”നന്ദിയുണ്ട് കേട്ടോ…” – Shalom Times Shalom Times |
Welcome to Shalom Times

”നന്ദിയുണ്ട് കേട്ടോ…”

ഞങ്ങളുടെ അയൽപക്കത്തെ അപ്പച്ചൻ പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാനും സംസാരിക്കാനും അല്പം ബുദ്ധിമുട്ടുള്ള ആളാണ്. അദ്ദേഹത്തെ പരിചരിക്കാനുള്ള സൗകര്യത്തിനായി മുഴുവൻ സമയവും ഒരാളുടെ സേവനം വീട്ടുകാർ ലഭ്യമാക്കിയിട്ടുണ്ട്. തൊട്ടടുത്തു തന്നെയാണെങ്കിലും വളരെ വിരളമായേ ഞാൻ അവിടെ പോകുമായിരുന്നുള്ളൂ. അപ്പച്ചൻ പറയുന്നത് മനസ്സിലാക്കാൻ വിഷമമുള്ളതുകൊണ്ട് അധികമൊന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുമില്ല.

അങ്ങനെയിരിക്കേ, ഒരു ദിവസം ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുകയായിരുന്നു. അപ്പച്ചനും അദ്ദേഹത്തെ പരിചരിക്കുന്ന വ്യക്തിയും മാത്രമേ വീട്ടിൽ ഉള്ളൂ. ഏകദേശം രാത്രി 8.30 ആയപ്പോൾ ആ വീട്ടിലെ ജോലിക്കാരൻ എന്നെ വിളിച്ചു. ലിവിംഗ് റൂമിൽ ഇരിക്കുകയായിരുന്ന അപ്പച്ചനെ മുറിയിൽ കൊണ്ടുപോയി കിടത്താൻ സഹായിക്കാനാണ് വിളിച്ചത്. ഞാനും കൂടെ സഹായിച്ച് അപ്പച്ചനെ താങ്ങിയെടുത്ത് കിടക്കയിൽ കൊണ്ടുപോയി കിടത്തി. അപ്പച്ചൻ ഇതിനിടയിൽ പല കാര്യങ്ങളും എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.

ഒന്നും മനസ്സിലാകാത്തതുകൊണ്ട് ഞാൻ എന്തൊക്കെയോ മറുപടികൾ പറഞ്ഞുകൊണ്ടിരുന്നു. കട്ടിലിൽ കിടന്നിട്ടും അപ്പച്ചൻ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അല്പനേരം അവിടെ നിന്നിട്ട് പോകാനായി ഇറങ്ങി വാതിൽക്കൽ എത്തിയപ്പോഴേക്കും അകത്തുനിന്നും അപ്പച്ചൻ ഉറക്കെ ഇങ്ങനെ പറഞ്ഞു: ‘നന്ദിയുണ്ട് കേട്ടോ…’

അതെനിക്ക് വ്യക്തമായി മനസ്സിലായി. സത്യത്തിൽ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ഞാൻ തിരികെ അപ്പച്ചന്റെ അടുത്തെത്തി കുറച്ചുസമയം കൂടി അവിടെ നിന്ന് അപ്പച്ചനോട് വർത്തമാനം പറഞ്ഞിട്ടാണ് മടങ്ങിയത്. അത് അദ്ദേഹത്തിന് വളരെ സന്തോഷമാവുകയും ചെയ്തു. മാത്രമല്ല, അപ്പച്ചന്റെ സ്‌നേഹത്തോടെയുള്ള സംസാരവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഇടയ്‌ക്കൊക്കെ അവിടെ പോകാനും അപ്പച്ചനോട് വിശേഷങ്ങൾ പറയാനും എനിക്ക് ഒരു പ്രചോദനമാവുകയും ചെയ്തു. തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും പിന്നീട് പല സമയങ്ങളിലും എന്റെ മനസ്സിൽ ഉയർന്നുവന്നത്, നന്ദിയുണ്ട് കേട്ടോ… എന്ന ആ അപ്പച്ചന്റെ സ്വരമായിരുന്നു.

എൺപത്തഞ്ച് വയസ്സോളം പ്രായമുള്ള അനാരോഗ്യം ഏറെ അലട്ടുന്ന ഒരു വ്യക്തി, തന്നെ സഹായിക്കാൻ വന്ന ആളോട് ആ അവസ്ഥയിലും നന്ദി പറഞ്ഞത് എന്നെ ഏറെ ചിന്തിപ്പിച്ചു. ഈ അവസ്ഥയിലും അപ്പച്ചൻ അങ്ങനെ പറയണമെങ്കിൽ, ഇതുവരെയുള്ള ജീവിതകാലത്ത് എത്രയേറെ നന്ദിയുള്ള മനസിന് ഉടമയായിട്ടായിരിക്കും അദ്ദേഹം ജീവിച്ചിട്ടുണ്ടാവുക? അത്രയൊന്നും ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത, എന്നാൽ അതിലേറെ സഹായങ്ങൾ മറ്റുള്ളവരിൽനിന്ന് പലപ്പോഴായി സ്വീകരിക്കുന്ന എനിക്ക് അങ്ങനെയൊരു മനസ് ഇനിയും ഇല്ലല്ലോ എന്നത് അല്പം വേദനയോടെ ഞാൻ ഓർത്തു.

സത്യത്തിൽ, നമ്മളിൽ പലരും ഇങ്ങനെയൊക്കെ തന്നെയല്ലേ? ചെറുതും വലുതുമായ സഹായങ്ങൾ എത്രയോ ഓരോ ദിനവും നമ്മൾ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നുണ്ട്. എന്നാൽ, സ്വീകരിക്കുന്ന ആ സമയത്ത് അല്ലാതെ (ചിലപ്പോൾ അതും ഉണ്ടാവില്ല) നന്ദിയോടെ നാം അവരെ ഓർക്കാറുണ്ടോ? സത്യത്തിൽ ദൈവംതന്നെ അല്ലേ അവരിലൂടെ നമ്മുടെ ജീവിതത്തിൽ തക്കസമയത്ത് ഇടപെട്ടത്? അതിന് ദൈവത്തോട് നന്ദി പറയാറുണ്ടോ? എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ, ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം (1 തെസലോനിക്കാ 5: 16-18).

യാന്ത്രികമായ നന്ദിപ്രകടനങ്ങളിൽനിന്ന് മാറി എപ്പോഴും ഹൃദയത്തിൽ നന്ദിയുള്ളവരും അത് പുറമേ പ്രകടിപ്പിക്കുന്നവരുമായി മാറാൻ നമുക്ക് ആഗ്രഹിക്കാം. അങ്ങനെ ഒരു ശീലം വളർത്തിയെടുത്തതുകൊണ്ടും അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയതുകൊണ്ടുമല്ലേ, അനാരോഗ്യത്തിലും വാക്കുകൾക്ക് വ്യക്തതയില്ലാത്തപ്പോഴും നന്ദി പറയാൻ ആ അപ്പച്ചന് സാധിച്ചത്. ”കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിന് അർപ്പിക്കുന്ന ബലി” (സങ്കീർത്തനങ്ങൾ 50:14) എന്ന തിരുവചനം നമ്മിലും അന്വർത്ഥമാകട്ടെ…

ജേക്കബ് മാത്യു