നവീകരണ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനനുഭവിച്ച ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുവാനുള്ള ശക്തമായ പ്രേരണ മനസില്‍ നിറഞ്ഞുവന്നു. അതോടെ എനിക്ക് സാധ്യമായ ശുശ്രൂഷകള്‍ ചെയ്യുവാന്‍ തുടങ്ങി. അതിലൊന്നായിരുന്നു പ്രാര്‍ത്ഥനാകൂട്ടായ്മയിലെ ഒരു സഹോദരനോടൊപ്പം ചേര്‍ന്ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി മറ്റുള്ളവരെ പറഞ്ഞുവിടുക എന്നത്. അതിലൂടെ നാട്ടിലെ പല കുടുംബങ്ങളിലും വ്യക്തിജീവിതങ്ങളിലും യേശുക്രിസ്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.
അക്കൂട്ടത്തില്‍ എന്റെ അയല്‍ക്കാരായ ഒരു ബന്ധുകുടുംബവും ഉണ്ടായിരുന്നു. അവര്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം പതിവ്. ഒരിക്കല്‍ ശക്തമായ പ്രേരണയാല്‍ ഞാന്‍ ആ വീട്ടില്‍ ചെന്നു. യേശുവിനെക്കുറിച്ചും അവിടുന്ന് നല്‍കുന്ന സ്‌നേഹത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും അവരോട് പറഞ്ഞു. ആ ആഴ്ചയില്‍ത്തന്നെ അവര്‍ ധ്യാനത്തിന് പോയി. ഏറെ സന്തോഷത്തോടെയാണ് മടങ്ങിയെത്തിയത്. പിന്നീടുള്ള പല ദിവസങ്ങളിലും ആ വീട്ടില്‍നിന്നും കലഹത്തിന് പകരം ദൈവസ്തുതികളും പാട്ടുകളും കേള്‍ക്കാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരിക്കല്‍ പുറത്തേക്ക് പോകുവാനായി ഞാന്‍ ഇറങ്ങുമ്പോള്‍ ആ ബന്ധു എന്റെയരികിലേക്ക് വന്നു. കൈയില്‍ പുതിയൊരു ബൈബിളും ഉണ്ട്. ”ഇന്ന് ബൈബിള്‍ വായിച്ചാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ പോകുന്നത്,” അദ്ദേഹം പറഞ്ഞു. അതുകേട്ടപ്പോള്‍ ‘നിങ്ങള്‍ സാധാരണയായി എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?’ എന്ന് ഞാന്‍ അന്വേഷിച്ചു.
”യേശുവേ നന്ദി… യേശുവേ സ്തുതി… ഹാലേലൂയ്യാ എന്ന് പറഞ്ഞ് സ്തുതിക്കും, അതാണ് ഞങ്ങളുടെ പ്രാര്‍ത്ഥന,” അദ്ദേഹത്തിന്റെ മറുപടി. അതുകേട്ട് ഞാന്‍ പറഞ്ഞു, ”തിരുസഭയുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. കൂടാതെ വിശുദ്ധരുടെ ജീവിതവും അറിയണം.” ഇത് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു, ‘ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണം, ഞങ്ങള്‍ക്ക് ഒന്നുമറിയില്ല!’
ആ വാക്കുകള്‍ എന്നെ ഏറെ സ്പര്‍ശിച്ചു. എഴുത്തും വായനയും അറിയാത്ത അവരെ എങ്ങനെ സഹായിക്കണം എന്നായി ചിന്ത. ഏതായാലും അന്ന് രാത്രിയില്‍ ആ ഭവനത്തില്‍ചെന്ന് സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥനയും ജപമാല പ്രാര്‍ത്ഥനയും പറഞ്ഞുകൊടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ അവരെ സഹായിക്കുവാനും അവരോടൊപ്പം പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ധ്യാനം കൂടിയ പലരും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തി. ഒരു മാസത്തിനുള്ളില്‍ ആളുകളുടെ എണ്ണം പതിനഞ്ചോളമായി. അങ്ങനെ എല്ലാ ദിവസവും രാത്രി 7.30 മുതല്‍ ഒമ്പതുമണിവരെ പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടായ്മയായി അത് മാറി.
നല്ല ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ധാരാളം ദൈവാനുഭവങ്ങള്‍ നല്കി. പാപസ്വഭാവങ്ങളില്‍നിന്നും കൂട്ടുകെട്ടുകളില്‍നിന്നും പലരും പിന്‍മാറി. ദൈവാത്മാവ് നല്‍കുന്ന പ്രേരണയനുസരിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍. വിശുദ്ധ ഗ്രന്ഥവും വിശുദ്ധരുടെ ജീവചരിത്രങ്ങളും സ്ഥിരമായി വായിച്ചു. ക്രിസ്തീയ ഗാനങ്ങള്‍ കേട്ടുപഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ആ കൂട്ടായ്മ ശക്തമായി മുന്നേറി.
ആ നാളുകളിലാണ് വരദാനങ്ങളുടെ ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. തിരികെ എത്തിയപ്പോള്‍ പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ കൂട്ടായ്മയില്‍ പങ്കുവച്ചു. പ്രത്യേകിച്ച് ഭാഷാവരം എന്ന വരം വ്യക്തിപരമായ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍. അതവര്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളില്‍ എല്ലാവരും ഭാഷാവരം ലഭിക്കുവാനായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അധികം വൈകാതെ എല്ലാവര്‍ക്കും ഭാഷാവരം ലഭിച്ചു. പ്രാര്‍ത്ഥനാസമയങ്ങളില്‍ ഞങ്ങള്‍ ഭാഷാവരത്തില്‍ സ്തുതിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ആരംഭിച്ചു. സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളായിരുന്നു അത്.
അങ്ങനെ തുടരുന്ന നാളുകള്‍. പതിവുപോലെ ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കായി ഞങ്ങള്‍ ഒത്തുകൂടി. ജപമാല ചൊല്ലി ആരംഭിച്ച പ്രാര്‍ത്ഥന പിന്നീട് സ്തുതിയാരാധനയിലേക്ക് കടന്നു. ഭാഷാവരത്തിലുള്ള സ്തുതിപ്പ് കുറച്ചധികം സമയം നീണ്ടുപോയി. അതിനിടയില്‍ പെട്ടെന്ന് ഒരു അസാധാരണ ശബ്ദം! ഉയര്‍ന്ന ആ സ്വരം അസ്വസ്ഥമായിരുന്നു. ആദ്യം കുഴപ്പമില്ല എന്നു തോന്നിയെങ്കിലും പിന്നെ കണ്ണു തുറന്നു നോക്കുമ്പോഴാണ് ഞാന്‍ ആ ‘ഭീകരരൂപം’ കണ്ടത്. കണ്ണുകള്‍ മിഴിച്ച്, നാവ് പുറത്തേക്ക് നീട്ടി, കൈകള്‍ ചുരുട്ടിപ്പിടിച്ച് ഒരു പൈശാചിക രൂപമായി എഴുന്നേറ്റുനില്‍ക്കുകയാണ് ആ വീട്ടിലെ ഗൃഹനാഥ! ഭയംമൂലം ഞാന്‍ കണ്ണുകള്‍ അടച്ചു.
ദൈവമേ, എന്തൊരു പരീക്ഷണമാണ്! അതുവരെ ഉണ്ടായിരുന്ന സകല സന്തോഷവും കെട്ടുപോയി. ഇങ്ങനെയൊരു അനുഭവം ഞാന്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിട്ടില്ല. വലിയ വചനവേദികളില്‍ പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും ആത്മീയ ജീവിതത്തില്‍ ശിശുവായ എനിക്ക് ഇത് ആദ്യാനുഭവമാണ്. എങ്ങനെയാണ് ഇവരെ കൈകാര്യം ചെയ്യുക? ഒരു വഴി തെളിയുവാനായി ഞാന്‍ ഹൃദയമുരുകി ഈശോയോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തോന്നിയ പ്രേരണ അനുസരിച്ച്, ആദ്യമായി കൂടെയുള്ളവരോട് ശാന്തമായി കണ്ണടച്ചുതന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവരെല്ലാം അത് അനുസരിച്ചു. ‘നമ്മുടെ ഇടയില്‍ ഇപ്പോള്‍ ഈശോ ഉണ്ട്, തെല്ലും ഭയപ്പെടേണ്ട കാര്യമില്ല’ എന്ന എന്റെ വാക്കുകള്‍ അവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് ഞാന്‍ എന്റെ ആത്മീയ പിതാക്കന്മാരില്‍നിന്നും ലഭിച്ച ബോധ്യങ്ങളനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. മുട്ടിന്മേല്‍ നിന്നുതന്നെ പല വിധ പ്രാര്‍ത്ഥനകള്‍ ചൊല്ലി. സങ്കീര്‍ത്തനങ്ങള്‍ 91, 51, 23 അധ്യായങ്ങളും എഫേസോസ് ആറാം അധ്യായം പത്തുമുതല്‍ പതിനേഴുവരെയുള്ള വചനങ്ങളും വായിച്ചു. ഓരോ തവണത്തെ പ്രാര്‍ത്ഥനകള്‍ കഴിയുമ്പോഴും ഞാനവരുടെ മുഖഭാവം ശ്രദ്ധിച്ചു. പ്രത്യേകിച്ച് മാറ്റമൊന്നും കാണുന്നില്ല. ഒരുതരം ഭയം എന്നെ അലട്ടാന്‍ തുടങ്ങി.
ഇതാ എന്റെ ശുശ്രൂഷാജീവിതം അവസാനിക്കുവാന്‍ പോകുകയാണ്, ഈ സ്ത്രീക്ക് ഭ്രാന്ത് പിടിക്കും, ഇവരുടെ കുടുംബജീവിതം തകരും, നാട്ടുകാര്‍ എന്നെ കയ്യേറ്റം ചെയ്യും, ഞാന്‍ പരാജിതനായി നാടുവിട്ട് പോകേണ്ടിവരും… അങ്ങനെ ചിന്തകള്‍ കാടുകയറി. എന്റെ ആത്മധൈര്യം മുഴുവന്‍ ചോര്‍ന്നുപോകുന്നപോലെ… പൂര്‍ണമായി കര്‍ത്താവില്‍ ശരണപ്പെട്ട് ഞാനവിടെ ഇരിക്കുകയാണ്.
എന്നാല്‍ ഹൃദയത്തിന്റെ അഗാധത്തില്‍നിന്നുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അപ്പോള്‍ ഒരു വചനം എന്റെ മനസില്‍ തെളിഞ്ഞുവന്നു. സങ്കീര്‍ത്തനങ്ങള്‍ 46/10 ”ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക.” ആ തിരുവചനം എന്നില്‍ പ്രത്യാശ പകര്‍ന്നു, വചനത്തിന്റെ ആന്തരികശക്തി നിറയുംപോലെ. ഹൃദയത്തിന്റെ ഉള്ളില്‍നിന്നും ഞാന്‍ സ്തുതിച്ചുകൊണ്ടിരുന്നു. ആ നിമിഷം മൃദുവായ ഒരു സ്വരം കേട്ടു, ‘നിന്റെ കഴുത്തില്‍ കിടക്കുന്ന ജപമാല ഊരി ആ സഹോദരിയുടെ കൈയില്‍ കൊടുക്കുക. അത് കഴുത്തില്‍ അണിയാന്‍ അവരോട് പറയുക!’
സുവിശേഷയാത്രയില്‍ ഞാന്‍ പരിചയപ്പെട്ട ഒരു കന്യാസ്ത്രീ എനിക്ക് സമ്മാനമായി തന്ന ജപമാലയാണത്. ആത്മീയജീവിതത്തില്‍ എനിക്കുണ്ടായ സഹനങ്ങളില്‍, പ്രലോഭനങ്ങളില്‍, എന്നെ ഏറെ ശക്തിപ്പെടുത്തിയ ജപമാല. വിശ്വാസവഴിയില്‍ പരിശുദ്ധ അമ്മ എന്നെ ധൈര്യപ്പെടുത്തിയ അനുഭവങ്ങള്‍ ഓരോന്നായി ഞാന്‍ ഓര്‍ത്തു. അസാധാരണമായ ഒരു ശക്തി എന്നില്‍ നിറഞ്ഞു.
ഞാന്‍ ജപമാല ആ സ്ത്രീയുടെ കൈയില്‍ കൊടുത്തുകൊണ്ട് പറഞ്ഞു, ‘ഈ ജപമാല പിശാചിന് എതിരെയുള്ള മൂര്‍ച്ചയേറിയ ആയുധമാണ്. ഇത് വാങ്ങി കഴുത്തില്‍ അണിയുക.’ ആ വാക്കുകള്‍ അവര്‍ക്ക് തിരസ്‌കരിക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു. അതിനാല്‍ വിറയാര്‍ന്ന കൈകളാല്‍ അവരത് വാങ്ങി കഴുത്തിലിട്ടു. പെട്ടെന്നുതന്നെ അവര്‍ ശാന്തയായി. ഒരു സ്വപ്നത്തില്‍നിന്നും ഉണര്‍ന്നപോലെ ചെറുപുഞ്ചിരിയോടെ എന്റെ മുഖത്തേക്കും ക്രൂശിതരൂപത്തിലേക്കും നോക്കി. ഞങ്ങളുടെ ഭീതി അതോടെ നീങ്ങി. ഏകദേശം ഒരു മണിക്കൂര്‍ സമയത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചത്.
തിന്മയുടെ ശക്തി വിട്ടുപോയി എന്നതുമാത്രമായിരുന്നില്ല അവിടെ നടന്ന അത്ഭുതം. ആ കുടുംബനാഥക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന തലവേദനയും സോപ്പിനോടുള്ള അലര്‍ജിയും സൗഖ്യപ്പെട്ടു എന്നും പിന്നീടവര്‍ സാക്ഷ്യപ്പെടുത്തി.
ഈ മരിയന്‍ അനുഭവം ഇവിടെ കുറിച്ചത് നമ്മുടെ അമ്മ വ്യാകുലമാതാവ് മാത്രമല്ല, സാത്താന്റെ തലയെ തകര്‍ത്ത സ്വര്‍ഗറാണികൂടിയാണ് എന്ന് വ്യക്തമാകാനാണ്. ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥ്യവും ഉണ്ടാകട്ടെ, ദൈവത്തിന് മഹത്വം, ആമ്മേന്‍.
ഷാനവാസ് ഫ്രാന്‍സിസ്
(ശാലോം സ്റ്റാഫായ ഷാനവാസ് സംഗീത ശുശ്രൂഷാരംഗത്ത് പ്രശസ്തനാണ്. ഭാര്യ: ലിന്‍സി, മക്കള്‍: ഇമ്മാനുവല്‍, മിഖായേല്‍)