
ദിവ്യകാരുണ്യ അനുചിന്തനം എന്നുപറഞ്ഞാൽ യഥാർഥമായി ഓസ്തിയിൽ സന്നിഹിതനായിരിക്കുന്ന ഈശോയോട്, ഹൃദയബന്ധം സ്ഥാപിക്കാനും അവിടുന്നിലൂടെ പരിശുദ്ധാത്മാവിൽ പിതാവിങ്കലേക്ക് തന്നെത്തന്നെ ഉയർത്താനുമുള്ള കഴിവ് (ദാനം) ആണ്. കഴിവുള്ളിടത്തോളം ആന്തരികവും ബാഹ്യവുമായ നിശ്ശബ്ദതയിലാണ് ഇതെല്ലാം നടക്കുക.
അനുധ്യാനത്തിന്റെ പ്രിയസഖിയാണ് നിശ്ശബ്ദത. ദൈവത്തിലോ അവിടുത്തെ ഏതെങ്കിലും ഗുണവിശേഷത്തിലോ ക്രിസ്തുവിന്റെ ജീവിതരഹസ്യത്തിലോ മനസ് ഉറപ്പിച്ചുനിർത്തുന്നതും ആ യാഥാർഥ്യത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നതുമാണ് അനുചിന്തനം. ധ്യാനത്തിൽ സത്യാന്വേഷണത്തിനാണ് പ്രാധാന്യം; കണ്ടെത്തിയ സത്യത്തിലുള്ള ആനന്ദത്തിനാണ് അനുചിന്തനം മുൻതൂക്കം കല്പിക്കുന്നത്.
ആർസിലെ ദൈവാലയത്തിൽ നീണ്ട മണിക്കൂറുകൾ സക്രാരിയിൽ ദൃഷ്ടിയുറപ്പിച്ച് നിശ്ചലനായി പ്രാർഥിച്ചിരുന്ന പാവപ്പെട്ട ഒരു കൃഷിക്കാരനുണ്ടായിരുന്നു. ദൈവാലയത്തിൽ അനുദിനം ദീർഘനേരം എന്തുചെയ്യുകയാണെന്ന് വികാരിയായിരുന്ന ജോൺ മരിയ വിയാനി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ”ഒന്നും ചെയ്യുന്നില്ല; ഞാൻ അവിടുത്തെ നോക്കുന്നു; അവിടുന്ന് എന്നെ നോക്കുന്നു!”
ഇതാണ് ക്രിസ്തീയ അനുചിന്തനം. രണ്ട് നോട്ടങ്ങളുടെ സമ്മേളനമാണത്; ദൈവത്തിലേക്കുള്ള നമ്മുടെ നോട്ടവും, നമ്മിലേക്കുള്ള ദൈവത്തിന്റെ നോട്ടവും. അവിടുത്തെ വീക്ഷണത്തിൻകീഴിൽ ഈശോയോടൊപ്പമായിരിക്കുന്നതാണ് ദിവ്യകാരുണ്യ അനുചിന്തനം.
കർദിനാൾ റനിയെരോ കന്തലമെസ്സ