
കുഞ്ഞായിരുന്നപ്പോൾത്തന്നെ എനിക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓർമപോലും എനിക്ക് ഉണ്ടായിരുന്നില്ല. അമ്മയും എന്റെ ഓർമയിലില്ലായിരുന്നു. അപ്പന്റെ സംരക്ഷണത്തിലാണ് ഞാൻ വളർന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ, എനിക്ക് അമ്മയില്ലെന്ന കാര്യം മറ്റ് കുട്ടികൾ അറിയുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അവധിക്കാലം കഴിഞ്ഞെത്തുമ്പോൾ അവരെല്ലാം അമ്മയെക്കുറിച്ച് വളരെ കാര്യങ്ങൾ പറയും. അത് കേൾക്കുമ്പോൾ വല്ലാതെ ഒറ്റപ്പെട്ടതുപോലെയും സങ്കടം വരുന്നതുപോലെയും എനിക്ക് അനുഭവപ്പെടും. ചിലപ്പോഴൊക്കെ അവരോടൊപ്പമിരുന്ന് അമ്മയെക്കുറിച്ച് വെറുതെ നുണകൾ ഉണ്ടാക്കി പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പെട്ടെന്നുതന്നെ എനിക്ക് മനസിലാകും, എനിക്ക് പറയാൻ കാര്യമായിട്ടൊന്നുമില്ലെന്ന്.
ഹൈസ്‌കൂളിലെത്തിയപ്പോൾ ഞാൻ പഠിക്കാൻ ചേർന്ന സ്‌കൂൾപോലും എനിക്ക് ഇഷ്ടമില്ലായിരുന്നു. കാരണം ആ സ്‌കൂളിന്റെ പേര് ‘അവർ ലേഡി ഓഫ് ലൂർദ്‌സ്’എന്നായിരുന്നു. കന്യാമറിയത്തെ വെറുത്തിരുന്നവരുടെ ഇടയിലായിരുന്നു എന്റെ ജീവിതം. ഞാനൊരു കത്തോലിക്കാ കുടുംബത്തിൽപ്പെട്ടവളായിരുന്നെങ്കിലും ദൈവാലയത്തിൽ പോകുകയോ വിശ്വാസജീവിതം നയിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെയെല്ലാം ഫലം ജീവിതം കൂടുതൽ മോശമാവുക എന്നതായിരുന്നു.
കോളേജ് പഠനസമയമായപ്പോഴേക്കും പാർട്ടികൾക്ക് പോകുന്നതും മദ്യം കഴിക്കുന്നതും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും എനിക്ക് ശീലമായിത്തീർന്നു. എനിക്ക് കുറേ പുതിയ സുഹൃത്തുക്കളെയും ലഭിച്ചു. ‘ജീവിതം ഒന്നേയുള്ളൂ’ എന്നത് എന്റെ മുദ്രാവാക്യമായി മാറി. ജീവിതത്തിലെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അതിന്റെ ഭാഗമായി പല പുതിയ ദുഃശീലങ്ങളും പഠിച്ചു. അതിൽനിന്നെല്ലാം സന്തോഷം ലഭിക്കുമെന്നായിരുന്നു ധാരണ. പക്ഷേ കൂടുതൽ അതിൽ മുഴുകുന്തോറും എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നുകയാണ് ചെയ്തിരുന്നത്. ദൈവത്തെ തേടണമെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാണ്.
പല സഭകളിൽപ്പെട്ട ആരാധനാകേന്ദ്രങ്ങളിലും പോയിനോക്കി. എന്നാൽ കത്തോലിക്കാസഭയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചില്ല. കൂടുതൽ കൂടുതൽ നൈരാശ്യത്തിലേക്ക് ഞാൻ വീണുകൊണ്ടിരിക്കുകയായിരുന്നു. ആരും എന്നെ സ്‌നേഹിക്കുന്നില്ലെന്ന് എനിക്ക് അനുഭവപ്പെട്ടു. എന്റെ സുഹൃദ്ബന്ധങ്ങളെല്ലാം തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും, വിധിക്കാതെ, ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ അവർ എന്നെ അംഗീകരിക്കുന്നതുകൊണ്ട് ഞാൻ അവരെ ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ എന്റേതല്ലാത്ത ഒരു ജീവിതമാണ് നയിക്കുന്നതെന്ന് പലപ്പോഴും തോന്നുമായിരുന്നു.
എന്റെ ക്രൈസ്തവ സുഹൃത്തുക്കൾക്കാകട്ടെ എന്റെ ലോകത്തെക്കുറിച്ച് ഒട്ടും മനസിലാക്കാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അതിനാൽത്തന്നെ അവരുടെ സംസാരം എന്നെ കൂടുതൽ മുറിവേൽപിക്കുന്നതായി അനുഭവപ്പെട്ടു. അങ്ങനെ എന്റെ ജീവിതത്തിൽ ഏറെ മോശം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. രാത്രികളിൽ ഒറ്റയ്ക്കിരുന്ന് ഞാൻ വെറുതെ കരയും… ഒടുവിൽ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ ഞാൻ എത്തിച്ചേർന്നു! അതിനായി കണ്ടെത്തിയ വഴി അധികമായി മയക്കുമരുന്ന് കഴിക്കുക എന്നതായിരുന്നു! എന്നാൽ ഉടൻതന്നെ മരിക്കുകയല്ല ഉണ്ടായത്, പകരം ഞാൻ അബോധാവസ്ഥയിലാവുകയാണ് ചെയതത്.
രണ്ടോ മൂന്നോ ദിനങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ബോധം തെളിഞ്ഞു, എന്നിട്ടും മരിച്ചില്ല എന്നതായിരുന്നു ആശ്ചര്യം. പക്ഷേ ശരീരത്തിൽ തെല്ലും ജലാംശമില്ലാതെ തീർത്തും തളർന്ന അവസ്ഥയിലായിരുന്നു ഞാൻ. തനിയെ എഴുന്നേറ്റുനിൽക്കാൻ കാലുകൾക്ക് ബലമില്ലായിരുന്നു. കൈയെത്തിച്ച് ഫോണെടുത്ത് നോക്കിയപ്പോൾ ആരും എന്നെ അന്വേഷിച്ച് വിളിക്കുകയോ ഒരു മെസേജ് അയക്കുകയോപോലും ചെയ്തിട്ടില്ലെന്ന് മനസിലായി. അത് വലിയൊരു വേദനയായിരുന്നു. ഈ ലോകത്ത് ഞാൻ തികച്ചും ഒറ്റയ്ക്കാണെന്ന് തോന്നി.
എന്നോടുതന്നെ ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ”ഞാൻ മരിച്ചാൽ എന്താണ്? എന്നെക്കുറിച്ച് മറ്റുള്ളവർ എന്താണ് പറയുക? ഞാനെവിടെപ്പോകും? എന്നെന്നേക്കുമായി നശിച്ചുപോകുമോ?…”
അങ്ങനെയൊരു അവസ്ഥയിൽ ഇരിക്കവേയാണ് എന്റെയൊരു ക്രൈസ്തവസുഹൃത്ത് തികാ എന്ന സ്ഥലത്തുള്ള വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിൽ വെള്ളിയാഴ്ച നടക്കുന്ന ശുശ്രൂഷയിൽ പങ്കെടുക്കാൻ എന്നെ കൂട്ടിക്കൊണ്ടുപോയത്. അതുവരെ ലഭിച്ചിട്ടില്ലാത്ത ഒരനുഭവം എനിക്ക് അവിടെനിന്ന് ലഭിച്ചു, എന്തോ ഒരു വലിയ ഭാരം എന്നിൽനിന്ന് പോയതുപോലെ…! എങ്കിലും ഉള്ളിന്റെയുള്ളിൽ എന്തോ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു…
വീട്ടിലെത്തിയപ്പോൾ ഒരു ബന്ധു എന്നോട് വളരെ പരുഷമായി സംസാരിച്ചു. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി, ഞാൻ കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു, ”എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ നിങ്ങളെന്നോട് ഒരിക്കലും ഇങ്ങനെ പെരുമാറുകയില്ലായിരുന്നു.”
ഞാൻ വല്ലാതെ തോറ്റുപോയെന്ന് തോന്നി. വീടുവിട്ട് ആർക്കും കണ്ടെത്താനാവാത്ത ഒരു സ്ഥലത്തേക്ക് ഓടിപ്പോയാലോ എന്ന് ചിന്തിച്ചു. എങ്കിലും അങ്ങനെയൊന്നും ചെയ്തില്ല. ”എന്റെ ആത്മാവിൽ കയ്പുനിറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിന് മുറിവേറ്റപ്പോൾ, ഞാൻ മൂഢനും അജ്ഞനുമായിരുന്നു. അങ്ങയുടെ മുമ്പിൽ ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. എന്നിട്ടും ഞാൻ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈ ഗ്രഹിച്ചിരിക്കുന്നു” (സങ്കീർത്തനങ്ങൾ 73:21-23). ദൈവത്താൽ നയിക്കപ്പെട്ട് പിന്നീട് തികായിലെ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ഒരു ധ്യാനത്തിൽ പങ്കെടുത്തു. അതെന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരനുഭവമായിരുന്നു.
പരിശുദ്ധ കുർബാനസമയത്ത് ഹൃദ്യമായ ഒരു സുഗന്ധം എനിക്ക് അനുഭവപ്പെട്ടു. അത് പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്ന് പിന്നീട് വൈദികൻ പറഞ്ഞു. മാത്രവുമല്ല, തുടർന്ന് വൈദികൻ ഒരു ദൈവികസന്ദേശം വിളിച്ചുപറയുന്നത് ഞാൻ കേട്ടു, ”എല്ലാവരാലും തള്ളിക്കളയപ്പെട്ടു എന്ന അനുഭവത്തിലൂടെ കടന്നുപോകുന്ന, അമ്മയുടെ സ്‌നേഹം ലഭിക്കാത്ത, ഒരാളെ പരിശുദ്ധ അമ്മമറിയം ആശ്വസിപ്പിക്കുന്നു! മറിയം ആ വ്യക്തിയുടെ അമ്മയാകാൻ ആഗ്രഹിക്കുന്നു!”
ആ വ്യക്തി ഞാനായിരുന്നു, ആ സന്ദേശം എനിക്കുള്ളതായിരുന്നു… പരിശുദ്ധ മറിയത്തെ ഞാൻ അമ്മയായി സ്വീകരിച്ചു. ”അവൻ (യേശു) ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾമുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു” (യോഹന്നാൻ 19:27). പിന്നീടൊരിക്കലും എന്റെ ജീവിതം പഴയതുപോലെയായിരുന്നില്ല. എന്നെ വേദനിപ്പിച്ചവരോടെല്ലാം ക്ഷമിക്കാൻ കഴിഞ്ഞു. ലഹരിമരുന്നുകളിലേക്കോ പാർട്ടികളിലേക്കോ പിന്നെ ഞാനൊരിക്കലും തിരിച്ചുപോയില്ല. എല്ലാവരാലും തള്ളിക്കളയപ്പെട്ടു എന്ന വേദന എനിക്കിപ്പോഴില്ല.
എനിക്ക് അമ്മയില്ലെന്നുള്ള കാര്യം കൂട്ടുകാരോട് തുറന്നുപറയാനുള്ള ആത്മവിശ്വാസമായി. അതിനെക്കാളുപരി എനിക്കിപ്പോൾ ഈശോ തന്ന എന്റെ അമ്മയുണ്ട്, പരിശുദ്ധ കന്യകാമറിയം. ”ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്ക് ഉത്തരമരുളി; സർവഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു” (സങ്കീർത്തനങ്ങൾ 34:4).
ഫൗസ്റ്റിന കെമുന, കെനിയ