
നാൽപതുദിവസം ദിവ്യകാരുണ്യ ചാപ്പലിൽ ദിവ്യകാരുണ്യ ഈശോയെമാത്രം നോക്കിക്കൊണ്ട് ഹൃദയത്തിൽ ആരാധിച്ച ഗായികയുടെ സാക്ഷ്യം ഇതായിരുന്നു. പല ദിവസങ്ങളിലും തൊണ്ടയിൽനിന്ന് രക്തം വന്നപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം ബയോപ്സി എടുക്കുകയും രോഗം തൊണ്ടയിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റേഡിയേഷനും മരുന്നുകളും ഡോക്ടർ നിർദേശിച്ചു. ഇനി ഒരിക്കലും പാടാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഭർത്താവും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന മക്കളുമൊത്ത് ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ പരീക്ഷ ദൈവം അനുവദിച്ചത്. ആ സഹോദരി പാടുന്ന ധ്യാനകേന്ദ്രത്തിൽതന്നെ പ്രേഷിതനായി ജോലി ചെയ്യുകയാണ് ഭർത്താവ്. അവരിൽനിന്ന് ഇക്കാര്യം അറിഞ്ഞപ്പോൾ ഞാനും ഏറെ വിഷമിച്ചു. എന്നാൽ സങ്കീർത്തനം 34:5 തിരുവചനം ശക്തിയും പ്രത്യാശയും നൽകി, ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി. അവർ ലജ്ജിതരാവുകയില്ല.”
യേശുവിൽമാത്രം വിശ്വാസമർപ്പിച്ച് 40 ദിവസം ആരാധനാചാപ്പലിൽ പ്രഭാതം മുതൽ പ്രദോഷം വരെ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ ഞങ്ങൾ ഇരുന്നു. ഹൃദയം യേശുവിലേക്ക് പകർന്ന് അവിടുത്തെ ഞങ്ങൾ ആരാധിച്ചുകൊണ്ടിരുന്നു. നല്ലൊരു കുമ്പസാരം നടത്തിയതിനുശേഷമാണ് ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾതന്നെ യേശു തൊടുന്നതായും സൗഖ്യം ലഭിക്കുന്നതായും ആ സഹോദരിക്ക് അനുഭവപ്പെട്ടു. എന്നാൽ 40 ദിവസങ്ങൾ ഒരു നിയോഗം എന്നോണം പൂർത്തിയാക്കി. അതിനുശേഷമാണ് ഡോക്ടറെ സമീപിച്ചത്.
ചികിത്സ ചെയ്യാൻ വൈകിയതിൽ ഡോക്ടർ അമർഷം പ്രകടിപ്പിക്കുകയും അതിനാൽതന്നെ വീണ്ടും എത്രകണ്ട് വ്യാപിച്ചിട്ടുണ്ട് എന്നറിയാൻ ഒരു പരിശോധനകൂടി നടത്തുകയും ചെയ്തു. അത്ഭുതകരമെന്ന് പറയട്ടെ, ഡോക്ടറെപ്പോലും അതിശയിപ്പിച്ചുകൊണ്ട് റിസൽട്ട് വന്നു. കാൻസറിന്റെ ഒരു ലക്ഷണവും ഇല്ല! എല്ലാം നോർമൽതന്നെ!! ഇന്ന് മനോഹരമായി ആ സഹോദരി പാടിക്കൊണ്ടിരിക്കുന്നു. ഒരിക്കലും പാടാൻ സാധിക്കുകയില്ലെന്ന് വൈദ്യശാസ്ത്രം എഴുതി. എന്നാൽ ‘ദൈവത്തിന്റെ ശാസ്ത്ര’ത്തിന് ഒന്നും അസാധ്യമല്ലല്ലോ.
മറ്റൊരു അനുഭവംകൂടി പങ്കുവയ്ക്കാം. അപ്പനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം. അപ്പൻ വലിയ മദ്യപാനിയായിരുന്നതിനാൽ കുടുംബത്തിൽ എന്നും വഴക്കും ദാരിദ്ര്യവും ആയിരുന്നു. പല ദിവസവും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പൻ അമ്മയെ മർദ്ദിക്കുമായിരുന്നു. അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ വരും. അവർ പറയും. ‘ഇതുപോലെ ഒരു വീട് എങ്ങും ഉണ്ടാകരുതേ.’
അപമാനഭാരത്താൽ ഇനി ജീവിക്കേണ്ട എന്ന തീരുമാനം മക്കൾ എടുത്ത സമയങ്ങൾ ഉണ്ട്. അമ്മയുടെ ഉറച്ച വിശ്വാസത്തിൽനിന്ന് ഉതിർന്ന വാക്കുകളാണ് ആ മക്കളെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ‘ദൈവം എന്റെ മക്കളെ കൈവിടില്ല, കുരിശിൽ എല്ലാ വേദനയും അപമാനവും സഹിച്ച് മരിച്ച യേശു എല്ലാ കണ്ണുനീർത്തുള്ളികളും കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്. അതിന് പ്രതിഫലം ലഭിക്കും.’
അതിനാൽ ക്രൂശിതനായ യേശുവിലേക്ക് നോക്കി ദിവസവും അവർ പ്രാർഥിക്കുമായിരുന്നു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മകൻ വൈദികാർഥിയും മകൾ സന്യാസാർഥിനിയുമായി. കാലാന്തരത്തിൽ പരിശീലനം പൂർത്തിയാക്കി മകൻ വൈദികനായിത്തീർന്നു; മകൾ സന്യാസിനിയും. കൂടാതെ ഈശോ അവരുടെ അപ്പനെ തൊട്ടു. അദ്ദേഹം മദ്യപാനം നിർത്തി. ഇന്ന് ആ കുടുംബത്തെ നോക്കി മറ്റുള്ളവർ പറയുന്നത് ‘ഇതുപോലൊരു കുടുംബം ഞങ്ങൾക്കും തരണേ’ എന്നാണ്. ആ വൈദികൻതന്നയാണ് എന്നോട് ഈ അനുഭവം പങ്കുവച്ചത്.
രോഗങ്ങളും പ്രതികൂലങ്ങളുമെല്ലാം ജീവിതത്തിൽ ഉണ്ടായേക്കും. എന്നാൽ കർത്താവിൽനിന്ന് നോട്ടം പിൻവലിക്കരുത്. അവിടുത്തെ നോക്കിയവരെല്ലാം പ്രകാശിതരായിട്ടുണ്ട്. സങ്കീർത്തകൻ ഉറപ്പിച്ചുപറയുന്നത് ഓർക്കുക, ”നീതിമാന്റെ ക്ലേശങ്ങൾ അസംഖ്യമാണ്, അവയിൽനിന്നെല്ലാം കർത്താവ് അവനെ മോചിപ്പിക്കുന്നു” (സങ്കീർത്തനങ്ങൾ 34:19). കർത്താവിനെ നോക്കി, അവിടുന്നിൽ ആശ്രയിച്ച് ജീവിക്കുന്നവർ എല്ലാ ക്ലേശങ്ങളെയും അതിജീവിച്ച് മുന്നേറാൻ കർത്താവ് ഇടവരുത്തും.
പി.ജെ. ജോസഫ്, പയ്യപ്പിള്ളി