
ദൈവവചനത്തിന്റെ ശക്തി എന്തെന്ന് ഞാൻ മനസിലാക്കിയ വർഷമായിരുന്നു 2024-25. പ്ലസ്‌വൺ പരീക്ഷയ്ക്ക് ഈശോയോട് പ്രാർത്ഥിച്ചാണ് എഴുതിയതെങ്കിലും പരീക്ഷാഫലം എന്റെ പ്രതീക്ഷയ്‌ക്കൊത്തായിരുന്നില്ല. അതിന്റെ സങ്കടത്തിലായിരുന്നു പ്ലസ്ടു ആരംഭം. ഒരു പരാജയംപോലെ തോന്നിയതിനാലായിരിക്കാം ഈശോയോട് അകലുന്നതിനപ്പുറം അടുക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപാട് ബലഹീനതകളും കുറവുകളുമുള്ള ആളായിരുന്നു ഞാൻ, എങ്കിലും ഈശോയോട് കൂട്ടുകൂടാൻ ശ്രമിക്കാൻ തുടങ്ങി.
വചനം വഴികാട്ടിയായപ്പോൾ
പത്താംക്ലാസിലെ ക്ലാസ് ടീച്ചർ പങ്കുവച്ച ഒരനുഭവം എന്റെ ഓർമയിലുണ്ടായിരുന്നു. ടീച്ചർക്ക് പഠിപ്പിക്കാൻ പ്രയാസമായിരുന്ന ഗണിതം പഠിപ്പിക്കാൻ ഏല്പിക്കപ്പെട്ടപ്പോൾ ക്ലാസെടുക്കുന്നതിനുമുമ്പേ ജ്ഞാനം 7:7 ക്ലാസിൽ പറഞ്ഞ് സ്വയം പ്രാർഥിക്കുമായിരുന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം ടീച്ചറിന് ഒരു കൊറിയർ ലഭിച്ചു.
ടീച്ചർ യു.പി വിഭാഗത്തിൽ പഠിപ്പിച്ച ഒരു കുട്ടി സയൻസ് വിഷയത്തിൽ ഗവേഷണം ചെയ്ത് വിജയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി കൊടുത്തയച്ച മധുരമായിരുന്നു ആ കൊറിയർ ബോക്‌സിൽ ഉണ്ടായിരുന്നത്. അതിന്റെ പുറംകവറിൽ കൊറിയർ അഡ്രസിനോടൊപ്പം ഒരു വചനവും ആലേഖനം ചെയ്തിരുന്നു! ”ഞാൻ പ്രാർഥിച്ചു, എനിക്ക് വിവേകം ലഭിച്ചു; ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്ക് ലഭിച്ചു” (ജ്ഞാനം 7:7). അന്യമതസ്ഥനായ ആ പൂർവവിദ്യാർഥിയുടെ പഠനകാലഘട്ടത്തിൽ ഈ ദൈവവചനം ജീവൻ പ്രാപിച്ചുവെന്ന് ആ വിദ്യാർഥിതന്നെ ടീച്ചറിനോട് നന്ദിയോടെ പറഞ്ഞു.
ടീച്ചർതന്നെ പങ്കുവച്ച മറ്റൊരു അനുഭവവും ഓർക്കുന്നു. തന്റെ പഠനകാലത്ത് കടുപ്പമേറിയ ഒരു പരീക്ഷയുടെ സമയം ലൂക്കാ 1:35 ”പരിശുദ്ധാത്മാവ് നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും” എന്ന വചനം ആവർത്തിച്ച് പരീക്ഷ എഴുതിയ വിജയകഥയായിരുന്നു അത്.
ഈ അനുഭവങ്ങൾ എന്റെ പഠനത്തിൽ വചനത്തെ ശക്തികേന്ദ്രമാക്കുന്നതിൽ വലിയ വഴിത്തിരിവായിരുന്നു. എന്റെ എല്ലാ പാഠഭാഗങ്ങൾക്കും മുൻപിൽ ഞാൻ ഒരു വചനം എഴുതിയിരുന്നു. ആ വചനം ഉരുവിട്ട് പ്രാർഥിച്ചായിരുന്നു ആ പാഠഭാഗങ്ങൾ പഠിച്ചിരുന്നത്. പഠനത്തിൽ പ്രയാസമനുഭവപ്പെട്ടപ്പോഴൊക്കെ ഞാൻ വചനങ്ങൾ ഉറക്കെ ആവർത്തിച്ച് പറയാറുണ്ട്.
എന്റെ ഇഷ്ടവചനം ഹബക്കുക്ക് 3:17-19 വരെയുള്ളതായിരുന്നു. ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ്കൾ ഇല്ലാതായാലും വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും. കർത്താവായ ദൈവമാണ് എന്റെ ബലം. കലമാന്റെ പാദങ്ങൾക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങൾക്ക് വേഗത നൽകി. ഉന്നതങ്ങളിൽ അവിടുന്ന് എന്നെ നടത്തുന്നു.”
കർത്താവാണ് എന്റെ ബലമെന്ന് നിരന്തരം ഞാൻ മനസിൽ ഉരുവിട്ടു. ഒരുപാട് വചനങ്ങൾ മനഃപാഠമാക്കുകയും 1200 തവണ മൂന്നുവചനം വീതം എഴുതുകയും ചെയ്തു. എങ്കിലും പ്ലസ്ടു പഠനകാലത്ത് ഞാൻ പുറകോട്ട് പോകുന്നതുപോലെയായിരുന്നു എന്റെ അനുഭവം.
ദിവ്യകാരുണ്യത്തോടൊപ്പം
ഡിസംബറിൽ 25 ദിവസം പള്ളിയിൽ പോയതിനുശേഷം ജനുവരി മുതൽ എന്നും കുർബാനയ്ക്കു പോകാൻ ഞാൻ ആഗ്രഹിച്ചു. എങ്കിലും എന്റെ ഭൗതികസാഹചര്യങ്ങൾ അതിന് ഒട്ടും അനുകൂലമായിരുന്നില്ല. എങ്കിലും ഈശോയുടെ കൃപ ഒന്നുകൊണ്ടുമാത്രം രണ്ടോ മൂന്നോ ദിനങ്ങളിലൊഴികെ പരീക്ഷാഫലം വരുന്നതുവരെ ബാക്കി മുഴുവൻ നാളും വിശുദ്ധബലിയിൽ പങ്കുകൊള്ളാൻ കഴിഞ്ഞു. ബലിയർപ്പിക്കുമ്പോൾ എന്റെ നിയോഗങ്ങൾ എഴുതി കാഴ്ചയായി അർപ്പിച്ചു.
വിശുദ്ധാത്മാക്കൾ മധ്യസ്ഥരായി
പരീക്ഷാ ഒരുക്കകാലത്ത് യുട്യൂബ് വീഡിയോയിൽനിന്ന് ലഭിച്ച പ്രചോദനമനുസരിച്ച് ഓരോ വിഷയത്തിനും ഓരോ വിശുദ്ധാത്മാക്കളുടെ മാധ്യസ്ഥ്യം തേടി പ്രാർഥിക്കാൻ തുടങ്ങി. എന്റെ പഠനവിഷയങ്ങളെയും അതിലെ ഓരോ പഠനമേഖലകളെയും പഠിപ്പിക്കുന്നവരെയും ഉത്തരക്കടലാസ് നോക്കാൻ പോകുന്നവരെയും അവരുടെ കുടുംബത്തെയുമെല്ലാം സമർപ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥ്യം യാചിച്ചിരുന്നു.
അമ്മയിൽനിന്നുള്ള ഊർജം
എന്റെ ഏറ്റവും വലിയ അഭയകേന്ദ്രം പരിശുദ്ധ മാതാവായിരുന്നു. തളർന്ന നിമിഷങ്ങളിലെല്ലാം തിരുസുതനെപ്പോലെ അമ്മയുടെ മടിയിൽ ഞാൻ ജപമാലയുമായി ഓടിയെത്തി. ഓരോ വിഷയത്തെയും സമർപ്പിച്ച് ജപമാലകൾ ചൊല്ലി. തിരുസുതന്റെ കാൽവരിയാതനയെ ഓർത്ത് പറ്റുന്ന മൂന്നുമണികളിലെല്ലാം കരുണക്കൊന്തകൾ ചൊല്ലി. ഏറ്റവും ഒടുവിൽ അമ്മയെപ്പോലെ ‘ഇതാ കർത്താവിന്റെ ദാസി’ എന്നുപറഞ്ഞ് പരീക്ഷാഫലത്തെ ധൈര്യപൂർവം എതിരേൽക്കാൻ പരിശുദ്ധാത്മാവിന്റെ കൃപ ഞാൻ കൈക്കൊണ്ടു.
പഠനകാലത്ത് ഞാൻ ഏറ്റുപറഞ്ഞ പ്രാർഥന ഇങ്ങനെയായിരുന്നു: പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ. അങ്ങേ ഇഷ്ടദാസിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തിയേറിയ മധ്യസ്ഥതയാൽ ഞങ്ങളിൽ വന്ന് നിറയണമേ. ഞങ്ങളിൽ വന്ന് വസിക്കണമേ. ഞങ്ങളിൽ വന്ന് നയിക്കണമേ.
ഒടുവിൽ പ്ലസ്ടു ഫലം വന്നു. ഫലത്തിനപ്പുറം ഈശോയോട് കുറെ കൂട്ടുകൂടാനും വചനത്തിന്റെ ശക്തി മനസിലാക്കാനും. ഈ വാക്കുകളിൽ ഒതുക്കാനാവാത്ത അനുഭവങ്ങൾ ലഭിക്കാനും എനിക്ക് കൃപ കിട്ടി. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി 1200-ൽ 1199 മാർക്ക് നൽകി അനുഗ്രഹിച്ചു.
എന്നെ ശക്തനാക്കാൻ അവിടുത്തേക്ക് കഴിയുമെങ്കിൽ ഈ ലോകത്തെ ഏതൊരുവനെയും അപ്രാപ്യമായ പാറയിൽ കയറ്റി നിർത്താൻ അവിടുത്തേക്ക് ഒരു നിമിഷം മതി. വിശ്വസിച്ചാൽ ദൈവമക്കളായ നാം ദൈവമഹത്വം ദർശിക്കും, തീർച്ച.
അനയ സണ്ണി