ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്! – Shalom Times Shalom Times |
Welcome to Shalom Times

ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്!

ഒരിക്കല്‍ ആരാധനാചാപ്പലില്‍ ഈശോയുടെ മുഖത്തേക്കു നോക്കി ജീവിതത്തെക്കുറിച്ചുള്ള പരാതിക്കെട്ടുകള്‍ ഓരോന്നായി ഇറക്കിവയ്ക്കുമ്പോള്‍ ഒരു ചിന്ത മനസില്‍ വന്നു. ”49/16 എടുത്ത് വായിക്കൂ കുഞ്ഞേ” എന്ന് ആരോ പറയുന്നതുപോലെ. ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയത് ഏശയ്യായുടെ പുസ്തകം ആയിരുന്നു. 49/16 തപ്പിയെടുത്തു. ”ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്.” എത്രനേരം ഞാന്‍ അവിടെയിരുന്ന് കരഞ്ഞെന്ന് എനിക്കോര്‍മ്മയില്ല.
സഹനങ്ങള്‍ പെരുമ്പറ കൊട്ടി ഭയപ്പെടുത്തിയപ്പോള്‍ ഈശോയോട് ഞാന്‍ ചോദിച്ചു. ”ഈശോ, ഞാനിനി എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്?”
എന്റെ ചെവിയില്‍ ആരോ മന്ത്രിക്കുന്നതുപോലെ, ”ബൈബിള്‍ തുറക്കൂ കുഞ്ഞേ.” ഞാന്‍ തുറന്നു. എനിക്ക് കിട്ടിയ വചനം വിലാപങ്ങള്‍ 2/19 ”രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്ക് കൈകളുയര്‍ത്തുക.”
ബിരുദാനന്തര ബിരുദ പരീക്ഷയുടെ തലേദിവസംപോലും ഞാന്‍ വെളുപ്പിന് എണീറ്റ് പഠിച്ചിട്ടില്ല. പിറ്റേദിവസം മുതല്‍ ഞാന്‍ വെളുപ്പിന് എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഈശോയുമായുള്ള ഒരു പുത്തന്‍ സ്‌നേഹബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഈശോയോടുള്ള സ്‌നേഹംകൊണ്ട് നിറഞ്ഞ് ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. എന്നിലെ ഒരുപാട് പോരായ്മകള്‍ ഈശോ എനിക്ക് കാണിച്ചുതന്നു.
വീണ്ടും ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”വര്‍ഷങ്ങളായി ഞാനെടുക്കുന്ന ഉപവാസം, നോമ്പ്, പ്രായശ്ചിത്ത പ്രവൃത്തികള്‍, കുമ്പസാരം എല്ലാം സ്വര്‍ഗത്തിന്റെ മുമ്പില്‍ ഒരു വിലയും ഇല്ലാത്തതായിരുന്നു അല്ലേ? ഇനിയും ഒരു ഉത്തരം കിട്ടിയിട്ടേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ.”
അന്നും ഞാന്‍ കേട്ടു, ആ ശബ്ദം – ”ബൈബിള്‍ തുറക്കൂ കുഞ്ഞേ.” ഞാന്‍ തുറന്നു. ഹോസിയ 14/8 – ”നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരംപോലെയാണ് ഞാന്‍. നിനക്ക് ഫലം തരുന്നത് ഞാനാണ്.” കണ്ണീരില്‍ എന്റെ ബൈബിള്‍ കുതിരുന്നത് ഞാന്‍ അറിഞ്ഞില്ല.
ഒരിക്കല്‍ ഞാന്‍ ഈശോയോടു പറഞ്ഞു. ”എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഒരു പരീക്ഷ എഴുതുന്ന കുട്ടിയുടെ ന്യായമായ അവകാശമാണ് റിസല്‍ട്ട് അറിയുക എന്നത്. ജീവിതമാകുന്ന എന്റെ പരീക്ഷയും ഞാനെഴുതിക്കൊണ്ടിരിക്കുകയാണ്. എനിക്ക് റിസല്‍ട്ട് കിട്ടുന്നില്ല, ജയമാണോ തോല്‍വിയാണോ എന്ന് എനിക്കറിയില്ല” എന്ന്. അന്നുതന്നെ മാത്യു വയലാമണ്ണില്‍ അച്ചന്റെ ഒരു സന്ദേശം കേള്‍ക്കാന്‍ ഇടയായി. അച്ചന്‍ പറയുകയാണ്, ”ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒരു വര്‍ഷത്തെ പഠനം കഴിയുമ്പോള്‍ രണ്ടാം ക്ലാസിലേക്ക് ജയിക്കും. അടുത്ത വര്‍ഷം മൂന്നിലേക്ക്, പിന്നെ നാല്, അഞ്ച്… അങ്ങനെ. അതുപോലെതന്നെയാണ് നമ്മുടെ പ്രാര്‍ത്ഥനാജീവിതവും. നമ്മള്‍ ആരും തുടങ്ങിയിടത്തുതന്നെ നില്ക്കുന്നില്ല. നാം വളര്‍ന്നുകൊണ്ടിരിക്കും” എന്ന്. തിരുഹൃദയരൂപത്തിലെ ഈശോ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ച് ”എടീ മണ്ടീ, നീ എന്താണ് നമ്മള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കരുതിയത്” എന്ന് ചോദിക്കുന്നതുപോലെ തോന്നി.
ഒരിക്കല്‍ മകനെക്കുറിച്ചുള്ള
ഭാരം നിമിത്തം മനസ് കലങ്ങി
മറിഞ്ഞ സമയം. ഞാന്‍ വിശുദ്ധ ഗ്രന്ഥം തുറന്നു. ഈശോ എന്നോട്
സംസാരിച്ചു. പ്രഭാഷകന്‍ 3/2
”അവിടുന്ന് പുത്രരുടെമേല്‍
അമ്മയ്ക്കുള്ള അവകാശം
ഉറപ്പിച്ചിരിക്കുന്നു.”
ഞാന്‍ തിരുവചനത്തെയും ഈശോയുടെ മുഖത്തെയും
മാറിമാറി നോക്കി. ഈശോയോട്
ചോദിച്ചു, ”ഇത് എന്നെ ഉദ്ദേശിച്ചുതന്നെയാണോ” എന്ന്. കണ്ണുനീര്‍ കാഴ്ചയെ മറച്ചപ്പോഴും ഞാന്‍ ഈശോയുടെ ചിരിക്കുന്ന മുഖം കണ്ടു. വിശുദ്ധ ലിഖിതങ്ങള്‍ ഞാനും ആവര്‍ത്തിക്കട്ടെ. ”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12).
ജീവിതത്തിലെ വലിയ ഭാഗ്യം എന്നു ഞാന്‍ കരുതിയ പല കാര്യങ്ങളുണ്ട്. പ്രായം കൂടിയതനുസരിച്ച് ഭാഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറിവന്നു. ഇന്ന് ഞാന്‍ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നത് നിത്യം ജീവിക്കുന്ന ‘വചനം’ തന്നെയായ യേശുവിനെ വചനത്തിലൂടെ കണ്ടുമുട്ടിയതാണ്.

ആന്‍സി ജോര്‍ജ്