പാതിരാവിലെ ഫോണ്‍കോള്‍ – Shalom Times Shalom Times |
Welcome to Shalom Times

പാതിരാവിലെ ഫോണ്‍കോള്‍


”ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ്ങനെ ചെയ്തത്?” രാവിലെതന്നെ മുറിയില്‍ ഈശോയുമായി വലിയ യുദ്ധം നടക്കുകയാണ്. തെളിവ് സഹിതം ഈശോയുടെ മുന്നില്‍ വാദം നടന്നു കൊണ്ടിരിക്കുന്നു… പക്ഷേ ഈശോ നിശബ്ദത തുടര്‍ന്നു.

എല്ലാം വിറ്റ് കുടുംബസമേതം വാടക വീട്ടിലേക്കിറങ്ങുമ്പോള്‍ ഈശോയോട് ഒരു വാക്ക് പറഞ്ഞിരുന്നു, ”ഇനി ഒരു വീട് നീ തരുന്നെങ്കില്‍ ഈശോയേ നിന്റെ വീടിന്റെ അടുത്തായിരിക്കണേ” എന്ന്…’ അതായത് ദൈവാലയത്തിനു അടുത്ത് വേണമെന്നായിരുന്നു ഡിമാന്‍ഡ്.

അത് ഏതായാലും ഈശോ സാധിച്ചു തന്നു, ഇടവകദൈവാലയത്തിനു തൊട്ടു മുന്നില്‍. ആ വീട് ജപ്തി ചെയ്തുപോവാതിരിക്കാന്‍ ആണ് ഈ ലോണ്‍ അപേക്ഷ. എന്നിട്ടിപ്പോള്‍ ഈശോക്ക് ഒരു കുലുക്കവും ഇല്ല. ”അവിടുന്ന് എന്റെ വാക്കുകള്‍ക്കൊന്നും മറുപടി പറയുകയില്ല എന്നു പറഞ്ഞ് നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്? ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു; പിന്നെ വേറൊരു രീതിയില്‍; എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല” (ജോബ് 33/13-14).

കടബാധ്യതകള്‍ എല്ലാം ഒന്നിച്ചുവീട്ടി സമാധാനമായി കഴിയാനുള്ള ആഗ്രഹം കൊണ്ട് വലിയൊരു സംഖ്യ ആണ് ലോണ്‍ അപേക്ഷിച്ചിട്ടുള്ളത്. പക്ഷേ എന്തുചെയ്തിട്ടും ലോണ്‍ പാസാകുന്നില്ല. പിന്നെ എങ്ങനെ ഈശോയോടു വഴക്കിടാതിരിക്കും?

ഇന്നത്തെ വഴക്കു തീരണമെങ്കില്‍ ഈശോ മറുപടി പറഞ്ഞേ പറ്റൂ… വഴക്കിനൊടുവില്‍ ഈശോയുടെ അടുത്ത് ഇരുന്ന് കൊച്ചുകുഞ്ഞിനെപ്പോലെ നിലവിളിച്ചു കരഞ്ഞു. എപ്പോഴോ ഞാന്‍ തളര്‍ന്നു മയങ്ങി. മയക്കത്തിനൊടുവില്‍ സ്വര്‍ണ ലിപികളില്‍ അറുപതിനായിരം എന്നൊരു സംഖ്യ കണ്‍മുന്നിലൂടെ മിന്നി മാഞ്ഞു… ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് ആലോചിച്ചു. ഒരു കടലാസുകഷണം എടുത്ത് അതില്‍ 60000 ദിര്‍ഹം എന്ന് സംഖ്യയായി എഴുതി. അതിനെ ഇന്ത്യന്‍ രൂപയായി മാറ്റിനോക്കി; പന്ത്രണ്ടു ലക്ഷം വരും.

ഏകദേശം കാര്യങ്ങള്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. അമ്മയെ ഉടന്‍ ഫോണില്‍ വിളിച്ചു. ഭവനവായ്പമാത്രം എത്ര രൂപ അടയ്‌ക്കേണ്ടിവരും എന്ന് ചോദിച്ചു. മുതലും പലിശയും അടക്കം പന്ത്രണ്ടു ലക്ഷത്തോളം വരും എന്ന് മറുപടി. അപ്പോള്‍ പ്രശ്‌നം മനസ്സിലായി. കുടുംബത്തിന്റെ മുഴുവന്‍ കടവും വീട്ടാനുള്ള സമയം ആയിട്ടില്ല. തല്ക്കാലം ഭവനവായ്പമാത്രം അടയ്ക്കാന്‍ ആണ് ഈശോയുടെ പ്ലാന്‍. പിന്നെ ഒന്നും നോക്കിയില്ല.

നേരെ ബാങ്കിലേക്ക്… പുതിയ ലോണിനുള്ള അപേക്ഷ കൊടുത്തു. ആദ്യം ആവശ്യപ്പെട്ട തുകയ്ക്കുപകരം അറുപതിനായിരം എന്നെഴുതി. ഒരാഴ്ചക്കുള്ളില്‍ പണം അക്കൗണ്ടില്‍ വന്നു! ”എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു” (ജോബ് 19/25).

അവധിക്ക് നാട്ടിലെത്തി. ബാങ്കില്‍ പണമടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്ത് മാതാപിതാക്കളുടെ കയ്യില്‍ ഏല്‍പിച്ചു. അമ്മയുടെ നിറഞ്ഞ കണ്ണുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് ദുബായിലേക്ക് തിരിച്ചുള്ള യാത്ര. എയര്‍പോര്‍ട്ടില്‍ അങ്ങുമിങ്ങും നോക്കി ഇരിക്കുമ്പോള്‍ ഈശോയോടു ചെറിയൊരു രഹസ്യം പറച്ചില്‍…. ””ഈശോയേ, പറയുന്നത് അത്യാഗ്രഹം ആണെങ്കില്‍ ക്ഷമിക്കണം.

മാതാപിതാക്കള്‍ക്ക് വയസ്സായി. ചെറിയ രോഗാവസ്ഥകളും ഉണ്ട്. അനിയത്തിയുടെ വിവാഹം നടത്താനുണ്ട്. വീട്ടില്‍ ഒരു കാര്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. ഓരോ തവണ ടാക്‌സിക്ക് വേണ്ടി അലയുകയും വേണ്ട. കയ്യിലുള്ള പണമെല്ലാം കടം വീട്ടാന്‍ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ അടുത്ത ലീവിന് എന്നെ എയര്‍പോര്‍ട്ടില്‍നിന്ന് കൊണ്ടുപോവാന്‍ ഒരു കാര്‍ വീട്ടില്‍ കൊടുത്തേക്കണേ.”’

സുരക്ഷിതമായി ദുബായില്‍ തിരിച്ചെത്തി. നവംബര്‍ മാസം കടന്നുപോയി. ആയിടക്ക് ഇടവക ദൈവാലയത്തിന്റെ പുതുക്കിപ്പണിയല്‍ നടന്നുകൊണ്ടിരിക്കുന്നു. വീട്ടില്‍നിന്ന് അമ്മയും ഒപ്പം ഞാനും കഴിയുന്ന വിധത്തില്‍ ചെറിയൊരു പങ്ക് ഈശോയുടെ ആലയത്തിനായി കൊടുത്തു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. ഒരു പാതിരാവില്‍ വീട്ടില്‍നിന്നുള്ള ഫോണ്‍കോള്‍ ഭയത്തോടെ യാണ് അറ്റന്‍ഡ് ചെയ്തത്. പക്ഷേ ഈശോയുടെ സ്‌നേഹവും കരുതലും കണ്ടപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ദൈവാലയത്തില്‍ ആ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള ലക്കി ഡ്രോയില്‍ ഒരു ആള്‍ട്ടോ കാര്‍ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു! ഈശോ തന്ന ക്രിസ്മസ് സമ്മാനം!! തന്റെ പരസ്യ ജീവിതകാലം മുഴുവന്‍ നാടെങ്ങും കിലോമീറ്ററുകള്‍ നടന്നു സഞ്ചരിച്ച വ്യക്തിയായതുകൊണ്ട് വാഹനത്തിന്റെ ആവശ്യം പുള്ളിക്കാരന് പെട്ടെന്ന് മനസ്സിലായെന്നു വേണം കരുതാന്‍…

ഈശോയുടെ സമ്മാനം ആയതു കൊണ്ട് ഞങ്ങള്‍ കാറിന് ഒരു പേരിട്ടു, ‘ഗിഫ്റ്റ് ഓഫ് ഗോഡ്.’ ഈശോ തന്ന ഭവനത്തിനും അത് തന്നെയാണ് പേര്. ”എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” (യോഹന്നാന്‍ 14/14).

ആന്‍ മരിയ ക്രിസ്റ്റീന