ജോലികളയാന്‍ ഈശോ പറയുമോ? – Shalom Times Shalom Times |
Welcome to Shalom Times

ജോലികളയാന്‍ ഈശോ പറയുമോ?


എന്നത്തെയും പോലെ പരിശുദ്ധ കുര്‍ബാനക്ക് ശേഷം നിത്യസഹായ മാതാവിന്റെ അടുക്കല്‍ വിശേഷങ്ങള്‍ പറയാന്‍ പോയി. ആളുകളുടെ നീണ്ട നിരതന്നെ ഉണ്ട് മുന്നില്‍. അപ്പോഴാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. ഏങ്ങി കരയുന്നുണ്ടായിരുന്നു അവര്‍. എന്താണ് കാരണം എന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും വെണ്ടെന്നുവച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും ഇതുതന്നെ സംഭവിച്ചതിനാല്‍ ഞാന്‍ ദൈവാലയത്തിനുപുറത്ത് അവരെ കാത്തുനിന്നു. സാരിത്തുമ്പുകൊണ്ട് കണ്ണുകളും കവിളുകളും തുടച്ച് ഇറങ്ങിവരുന്ന ആ സഹോദരിയുടെ കൈകള്‍ ഞാന്‍ പിടിച്ചു. കുനിഞ്ഞു നടന്നിരുന്ന അവര്‍ തല ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ചോദിച്ചു, ”എന്തിനാണ് കരയുന്നത്?”
അവര്‍ തന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഏകദേശം മൂന്നുവര്‍ഷമായി വിദേശത്തുള്ള മകന് ഒരു സ്ഥിരജോലി ഇല്ല. ഏക ആശ്രയമായിരുന്ന ജീവിതപങ്കാളി ലോകത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങളായി. കഷ്ടപ്പാടിന്റെ തീക്കനലിലൂടെ മകനെ പഠിപ്പിച്ചു. എന്ത് ജോലിയും ചെയ്തു മടി കൂടാതെ. അക്രൈസ്തവയായ അവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈശോയില്‍ വിശ്വസിക്കുന്നു. പ്രാ ര്‍ത്ഥനയുടെ ഫലമായി മകന്‍ വിദേശത്തു പോയി. തനിച്ചായപ്പോള്‍ ഒരു ജോലി അന്വേഷിച്ചു. ഡാന്‍സ് ബാര്‍ റിസപ്ഷനിലാണ് ജോലി ലഭിച്ചത്.
”ഇത്ര നാളായിട്ടും എന്തുകൊണ്ട് എന്റെ മകന് ഒരു സ്ഥിരജോലിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല” എന്ന് ചോദിച്ചു കൊണ്ട് അവര്‍ കരയാന്‍ തുടങ്ങി. ജീവിതം ഒരു കരക്കെത്തിക്കാന്‍ തനിയെ പൊരുതുന്ന ആ അമ്മയെ കണ്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. സഹനത്തിന്റെ തീച്ചൂളയില്‍നിന്ന് നടന്നു കയറിയ ഒരമ്മ.
വാക്കുകള്‍ ഒരിക്കലും മതിയാവില്ലെന്ന് അറിയാമായിരുന്നിട്ടും ആശ്വാസത്തിന്റെ വാക്കുകള്‍ ഞാന്‍ അവര്‍ക്കായി തിരഞ്ഞു. പരിശുദ്ധ കുര്‍ബ്ബാനയിലും ജപമാലയിലും പ്രാര്‍ത്ഥിക്കാം എന്ന് വാഗ്ദാനം ചെയ്തു. വീട്ടിലേക്കുള്ള യാത്രയില്‍ ഈശോയോട് ഞാന്‍ ചോദിച്ചുകൊണ്ടേ ഇരുന്നു അതേ ചോദ്യം. ”എന്തുകൊണ്ടാണ് അവരുടെ മകന് മൂന്നു വര്‍ഷമായി ജോലി സ്ഥിരപ്പെടുത്താത്തത്? ദിവസവും ഇവരുടെ കണ്ണുനീര്‍ ഒഴുകുന്നത് ഈശോ കാണുന്നില്ലേ?”
അടുത്ത ദിവസം മുതല്‍ അവര്‍ക്കു വേണ്ടി ഒരു കരുണയുടെ ജപമാല പ്രത്യേകമായി ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മനസ്സില്‍ ഒരു പ്രേരണ, ‘ഡാന്‍സ്ബാറിലെ ജോലി ഉപേക്ഷിക്കാന്‍ പറയുക!’ വിധവയായ ഒരു സ്ത്രീ, മകന് സ്ഥിരമായൊരു തൊഴില്‍ ഇല്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഏകവഴി. അത് ഉപേക്ഷിക്കാന്‍ ദൈവം പറയുമോ?? ഇവര്‍ക്ക് ജീവിക്കാനുള്ളത് പിന്നെ ആര് കൊടുക്കും?? ചിന്തകളും ചോദ്യങ്ങളും കാട് കയറി. ആത്മീയതക്ക് മുകളില്‍ പ്രായോഗികത വിജയം നേടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
ഡാന്‍സ് ബാറിലെ ജോലി വേണ്ടെന്നുവയ്ക്കാന്‍ ഉള്ള പ്രേരണ തികച്ചും മാനുഷികമായ തോന്നല്‍ ആയി അവഗണിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഉള്ളില്‍ ലഭിക്കുന്ന പ്രേരണ ഭാരമുള്ളതായി അനുഭവപ്പെട്ടു. ”അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ?” (റോമാ 2/4).
ഈശോക്ക് ചെറിയൊരു ഭീഷണി. ”ദേ ഈശോയേ, ഒരു കുടുംബം പെരുവഴിയിലാകാന്‍ ഞാന്‍ മൂലം ഇടവരരുത്. ചില നേരത്ത് പറയുന്നതും ചെയ്യുന്നതുമെല്ലാം ഒരു ‘ലോജിക്കും’ ഇല്ലാത്ത കാര്യങ്ങളാണ്. എന്ത്, എന്തുകൊണ്ട് എന്നൊക്കെ ചോദിയ്ക്കാന്‍ പോയാല്‍ നമ്മുടെ ചങ്കിന്റെ മാസ്റ്റര്‍പീസ് ഡയലോഗ് വരും, ”എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ” (ഏശയ്യാ 55/8-9).
ഇതിപ്പോള്‍ വല്ലാത്തൊരു ശ്വാസം മുട്ടല്‍ പോലെ… രണ്ടും കല്പിച്ച് അടുത്ത ദിവസം ആ അമ്മയുടെ അടുക്കലേക്ക് ഞാന്‍ ചെന്നു. ഉള്ളില്‍ അല്പം ഭയം ഉണ്ട്. പറയാന്‍ പോകുന്ന കാര്യത്തെ അവര്‍ എങ്ങനെ സ്വീകരിക്കും? ഇനി ഉള്‍പ്രേരണ എന്ന പേരില്‍ പറയാന്‍ പോകുന്ന കാര്യം ഈശോ സംസാരിച്ചതല്ലെങ്കില്‍?? ഹൃദയമിടിപ്പുകള്‍ വേഗത്തിലായി. കയ്യില്‍ ധൈര്യത്തിന് ജപമാല മുറുകെ പിടിച്ചു…
വളരെ താണ സ്വരത്തില്‍ ഞാന്‍ അവരോട് പറഞ്ഞു, ”ഈ ജോലി വേണ്ടെന്നുവയ്ക്കാമോ?” മുന്‍പില്‍ നില്‍ക്കുന്ന എനിക്ക് മാനസിക നില ശരിയാണോ എന്ന് ചിന്തിക്കും മട്ടില്‍ അവര്‍ എന്നെ നോക്കി… ‘ഭക്ഷണത്തിന് ഞാന്‍ എന്ത് ചെയ്യും’ എന്നൊരു മറുചോദ്യം എനിക്ക് നേരെ വന്നു. ‘നമുക്ക് പ്രാര്‍ത്ഥിക്കാം കുറച്ചു ദിവസം’ എന്നുമാത്രം മറുപടി പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ചു നടന്നു. എങ്കിലും കരുണയുടെ ജപമാല നിറുത്തിയില്ല. പക്ഷേ അവരുടെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ ഞാന്‍ നന്നേ പരിശ്രമിച്ചുകൊണ്ടിരുന്നു…
മൂന്നാഴ്ച കഴിഞ്ഞ് പതിവുപോലെ ആ അമ്മയുടെ മുന്നില്‍ പെടാതെ പോകാന്‍ ഒരുങ്ങുമ്പോള്‍ ഗേറ്റിനുമുന്നില്‍ അവര്‍ എന്നെ കാത്തു നില്‍ക്കുന്നു… ‘ഈശോയേ, പണി പാളി!’ എന്ന് പറഞ്ഞുകൊണ്ട് ഒരു കൃത്രിമചിരിയും ഫിറ്റ് ചെയ്ത് ഞാന്‍ അവര്‍ക്കു മുന്നില്‍ നിന്നു. രണ്ടു കൈകള്‍ കൊണ്ടും എന്റെ കരങ്ങളില്‍ മുറുകെ പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു, ”ഞാന്‍ ആ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എനിക്ക് മനസ്സിന് ഒരു സമാധാനം കിട്ടുന്നില്ല. ദൈവം ആഗ്രഹിക്കുന്നത് ഈ ജോലി ഉപേക്ഷിക്കാന്‍ ആണെന്ന് തോന്നുന്നു.”
അവര്‍ തുടര്‍ന്നു, ”ഡാന്‍സ് ബാറില്‍ കൂടുതലും യുവജനങ്ങളാണ്. എത്രയോ അമ്മമാരുടെ കണ്ണുനീരാണ് അവര്‍ക്കായി ഒഴുകുന്നത്. അതുകൊണ്ടാണെന്ന് തോന്നുന്നു മൂന്ന് വര്‍ഷമായി എന്റെ മകന് വേണ്ടി ഞാനും കണ്ണീരൊഴുക്കുന്നത്…” ഒരു നിമിഷം ഞാന്‍ സ്തബ്ധയായി… എന്ത് പറയണം എന്ന് ഒരു പിടിയുമില്ല… മനസ്സില്‍ ഈശോയോട് മന്ത്രിച്ചു, ”ഈശോയേ നിന്റെ പ്ലാന്‍ വര്‍ക്ക് ഔട്ട് ആവുന്നുണ്ട് കേട്ടോ….”
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ. ”ഏതെങ്കിലും ഒരു പാപിക്ക് വേണ്ടി അനുതാപപൂര്‍ണ്ണമായ ഹൃദയത്തോടും വിശ്വാസത്തോടും കൂടി നീ ഈ പ്രാര്‍ത്ഥന (കരുണയുടെ ജപമാല) ചൊല്ലുമ്പോള്‍ ഞാന്‍ അവന് മനസാന്തരത്തിനുള്ള കൃപ നല്‍കും.” മാനുഷികമായ കണ്ണുകളിലൂടെ നോക്കിയാല്‍ പലതും മനുഷ്യന് സ്വീകാര്യമാണ്. പക്ഷേ യേശുവിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ആണ് യഥാര്‍ത്ഥമായ നന്മയും തിന്മയും തിരിച്ചറിയുന്നത്.
ഒരാഴ്ച കടന്നുപോയി. അന്ന് വൈകുന്നേരത്തെ പരിശുദ്ധ കുര്‍ബാനക്ക് പോയപ്പോള്‍ ആ സഹോദരിയെ കണ്ടു. അവര്‍ സന്തോഷത്തോടെ പറഞ്ഞു, ”ഇന്ന് രാവിലെ ഞാന്‍ ജോലി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ ദിവ്യബലിക്ക് വന്നത്.” എന്നോട് ചോദിച്ച ചോദ്യം ഞാന്‍ തിരിച്ചു ചോദിച്ചു. ”ഭക്ഷണത്തിന് എന്ത് ചെയ്യും?” കയ്യിലെ ജപമാല എടുത്ത് കുരിശുരൂപം കാണിച്ച് അവര്‍ പറഞ്ഞു, ‘ഈശോ തരും!’ ആ മറുപടി കേട്ടപ്പോള്‍ കാറ്റത്ത് ആടിയുലയുന്ന എന്റെ വിശ്വാസത്തെ ഓര്‍ത്ത് ഞാന്‍ വിലപിച്ചു.
പിറ്റേ ദിവസം. പരിശുദ്ധ കുര്‍ബാന കഴിഞ്ഞ് നീങ്ങുമ്പോഴതാ അകലെനിന്ന് ആരോ ഓടിയടുക്കുന്നു. അതെ, അവര്‍തന്നെ. എന്നെ കെട്ടിപ്പിടിച്ച് വിതുമ്പുകയാണ്. ഭക്ഷണത്തിന് കയ്യില്‍ പണം ഇല്ലാത്തതുകൊണ്ടാകുമോ കരയുന്നത്? കയ്യില്‍ ഞാന്‍ ഒന്നും കരുതിയിട്ടുമില്ല. ‘എന്തിനാ കരയുന്നതെ’ന്നു ചോദിച്ചു. ഇടറുന്ന സ്വരത്തില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അവര്‍ പറഞ്ഞു, ”ഇന്നലെ എന്റെ മകന് വിദേശത്ത് ഗവണ്മെന്റ്‌ജോലി ലഭിച്ചു!! ഞാന്‍ ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിച്ച ദിവസം തന്നെ!”
ശരീരത്തില്‍ ജീവന്‍ ഉണ്ടെങ്കിലും ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു നിമിഷം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല! ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു, ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വ 3/5).
സുവിശേഷങ്ങളില്‍ ചില ഉപേക്ഷിക്കലുകള്‍ നാം കാണുന്നുണ്ട്. പത്രോസ്, അന്ത്രയോസ് സഹോദരന്മാരോട് എന്നെ അനുഗമിക്കുക എന്ന് യേശു പറയുമ്പോള്‍ വലകള്‍ ഉപേക്ഷിച്ച് അവര്‍ യേശുവിനെ അനുഗമിച്ചു. സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും തങ്ങളുടെ വഞ്ചി ഉപേക്ഷിച്ച് പിതാവിനെ വിട്ട് യേശുവിനെ അനുഗമിച്ചു. മീന്‍പിടുത്തക്കാരായിരുന്ന അവരുടെ ജീവനോപാധിയായിരുന്നു വഞ്ചിയും വലയും.
ഈശോ നമ്മെയും വിളിക്കുന്നുണ്ട് ഓരോ നിമിഷവും. അവന്റെ വിളിക്ക് പ്രത്യുത്തരിക്കുമ്പോള്‍ നമ്മുടെ ചില വഞ്ചിയും വലയുമൊക്കെ ഉപേക്ഷിക്കേണ്ടതായി വരും. സ്‌നേഹിതനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ലെന്ന് പഠിപ്പിച്ച ഈശോയെ നമ്മുടെ സ്‌നേഹിതനാക്കാം. നമുക്ക് വേണ്ടിയാണ് അവന്‍ ചോരയും നീരും ജീവന്‍ തന്നെയും ഉപേക്ഷിച്ചത്. ഈശോയുടെ രക്തസാക്ഷികളാകാന്‍ കഴിഞ്ഞില്ലെങ്കിലും അവനോടുള്ള സ്‌നേഹത്തെപ്രതി ചിലതെങ്കിലും ഉപേക്ഷിക്കാന്‍ നാം തയ്യാറാവണം. ചില ആഗ്രഹങ്ങള്‍, താല്‍ക്കാലിക സുഖങ്ങള്‍, സന്തോഷങ്ങള്‍, ദുശീലങ്ങള്‍ അങ്ങനെ എന്തെങ്കിലുമൊക്കെ….
ദൈവരാജ്യത്തിനുവേണ്ടി വേണ്ടെന്നുവയ്ക്കുന്നതെല്ലാം ലാഭങ്ങളായി മാറുമെന്ന് ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ”ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും” (ലൂക്കാ 18/29-30).

ആന്‍ മരിയ ക്രിസ്റ്റീന