ദൈവം സംസാരിക്കും ‘പല വഴികളിലൂടെ’ – Shalom Times Shalom Times |
Welcome to Shalom Times

ദൈവം സംസാരിക്കും ‘പല വഴികളിലൂടെ’

അക്രൈസ്തവയായ സ്ത്രീ, ഭർത്താവ് ആത്മഹത്യ ചെയ്തിട്ട് രണ്ടര വർഷമായി. ആ സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ തനിക്കും പങ്കുണ്ടെന്ന കുറ്റബോധത്തിൽ നീറി ജീവിക്കുകയായിരുന്നു അവർ. ഇരുപത്തിയഞ്ച് വർഷം കഷ്ടപ്പെട്ട് തുന്നിക്കൂട്ടിയ ജീവിതം. കുടുംബം നഷ്ടപ്പെട്ട വേദന, ആറ്റുനോറ്റ് വളർത്തി, ഉന്നത വിദ്യാഭ്യാസം നൽകിയ മക്കൾ മുഖംതിരിച്ച് നടക്കുന്ന വേദന… ഇതെല്ലാം സഹിച്ച് ഇനിയെന്തിന് ജീവിക്കണം എന്ന് ചിന്തിക്കുന്നതിനെക്കുറിച്ച് അവരെന്നോട് പങ്കുവച്ചു. അവരോട് എന്തുപറയും?

പെട്ടെന്ന് മനസിലേക്ക് വന്ന ചിന്തയനുസരിച്ച് കൈയിലുണ്ടായിരുന്ന ശാലോം ടൈംസ് കൊടുത്തിട്ട് അവരോട് പറഞ്ഞു, ”ഇതിലൂടെ ദൈവം സംസാരിക്കും.” അവർ അത് വാങ്ങി. അതിലെ ലേഖനങ്ങൾ അവർക്ക് അല്പം വെളിച്ചം പകരുകയും ചെയ്തു. അതിന്റെയെല്ലാം പശ്ചാത്തലത്തിലായിരിക്കാം, ഒരു വൈദികന്റെ പക്കൽ കുമ്പസാരിക്കാൻ അവസരം ലഭിക്കുമോ എന്ന് ഒരു ദിവസം അവർ എന്നോട് ചോദിച്ചു.

അവർ പിന്തുടരുന്ന വിശ്വാസപ്രകാരം ആത്മഹത്യ ചെയ്ത ഒരാളുടെ ആത്മാവ് ദൈവം നിശ്ചയിച്ചുവിട്ട ആയുസ് കഴിയുംവരെ ഗതികിട്ടാതെ ഭൂമിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കും. അതോർത്തുള്ള വേദനയുടെ പശ്ചാത്തലത്തിലാണ് കുമ്പസാരിക്കാൻ സാധിക്കുമോ എന്ന് അവർ അന്വേഷിച്ചത്. അക്രൈസ്തവയായതിനാൽ കുമ്പസാരിക്കാൻ സാധിക്കില്ല എന്ന് ഖേദത്തോടെ ഞാൻ പറഞ്ഞു. എങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുക്കാനും കൗൺസലിംഗിന് പോകാനും ഞാൻ അവരോട് നിർദേശിച്ചു. പക്ഷേ അവരുടെ പ്രത്യേകസാഹചര്യംമൂലം അതൊന്നും സാധ്യമായില്ല.

അങ്ങനെയിരിക്കെയാണ് 2025 നവംബർ മാസത്തിലെ ശാലോം മാസിക കിട്ടിയത്. അതിൽ നല്കിയിരുന്ന ‘മരിച്ചാലും മറക്കരുത്’ എന്ന ലേഖനം അവർ കർത്താവിന്റെ മുന്നിൽ ഉയർത്തിയ പ്രാർഥനയ്ക്ക് മറുപടിയായി അനുഭവപ്പെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസികാശ്വാസമാണ് അവർക്ക് അതിലൂടെ ലഭിച്ചതെന്ന് അവർ പങ്കുവച്ചു.
ഹൃദയങ്ങൾ പരിശോധിച്ചറിയുന്ന കർത്താവ് നിങ്ങൾക്ക് സമീപസ്ഥനാണ്. പല വഴികളിലൂടെ ദൈവം സംസാരിക്കുന്നത് കേൾക്കുന്നതിനായി ഹൃദയം തുറക്കാൻ മനസായാൽ മതി.
”ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീർത്തനങ്ങൾ 34:18)

ടെസി സണ്ണി, മടമ്പം