”തന്റെ പുണ്യാളന്‍തന്നെ !” – Shalom Times Shalom Times |
Welcome to Shalom Times

”തന്റെ പുണ്യാളന്‍തന്നെ !”

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തൃശൂരില്‍നിന്നും എറണാകുളത്തേക്ക് ബസില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. ഒരു കേസുമായി ബന്ധപ്പെട്ടാണ് യാത്ര. എന്റെ കടയിലെ ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിനായിരുന്നു കേസ്. വാസ്തവത്തില്‍ കടയില്‍ വില്പനയ്ക്കായി ലഭിക്കുന്ന നല്ല മല്ലി പൊടിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്കായി അയച്ചതാണ്. എന്നാല്‍ ലാബിലെ പരിശോധനയില്‍ ചാരത്തിന്റെ അളവ് കൂടുതലാണെന്ന് റിപ്പോര്‍ട്ട് വന്നു. മായവുമായി ബന്ധപ്പെട്ട കേസുകളില്‍ ലാബ് റിപ്പോര്‍ട്ടാണ് പ്രധാനമായും പരിഗണിക്കുക. അതിനാല്‍ത്തന്നെ കേസ് ജയിക്കാന്‍ സാധ്യത തീര്‍ത്തും കുറവ്.
എന്തായാലും യാത്രയ്ക്കിടെ പാലാരിവട്ടത്ത് ദൈവാലയത്തില്‍ ഇറങ്ങി ദിവ്യബലിയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ യാത്ര ചെയ്യുന്ന ബസിന് അവിടെ സ്റ്റോപ്പില്ല. കണ്ടക്ടര്‍ ഇറങ്ങാന്‍ അനുവാദം തന്നതുമില്ല. എന്നാല്‍ എന്റെ ആഗ്രഹം മാനിച്ച നല്ല ഈശോ ബസ് അവിടെ നിര്‍ത്താന്‍ ഇടവരുത്തി. ദൈവാലയത്തിന് മുന്നിലെത്തിയപ്പോള്‍ ഒരു കാര്‍ ബസിന് കുറുകെ കിടന്നതുകൊണ്ട് ഏതാനും നിമിഷം ബസ് നിര്‍ത്തേണ്ടിവരുകയായിരുന്നു. ആ സമയത്ത് ഞാനിറങ്ങി ദൈവാലയത്തിലേക്ക് പോയി. അവിടെ ദിവ്യബലിയില്‍ പങ്കെടുത്തു. മാത്രവുമല്ല കേസിന്റെ കാര്യത്തില്‍ എനിക്കായി പ്രാര്‍ത്ഥിക്കണമെന്ന് അവിടത്തെ പ്രത്യേകമധ്യസ്ഥനായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനോട് യാചിക്കുകയും ചെയ്തു. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെങ്കിലും കേസിലെ വിജയം വളരെ ദുഷ്‌കരമാണല്ലോ.
തുടര്‍ന്ന് യാത്ര ചെയ്ത് എറണാകുളത്തെ പ്രശസ്തനായ ഒരു വക്കീലിന്റെ ഓഫീസിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. അവിടെനിന്ന് ഉറപ്പായി കേട്ട കാര്യം മറ്റൊന്നുമായിരുന്നില്ല, ”ഭക്ഷ്യവസ്തുക്കളിലെ മായകേസില്‍ ലാബ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് വിധി വരിക. അതുകൊണ്ട് ഒട്ടും പ്രതീക്ഷ വേണ്ട!”
എങ്കിലും കേസ് നടത്തി. വിധി വന്നപ്പോഴാണ് അത്ഭുതം. എനിക്ക് അനുകൂലമായിട്ടായിരുന്നു വിധി! അതുകഴിഞ്ഞ് വക്കീലിനെ കണ്ടപ്പോള്‍ ആദ്യംതന്നെ അദ്ദേഹം ചോദിച്ചത് ഇങ്ങനെ, ”തന്നെ ഈ കേസില്‍ വിജയിക്കാന്‍ സഹായിച്ചത് ആരാണ്?”
പാലാരിവട്ടം ദൈവാലയത്തില്‍ പോകാനിടയായ സാഹചര്യവും പുണ്യവാളനോട് അപേക്ഷിച്ച കാര്യവുമെല്ലാം ഞാന്‍ പറഞ്ഞു. അതിന് അദ്ദേഹം നല്കിയ മറുപടി ഇപ്രകാരമായിരുന്നു, ”തന്റെ പുണ്യാളന്‍തന്നെയാണ് സഹായിച്ചത്. ഞങ്ങള്‍ക്ക് കാര്യമായി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.”
അദ്ദേഹത്തിന് വലിയ തുക ഫീസായി നല്കണമെന്നാണ് കേട്ടിരുന്നതെങ്കിലും എന്റെ കൈയില്‍നിന്ന് ചെറിയൊരു തുകമാത്രമേ വാങ്ങിയുള്ളൂ. സഹായിച്ചത് പുണ്യാളനായതുകൊണ്ടായിരിക്കാം എന്ന് തോന്നുന്നു. നമ്മെ സഹായിക്കാന്‍ അനേകം വിശുദ്ധരെ നല്കിയ നല്ല ദൈവത്തിന് എത്ര നന്ദി പറഞ്ഞാലാണ് തീരുക!
”ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്നറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്ന് പ്രകാശിപ്പിക്കട്ടെ” (എഫേസോസ് 1/18).

പി.പി. ഡേവിസ്, തൃശൂര്‍