”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!” ഡാനിയേലച്ചന്റെ വചന സന്ദേശത്തില്‍ ആവര്‍ത്തിച്ചു കേട്ട ഈ വാചകം എന്തുകൊണ്ടോ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. ആ അസ്വസ്ഥത ഈശോക്ക് മുന്നില്‍ തുറന്നുവച്ചു, ”ഈശോയേ, ഈ പറഞ്ഞത് ശരിയാണോ? ഭക്തര്‍ വിശ്വാസികളുമല്ലേ!!! എന്റെ ഒരു ആശ്വാസത്തിനു വേണ്ടിക്കൂടി ചോദിച്ചതാണ് കേട്ടോ.” പതിവുപോലെ ഹൃദയം നിറഞ്ഞ ആ ചിരിയല്ലാതെ മറുപടിയായി ഈശോ ഒന്നും പറഞ്ഞില്ല.
രണ്ട് ദിവസം കഴിഞ്ഞു കാണും… ഏറെ അസ്വസ്ഥതപെടുന്ന ഒരു കൂട്ടുകാരിയെ കണ്ടുമുട്ടി. നന്നായി പ്രാര്‍ത്ഥിക്കുന്ന ആളാണ്. എങ്കിലും കണ്ണുകളില്‍ വല്ലാത്ത നിരാശ…
സംസാരിച്ചപ്പോള്‍ നൂറുനൂറ് പ്രശ്‌നങ്ങള്‍… ജോലിഭാരം, കൊറോണ കാലമായതിനാല്‍ കുഞ്ഞിനെ സ്‌കൂളില്‍ വിടാനാകുന്നില്ല. കുഞ്ഞും വീടും ജോലിയും. ഭര്‍ത്താവിനും ജോലിഭാരം. ഇതിനിടയില്‍ കോവിഡും ബാധിച്ചു. അതിന്റേതായ ആരോഗ്യപ്രശ്‌നങ്ങള്‍. മാത്രമല്ല ഇപ്പോള്‍ പുതിയ ജോലിയിലേക്കു മാറി. ദൂരെ ഒരു സ്ഥലത്തേക്കു പോകണം, പുതിയ താമസസ്ഥലം കണ്ടെത്തണം, കുഞ്ഞിന് അവിടെ സ്‌കൂള്‍ കണ്ടെത്തണം… അങ്ങനെ അങ്ങനെ… എല്ലാറ്റിനുമുപരി പ്രായം കൂടുന്നു, രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. ഭര്‍ത്താവിന്റെയും അവളുടെയും മാതാപിതാക്കള്‍ അത് നിരന്തരം ഓര്‍മപെടുത്തുന്നുണ്ട്. എല്ലാം കൂടി ഭ്രാന്തുപിടിക്കുന്ന അവസ്ഥ.
കാര്യമായ മറുപടികളൊന്നും പറയാതെ അവളെ കേട്ടുകൊണ്ടിരുന്നു… ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അവളുടെ വാക്കുകളില്‍ നിറയെ. ‘എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്റെ ഈശോയേ’ എന്ന് ഞാന്‍ ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അല്‍പസമയത്തെ മൗനത്തിനുശേഷം അവള്‍ അല്‍പം സങ്കടത്തോടെ ചില കാര്യങ്ങള്‍കൂടി പങ്കു വച്ചു. കുഞ്ഞിന് മൂന്നു വയസായപ്പോള്‍ രണ്ടാമതൊരു കുഞ്ഞിനെ കുറിച്ചുള്ള ചിന്തയുണ്ടായിരുന്നു. മാതാപിതാക്കളും ഓര്‍മ്മപ്പെടുത്തിയിരുന്നു. അപ്പോഴാണ് കമ്പനിയില്‍നിന്നും ഒരു അറിയിപ്പ് ലഭിച്ചത്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ കാര്യമായി ലീവ് എടുക്കാതെ ജോലി ചെയ്താല്‍ പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന്. ആ പ്രതീക്ഷയില്‍ രണ്ടാമത്തെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. ഇപ്പോള്‍ രണ്ടു വര്‍ഷത്തിലേറെയായി. പ്രൊമോഷനുമില്ല, ശമ്പളവും കൂട്ടിയില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ ജോലി മാറി. പക്ഷേ പ്രതീക്ഷിച്ചതുപോലെ അടുത്തൊരിടത്തും കിട്ടിയില്ല. കോവിഡ് കാലം കൂടി ആയതിനാല്‍ കൂട്ടിനാരുമില്ലാതെ കുഞ്ഞും വല്ലാതെ ഒറ്റപ്പെട്ടു. അല്‍പനേരം ഒരുമിച്ചു പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ ഏറ്റുപറഞ്ഞും കുറച്ച് ആശ്വാസം തോന്നിയപ്പോള്‍ അവള്‍ തിരിയെ പോയി.
നെടുവീര്‍പ്പോടെ തിരുഹൃദയരൂപത്തിലേക്കു നോക്കിയിരുന്നപ്പോള്‍ വീണ്ടും ആ വാചകം മനസിലേക്കു വന്നു, ”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!” അറിയാതെ ഹൃദയത്തില്‍നിന്നും വിളിച്ചുപോയി, ”ഈശോയേ!” കുറെ നേരം കണ്ണുകളടച്ചിരുന്നു…
ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ സമയമായെന്ന ഈശോയുടെ സ്വരം അവര്‍ മനസിലാക്കിയതാണ്, പക്ഷേ വിശ്വസിച്ചില്ല. അന്ന് ആ കുഞ്ഞിനെ സ്വീകരിച്ചാല്‍; അതിന്റെ പേരില്‍ ലീവെടുത്താല്‍, പ്രൊമോഷന്‍ നഷ്ടപെടുമെന്ന് ഭയപെട്ടു. ഈശോയുടെ സ്വരത്തെക്കാള്‍ ഈ ലോകത്തിന്റെ സ്വരം അവര്‍ വിശ്വസിച്ചു, ഫലമോ? ഒരര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ ആദിമാതാപിതാക്കള്‍ക്കും സംഭവിച്ചത്!
ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്നും നൂറു ശതമാനം ഉറപ്പുള്ള ഒരു കാര്യമുണ്ട്; അന്ന് അവര്‍ ഈശോയുടെ സ്വരം കേട്ട് അത് വിശ്വസിച്ച് കുഞ്ഞിനെ സ്വീകരിച്ചിരുന്നെങ്കില്‍ പ്രതീക്ഷിച്ചതിലും എത്രയോ ഏറെ സന്തോഷവും സമാധാനവും ഇന്ന് അവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുമായിരുന്നു. ആ വാക്കുകള്‍ മാറ്റൊലിക്കൊള്ളുന്നു, ‘ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല…’
ഒരു കോണ്‍വെന്റിന്റെ സുരക്ഷിതത്വത്തില്‍ അല്ലലുകള്‍ ഏറെയില്ലാതെ ശുശ്രൂഷ ചെയ്തിരുന്ന ഒരു പാവം കന്യാസ്ത്രീ ഈശോയുടെ സ്വരം കേട്ട് വിശ്വസിച്ച് എല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങിയതിനാലല്ലേ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ ആയി മാറിയത്… ഈ ലോകത്തിന്റെ കണ്ണില്‍ അവര്‍ അന്ന് ചെയ്തത് മണ്ടത്തരമായിരുന്നില്ലേ!!!
എല്ലാവരുടെയും ഹൃദയങ്ങളില്‍ ഈശോ സംസാരിക്കുന്നുണ്ട്. എന്നാലതു തിരിച്ചറിയുന്നവര്‍; തിരിച്ചറിഞ്ഞാലും അത് വിശ്വസിക്കുന്നവര്‍; അതിനനുസൃതം പ്രവൃത്തിക്കുന്നവര്‍, വിരളമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം?”’എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?” (യാക്കോബ് 2/14). ”ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃതമാണ്” (യാക്കോബ് 2/26).
ഭക്തരാണ് നമ്മളെല്ലാം പക്ഷേ…. ഞായറാഴ്ചകളിലേ ട്യൂഷന്‍ ക്ലാസ് ഒഴിവാക്കി മക്കളെ ദൈവാലയത്തില്‍ കൊണ്ടുപോയാല്‍ പരീക്ഷക്ക് മാര്‍ക്ക് കുറയുമോ എന്ന ഭയം. രാഹുകാലം നോക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടായാലോ എന്ന ഭയം. ഓഫീസിലെ ടേബിളില്‍ ഒരു ക്രൂശിതരൂപം വയ്ക്കണമെന്ന് മനസു പറയുന്നെങ്കിലും അങ്ങനെ വച്ചാല്‍ മറ്റുള്ളവര്‍ വര്‍ഗീയവാദിയായി കാണുമോ എന്ന ഭയം. പലരുടെയും സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈശോയെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് മനസില്‍ തോന്നുന്നെങ്കിലും അവര്‍ എന്തു കരുതും എന്ന ഭയം. പുതിയ ഒരു ബന്ധം നല്ലതല്ലെന്നു മനസില്‍ തോന്നുന്നെങ്കിലും അതിനോടു നോ പറയാന്‍ ഭയം. ആത്മീയ ശുശ്രൂഷകള്‍ ചെയ്യാനായി പ്രചോദനം ലഭിക്കുന്നെങ്കിലും കൂട്ടുകാര്‍, സമൂഹം- കളിയാക്കുമോ എന്ന ഭയം….
ഈശോ അരുള്‍ ചെയ്ത ഒരു വചനം മനസില്‍ നിറഞ്ഞു നില്‍ക്കുന്നു, ”ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” (ലൂക്കാ
8/50).
മംഗള ഫ്രാന്‍സിസ്