അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…! – Shalom Times Shalom Times |
Welcome to Shalom Times

അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട’ ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന്‍ ആദ്യമായി ബൈബിള്‍ കൈയിലെടുത്തത്. ഉത്തമഗീതത്തില്‍നിന്ന് ഒരു ഭാഗം വായിച്ച് ആ കുട്ടിക്കെതിരെ പ്രയോഗിച്ചു. പിന്നീട് പ്രീഡിഗ്രി പഠനസമയത്ത് ഒരു പുസ്തകം എഴുതുന്നതിനായി ബൈബിളും ഖുറാനും ജൈന, ബുദ്ധ, സിഖ് മതഗ്രന്ഥങ്ങളുമെല്ലാം അല്പം പഠിച്ചു. അവയൊന്നും എന്നില്‍ സ്വാധീനമുണ്ടാക്കിയില്ല. അന്നാളില്‍ ഹിന്ദുമതത്തെക്കുറിച്ച് സാമാന്യം പഠിച്ച ഒരു ഹിന്ദുവായിരുന്നു ഞാന്‍.
ഡിഗ്രി പഠിക്കുമ്പോഴാണ് ജീവിതത്തെ ആകെ ഉലച്ച ആ സംഭവമുണ്ടായത്, അച്ഛന്റെ മരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. അതെന്നെ വല്ലാതെ തളര്‍ത്തി. പാലക്കാട് ആയിരുന്ന ഞങ്ങള്‍ പിന്നീട് അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ബാംഗ്ലൂരിലേക്ക് പോയി. എല്ലാമുള്ള അവസ്ഥയില്‍നിന്ന് ഒന്നുമില്ലായ്മയിലെത്തിയ അവസ്ഥ. പലപ്പോഴും ആത്മഹത്യാചിന്ത എന്നെ വേട്ടയാടി.
എന്നെക്കാള്‍ പന്ത്രണ്ടുവയസ് ഇളയ അനിയത്തിക്കുട്ടിയെക്കുറിച്ചായിരുന്നു വലിയ ചിന്ത. അവള്‍ക്കുവേണ്ടിമാത്രമായിരുന്നു എന്റെ മുന്നോട്ടുള്ള ചുവടുകള്‍. അവളെ ബാംഗ്ലൂരിലുള്ള കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു. ഞാന്‍ അവിടത്തെ കോണ്‍വെന്റിലെ സിസ്റ്റര്‍മാരെ കംപ്യൂട്ടര്‍ജോലികളില്‍ സഹായിക്കുകയും ചെയ്തു. കോണ്‍വെന്റ് വീടിനടുത്തായിരുന്നതിനാല്‍ സിസ്റ്റേഴ്‌സ് ഞങ്ങളുടെ വീട് സന്ദര്‍ശിക്കാറുമുണ്ട്.
മമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന സിസ്റ്ററിനോട് നല്ല അടുപ്പമായിരുന്നു. ചാലക്കുടി സ്വദേശിനിയാണ് സിസ്റ്റര്‍. ഒരിക്കല്‍ അവര്‍ക്കൊപ്പം ഒരു ബുക്ക് സെന്ററില്‍ പോയപ്പോള്‍ സിസ്റ്റര്‍ ചോദിച്ചു, ”നിനക്ക് ബൈബിള്‍ വാങ്ങിത്തരട്ടെ?” ഒരു ഹൈന്ദവവിശ്വാസിയായ എന്നെ അസ്വസ്ഥതപ്പെടുത്തേണ്ട എന്നതിനാലായിരുന്നു ആ ചോദ്യം. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ബൈബിള്‍ തന്നിട്ട് സിസ്റ്റര്‍ പറഞ്ഞു, ”കഴിയുമെങ്കില്‍ എല്ലാ ദിവസവും ഒരു വാക്യമെങ്കിലും വായിക്കാന്‍ ശ്രദ്ധിക്കണേ.” അതും ഞാന്‍ സ്വീകരിച്ചു.
ദിവസവും ബൈബിള്‍ അല്പം വായിക്കും. ഹിന്ദു പാരമ്പര്യമനുസരിച്ച് ബൈബിളും തൊട്ട് നമസ്‌കരിച്ചാണ് ഞാന്‍ എടുത്തിരുന്നത്. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ബൈബിള്‍ എടുക്കുമ്പോള്‍ ഞാനറിയാതെതന്നെ അത് ചുംബിക്കാന്‍ തുടങ്ങി. അതിന്റെ അര്‍ത്ഥത്തെക്കുറിച്ചൊന്നും ചിന്തിച്ചതേയില്ല.
ഒരിക്കല്‍ സിസ്റ്ററിന്റെ ബന്ധുക്കളുമൊത്ത് ഞാനും കുടുംബവും മലയാറ്റൂരില്‍ പോയി. വിശ്വാസവുമായി ബന്ധപ്പെട്ടൊന്നുമായിരുന്നില്ല ആ യാത്ര. അവിടെ കുരിശിന്റെ വഴിയില്‍ നാലാം സ്ഥലം എത്തിയപ്പോള്‍ ഒരു തോന്നല്‍, ‘മുട്ടുകുത്തി കയറിയാലോ?’ മുട്ടിലിഴഞ്ഞ് മലകയറാന്‍ തുടങ്ങി. അല്പദൂരം കയറിയപ്പോഴേക്കും മുട്ട് പൊട്ടി. മതിയെന്ന് അമ്മ പറഞ്ഞെങ്കിലും അമ്മയെ ആശ്വസിപ്പിച്ച് മുട്ടിലിഴഞ്ഞ് മുകളില്‍ എത്തി. കൂടെയുള്ളവരില്‍ ചിലര്‍ പറഞ്ഞു, ”നൂറ് ശതമാനം നീ ക്രിസ്ത്യാനിയാകും. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ക്കൊന്നും ഇത് തോന്നിയില്ലല്ലോ!”
അതുകേട്ടയുടന്‍ ഞാന്‍ പറഞ്ഞു, ”ഈശോയെ എനിക്ക് ഇഷ്ടമൊക്കെത്തന്നെ. പക്ഷേ ഞാന്‍ മരിക്കുന്നെങ്കില്‍ ഒരു ഹിന്ദുവായേ മരിക്കൂ!” അതായിരുന്നു ഭാരതത്തിന്റെ വിശ്വാസപിതാവായ മാര്‍ത്തോമ്മായുടെ മലയില്‍വച്ച് ഞാന്‍ നടത്തിയ വിശ്വാസപ്രഖ്യാപനം! ഹിന്ദുമതത്തെക്കുറിച്ച് പഠിച്ചറിഞ്ഞിട്ടുള്ള എനിക്ക് മറ്റൊന്ന് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.
ആയിടയ്ക്ക് സിസ്റ്ററിന്റെ അപ്പച്ചന്റെ ചരമവാര്‍ഷികത്തിന് ഞങ്ങള്‍ പോയി. അതോടനുബന്ധിച്ചുള്ള വിശുദ്ധബലി നടക്കുന്ന സമയം. ദിവ്യബലി എന്നെ വല്ലാതെ ചലിപ്പിച്ചു. വിവിധ മെഡിറ്റേഷന്‍ ടെക്‌നിക്കുകളൊക്കെ അത്യാവശ്യം പഠിച്ചിട്ടുള്ള എനിക്ക് അതിനെല്ലാം അപ്പുറമുള്ള ഒരു മനോഹര അനുഭവം! സന്തോഷമോ സങ്കടമോ പോസിറ്റീവ് എനര്‍ജിയോ ഒക്കെ ഉള്ളില്‍ അനുഭവപ്പെടുന്നു… ഇക്കാര്യം ഞാന്‍ സിസ്റ്ററിനോട് പറയുകയും ചെയ്തു.
അമേരിക്കയില്‍ ജോലിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ അതില്‍ സഹായിക്കുന്നതി
നായി ഒരു ഫാ. വിന്‍സെന്റിനെ സിസ്റ്റര്‍വഴി പരിചയപ്പെട്ടു. അദ്ദേഹത്തോട് എന്റെ അച്ഛനോടെന്നപോലെ ഒരടുപ്പം പലപ്പോഴും തോന്നിയിരുന്നു. വല്ലപ്പോഴുമൊക്കെ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ ശക്തിപ്പെടുത്തുകയും ചെയ്തു.
അതിനിടെയാണ് വീണ്ടും അല്പം ഗൗരവതരമായ ഒരു ആത്മഹത്യാശ്രമം നടത്തിയത്. സിസ്റ്റര്‍ ഇതറിഞ്ഞെങ്കിലും മീറ്റിംഗിലായിരുന്നതിനാല്‍ ആ സമയത്ത് എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഫാ.വിന്‍സെന്റിനെ എന്റെ അടുക്കലേക്ക് അയച്ചു. അദ്ദേഹം എന്നെ ബലപ്പെടുത്തി. ആത്മഹത്യാ ചിന്തകള്‍ വരുമ്പോള്‍ ഒറ്റയ്ക്ക് ഇരിക്കരുതെന്നും അമ്മയെയോ സിസ്റ്ററിനെയോ തന്നെയോ ഒക്കെ വിളിക്കണമെന്നുമെല്ലാം നിര്‍ദേശിച്ച് അദ്ദേഹം യാത്രയായി.
വീണ്ടും ആത്മഹത്യാചിന്ത ഉലച്ച നിമിഷങ്ങള്‍. അച്ചനെ വിളിച്ച് കാര്യം പറഞ്ഞു. എന്നിട്ട് ചോദിച്ചു, ”എന്റെ മനസ് കൈവിട്ടുപോകുന്നതുപോലെ…. ഒരു അച്ഛന്‍ പാടിത്തരുന്നതുപോലെ എനിക്കൊരു താരാട്ട് പാടിത്തരാമോ?” ഉടനെ അദ്ദേഹം പറഞ്ഞു, ”കുഞ്ഞേ, എനിക്ക് താരാട്ടൊന്നും അറിയില്ല. സെമിനാരിയില്‍ ഞങ്ങള്‍ അതൊന്നും പഠിക്കുന്നില്ലല്ലോ. വിശുദ്ധ കുര്‍ബാനയിലെ പാട്ടുകളാണ് അറിയാവുന്നത്.” ഇപ്രകാരം പറഞ്ഞ് അദ്ദേഹം പാടി,
”മിശിഹാകര്‍ത്താവിന്‍ കൃപയും
ദൈവപിതാവിന്‍ സ്‌നേഹമതും
റൂഹാതന്‍ സഹവാസവുമീ
നമ്മോടൊത്തുണ്ടാകട്ടെ….”
അതിമധുരമായ ഒരു താരാട്ടുപാട്ടായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. എന്ത് പാട്ടാണെന്നൊന്നും അറിയില്ലെങ്കിലും ഞാനത് ഒരുപാട് തവണ പാടിക്കൊണ്ടിരുന്നു, ഒരു സുകൃതജപംപോലെ… പിന്നീടുള്ള ദിവസങ്ങളിലെല്ലാം ആ ശീലം തുടര്‍ന്നു. അനുദിനജീവിതത്തില്‍ മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല. പക്ഷേ, എന്തൊരത്ഭുതം! ആത്മഹത്യാപ്രവണതയില്‍നിന്നും ഞാന്‍ പൂര്‍ണമായി മോചിതയായി! ഇന്ന് ഒരു മൊട്ടുസൂചികൊണ്ടുപോലും സ്വയം നോവിക്കാന്‍ എനിക്ക് സാധിക്കില്ല.
നാളുകള്‍ ഇങ്ങനെ കഴിയുന്തോറും വിശുദ്ധ കുര്‍ബാന എനിക്ക് കൂടുതല്‍ അനുഭവമായിക്കൊണ്ടിരുന്നു. ബലിയില്‍ ഈശോ എഴുന്നള്ളിവരുന്നത് അനുഭവിക്കാന്‍ സാധിച്ചു. അതിനാല്‍ത്തന്നെ ദിവ്യകാരുണ്യമായി അവിടുത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതില്‍ കടുത്ത ഹൃദയവേദന…. പലപ്പോഴും ദൈവാലയത്തിന്റെ പിന്നിലിരുന്ന് കരയും. ഈശോയില്ലാതെ എനിക്കിനി ജീവിക്കാന്‍ സാധിക്കില്ല എന്ന് മനസിലായി. അതുകൊണ്ട് മാമ്മോദീസ സ്വീകരിക്കാന്‍ തീവ്രമായ ആഗ്രഹം. അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ സമ്മതം നല്കിയെന്നുമാത്രമല്ല, ആരെല്ലാം എതിര്‍ത്താലും കൂടെ നില്ക്കാമെന്ന് ഉറപ്പും തന്നു.
ആ സമയത്താണ് ഒരു ദിവ്യകാരുണ്യ ആരാധനയ്ക്കായി പോകാന്‍ ക്ഷണം ലഭിച്ചത്. ആരാധനാ ചാപ്പലിലെത്തി ദിവ്യകാരുണ്യത്തിനുമുന്നിലിരുന്നു. ഞാനും ഈശോയുംമാത്രമുള്ള ഒരു ലോകത്തേക്ക് പോകുന്നതുപോലെ… ഈശോ എന്നെ ആഴത്തില്‍ തൊടുകയായിരുന്നു, ഞാനവിടുത്തോട് സംസാരിച്ച ഒരനുഭവം. എന്റെ മനസിലുണ്ടായിരുന്ന ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഉത്തരം കിട്ടി. അതുവരെയും ഞാന്‍ വിശ്വസിച്ചിരുന്ന ഹിന്ദുമതത്തെപ്പറ്റി പഠിച്ചിട്ടുണ്ട്, മറ്റ് മതങ്ങളെപ്പറ്റി പഠിച്ചിട്ടുണ്ട്… എന്നാല്‍ ‘നിന്നെക്കാള്‍ വലുതായി എനിക്കൊന്നുമില്ല’ എന്ന് പറയുന്ന ഒരു ദൈവം, ‘നിന്നെ എനിക്ക് വേണം’ എന്ന് പറഞ്ഞ് എന്നെ ചേര്‍ത്തുപിടിക്കുന്ന ഒരു ദൈവം, ആ ദൈവത്തെ ഞാന്‍ കണ്ടുമുട്ടുകയായിരുന്നു… ഒടുവില്‍ ഞാന്‍ അവിടുത്തെ കുമ്പിട്ട് വണങ്ങി. ആ സമയത്താണ് ഞാന്‍ ദിവ്യകാരുണ്യചാപ്പലിലാണെന്ന ഓര്‍മ്മവന്നത്. അത്രയും നേരം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ പറഞ്ഞു.
ശരീരത്തില്‍ പഴുത്തിരുന്ന ഒരു മുറിവ് ആ ദിവസത്തിനുശേഷം പഴുപ്പു മാറി ഉണങ്ങാന്‍ തുടങ്ങി! അതിനെക്കാള്‍ വലിയ അത്ഭുതം മറ്റൊന്നായിരുന്നു. അന്ന് വൈകുന്നേരം തിരികെ വീട്ടില്‍ വന്നപ്പോള്‍ നല്ല ക്ഷീണം തോന്നിയതിനാല്‍ അനിയത്തിയോട് ഒരുഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച് മുറിയില്‍പ്പോയി കിടന്നു. പതിയെ ഉറക്കത്തിലായി. എഴുന്നേറ്റത് പിറ്റേന്ന് രാവിലെ!
2004 നവംബര്‍ 20-ന്
അച്ഛന്റെ മരണശേഷം 2014 സെപ്റ്റംബറില്‍ ഈ സൗഖ്യം ലഭിക്കുന്നതുവരെയും ഉറക്കഗുളിക കഴിച്ചാണ് ഞാന്‍ ഉറങ്ങിയിരുന്നത്. എന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം ഇതറിയാമായിരുന്നു. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും വലിയ അത്ഭുതം. അന്നുമുതല്‍ എന്റെ ഉറക്കമില്ലായ്മ സൗഖ്യപ്പെടുകയായിരുന്നു.
പിന്നീടുള്ള മൂന്ന് മാസം പ്രാര്‍ത്ഥിച്ച് ഒരുങ്ങി. ഇത്രമാത്രം എന്നെ സ്‌നേഹിച്ച് നയിക്കുന്ന ഈശോയെ ദിവ്യകാരുണ്യമായി സ്വീകരിക്കാനായി 2015 ജനുവരി ഒന്നിന് സീറോ മലബാര്‍ സഭാംഗമായി മാമ്മോദീസാ കൈക്കൊണ്ടു. ദേവി മേനോന്‍ എന്ന പേരിനുപകരം റോസ് മരിയ എന്ന പേര് സ്വീകരിച്ചു. ‘ദൈവപിതാവിന്റെ സ്‌നേഹവും മിശിഹായുടെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും നിന്നോടൊത്തുണ്ടാകട്ടെ’ എന്ന ആശീര്‍വാദം ഇന്നും എന്നില്‍ പെയ്തുനിറയുന്നുണ്ട്. പരിശുദ്ധ കുര്‍ബാനയായ ഈശോയെക്കുറിച്ച് ആവുന്നിടത്തോളം പഠിക്കാനാണ് എനിക്കിപ്പോള്‍ ഏറ്റവും ആഗ്രഹം.

റോസ് മരിയ