ദൈവസാന്നിധ്യത്തിൽ ജീവിച്ചാലുള്ള നേട്ടങ്ങൾ – Shalom Times Shalom Times |
Welcome to Shalom Times

ദൈവസാന്നിധ്യത്തിൽ ജീവിച്ചാലുള്ള നേട്ടങ്ങൾ

ഒരു വിശ്വാസിയുടെ ജീവിതം എപ്പോഴും ആത്മീയപോരാട്ടത്തിന്റേതാണ്. അതിനാൽത്തന്നെ നിരന്തരം ദൈവസാന്നിധ്യത്തിൽ ചരിക്കുക എന്നത് ആത്മീയജീവിതത്തിൽ സുപ്രധാനമാണ്. യുദ്ധരംഗത്തെ ഭടൻമാരുടെ കാര്യം പരിഗണിക്കുക. അവരുടെ ജനറലിന്റെ സാന്നിധ്യത്തിൽ എത്ര ധീരമായാണ് അവർ യുദ്ധം ചെയ്യുക. അദ്ദേഹത്തിന്റെ കണ്ണുകൾ നമ്മുടെമേൽ ഉണ്ട്. ഒന്നുകിൽ അദ്ദേഹം പ്രതിഫലം നൽകും; അല്ലെങ്കിൽ ശിക്ഷിക്കും എന്ന ചിന്ത അവരുടെ ധൈര്യത്തെയും ശക്തിയെയും ഉയർന്ന തോതിൽ സജീവമാക്കും. നാമും എല്ലാ കാര്യങ്ങളും ദൈവസാന്നിധ്യത്തിനുമുന്നിലാണ് നാമെന്ന ചിന്തയോടെ ചെയ്താൽ, എല്ലാം നല്ലതും നിയോഗശുദ്ധിയുള്ളതും ആവുകയില്ലേ?

ദൈവസാന്നിധ്യത്തിൽ ചരിക്കുന്ന ഒരാൾ സൃഷ്ടികൾ എന്ത് ചിന്തിക്കുമെന്നോ പറയുമെന്നോ പരിഗണിക്കുന്നില്ല. അയാളുടെ പൂർണമായ ശ്രദ്ധ തന്റെ ഓരോ പ്രവൃത്തിയും കാണുന്ന ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലാണ്.

നിരന്തരം അവിടുത്തെ സാന്നിധ്യത്തിൽ ചരിക്കുന്നതിന്റെ മറ്റൊരു നേട്ടം ദൈവവുമായുള്ള ആത്മാവിന്റെ ഒന്നാകലാണ്. സ്‌നേഹം എപ്പോഴും സ്‌നേഹിക്കപ്പെടുന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ ശക്തമാക്കപ്പെടുന്നു. പരസ്പരം സ്‌നേഹിക്കുന്നവരുടെ അടുപ്പം, അവരുടെ കുറവുകൾ എത്രമാത്രം വെളിപ്പെടുത്തിയാലും സ്‌നേഹം വർധിക്കും. അപ്പോൾ, ഒരു ആത്മാവും ദൈവവും തമ്മിലുള്ള സാമീപ്യം സ്‌നേഹത്തെ എത്രമാത്രം ശക്തിപ്പെടുത്തും.

ദൈവസാന്നിധ്യത്തിൽ നാം നടക്കുംതോറും നമ്മുടെ ഹൃദയത്തിൽ അവിടുത്തെ സ്‌നേഹം വർധിപ്പിക്കാനും ശക്തമാക്കാനും ഉപകരിക്കുന്ന മനോഹരമായ ദൈവികഗുണവിശേഷങ്ങൾ നാം കൂടുതൽ വ്യക്തമായി തിരിച്ചറിയും. എന്നാൽ ദൈവവുമായി ദൃഢമായി ഒന്നാകാൻ രാവിലെയും വൈകിട്ടുമുള്ള ഒരു ധ്യാനംമാത്രം പോരാ. തിളയ്ക്കുന്ന വെള്ളം അടുപ്പിൽനിന്ന് മാറ്റിയാൽ അത് അധികം താമസിയാതെ ആറിപ്പോകും. മനുഷ്യാത്മാവിന്റെ കാര്യവും ഇങ്ങനെതന്നെ. ദൈവസ്‌നേഹത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കാൻ അവിടുത്തെ സാന്നിധ്യത്തിന്റെ ചിന്ത നിരന്തരം നമ്മുടെ മുന്നിലുണ്ടാകണം.

”കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല. അതിനാൽ, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു”(സങ്കീർത്തനങ്ങൾ 16:8-9).

വിശുദ്ധ അൽഫോൻസ് ലിഗോരി