അസാധാരണമാണ് ഈ പുണ്യത്തിന്റെ ഫലം – Shalom Times Shalom Times |
Welcome to Shalom Times

അസാധാരണമാണ് ഈ പുണ്യത്തിന്റെ ഫലം

ഞാൻ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന സമയം. ഡിപ്പാർട്ട്‌മെന്റിലെ അധികാരി എന്നെ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. പ്രത്യേക കാരണമൊന്നും അതിനുണ്ടായിരുന്നില്ല. ഞാൻ വളരെ വിഷമത്തോടെയാണ് അത് സ്വീകരിച്ചത്. മറ്റുള്ളവർക്കെല്ലാം മികച്ചത് കൊടുത്തപ്പോൾ എന്നെ തരംതാഴ്ത്തിയെന്ന ചിന്തയാണ് ആദ്യം എനിക്കുണ്ടായത്. പക്ഷേ പരാതിപ്പെടാതെ ഞാൻ അനുസരിച്ചു. സംഭവിച്ചത് എന്താണെന്ന് വച്ചാൽ, ആ പുതിയ സ്ഥലത്ത് വച്ച് ഞാൻ ഒരു രോഗിയെ പരിചയപ്പെട്ടു. അദ്ദേഹം മുഖേനയാണ് ഞാൻ ഇന്ന് ആയിരിക്കുന്ന സെമിനാരിയിൽ എത്തിച്ചേർന്നത്.

എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിലെ ചൂണ്ടുപലകയായിരുന്നു ആ വ്യക്തി. ഞാൻ ആ ദിവസങ്ങളിൽ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ ആ വ്യക്തിയെ അതായത്, ആ ചൂണ്ടുപലകയെ, കാണുകയോ പരിചയപ്പെടുകയോ ചെയ്യുമായിരുന്നില്ല.

യഥാർഥത്തിൽ ദൈവം ഒരു പാവം അധികാരി വഴി എന്നെ സ്ഥലം മാറ്റുകയായിരുന്നു. അധികാരിയെ ഞാൻ അനുസരിച്ചപ്പോൾ ആ വ്യക്തിയിലൂടെ സത്യത്തിൽ കർത്താവ് എനിക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു. ഇത് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്.

എന്നെ ഏറെ സ്വാധീനിച്ച മറ്റൊരു സംഭവം പറയാം. ഞാൻ സെമിനാരിയിൽനിന്നും എല്ലാ വർഷവും അവധിക്ക് വീട്ടിൽ പോകുന്നത് ഈസ്റ്റർ കഴിഞ്ഞിട്ടാണ്. പക്ഷേ കഴിഞ്ഞ തവണ ഈസ്റ്ററിന് മുൻപായിട്ടാണ് വീട്ടിൽ പോയത്. മേലധികാരിയായ അച്ചൻ പറഞ്ഞതനുസരിച്ചാണ് അവധി നിശ്ചയിച്ചതും ഞാൻ അങ്ങനെ ചെയ്തതും.

ഞാൻ വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ വികാരിയച്ചൻ എന്നെ ഫോണിൽ വിളിച്ചു. ഇടവകയിൽ പിറ്റേന്ന് നടക്കുന്ന നാൽപ്പതാം വെള്ളി തീർഥാടനത്തിന് ഒരു സന്ദേശം നൽകണം എന്ന് എന്നോട് പറയാനാണ് വിളിച്ചത്. ഞാൻ വേഗം എന്റെ മേലധികാരിയായ അച്ചനോട് ഇക്കാര്യം പങ്കുവച്ചു. അച്ചൻ എനിക്കുവേണ്ടി പ്രാർഥിക്കുകയും സന്ദേശം നൽകാനുള്ള അനുഗ്രഹം തരികയും ചെയ്തു. കർത്താവിന്റെ കരുണയാൽ അന്ന് വൈകുന്നേരം ഇടവകയിലെ തീർഥാടന മലയിൽവച്ച് സന്ദേശം പറയാൻ സാധിച്ചു.

അത് കേൾക്കാൻ എന്റെ പപ്പയും മമ്മിയും സഹോദരനും കുടുംബം മുഴുവനുമുണ്ടായിരുന്നു. ഞാൻ സെമിനാരിയിൽ ചേർന്നതിൽ അന്നുവരെ വിഷമമുണ്ടായിരുന്ന എന്റെ പപ്പ ആ സായാഹ്നത്തിൽ വളരെയേറെ സന്തോഷിച്ചു. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ ഉണ്ടാകാതിരുന്ന തുറവിയാണ് അന്ന് പപ്പ എന്നോട് കാണിച്ചത്. സന്ദേശത്തിൽ ഞാൻ പറഞ്ഞ ഒരു സംഭവം പപ്പയെ വല്ലാതെ ആകർഷിച്ചത്രേ. വീട്ടിൽ എത്തിയപ്പോൾ പപ്പ എന്നെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത്. അന്നുവരെ അങ്ങനെ ആയിരുന്നില്ല.

പറഞ്ഞുവരുന്നത്, അനുസരണത്തിന്റെ പിന്നിലെ അനുഗ്രഹത്തെക്കുറിച്ചാണ്. എന്തുകൊണ്ടാണ് പതിവിന് വിപരീതമായി എന്നെ അവധിക്ക് വിട്ടതെന്ന് അന്ന് രാത്രിയിൽ ഞാൻ ചിന്തിച്ചു. ഇവിടെയും കർത്താവ് എന്റെ മേലധികാരിയിലൂടെ പ്രവർത്തിക്കുകയായിരുന്നു. ഒരു കാര്യം ഉറപ്പാണ്. എനിക്ക് വേണമെങ്കിൽ എന്റെ സൗകര്യത്തിന് അവധി മാറ്റിച്ചോദിക്കാമായിരുന്നു. അനുവദിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇക്കാര്യം ഇത്തരത്തിൽ നടക്കില്ലായിരുന്നു എന്നുമാത്രം.

നിങ്ങൾ ആത്മീയവും ഭൗതികവുമായ ഏത് മേഖലയിലും ആയിക്കൊള്ളട്ടെ. പാപം ഒഴിച്ച് മറ്റെല്ലാത്തിലും അധികാരിയെ അനുസരിച്ച് നോക്കൂ. അധികാരിയുടെ കഴിവോ അവരുടെ ആത്മീയ മികവോ നോക്കാതെ അവരെ അനുസരിച്ചുകൊണ്ട് അവരോട് വിധേയത്വം കാണിക്കുകയും ചെയ്യൂ. കർത്താവ് അതിൽ ഒരു അനുഗ്രഹം കരുതി വച്ചിട്ടുണ്ടാകും.

സമയം തെറ്റാതെ, തക്കസമയത്ത് ദൈവഹിതം തിരഞ്ഞെടുക്കാൻ ദൈവം ഒരുക്കിയിരിക്കുന്നത് ഈ അധികാരസംവിധാനത്തിലൂടെ നമ്മൾ കടന്നുപോകുമ്പോഴാണ്. അത് പരിഗണിക്കാത്തവരെയോ, അതിന് വില നൽകാത്തവരെയോ നമ്മൾ ശ്രദ്ധിക്കേണ്ടതില്ല. നിങ്ങൾ കർത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കുവിൻ (1 പത്രോസ് 2:14). ഇതാണ് നമ്മൾ ചെയ്യേണ്ടത്. എന്നാൽ നമ്മുടെ യുക്തി, സ്വാർഥത, ദൈവാശ്രയമില്ലായ്മ, അജ്ഞത -എല്ലാംകൂടി അത് മാറ്റിമറിക്കാനും തെറ്റിക്കാനും നമ്മെ നിർബന്ധിച്ചുകൊണ്ടിരിക്കും.

അനുസരണം ഒരു അസാധാരണ പുണ്യമാണ്. അനുസരണത്തെ നമ്മുടെ ബലിയെക്കാൾ ശ്രേഷ്ഠമെന്നുപോലും വിശേഷിപ്പിക്കുകയാണ് വിശുദ്ധ ബൈബിൾ. നമ്മൾ അധികാരിയുടെ സ്ഥാനത്തെങ്കിൽ എങ്ങനെ ചെയ്യണം എന്ന് ചിന്തിച്ചാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കിട്ടും.

മനുഷ്യാവതാരവും കുരിശുമരണവുമെല്ലാം ദിവ്യമായ അനുസരണമല്ലേ.കർത്താവ് ഇത്രത്തോളം അനുസരിച്ചെങ്കിൽ നാം എത്രത്തോളം അനുസരിക്കേണ്ടിയിരിക്കുന്നു എന്ന് ആലോചിച്ചുനോക്കൂ.

”ഓരോരുത്തനും മേലധികാരികൾക്കു വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും” (റോമാ 13 : 1-2).

ബ്രദർ അഗസ്റ്റിൻ ക്രിസ്റ്റി PDM