ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് ! – Shalom Times Shalom Times |
Welcome to Shalom Times

ലാപ്‌ടോപ് ആത്മനിയന്ത്രണത്തിന് !

റൊസീനാ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില്‍ വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത്ത് അവള്‍ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്, യു ട്യൂബില്‍ ലൈവ് ദിവ്യകാരുണ്യാരാധന സേര്‍ച്ച് ചെയ്ത് ലാപ്‌ടോപ്പില്‍ ഓണാക്കി വച്ചിട്ട് പഠിക്കാനിരിക്കും. ഓണ്‍ലൈന്‍ ആയിട്ടാണെങ്കിലും ഇടയ്ക്ക് വിസീത്താ നടത്തും. വിസീത്താ നടത്തുമ്പോള്‍ അത്രയും നേരം വായിച്ച പേജുകളുടെ എണ്ണം അത്രയും ആത്മാക്കളുടെ വീണ്ടെടുപ്പിനായി സമര്‍പ്പിക്കും. പഠിക്കാന്‍മാത്രല്ല, ആത്മനിയന്ത്രണത്തിനും ഈ ഓണ്‍ലൈന്‍ വിസീത്താ ഉപകരിച്ചുവെന്ന് റൊസീനാ സാക്ഷ്യപ്പെടുത്തി.
‘വിസീത്താ’ എന്ന വാക്കിനര്‍ത്ഥം ‘സന്ദര്‍ശിക്കുക’, ‘ചെറിയ സന്ദര്‍ശനം’ എന്നൊക്കെയാണ്. നമ്മുടെ ദൈനംദിന ജോലിക്കിടയിലും തിരുസക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയെ സന്ദര്‍ശിക്കുന്നതിനാണ് വിസീത്താ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തിരക്കുകള്‍ക്കിടയില്‍ ദൈവസന്നിധിയില്‍ വ്യാപരിക്കുമ്പോള്‍ കിട്ടുന്ന സുന്ദര നിമിഷങ്ങള്‍ നമ്മുടെ മനസിനെയും ശരീരത്തെയും ഊര്‍ജ്ജിതമാക്കുന്നു. പാപത്തോടും പാപസാഹചര്യങ്ങളോടും ‘നോ’ പറയാന്‍ ബലമേകുന്നു. സഹനങ്ങളെ നേരിടാനും അതിജീവിക്കാനും ഹൃദയം സജ്ജമാകുന്നു. വിസീത്താ നടത്താതെയും നമുക്ക് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാവും. പക്ഷേ, മേന്മ ഉണ്ടാവില്ല, ‘കളറു’ണ്ടാവില്ല. ഈ വ്യത്യാസം മനസിലാവണമെങ്കില്‍ മര്‍ത്തായുടെയും മറിയത്തിന്റെയും ജീവിതത്തില്‍ നടന്നത് പരിശോധിച്ചാല്‍ മതിയാവും.
ലൂക്കാ 10/38-39: ”അവര്‍ പോകുന്ന വഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്ന് പേരുള്ള ഒരുവള്‍ അവനെ ഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്ക് മറിയം എന്ന് പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു.”
വീട്ടില്‍ ഈശോയെ സ്വീകരിച്ചിട്ട് മര്‍ത്താ പല കാര്യങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കുന്നുണ്ട്. പക്ഷേ, ഹൃദയശാന്തത തെല്ലുമില്ലായിരുന്നു. വ്യഗ്രചിത്ത എന്നാണല്ലോ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, മുഴുവനും പരാതികളാണ്. അതുകൊണ്ടല്ലേ ഈശോയുടെ പക്കല്‍ ചെന്ന് പറഞ്ഞത്, മറിയം തന്നെ സഹായിക്കുന്നില്ലെന്ന്. ദൈവസന്നിധിയില്‍ ആയിരിക്കാന്‍ സമയം കണ്ടെത്താതെ എന്ത് ചെയ്യാന്‍ ശ്രമിച്ചാലും പരാതികളുയരും. മര്‍ത്തായ്ക്ക് പിഴച്ചത് ഇവിടെയാണ്.
ഇനി മറിയത്തിലേക്ക് വരാം. അവള്‍ വചനം കേട്ടുകൊണ്ട് കര്‍ത്താവിന്റെ പാദത്തിങ്കല്‍ ഇരുന്നു. സഹോദരി മര്‍ത്താ തന്നെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടും തിരിച്ച് ന്യായീകരിക്കാനോ എതിര്‍ത്ത് പറയാനോ അവള്‍ ശ്രമിച്ചില്ല. ദൈവസന്നിധിയില്‍ ചെലവഴിച്ച ചുരുങ്ങിയ സമയം മറിയത്തിന് നല്‍കിയ ആത്മീയബലം കണ്ടോ? മനസ്സിനെയും നാവിനെയും നിയന്ത്രിക്കാന്‍ മറിയത്തിന് കഴിഞ്ഞു. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഈശോ പറഞ്ഞത് വെറുതെയല്ല.
ലൂക്കാ 10/38-42 വചനഭാഗത്ത് മര്‍ത്തായും മറിയവും പറഞ്ഞുതരുന്ന വിസീത്തായുടെ പാഠം സ്വീകരിക്കുന്നവരാവാം. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍പ്പോലും വിസീത്താ നടത്താന്‍ പോംവഴിയുണ്ടെന്ന് റൊസീനായുടെ ഉദാഹരണം നമ്മെ പഠിപ്പിക്കും. ആത്മീയ വിസീത്തായിലൂടെ ജീവിതത്തെ നവീകരിക്കാം. അങ്ങനെ പരാതി കൂടാതെ ജോലികള്‍ ചെയ്ത് സുവിശേഷം പ്രഘോഷിക്കാന്‍ നമുക്ക് കഴിയട്ടെ, ആമ്മേന്‍.

ഫാ. ജോസഫ് അലക്‌സ് പൂവേലിയില്‍