വായിച്ചുകൊണ്ടിരിക്കേ മോചനം – Shalom Times Shalom Times |
Welcome to Shalom Times

വായിച്ചുകൊണ്ടിരിക്കേ മോചനം

വര്‍ഷങ്ങളായി എനിക്ക് ഉറക്കം വളരെ കുറവാണ്. അതുകൊണ്ട് പകല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇക്കഴിഞ്ഞ ജൂണ്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. തോമസ് അമ്പാട്ടുകുഴിയില്‍ എഴുതിയ ”ശാപങ്ങളെ പൊട്ടിച്ചെറിയുന്നത് എങ്ങനെ?” എന്ന ലേഖനം വായിച്ചുകൊണ്ടിരിക്കേ എനിക്ക് എന്നിലേക്കുതന്നെ ഒരെത്തിനോട്ടം നടത്താന്‍ ദൈവം പ്രേരണ നല്‍കി. എന്റെ ജീവിതത്തില്‍ പല പ്രാവശ്യം നിറുത്തുകയും വീണ്ടും തുടരുകയും ചെയ്യുന്ന പാപകരമായ ഒരു മേഖല ദൈവം എനിക്ക് കാണിച്ചുതരികയായിരുന്നു.
ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ദൈവതിരുമുമ്പില്‍ ഒരു പ്രതിജ്ഞ എടുത്തു. ആ നിമിഷംതന്നെ തെറ്റില്‍നിന്ന് പിന്തിരിയാന്‍ മനസിനെ ബോധ്യപ്പെടുത്താന്‍വേണ്ടി ഒരു സ്‌കെച്ച് പേന കൊണ്ട് അവിടെ പോയി ഒരു അടയാളം ഇട്ടു. പിന്നീട് ഇന്നുവരെ ഞാന്‍ ആ തെറ്റ് ആവര്‍ത്തിച്ചിട്ടില്ലെന്നുമാത്രമല്ല അന്നുമുതല്‍ സുഖമായി ഉറങ്ങാന്‍ എനിക്ക് സാധിക്കുന്നുമുണ്ട്. സ്വയം ഒരു എത്തിനോട്ടം നടത്താനും അങ്ങനെ ലഭിക്കുന്ന തിരിച്ചറിവിലൂടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനും എല്ലാവര്‍ക്കും കഴിയട്ടെ.
”ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും” (ഏശയ്യാ 40/31)

ജോയ് കെ. എല്‍, മണ്ണുത്തി