ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍ – Shalom Times Shalom Times |
Welcome to Shalom Times

ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍

ഒരിക്കല്‍ ഞാന്‍ ഈശോയുടെ ബ്യൂട്ടിപാര്‍ലര്‍ കണ്ടു, ഒരു വിമാനയാത്രയില്‍… ബ്യൂട്ടിപാര്‍ലറില്‍ ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് അനുയോജ്യമായ മേക്കപ്പ്. ഇതാണ് ആ സംഭവത്തിലും ഞാന്‍ കണ്ടത്.
ഈസ്റ്റര്‍ കഴിഞ്ഞു നാട്ടില്‍നിന്ന് ദുബായിലേക്കുള്ള യാത്ര. വിമാന യാത്രകളില്‍ സാധാരണ ജപമാല ചൊല്ലുകയോ ബൈബിള്‍ വായിക്കുകയോ ചെയ്യും. ബൈബിള്‍ മടിയില്‍വച്ച് വായിച്ചുകൊണ്ടിരിക്കവേ ഒരു ചെറുപ്പക്കാരന്‍ ഓടിക്കിതച്ചെത്തി എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.
ആ യുവാവ് എന്തോ അസ്വസ്ഥനാണെന്നു തോന്നി. ഒന്നും സംസാരിക്കാതെ ഞാന്‍ ബൈബിള്‍ വായന തുടര്‍ന്നു. പെട്ടെന്ന് എന്റെ നേരെ ഒരു ചോദ്യം, ”നഴ്‌സ് ആണല്ലേ? കയ്യില്‍ ബൈബിളും കൊന്തയും ഒക്കെ കണ്ടപ്പോള്‍ ഊഹിച്ചതാട്ടോ.” ഞാന്‍ തിരിഞ്ഞു നോക്കി. മുഖത്തും വാക്കുകളിലും പരിഹാസം. ”ഈ ബൈബിള്‍ ഒക്കെ വായിക്കുന്നതിനു പകരം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തി യൂറോപ്പിലോ അമേരിക്കയിലോ പോകാന്‍ ശ്രമിക്കൂ,” ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞു.
ഈശോയെ ഞാന്‍ മനസ്സില്‍ ധ്യാനിച്ചു. രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു, ”എന്നെ കേള്‍ക്കാന്‍ തയ്യാറാണോ?” അനുസരണയുള്ള കൊച്ചുകുട്ടിയെപ്പോലെ അവന്‍ ഇരുന്നു. ഞാന്‍ അനുഭവിച്ച ഈശോയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. എന്റെ ജീവിതത്തിലെ ചില ദൈവിക ഇടപെടലുകളെ കുറിച്ച്… ഏകദേശം രണ്ട് മണിക്കൂറോളം അവന്‍ എന്നെ നിശബ്ദനായി ശ്രവിച്ചു. ഒടുവില്‍ ഞാന്‍ നിറുത്തിയിടത്തു നിന്ന് അവന്‍ തുടങ്ങി.
”ചേച്ചീ, ഞാന്‍ ഈ ഫ്‌ളൈറ്റില്‍ വരേണ്ടതല്ല. ഇന്ന് വളരെ വൈകി ഞാന്‍ എടുത്ത ഒരു തീരുമാനമാണ് ചേച്ചിയുടെ അരികില്‍ എന്നെ എത്തിച്ചത്. ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ നാട്ടില്‍നിന്ന് ഫ്‌ളൈറ്റ് കയറിയത്. എന്നെ സ്‌നേഹിക്കാന്‍ ആരും ഇല്ല… ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു ഈശോ എന്നെ ഒരുപാട് സ്‌നേഹിക്കുന്നു….” അവന്റെ സ്വരം ഇടറി.പൊട്ടിക്കരയാന്‍ വെമ്പുന്ന പോലെ…
എന്താണ് വിഷമത്തിന് കാരണം എന്ന് ഞാന്‍ ചോദിച്ചു. വര്‍ഷങ്ങളായി അവന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹംവരെ ഏകദേശം എത്തി. പക്ഷേ, പിന്നീട് അവള്‍
പിന്മാറി. മാനസികമായി അവന്‍ ആകെ തകര്‍ന്നു. പ്രാര്‍ത്ഥനയും കൂദാശകളും അവന് അന്യമായി. ദൈവത്തോട് കഠിന വെറുപ്പ്. ഓരോ നിമിഷവും ആ പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ അവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അവന്‍ പറഞ്ഞതനുസരിച്ച് അവളുടെ രണ്ടായിരത്തോളം ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ട്. അവന്റെ നിഷ്‌കളങ്കമായ ചോദ്യം എന്റെ നേരെ വന്നു, ”ചേച്ചി പറയൂ, ഞാന്‍ ഇനി എന്ത് ചെയ്യണം?”
ഉത്തരം കൊടുക്കാന്‍ ഞാന്‍ ഭയപ്പെട്ടു. കാരണം ഞാന്‍ എന്ത് പറയുന്നോ അത് ചെയ്യാന്‍ അവന്‍ തീരുമാനിച്ചുറച്ച പോലെ തോന്നി. എന്റെ മറുപടിയെക്കാള്‍ ഈശോയുടെ മറുപടിയാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്ത് പ്രാര്‍ത്ഥിച്ചു, ”ഈശോയേ നിന്റെ കുഞ്ഞിനോട് നീ സംസാരിക്കണമേ…”
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും” (ജറെമിയാ 29/11-14).
അവനില്‍ ഒരു ശക്തി നിറയുംപോലെ തോന്നി. ബാഗില്‍നിന്ന് ജപമാല എടുത്ത് അവന്റെ കൈകളില്‍ കൊടുത്തു. ഈശോ പറഞ്ഞ അതേ വാക്കുകള്‍ അവനോട് ആവര്‍ത്തിച്ചു, ”ഇതാ നിന്റെ അമ്മ. ഈ അമ്മയെ മുറുകെ പിടിക്കുക. അവള്‍ നിന്നെ ആശ്വസിപ്പിക്കും.”
ദിവസവും വിശുദ്ധ ഗ്രന്ഥം വായിക്കാമെന്നും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാമെന്നും അടുത്ത ദിവസങ്ങളില്‍ പൂര്‍ണ്ണ കുമ്പസാരം നടത്താമെന്നും എനിക്ക് ഉറപ്പു നല്‍കി, ഞാന്‍ ആവശ്യപ്പെടാതെ തന്നെ! മണിക്കൂറുകള്‍ കടന്നുപോയത് ഞങ്ങള്‍ അറിഞ്ഞില്ല.
പെട്ടന്ന് വിമാനത്തില്‍ അനൗണ്‍സ്‌മെന്റ്. ”നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു.” മനസ്സില്‍ വലിയ സന്തോഷം തിരതല്ലി… എന്റെ അടുത്തിരിക്കുന്ന കുഞ്ഞനുജന്റെ മുഖത്ത് പ്രകാശം തുളുമ്പുന്നു. ആ മുഖത്ത് പ്രത്യാശ നിറഞ്ഞിരിക്കുന്നു. വിമാനത്തിന്റെ ചക്രം നിലം തൊടുന്ന നിമിഷം അവന്‍ എന്നോടിങ്ങനെ പറഞ്ഞു:
”ചേച്ചീ, ഞാന്‍ അവളെ എന്നേക്കുമായി മറക്കുന്നു. എന്റെ ഈശോയെ വേദനിപ്പിക്കാതെ ഞാന്‍ ഒരു വിവാഹം ചെയ്യും. എന്റെ ഈശോ എനിക്ക് തരുന്ന പെണ്‍കുട്ടി ആരാണെങ്കിലും അവളെ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും.”
ഉടനെ പോക്കറ്റില്‍നിന്ന് മൊബൈല്‍ എടുത്ത് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ രണ്ടായിരം ഫോട്ടോകള്‍ ഉള്ള ഫയല്‍ അവന്‍ ഡിലീറ്റ് ചെയ്തു. വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും സാധിക്കാതിരുന്നത് ഒരു ദൈവവചനത്താല്‍ സംഭവിച്ചപ്പോള്‍ എന്റെ കണ്ണുകളും അവന്റെ കണ്ണുകളും നിറഞ്ഞു. ഒരു വിമാനയാത്രയില്‍ ഈശോ തന്റെ പാവം മകനെ സുന്ദരനാക്കി. ഹാന്‍ഡ് ബാഗ് എടുത്തു വിമാനത്തിന് പുറത്തേക്കിറങ്ങുമ്പോള്‍ ഒന്നുകൂടി അവന്‍ കൂട്ടിച്ചേര്‍ത്തു, ”ഈ വിമാനത്തില്‍ കയറിയ ഞാന്‍ അല്ല ഇപ്പോള്‍ ഇറങ്ങുന്നത്. ഞാന്‍ പുതിയ ഒരു വ്യക്തിയാണ്.”
ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മൊബൈല്‍ സന്ദേശം: ”ചേച്ചി ഞാന്‍ ഇന്ന് കുമ്പസാരിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം…” ആറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കാള്‍, ”ചേച്ചി എന്റെ വിവാഹം നിശ്ചയിച്ചു. നന്നായി പ്രാര്‍ത്ഥിക്കുന്ന ഒരു പെണ്‍കുട്ടി. എന്റെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാണ് വിവാഹം ഉറപ്പിച്ചത്.” അവന്റെ വാക്കുകളില്‍ സന്തോഷം തുളുമ്പുന്നുണ്ടായിരുന്നു. വിവാഹം ഭംഗിയായി നടന്നു. ഒരു കുഞ്ഞിനെ ഈശോ വൈകാതെ നല്‍കി. താമസിയാതെ കുടുംബസമേതം അവര്‍ യൂറോപ്പിലേക്ക് പോയി.
ജീവിതം തകര്‍ന്നു പോയെന്നും ഒരിക്കലും തിരിച്ചു വരവില്ലെന്നും ജീവിതത്തിന് അത്ര ഗ്ലാമര്‍ ഇല്ല എന്നുമൊക്കെ തോന്നുമ്പോള്‍ ചങ്ക് നസ്രായന്റെ ബ്യൂട്ടിപാര്‍ലറില്‍ ഒന്ന് ചെല്ലണം കേട്ടോ. കുമ്പസാരം എന്ന ഫേഷ്യലിംഗും പരിശുദ്ധ കുര്‍ബ്ബാനയാകുന്ന യേശുവിന്റെ തിരുശരീരരക്തം കൊണ്ടുള്ള ‘മേക്ക് അപ് ‘ഉം ചെയ്താല്‍ നമ്മളൊക്കെ ഒടുക്കത്തെ ഗ്ലാമര്‍ ആണെന്നേ.
നമ്മുടെ ചങ്ക് ബ്യൂട്ടീഷ്യന്റെ മാസ്സ് ഡയലോഗ് ഉണ്ടല്ലോ. ”നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും” (ഏശയ്യാ 1/25)
ഇത്രയും നല്ല ബ്യൂട്ടിപാര്‍ലറും ബ്യൂട്ടീഷ്യനും സ്വന്തമായുള്ളപ്പോള്‍ എന്തിനാ വിഷമിക്കുന്നത്? നമ്മുടെ ഫേഷ്യലിംഗിന്റെയും ബ്ലീച്ചിംഗിന്റെയും ഒക്കെ ബില്‍ അവന്‍ കാല്‍വരിയില്‍ സ്വന്തം രക്തം വിലയായി കൊടുത്തു അടച്ചതാണ്. ഒന്നുമാത്രം അവന്‍ ആഗ്രഹിക്കുന്നു, എന്റെ മക്കള്‍ ഫേഷ്യലിംഗിനും ബ്ലീച്ചിംഗിനും എന്റെ അടുത്ത് വന്നിരുന്നെങ്കില്‍…
ഈശോയേ, ഞങ്ങളെ ഗ്ലാമര്‍ ആക്കാനുള്ള നിന്റെ സ്‌നേഹം ഉണ്ടല്ലോ അതിന് കെട്ടിപ്പിടിച്ച് ചക്കര ഉമ്മ!

ആന്‍ മരിയ ക്രിസ്റ്റീന