
യോഹന്നാൻ 18:38
പ്രധാനപുരോഹിതൻമാരും പ്രമാണികളും തന്റെമേൽ കുറ്റം ആരോപിച്ചപ്പോൾ യേശു ഒരു മറുപടിയും പറഞ്ഞില്ല. അതുനിമിത്തം പീലാത്തോസ് അത്യധികം ആശ്ചര്യപ്പെട്ടു. കുറ്റാരോപണങ്ങൾക്കുമുന്നിൽ ഗാംഭീര്യത്തോടെ മൗനം പാലിക്കുന്ന ആ മനുഷ്യന്റെ മുഖഭാവം തികച്ചും അസാധാരണം!
അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുരിശുമരണത്തിന് വിധിക്കാതെ വിട്ടയക്കാമെന്ന് പീലാത്തോസ് ചിന്തിച്ചു. തുടർന്നാണ് തിരുനാളിൽ ഒരു തടവുകാരനെ വിട്ടയക്കുന്ന പതിവനുസരിച്ച് യേശുവിനെ വിട്ടുനൽകട്ടെ എന്ന് ചോദിക്കുന്നത്. അസൂയ നിമിത്തമാണ് യഹൂദർ അവനെ മരണത്തിന് ഏല്പിച്ചുകൊടുത്തതെന്ന് അവൻ അറിഞ്ഞിരുന്നു (മത്തായി 27:18) എന്നും നാം വായിക്കുന്നു. ഇതൊന്നും കൂടാതെയാണ് അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച് ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് അറിയിക്കുന്നത്.
വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമറിച്ചിന് നല്കപ്പെട്ട ദൈവികദർശനങ്ങളിൽ പീലാത്തോസിന്റെ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. യഹൂദരുടെ വിശ്വാസങ്ങളെക്കുറിച്ച് മനസിലാക്കിയിരുന്ന അയാൾ, അവർ പ്രവചനപ്രകാരം പ്രതീക്ഷിക്കുന്ന രാജാവാണോ യേശു എന്നും സംശയിച്ചു. അതിനാലാണ് നീ രാജാവാണോ എന്നെല്ലാം ചോദിക്കുന്നത്. പക്ഷേ യേശു നല്കിയ ഉത്തരങ്ങൾ നിഗൂഢമായി അയാൾക്ക് അനുഭവപ്പെട്ടു. ഭാര്യയ്ക്ക് ലഭിച്ച സ്വപ്നദർശനങ്ങളും അവൾ നല്കിയ അറിയിപ്പുമെല്ലാം അദ്ദേഹത്തെ ചിന്തിപ്പിച്ചു. പക്ഷേ അദ്ദേഹം തന്റെ ദേവൻമാരിൽ വിശ്വാസമർപ്പിച്ചിരുന്നു. അത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി.
എങ്കിലും ഒടുവിൽ യേശുവിനെ വിധിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തീരുമാനിച്ചാണ് നീതിപൂർവകമായ വിധി പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്തുന്ന വിധം കൈകഴുകിയത്. പക്ഷേ അയാൾ ധർമനിഷ്ഠയില്ലാത്തവനും ഉറപ്പില്ലാത്തവനുമായിരുന്നു. ‘എന്താണ് സത്യം’ എന്ന് യേശുവിനോട് ചോദിച്ചപ്പോൾ യേശുവിന്റെ മറുപടിക്കായി അയാൾ കാത്തുനിന്നില്ല.
ഹൃദയപൂർവമാണ് ആ ചോദ്യം ചോദിച്ചിരുന്നതെങ്കിൽ അത് അയാളുടെ ജീവിതം മാറ്റിമറിക്കുമായിരുന്നു. എന്നാൽ മനസ് അസ്വസ്ഥമായിരുന്നതിനാലും തനിക്ക് അപകടം സംഭവിക്കരുത് എന്ന് ചിന്തിച്ചതിനാലും ആ ചോദ്യത്തിന് ഉത്തരം സ്വീകരിക്കാൻ പീലാത്തോസിന് കഴിഞ്ഞില്ല. ഒടുവിൽ ഭാര്യയുടെ അറിയിപ്പിനെയും മറികടന്ന് യേശുവിനെ മരണത്തിന് ഏല്പിച്ചുകൊടുത്ത വിധികർത്താവായി പീലാത്തോസ് മാറി.
മുൻവിധികളും സ്വാർഥതയുംകൂടാതെ ഹൃദയപൂർവമായിരിക്കണം സത്യം തേടേണ്ടത്. അങ്ങനെയുള്ളവർക്കുമാത്രമേ പരമസത്യമായ കർത്താവ് തന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ അത് സ്വീകരിക്കാനാവുകയുള്ളൂ എന്ന് ഈ വചനഭാഗം നമ്മെ ഓർമപ്പെടുത്തുന്നു.