കളകളെ തിരിച്ചറിയൂ… – Shalom Times Shalom Times |
Welcome to Shalom Times

കളകളെ തിരിച്ചറിയൂ…

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് എന്നോട് പറഞ്ഞു, നല്ലയിനം കോവലാണ്. നല്ല സൂര്യപ്രകാശം ഉള്ളിടത്ത് നടണം. എങ്കിലേ ധാരാളം കായ്കളുണ്ടാകൂ. വീടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ ചോലയായിരുന്നതിനാല്‍ അല്പമകലെ സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലം നോക്കി ഞാന്‍ ആ കോവല്‍ത്തണ്ട് നട്ടു. കോവല്‍ കിളിര്‍ത്തു. ധാരാളം വെള്ളവും വളവുമൊക്കെ നല്കിയതിനാല്‍ നല്ല കരുത്തോടെ അതു വളര്‍ന്ന് പന്തലിക്കുവാന്‍ തുടങ്ങി. ഒരു തിട്ടിനു തീഴെയാണ് കോവല്‍ച്ചെടി നട്ടിരുന്നത്.
ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോവല്‍ ചെടിയോടു ചേര്‍ന്ന് കോവലിനോട് വളരെ സമാനത തോന്നിക്കുന്ന മറ്റൊരു വള്ളിച്ചെടി മുളച്ചുപൊന്തി വന്നു. ഒറ്റനോട്ടത്തില്‍ അതു കോവല്‍ചെടിയാണെന്നുതന്നെ ആര്‍ക്കും തോന്നും. ഞാന്‍ വിചാരിച്ചു, അത് കോവലിന്റെ വേരില്‍നിന്നും പൊട്ടിമുളച്ചുവന്ന ഇളംതണ്ടാണെന്ന്. അതുകൊണ്ടുതന്നെ വളര്‍ന്നു വലുതായി കോവലിന്റെ പന്തലില്‍ പിടിച്ചുകയറിയപ്പോള്‍ ഞാന്‍ തടഞ്ഞതുമില്ല. അങ്ങനെ ധാരാളം വളവും വെള്ളവും സൂര്യപ്രകാശവും സ്വീകരിച്ച് ആ കാട്ടുവള്ളിയും പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. ആ ദിവസങ്ങളില്‍ ഞാന്‍ വളരെ തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ നീണ്ട ആഴ്ചകളില്‍ കോവലിന്റെ ചുവട്ടില്‍ പോകുവാനോ അതിനെ ശ്രദ്ധിക്കുവാനോ കഴിഞ്ഞില്ല. ഈ സമയംകൊണ്ട് ആ കാട്ടുവള്ളിച്ചെടി കോവലിന്റെ പന്തലില്‍ പടര്‍ന്നു കയറി കോവലിനെ ചുറ്റിവരിഞ്ഞു ഞെരുക്കാന്‍ തുടങ്ങി. മൊട്ടിട്ടു പൂക്കാന്‍ തുടങ്ങിയ കോവലിന്റെ പൂവിടല്‍ നിന്നു. അതിന്റെ വളര്‍ച്ച മുരടിച്ചു. അത് ആ കാട്ടുചെടിയുടെ പീഡനമേറ്റ് വാടാന്‍ തുടങ്ങി.
അപ്പോഴാണ് പറമ്പില്‍ പണിയാന്‍ വന്ന ഒരു ജോലിക്കാരന്‍ കോവല്‍ചെടിയുടെ അടുത്തുകൂടി കടന്നുപോയത്. വളര്‍ച്ച മുരടിച്ച് വാടിത്തളര്‍ന്ന കോവലിന്റെ അടുത്തുചെന്ന് നോക്കിയപ്പോള്‍ അദ്ദേഹത്തിന് കാര്യം പിടികിട്ടി. അദ്ദേഹം ഒറ്റനോട്ടത്തില്‍ ആ കാട്ടുചെടിയെ തിരിച്ചറിഞ്ഞു. അദ്ദേഹം ഉച്ചസ്വരത്തില്‍ എന്നെ വിളിച്ചു പറഞ്ഞു, ”ഏയ് ചേച്ചിയേയ്, നിങ്ങളെന്താ കോവല്‍ത്തണ്ടിന്റെ കൂട്ടത്തില്‍ കാട്ടുചെടികൂടി നട്ടോ?” ഞാന്‍ പറഞ്ഞു, അതു കാട്ടുചെടിയല്ല, കോവലിന്റെ വേരില്‍നിന്നും പൊട്ടിമുളച്ച കോവല്‍ച്ചെടി തന്നെയാണ്. അദ്ദേഹം പറഞ്ഞു: ”അല്ല ചേച്ചിയേയ്, ഇത് കാട്ടിലെല്ലാം കാണുന്ന ഒരു കാട്ടുവള്ളിയാണ്. ഇതു കയറി വരിഞ്ഞു മുറുക്കിയിട്ടാണ് ഈ കോവലിങ്ങനെ വളര്‍ച്ച മുറ്റി വാടിപ്പോയത്.”
അപ്പോഴാണ് ഞാന്‍ ബോധവതിയായത്. ഞാന്‍ അടുത്തുചെന്നു നോക്കി. അയാള്‍ പറഞ്ഞത് സത്യമാണെന്നു തിരിച്ചറിഞ്ഞു. എനിക്കാകെ അങ്കലാപ്പായി. ഇനിയിപ്പോള്‍ എന്തുചെയ്യും. പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന കോവലാണ്. എന്റെ അങ്കലാപ്പു തിരിച്ചറിഞ്ഞ ആ ജോലിക്കാരന്‍ പറഞ്ഞു: ”സാരമില്ല, ചേച്ചിയേയ്. ഞാനൊരു കൈ നോക്കട്ടെ.” അദ്ദേഹം കത്രികകൊണ്ട് കാട്ടുചെടിയുടെ തണ്ടുകള്‍ അടുത്തടുത്ത് മുറിച്ചു. ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റി. വളരെ പരിചയസമ്പന്നനായ അദ്ദേഹം കോവലിന്റെ ചുവടിളക്കാതെതന്നെ കോവലിന്റെ ചുവട്ടില്‍നിന്നും ആ കാട്ടുചെടിയുടെ വേരുസഹിതം പിഴുതുമാറ്റി. പക്ഷേ ആ മുറിച്ചു മാറ്റലിലും കോവലിനു കുറെയേറെ പരിക്കുപറ്റി. എന്നിരുന്നാലും സമൂലനാശത്തില്‍നിന്നും ആ ചെടി രക്ഷപ്പെട്ടു. പിന്നീട് ദീര്‍ഘനാളത്തെ പരിചരണംകൊണ്ടാണ് അത് പൂവിടാനും കായ്ക്കുവാനും തുടങ്ങിയത്.
അറിയേണ്ടതു പലതും അറിയുന്നില്ല
ആ കാട്ടുചെടിയുടെ കടന്നുകയറല്‍സംഭവം എനിക്ക് ഒരു വലിയ ചമ്മല്‍ ഉളവാക്കി. ഞാന്‍ വിചാരിച്ചു, ദൈവമേ ഞാന്‍ ഇത്ര മരമണ്ടിയായിപ്പോയല്ലോ. കോവലിന്റെ കൂടെ മുളച്ചുപൊന്തിയ ഒരു കാട്ടുചെടിയെപ്പോലും തക്കസമയത്ത് തിരിച്ചറിയുവാനോ പിഴുതു മാറ്റുവാനോ കഴിയാത്ത ഞാന്‍ എത്ര വലിയ വിഡ്ഢിയാണ്!
അപ്പോള്‍ കര്‍ത്താവിന്റെ സ്വരം എന്റെ കാതുകളില്‍ മുഴങ്ങി. നിന്റെ അറിവില്ലായ്മ നീ തിരിച്ചറിഞ്ഞല്ലോ, അതുമതി. ഇവിടെ എളിമയുടെ തുടക്കമായി. നീയീക്കാര്യം ലോകത്തോടു പറയണം. അറിവുള്ളവരാണെന്നു കരുതി അഹങ്കരിച്ചു നടക്കുന്ന പലരും ഇതുപോലെ അറിയേണ്ടതു പലതും അറിയുന്നില്ല. പക്ഷേ എല്ലാം അറിയാം എന്നാണ് അവരുടെ വ്യാജമായ ധാരണ. ആ ധാരണയില്‍ അവര്‍ മുമ്പോട്ടു പോകുന്നു. മറ്റുള്ളവരെയും അങ്ങോട്ടു നയിക്കുന്നു. അവസാനം വലിയ നാശത്തില്‍ അവരും അവരെ അനുഗമിക്കുന്നവരും എത്തിച്ചേരുകയും ചെയ്യുന്നു.
ആത്മീയതയുടെ ലോകത്ത്
ഈ കാട്ടുകോവല്‍ സംഭവം ആത്മീയതയുടെ രംഗത്തും ധാരാളമുണ്ട്. ധാരാളം ഫലം പുറപ്പെടുവിക്കുന്ന നല്ല കോവല്‍ച്ചെടികളുടെ തണ്ടിനോടു ചേര്‍ന്ന് പടര്‍ന്നു കയറുന്ന ഈ കാട്ടുവള്ളികളെ തക്കസമയത്ത് തിരിച്ചറിയുവാനും പിഴുതു മാറ്റുവാനും കഴിയാത്തതുകൊണ്ട് പലരുടെയും ജീവിതങ്ങള്‍ വലിയ ആത്മീയ നാശത്തിലേക്ക് നടന്നടുക്കുന്നു. തക്കസമയത്ത് പൂവിടുവാനും ഫലം ചൂടാനും കഴിയാത്ത പലരുടെയും ആത്മീയ ജീവിതത്തിനു പിന്നില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത ഇത്തരം കാട്ടുവള്ളികളുടെ പീഡനം അവരെ മുരടിപ്പിക്കുന്നുണ്ടാകും.
ചിലപ്പോള്‍ ദൈവാരൂപിക്ക് നിരക്കാത്ത ചില സ്‌നേഹബന്ധങ്ങളാകാം. മുറുകെ പിടിക്കുന്ന ചില പ്രത്യയ ശാസ്ത്രങ്ങളാകാം. വില പിടിച്ചതെന്ന് നാം കരുതുന്ന പല വാദഗതികളുമാകാം. വളരെ ന്യായം എന്ന് നാം ധരിച്ചുവശായിരിക്കുന്ന ചില ശത്രുതാഭാവങ്ങളാകാം. ലോകാരൂപിയോടുള്ള അനുരഞ്ജനമാകാം. അത് എന്തുതന്നെയുമാകട്ടെ – ആ കള വിതയ്ക്കുന്നത് ശത്രുവായ സാത്താനാണ്. കളയെ കളയായിത്തന്നെ തിരിച്ചറിയൂ. അപ്പോള്‍ വിമോചനത്തിന്റെ തുടക്കമായി. നമ്മുടെയൊക്കെ ആത്മീയ ലോകത്തും വ്യക്തിബന്ധങ്ങളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും നാം താലോലിച്ചു വളര്‍ത്തുന്ന കാട്ടുകോവലുകളുണ്ടെങ്കില്‍ ആ കാട്ടുവള്ളികളെ തിരിച്ചറിയണമെങ്കില്‍ പരിശുദ്ധാത്മാവ് നല്കുന്ന വിവേചനത്തിന്റെ വരം കൂടിയേ തീരൂ. അതിനായി നാം മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം. ”നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല. ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ട് തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്നും അത്തിപ്പഴമോ ഞെരിഞ്ഞിലില്‍നിന്നും മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നും നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍നിന്നും തിന്മ പുറപ്പെടുവിക്കുന്നു” (ലൂക്കാ 6/43-45).
സാത്താന്റെ തന്ത്രം
എന്റെ കോവല്‍ചെടിയില്‍ പടര്‍ന്നു കയറിയ കാട്ടുവള്ളിയെ ഒറ്റനോട്ടത്തില്‍ എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത് അതിന് കോവലിന്റെ രൂപവും ഭാവവും ഉണ്ടായിരുന്നതിനാലാണ്. ഇത് സാത്താന്റെ വലിയ സൂത്രമാണ്. തിരുവചനങ്ങള്‍ ഇതിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പു തരുന്നു. ”അത്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തത്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിട്ടായിരിക്കും” (2 കോറിന്തോസ് 11/14-15).
പ്രിയപ്പെട്ടവരേ, തിന്മ നിറഞ്ഞ ഈ ലോകത്തില്‍ നിഷ്‌ക്കളങ്കരായി ജീവിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഈ ലോകത്തിന്റെയും സാത്താന്റെയും പ്രേരണകളെയും കുടില തന്ത്രങ്ങളെയും തിരിച്ചറിയുന്നതിനും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നതിനുംവേണ്ട കൃപ ലഭിക്കാന്‍ പരിശുദ്ധാത്മാവു നല്കുന്ന വിവേചനത്തിന്റെ വരത്തിനുവേണ്ടി നാം നിരന്തരം പ്രാര്‍ത്ഥിക്കണം.
നമുക്കിപ്രകാരം പ്രാര്‍ത്ഥിക്കാം
ഓ പരിശുദ്ധാത്മാവായ ദൈവമേ, എന്നില്‍ വന്നു നിറയണമേ. തിന്മ നിറഞ്ഞ ഈ ലോകത്തില്‍ സാത്താന്റെയും ലോകത്തിന്റെയും പ്രേരണകളെ തിരിച്ചറിയാനും ധീരതയോടെ ഉപേക്ഷിക്കാനുംവേണ്ട വിവേചനത്തിന്റെയും ആത്മശക്തിയുടെയും അരൂപിയെ എനിക്ക് തരണമേ. സകല തിന്മകളില്‍നിന്നും എന്റെ ജീവിതത്തെ സംരക്ഷിച്ചുകൊള്ളുകയും ചെയ്യണമേ, ആമ്മേന്‍.

സ്റ്റെല്ല ബെന്നി