിസ്തുവിശ്വാസത്തെപ്രതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട മെത്രാൻ ഡെന്നിസും ഫാ. റസ്റ്റിക്കസും ഡീക്കൻ എലൂതെറിയസും ഗളഛേദം ചെയ്യപ്പെടുന്നതാണ് പ്രാരംഭത്തിൽ കണ്ടത്. 4, 5 നൂറ്റാണ്ടുകളിൽ ക്രിസ്തുമതം വ്യാപിച്ചതോടെ ഈ സ്ഥലം പെട്ടെന്ന് തീർത്ഥാടന കേന്ദ്രമായി. 469ൽ, വിശുദ്ധ ജെനീവീവിന്റെ ശ്രമഫലമായി, ഇവിടെ വലിയ ചാപ്പൽ സ്ഥാപിക്കപ്പെട്ടു. ഇന്ന്, പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഡെന്നിസ് ബസിലിക്കയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. വിശുദ്ധ ഡെന്നിസ്, പാരിസിന്റെയും ഫ്രാൻസിന്റെയും സ്വർഗീയ മധ്യസ്ഥനാണ്. 249 മുതൽ 251 വരെ വിശാല റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ഡെസിയസ് ചക്രവർത്തിയുടെ ക്രൈസ്തവ പീഡന നാളിലാണ് വിശുദ്ധ ഡെന്നിസും സഹായികളും രക്തസാക്ഷിത്വം വരിച്ചത്.
ശരീരം വെട്ടിമുറിച്ചാലും ക്രൈസ്തവ വിശ്വാസത്തെ ശിരഛേദം ചെയ്യാൻ ആർക്കും കഴിയില്ല. ക്രിസ്തുവിനെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നവർ മരണശേഷവും നിശബ്ദരാകില്ല. ജീവിതത്തിലും മരണത്തിലും അവർ രാജ്യങ്ങളും ദേശങ്ങളും ക്രിസ്തുവിനുവേണ്ടി പിടിച്ചെടുക്കും.
പ്രാർഥിക്കാം: കർത്താവേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ജീവിക്കുകയും രക്തസാക്ഷിയാകുകയും മരിച്ചിട്ടും അവിടുത്തെ പ്രഘോഷിക്കുകയും ചെയ്ത വിശുദ്ധ ഡെന്നിസിനെപ്പോലെ ഞങ്ങളുടെ ജീവിതവും മരണവും ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സമർപ്പിക്കുന്നു. ഞങ്ങളെ ഉപയോഗിക്കണമേ, ആമ്മേൻ.
ആൽബർട്ടോ ക്രിസ്റ്റോ