”നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മര്‍ക്കോസ് 8/33). ഈശോ ശിഷ്യപ്രമുഖനായ വിശുദ്ധ പത്രോസിന് നല്കുന്ന ഈ തിരുത്തല്‍ വാചകത്തിലൂടെ ഒരു കാര്യം വെളിവാക്കപ്പെടുന്നുണ്ട്. ഒരു മനുഷ്യന് സ്വാഭാവികമായി രണ്ട് വിധത്തിലുള്ള ചിന്തകള്‍ ഉണ്ടാകുന്നു: ഒന്ന്, മാനുഷികവും മറ്റേത് ദൈവികവും. മാനുഷികചിന്തയുടെ പ്രത്യേകത അത് ഒറ്റനോട്ടത്തില്‍ വളരെ ആകര്‍ഷകവും ഫലപ്രാപ്തിയുള്ളതുമായി കാണപ്പെടും എന്നതാണ്. എന്നാല്‍ ദൈവിക ചിന്ത പ്രത്യക്ഷത്തില്‍ അനാകര്‍ഷകമായും ഫലരഹിതമായും തോന്നും. എന്നാല്‍ ജ്ഞാനിയായ, ആത്മീയ ഭൗതികമേഖലകളില്‍ വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന, ഒരു വ്യക്തി എപ്പോഴും പിന്തുടരേണ്ടത് ദൈവികചിന്ത മാത്രമാണ്. കാരണം കാലാന്തരത്തില്‍ സ്ഥായിയായ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ദൈവികചിന്തകള്‍ക്ക് മാത്രമേ സാധിക്കൂ.
ഈശോ അരുളിച്ചെയ്ത മേല്‍പറഞ്ഞ വാക്യത്തിന്റെ പശ്ചാത്തലം സുപരിചിതമാണല്ലോ. അവിടുന്ന് തന്റെ അനുപമമായ പീഡാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള മുന്നറിയിപ്പ് ശിഷ്യന്മാര്‍ക്ക് നല്കുകയാണ്. മഹത്വപൂര്‍ണനും അഭൂതപൂര്‍വകമായ അനേക അത്ഭുതങ്ങളാല്‍ ലോകത്തിന് വെളിപ്പെടുത്തിയവനുമായ ക്രിസ്തു അപമാനകരമായ ഒരു കുരിശുമരണത്തിന് വിധേയമാകുമെന്നുള്ളത് ലോകദൃഷ്ട്യാ ഒരു പരാജയമാണ്. ഇതുവരെ ചെയ്തതെല്ലാം നിര്‍വീര്യമാക്കുന്ന ഒരു പ്രവൃത്തിയാണത്. മാത്രവുമല്ല അതിലൂടെ തന്റെ എണ്ണമറ്റ ശിഷ്യസമ്പത്ത് നഷ്ടപ്പെടുകയും ചെയ്യും. പൂര്‍ണമായ ഒരു ശൂന്യവല്‍ക്കരണത്തിലേക്ക് നയിക്കാവുന്ന അത് തടയുവാനാണ് മാനുഷികചിന്തയാല്‍ നയിക്കപ്പെട്ട പത്രോസിന്റെ പരിശ്രമം. ആ മനോഭാവത്തെയാണ് ഈശോ തിരുത്തുന്നത്. കുരിശുമരണം ശാശ്വതമായ വിജയം നേടിക്കൊടുത്ത ഒന്നാണെന്നും അത് മഹത്വപൂര്‍ണമായ ഉത്ഥാനത്തിലേക്കാണ് നയിച്ചതെന്നും നാളുകള്‍ കഴിഞ്ഞപ്പോഴാണ് പത്രോസിന് മനസിലായത്.
നെല്ലും പതിരും വേര്‍തിരിക്കുന്നതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മാനുഷികചിന്തയും ദൈവികചിന്തയും തമ്മില്‍ വേര്‍തിരിച്ചറിയുന്നത്. ആത്മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകിച്ച്, നേതൃസ്ഥാനത്തേക്ക് വിളിക്കപ്പെട്ടവര്‍ ഇതിന് പ്രാപ്തരാകണം. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. എന്നാല്‍ അത് അത്ര എളുപ്പമല്ലതാനും. കാരണം വളരെ യുക്തിഭദ്രവും ആകര്‍ഷകവുമായ രീതിയിലാണ് ലോകത്തിന്റെ ചിന്ത അവതരിപ്പിക്കപ്പെടുന്നത് എന്നതുതന്നെ.
ഒരു ഉദാഹരണമെടുക്കാം. വളര്‍ച്ചയുടെ പാതയിലാണ് ഒരു ധ്യാനകേന്ദ്രം. ധ്യാനിക്കുവാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ എത്തിച്ചേരുന്നു. കാലക്രമത്തില്‍ സ്ഥലപരിമിതി വളരെ രൂക്ഷമായി. കുറച്ചുസ്ഥലം വാങ്ങി കെട്ടിടങ്ങള്‍ പണിയണമെന്ന നില വന്നു. അന്വേഷിച്ചപ്പോള്‍ സ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വലിയ വിലയാണ്. അത്യാവശ്യമായതുകൊണ്ട് വാങ്ങിക്കാമെന്നുവച്ചു. വില ഉറപ്പിച്ചു. സെന്റിന് ഒരു ലക്ഷം. പക്ഷേ ഒരു പ്രശ്‌നം, സ്ഥലം വില്ക്കുന്ന വ്യക്തി പറയുകയാണ് അത്രയും വില ആധാരത്തില്‍ കാണിക്കരുത്. സാധാരണയുള്ള മാര്‍ക്കറ്റ് വില കാണിച്ചാല്‍ മതി. ധ്യാനകേന്ദ്രത്തിലുള്ളവരും അതിനെ പിന്തുണച്ചു. അതാണ് നാട്ടുനടപ്പ്. അതിലെന്താണ് തെറ്റ്? എന്നാല്‍ തീരുമാനമെടുക്കേണ്ടത് ലീഡറാണ്. സത്യത്തില്‍ അടിസ്ഥാനമിട്ട ഒരു കെട്ടിടമേ താന്‍ പണിതുയര്‍ത്തൂ എന്ന് അദ്ദേഹം ചിന്തിച്ചാല്‍ അത് ദൈവികമാണ്. അവിടെയേ ദൈവത്തിന്റെ സാന്നിധ്യവും അഭിഷേകവും തുടര്‍ന്ന് ലഭിക്കുകയുള്ളൂ.
ആത്മീയമേഖലയില്‍ മാത്രമല്ല ഭൗതികതലത്തിലും ദൈവികചിന്തയാല്‍ നയിക്കപ്പെടുക എന്നത് സര്‍വപ്രധാനമാണ്. വീടുണ്ടാക്കുവാന്‍ ഒരു കുടുബം തീരുമാനിക്കുന്നു. വീടുപണി തുടങ്ങി. വരുമാനം കുറവായതുകൊണ്ട് പൂര്‍ത്തിയാക്കുവാന്‍ നന്നേ വിഷമിക്കുകയാണ്. ബാങ്കില്‍നിന്നും കിട്ടാവുന്നിടത്തുനിന്നുമെല്ലാം കടമെടുത്ത് പൂര്‍ത്തിയാക്കുവാന്‍ ആലോചിക്കുന്നു. തിരിച്ചടവിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. വീടുപണി പൂര്‍ത്തിയാക്കാതെ കയറിക്കൂടുന്നത് മോശമല്ലേ, ഈ ചിന്തയാണ് ഭരിക്കുന്നത്. ഇത് സാമ്പത്തിക കെണിയിലേക്ക് നയിക്കുന്ന ഒരു മാനുഷികചിന്തയാണ്. എന്നാല്‍ ദൈവികചിന്തയാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിക്കും കുടുംബത്തിനും പക്വമായ ഒരു തീരുമാനമെടുക്കുവാന്‍ സാധിക്കും.
മക്കളുടെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും ഇത് പ്രധാനമാണ്. മിക്കവരുടെയും മക്കള്‍ വിദേശത്തേക്ക് പഠിക്കുവാനും ജോലിക്കും പോകുന്നു. ഇന്നത്തെ കാലത്ത് നാട്ടില്‍ ജീവിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്, ജോലി കണ്ടെത്തുവാനും. എങ്ങനെയെങ്കിലും പണം കണ്ടെത്തിയാല്‍ എന്റെ കുട്ടിയെയും വിദേശത്ത് വിടാമല്ലോ എന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാര്‍. പക്ഷേ ഇവിടെയും തീരുമാനമെടുക്കുവാന്‍ സഹായിക്കേണ്ടത് ദൈവികചിന്തയാണ്. അതാണ്, അതു മാത്രമാണ്, അനുഗ്രഹത്തിലേക്ക് നയിക്കുന്നത്.
മക്കള്‍ക്ക് വിവാഹം ആലോചിക്കുമ്പോള്‍ ഇക്കാലത്ത് മാനുഷികചിന്തയ്ക്കാണ് പ്രാധാന്യം. പെണ്‍കുട്ടി സുന്ദരിയാണോ, ചെറുക്കന് നല്ല ജോലിയും ആസ്തിയുമുണ്ടോ? ഇതൊക്കെയാണ് ഇപ്പോഴത്തെ പ്രധാന അന്വേഷണങ്ങള്‍. എന്നാല്‍ അവള്‍/അവന്‍ ദൈവഭയമുള്ളതാണോ കുടുംബം നല്ലതാണോ എന്ന് ആലോചിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ബാഹ്യമാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന വിവാഹങ്ങള്‍ മണല്‍പ്പുറത്ത് പണിത വീടുപോലെയാണല്ലോ.
ഇപ്പറഞ്ഞതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. എല്ലാ മനുഷ്യര്‍ക്കും മാനുഷികചിന്തയുണ്ടാകുന്നുണ്ട്. എന്നാല്‍ എങ്ങനെ ദൈവികചിന്ത കണ്ടെത്താനാകും? ഉത്തരം വളരെ എളുപ്പമാണ്. ദൈവത്തിന്റെ സഹായം തേടുക, കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക. നമ്മെ ശരിയായ തീരുമാനമെടുക്കുവാന്‍ സഹായിക്കുവാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ കൂടെത്തന്നെയുണ്ട്. അവിടുത്തെ വരങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി വിവേചന വരത്തിനായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക. മാനുഷികചിന്ത ഏതാണ്, ദൈവികചിന്ത ഏതാണ് എന്ന് വിവേചിച്ചറിയുവാന്‍ ഒരു വ്യക്തിയെ ഈ വരം സഹായിക്കും. ഒപ്പം ദൈവവഴിയിലൂടെ നടക്കുവാന്‍ ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
കര്‍ത്താവേ, വിശുദ്ധ പത്രോസിനുണ്ടായ പ്രലോഭനം ഇക്കാലത്ത് ഞങ്ങളും നേരിടുന്നു. പലപ്പോഴും മാനുഷികചിന്തകള്‍ ഞങ്ങളെ ആകര്‍ഷിക്കുന്നു. അതാണ് നല്ലതെന്നാണ് ഞങ്ങളുടെ ചിന്ത. എന്നാല്‍ എന്റെ ദൈവമേ, അങ്ങയുടെ ചിന്തയാണല്ലോ ശാശ്വത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത്. അത് തിരിച്ചറിയുവാനും അതനുസരിച്ച് എന്റെ ജീവിതം ക്രമീകരിക്കുവാനും അങ്ങയുടെ പരിശുദ്ധാത്മാവിന്റെ നിരന്തര കൃപ എനിക്ക് നല്കിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എപ്പോഴും ദൈവികചിന്തയാല്‍ നിങ്ങള്‍ നയിക്കപ്പെട്ടതുപോലെ ഞാനും നയിക്കപ്പെടുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമേന്‍.
കെ.ജെ. മാത്യു