
‘മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പിയതിനെ ചൊല്ലി കുടുംബ കലഹം; യുവതി ജീവനൊടുക്കി.’ 2026 മാർച്ച് ആദ്യവാരം മാധ്യമങ്ങൾ ചൂടോടെ വിളമ്പിയ വാർത്തയാണിത്.
ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലെ 27 വയസുള്ള കാവ്യ എന്ന വീട്ടമ്മയാണ് സ്വയം ജീവനെടുത്തത്. രംഗസ്വാമിയും കാവ്യയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. നാല് വയസ്സുള്ള മകനുമുണ്ട്. സാമ്പാറിനെച്ചൊല്ലി രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിൽ മനംനൊന്ത് കാവ്യ ജീവനൊടുക്കിയെന്നാണ് വാർത്ത. കേട്ടവരെല്ലാം തെല്ലമ്പരക്കുകയും നെറ്റി ചുളിക്കുകയും ചെയ്തു. എന്നാൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു.
… മൂന്നു ദിവസം പഴകിയ സാമ്പാർ വിളമ്പിയിട്ടല്ലേ…? പിന്നെങ്ങനെ കുടുംബത്ത് കലഹമുണ്ടാകാതിരിക്കും?
… ആ സ്ത്രീ അത്ര മടിച്ചിയായതുകൊണ്ടല്ലേ..?
… പാവം കാവ്യ, അവൾ ജോലിചെയ്ത് മടുത്തു കാണും. അയാൾക്കതൊക്കെ മനസിലാക്കിയാലെന്താ..?
… ഈ ഫ്രിഡ്ജാണ് വില്ലൻ. അതുകാരണമല്ലേ പഴയ ഭക്ഷണം കഴിക്കേണ്ടി വരുന്നത്..
.. കാവ്യക്ക് എന്തെങ്കിലും അസുഖമായിരുന്നിരിക്കും. ഭർത്താവ് സഹായിക്കേണ്ടതിനു പകരം കലഹിക്കുകയാണോ വേണ്ടത്..?
… ഇത്ര നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നതെന്തിന്? ഇന്നത്തെ പെണ്ണുങ്ങളുടെ ഒരു കാര്യമേ… ഇങ്ങനെ നീളുന്ന കമന്റുകൾ…
അപ്പോൾ മറ്റൊരാൾ പറഞ്ഞു, നമുക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. ആ സഹോദരി ഏതവസ്ഥയിലായിരുന്നുവെന്ന് അറിയില്ലല്ലോ. അവർ രോഗാവസ്ഥയിലായിരുന്നിരിക്കാം. അതുകൊണ്ടാകാം ഭക്ഷണം പാകം ചെയ്യാൻ കഴിയാതെ പോയത്. പ്രതീക്ഷിച്ചതുപോലെ രുചികരമായ ഭക്ഷണം കിട്ടാതെ വന്നപ്പോൾ ഭർത്താവ് പൊട്ടിത്തെറിക്കുന്നു. അത് കലഹത്തിലേക്കും ദേഹോപദ്രവത്തിനടുത്തുവരെയും എത്തുന്നു.
എന്നാൽ തന്റെ പ്രിയ ഭർത്താവ് തന്നെ ശകാരിച്ചതും ഉപദ്രവിക്കാൻ ശ്രമിച്ചതും കാവ്യക്ക് സഹിക്കാൻ കഴിഞ്ഞുകാണില്ല. ശരീരം തളരുമ്പോൾ മനസും ദുർബലമായിരിക്കുമല്ലോ. എല്ലാവിധത്തിലും തളർന്നുപോയ കാവ്യ ഒരു ദുർബല നിമിഷത്തിൽ ചെയ്തുപോയ അബദ്ധമായിരിക്കാം ആത്മാഹുതി. അത് തെറ്റാണെന്ന് അവർക്ക് അറിവുണ്ടായിരിക്കില്ല.
‘ഭർത്താവിന്റെ വാക്കുകൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല, ഞാനിനി ജീവിച്ചിരിക്കില്ല’ എന്ന് കാവ്യ വീട്ടിലുള്ളവരോട് പറഞ്ഞിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. എങ്കിൽ, കാവ്യയുടെ മാനസിക വ്യഥകളറിഞ്ഞിട്ടും അവരെ ആശ്വസിപ്പിക്കാനോ കൂടെനിന്ന് ബലപ്പെടുത്താനോ ആത്മഹത്യാ ചിന്തകളിൽ നിന്നു വഴിതിരിച്ചുവിടാനോ ആരെങ്കിലും ഉണ്ടായിരുന്നോ..? ജീവനെടുക്കാനും കൊടുക്കാനും വാക്കുകൾക്ക് ശക്തിയുണ്ട്.
എല്ലാറ്റിനുപരി, ഏതു നന്മ ചെയ്യണമെങ്കിലും തിന്മ പ്രവർത്തിക്കാതിരിക്കണമെങ്കിലും ദൈവത്തിന്റെ കൃപ കൂടിയേ തീരൂ. നാം നല്ലവരാണെങ്കിൽ അത് ദൈവകൃപമൂലമാണ്.
ഫ്രാൻസിസ് മാർപാപ്പാ, 2016ൽ മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിലെ CeReSo നമ്പർ 3 ജയിൽ സന്ദർശന വേളയിലും മറ്റ് ജയിൽ സന്ദർശനങ്ങളിലും, പറഞ്ഞ വാക്കുകൾ എറെ ശ്രദ്ധേയമാണ്. ‘ഞാനും ഇവിടെ ഉണ്ടാകേണ്ടതാണ്, ദൈവകൃപ എന്നെ താങ്ങിയിരുന്നില്ലെങ്കിൽ… ഇവിടെയുള്ളവർ നമ്മെക്കാൾ മോശമായതുകൊണ്ടല്ല, ദൈവകൃപ നമ്മെ താങ്ങിയതുകൊണ്ടാണ് നാം വലിയ തെറ്റുകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. അതായത്, നമ്മിലാരും ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് ആർക്കും ഉറപ്പിക്കാൻ കഴിയില്ല.’ അതേ, ദൈവത്തിന്റെ ദയയാണ് സകലതിനും നിദാനം (റോമാ 9:16).
അതിനാൽ ഫ്രാൻസിസ് മാർപ്പാപ്പയെ പോലെ, നമുക്ക് നമ്മോടുതന്നെ പറയാം, ‘ദൈവകൃപയില്ലെങ്കിൽ ഞാൻ വെറും നികൃഷ്ടപാപിതന്നെ..’ ”ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1 കോറിന്തോസ് 15:10) എന്ന തിരുവചനം സദാ ഓർമയിൽ സൂക്ഷിക്കാം. അത് മറ്റുള്ളവരെ വിധിക്കാതിരിക്കാനും എല്ലായ്പ്പോഴും ദൈവകൃപയിൽ ആശ്രയിച്ച് തിന്മകളിൽനിന്ന് അകന്നുനില്ക്കാനും നമ്മെ സഹായിക്കും.
സോളമൻ