അവസ്ഥകളെ ആരാധനയാക്കാം! – Shalom Times Shalom Times |
Welcome to Shalom Times

അവസ്ഥകളെ ആരാധനയാക്കാം!

 

ജീവിതത്തിന്റെ അനുകൂല സാഹചര്യങ്ങളിൽ ഹൃദയം തുറന്ന് ഈശോയ്ക്ക് നന്ദി പറയുവാനും അവിടുത്തോടുകൂടി ആയിരിക്കാനും നമുക്ക് എളുപ്പമാണ്. എന്നാൽ പ്രതികൂലങ്ങളിൽ അത് എളുപ്പമായി അനുഭവപ്പെടാറില്ല. ക്ലേശകരമായ അവസ്ഥകളിൽ നമ്മുടെ മനസ് തളരുകയും പ്രാർഥിക്കാൻ, ശക്തിപ്പെടാൻ, ആഗ്രഹമുണ്ടെങ്കിലും അതു സാധിക്കാതെ വരുകയും എന്തു ചെയ്യണമെന്നറിയാതെ നാം കുഴങ്ങുകയും ചെയ്‌തേക്കാം…

പെട്ടെന്ന് മനസ്സിൽ തെളിയുന്ന ചിത്രം ഹന്നായുടേതാണ് (1 സാമുവൽ 1:1-28). തന്റെ വന്ധ്യതയെ ഓർത്തുള്ള വേദനയും ഒറ്റപ്പെടലുകളും കളിയാക്കലുകളും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ദുഃഖവും നൊമ്പരവും ഉള്ളിലൊതുക്കിയവളാണ് ഹന്ന… ഇതെല്ലാം അവൾ ദൈവസന്നിധിയിൽ അർപ്പിച്ചത് എങ്ങനെയെന്നു ഏലിക്ക് കൊടുത്ത മറുപടിയിൽ വ്യക്തമാണ്. ”വളരെയേറെ മനോവേദന അനുഭവിക്കുന്നവളാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുമ്പിൽ എന്റെ ഹൃദയവികാരങ്ങൾ ഞാൻ പകരുകയായിരുന്നു” (1 സാമുവൽ 1:15). അതെ, വാക്കുകളെക്കാൾ വികാരങ്ങളാണ് അവൾക്കു നൽകാൻ ഉണ്ടായിരുന്നത്. സങ്കീർത്തകൻ പറയുന്നു, ”എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്കു ഉത്തരമരുളി” (സങ്കീർത്തനങ്ങൾ 119:26).

കർത്താവ് ഹന്നായ്ക്ക് ഉത്തരം നൽകിയത് തന്റെ നിയോഗം വഹിക്കുന്ന പ്രവാചകനായ സാമുവേലിനെ അവൾക്കു പുത്രനായി സമ്മാനിച്ചുകൊണ്ടാണ്. ഉച്ചത്തിലുള്ള സ്തുതിപ്പുകളും താളമേളങ്ങളും ശ്രുതിമധുരമായ ഗാനങ്ങളും അലങ്കാരികമായ പദപ്രയോഗങ്ങളുടെ സമന്വയവും ആണ് ആരാധനയുടെ അടിസ്ഥാനമെന്നു ഒരുപക്ഷേ നാം ചിന്തിച്ചേക്കാം… എന്നാൽ ആരാധന ഹൃദയത്തിന്റെ ആഴങ്ങളുടെ ഉയർത്തലാണ്, എവിടേക്ക്? ജീവൻ തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തിലേക്ക്.

ജീവിതത്തിന്റെ സത്യസന്ധമായ അവസ്ഥകളെ – സന്തോഷത്തെ, സഹനത്തെ, വേദനകളെ, അലച്ചിലുകളെ ഈശോയുടെ മുന്നിൽ അതേപടി തുറന്നു വച്ചു ഇവയ്‌ക്കെല്ലാം മുകളിൽ നീയാണ് സർവ്വാധിപനെന്നും സർവ്വശക്തനെന്നും അത്യുന്നതനെന്നും ഏറ്റുപറയുമ്പോൾ അത് ജീവിതത്തെ, നമ്മുടെ മനോഭാവങ്ങളെ, രൂപാന്തരപ്പെടുത്തുന്ന ആരാധനയാകുന്നു.

അതിനാൽ, നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ അവസ്ഥയും- സന്തോഷമായാലും ദുഃഖമായാലും- ആ അവസ്ഥകളെ നിഷേധിക്കേണ്ട; പകരം അവയെ ആരാധനയാക്കി മാറ്റാം. ദൈവം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് മനുഷ്യൻ ഏറ്റവും ദുർബലനാകുന്ന സമയങ്ങളിലാണെന്നതു സത്യമാണ്. പൗലോസ് അപ്പസ്‌തോലൻ പറഞ്ഞതുപോലെ: ”ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ ശക്തനായിരിക്കു ന്നത്” (2 കോറിന്തോസ് 12:10).

ന്യൂറോപ്ലാസ്റ്റിസിറ്റിയും ആരാധനയും

ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് നമ്മുടെ മസ്തിഷ്‌കത്തിന്റെ അത്ഭുതകരമായ ഒരു കഴിവാണ്. അനുഭവങ്ങൾ, ചിന്തകൾ, പഠനം, പ്രാർഥന, ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി മസ്തിഷ്‌കത്തിന് സ്വയം മാറാനും പുനഃക്രമീകരിക്കപ്പെടാനും കഴിയും. ലളിതമായി പറഞ്ഞാൽ നമ്മൾ ഒരുപാട് തവണ എന്തെങ്കിലും ചെയ്യുകയോ ചിന്തിക്കുകയോ ചെയ്താൽ, മസ്തിഷ്‌കത്തിൽ അതിനായി പുതിയ വഴികൾ (Neural Pathways)  രൂപപ്പെടുന്നു. ഉദാഹരണത്തിന് ഒരു കുട്ടി സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ, ദിവസേന പ്രാർഥയിൽ ഏർപ്പെടുമ്പോൾ- എല്ലാം മസ്തിഷ്‌കത്തിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതായത്, നമ്മൾ ആവർത്തിച്ച് ചിന്തിക്കുന്നതും ചെയ്യുന്നതും നമ്മളെ പോസിറ്റീവായോ നെഗറ്റീവായോ രൂപപ്പെടുത്തുന്നു.

വിശ്വാസജീവിതത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. സ്ഥിരമായ പ്രാർഥന മനസ്സിന് സമാധാനം നൽകുന്നു. യേശുവിന്റെ സ്‌നേഹത്തെപ്പറ്റി ചിന്തിക്കുന്നത് സുരക്ഷയും ആത്മവിശ്വാസവും വളർത്തുന്നു. അതേ സമയം നെഗറ്റീവ് ചിന്തകൾ ഭയവും അരക്ഷിതാവസ്ഥയും ശക്തമാക്കുന്നു. അതുകൊണ്ട് നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് നമ്മളെ മാറ്റുന്നു.

അതിനാൽ പഴയ തെറ്റായ ശീലങ്ങൾ മാറ്റി പുതിയ നല്ല ശീലങ്ങൾ രൂപപ്പെടുത്താനും വൈകാരിക മുറിവുകളെ ( Emotional Wounds) സുഖപ്പെടുത്താനും സാധിക്കും. അതായത് പഴയ വഴികൾ (ഭയത്തിന്റെയും ആകുലതയുടെയും Neutral Pathways) ദുർബലമാകുന്നു… മസ്തിഷ്‌കത്തിൽ ‘റിവയറിംഗ്’ (Rewiring) നടക്കുന്നു. മനസും മസ്തിഷ്‌കവും മാറ്റാൻ കഴിയുന്ന ഒരു ദൈവദാനം തന്നെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി.

ആരാധന മസ്തിഷ്‌കത്തിൽ വരുത്തുന്ന മാറ്റങ്ങൾ

നമ്മുടെ ജീവിതത്തിലെ അവസ്ഥകൾ- ദുഃഖം, നഷ്ടം, കാത്തിരിപ്പ്, വേദന – ഇവയെല്ലാം ആദ്യം ബാധിക്കുന്നത് മനസ്സിനെയും തലച്ചോറിനെയും ആണ്. മനുഷ്യൻ വേദന അനുഭവിക്കുമ്പോൾ തലച്ചോറിലെ ഭയവും സമ്മർദ്ദവും നിയന്ത്രിക്കുന്ന ഭാഗങ്ങൾ (മാ്യഴറമഹമ പോലുള്ളവ) അതീവ സജീവമാകുന്നു. ഇതാണ് ആശങ്ക, പേടി, നിരാശ, കോപം എന്നിവ വർധിപ്പിക്കുന്നത്. പക്ഷേ, ഈ അവസ്ഥകളെ ആരാധനയായി മാറ്റുമ്പോൾ, ദൈവസാന്നിധ്യത്തിൽ സമർപ്പിക്കുമ്പോൾ, ”എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം” എന്ന് വിശ്വാസത്തോടെ പറയുമ്പോൾ, വേദനയിലും നന്ദി പറയുമ്പോൾ മനസ്സിലും തലച്ചോറിലും ആഴമുള്ള പോസിറ്റീവ് മാറ്റങ്ങൾ സംഭവിക്കുന്നു

  1. മസ്തിഷ്‌കത്തെ ശാന്തമാക്കുന്നു 

വേദനയും അനിശ്ചിതത്വവും തലച്ചോറിലെ ഭയകേന്ദ്രത്തെ (Survival Brain) ഉത്തേജിപ്പിക്കും. എന്നാൽ പ്രാർഥനയും ആരാധനയും ചെയ്യുമ്പോൾ, തലച്ചോർ സുരക്ഷയുടെ ബോധത്തിലേക്ക് (Safety Mode) മാറുന്നു. ദൈവത്തിൽ ആശ്രയിക്കുമ്പോൾ മനസ്സിൽ ഉയരുന്ന സന്ദേശം ഇതാണ് ‘ഞാൻ ഒറ്റയ്ക്കല്ല. ആരോ എന്നെ കരുതുന്നു.’ ഈ വിശ്വാസം അമിതചിന്ത കുറയ്ക്കുകയും ഹൃദയമിടിപ്പ് ക്രമീകരിക്കുകയും അങ്ങനെ ഉത്കണ്ഠ ശമിപ്പിക്കുകയും ചെയ്യുന്നു.

  2.ചിന്താമാതൃക മാറുന്നു

ദുഃഖം വന്നാൽ തലച്ചോർ സ്വാഭാവികമായി ചോദിക്കും: ”എന്തുകൊണ്ട് എനിക്ക്?”
പക്ഷേ ആരാധന ഈ ചോദ്യത്തെ ഇങ്ങനെ മാറ്റുന്നു.”ഇതിലൂടെ ദൈവം എന്നെ എന്താണ് പഠിപ്പിക്കുന്നത്?”. ഈ മാറ്റം Negative thought loop തകർക്കുന്നു. തലച്ചോറിലെ ചിന്തയും തീരുമാനവും നിയന്ത്രിക്കുന്ന ഭാഗം (Prefrontal cortex) കൂടുതൽ ശക്തമാകുന്നു. അതിനാൽ പ്രതികരണത്തിനു പകരം പ്രത്യുത്തരവും (Reaction/ Response) കോപത്തിനു പകരം ധൈര്യവും നിരാശയ്ക്ക് പകരം പ്രതീക്ഷയും വളരുന്നു.

3. ഹീലിങ്ങ് കെമിക്കൽസ് ഉണർത്തുന്നു

ആരാധനയും നന്ദിയും പ്രാർഥനയും സമാധാന ഹോർമോണുകൾ (Seratonin, Dopamine) വർധിപ്പിക്കുന്നു. കൂടാതെ സമ്മർദ്ദ ഹോർമോൺ(Cortisol) കുറയ്ക്കുന്നു. ഇതിന്റെ ഫലമായി മനസ്സിന് ലഘുത്വവും ശരീരത്തിന് ശാന്തതയും മെച്ചപ്പെട്ട ഉറക്കവും തീരുമാനങ്ങളിൽ വ്യക്തതയും ലഭിക്കും.

4. നിയന്ത്രണബോധം വിട്ടുകൊടുക്കുന്നു.

വേദനയിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ക്ഷീണിക്കുന്നത് എല്ലാം എന്റെ കൈയിൽ നിയന്ത്രിക്കണം എന്ന ശ്രമത്തിലാണ്. ആരാധനയിൽ ഒരാളുടെ മനോഭാവം ”എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഇനി നീയാണ് എല്ലാം ഏറ്റെടുക്കേണ്ടത്” എന്നതാണ്. ഈ സമർപ്പണം വഴി അമിതമായ ചിന്ത കുറയുകയും കുറ്റബോധം, സ്വയം പഴിക്കൽ എന്നിവ ശമിക്കുകയും ചെയ്യുന്നു.

5. മനസ് ശക്തമാകുന്നു.

ആരാധന, ജീവിതത്തെ മാറ്റുന്നത് പ്രശ്‌നങ്ങൾ ഇല്ലാതാക്കിക്കൊണ്ടല്ല, പ്രശ്‌നങ്ങളെ നേരിടാനുള്ള ശക്തി വർധിപ്പിച്ചുകൊണ്ടാണ്. അവസ്ഥകളെ ആരാധനയാക്കുന്ന ഒരാളുടെ തലച്ചോർ കൂടുതൽ അനുകമ്പാർദ്രവും പ്രതീക്ഷ നിറഞ്ഞതും ആയിത്തീരുന്നു.

ചുരുക്കത്തിൽ, ദൈവം നമ്മുടെ അവസ്ഥകൾ മാറ്റാൻ വൈകിച്ചേക്കാം; പക്ഷേ അവസ്ഥകളിലൂടെ നമ്മെ മാറ്റാൻ അവൻ ഒരിക്കലും വൈകുന്നില്ല. അതെ… നമ്മുടെ എല്ലാ അവസ്ഥകളെയും ആരാധനയാക്കാം. ക്രൂശിന്റെ നിഴലിൽ, കണ്ണീരിന്റെ പ്രാർഥനയിൽ, സമ്പൂർണ്ണ സമർപ്പണത്തിലൂടെ. ആരാധന ഒരു ആത്മീയ പ്രവർത്തനം മാത്രമല്ല അത് മനസ്സിനും തലച്ചോറിനും ദൈവം നൽകിയ സൗഖ്യത്തിന്റെ ഒരു വഴികൂടിയാണ്.

ഓ കർത്താവേ, എന്റെ ഇപ്പോഴത്തെ എല്ലാ അവസ്ഥകളെയും ഓർത്ത് അങ്ങേയ്ക്ക് ആരാധന!

സിസ്റ്റർ മരിയോണ സി.എം.സി