ലോകംചുമന്ന ഈ ബാലനാണ് താരം – Shalom Times Shalom Times |
Welcome to Shalom Times

ലോകംചുമന്ന ഈ ബാലനാണ് താരം

കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു
ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാലന്റെ ഭാരം വര്‍ധിച്ചുവന്നു. ശക്തിമാനും മല്ലനുമായ കടത്തുകാരന് കൊച്ചുബാലന്റെ ഭാരം താങ്ങാനാകാതെ കിതപ്പോടെ നിന്നു: ”നീ ഏതാ പയ്യന്‍? ഇത്തിരിപ്പോന്ന
ചെക്കനാണേലും എന്തൊരു ഭാരമാ? ഈ ലോകംമൊത്തം നിന്റെ തലേലാണോ?” അപ്പോള്‍ ബാലന്‍ പറഞ്ഞു, ”ശരിയാണ്, ലോകത്തിന്റെ മുഴുവന്‍ പാപഭാരമാണ് ഞാന്‍ വഹിക്കുന്നത്. അതാണ് ഇത്രയും ഭാരം.” ബാലനായ ഈശോയെ ചുമലില്‍ വഹിച്ച ആ കടത്തുകാരന്‍ പിന്നീട് വിശുദ്ധ ക്രിസ്റ്റഫറായി.
ക്രിസ്തുവിനെ വഹിക്കുന്നവരാണ്, വഹിക്കേണ്ടവരാണല്ലോ, ക്രൈസ്തവര്‍.
ക്രിസ്തുവിനെ വഹിക്കുമ്പോള്‍ അവിടുന്ന് വഹിക്കുന്ന ലോകത്തിന്റെ പാപങ്ങളും
രോഗവും ക്ലേശങ്ങളും നാം വഹിക്കേണ്ടതായുണ്ട്. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ്
അവന്റെമേല്‍ ചുമത്തി (ഏശയ്യ 53/6). അവ മാറ്റിവച്ചുകൊണ്ട് ക്രിസ്തുവിന് നമ്മില്‍
വസിക്കാന്‍ സാധിക്കില്ല. അതായത്, ക്രൈസ്തവര്‍ ക്രിസ്തുവിനോടൊപ്പം ലോകത്തിന്റെ പാപങ്ങള്‍ക്കും ഭാരങ്ങള്‍ക്കും പരിഹാരം ചെയ്യേണ്ടവരാണ്. ക്രിസ്തുവിന്റെ പീഡകളുടെ കുറവ് സ്വശരീരത്തില്‍ നികത്തുന്ന പൗലോസ് ശ്ലീഹായെ
കൊളോസോസ് 1/24ല്‍ കാണാം. മറ്റൊരര്‍ത്ഥത്തില്‍,
പാപികളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും
പരിഹാരം ചെയ്യുകയും സഹിക്കുകയും ചെയ്യുന്നവര്‍
ഒരിക്കലും തനിച്ചല്ല, അവരോടുകൂടെ ക്രിസ്തുവും
സഹിക്കുകയും പരിഹാരബലിയാവുകയും ചെയ്യുന്നുണ്ട്.

”നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍
അവനോടുകൂടെ ജീവിക്കും” (റോമാ 6/8).
ഈശോയോടൊപ്പം സഹിക്കാനും മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് പരിഹാരബലിയാകാനും സാധിച്ചാല്‍ അവിടുത്തെ മഹത്വത്തിലും അവിടുന്ന് നമ്മെ പങ്കാളിയാക്കും. ക്രിസ്തു
പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ… അവന്റെ മരണത്തിന്
സദൃശമായ മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരെങ്കില്‍ അവന്റെ
പുനരുത്ഥാനത്തിനു സദൃശമായ പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടിരിക്കും
(റോമാ 6/4,5) എന്ന് തിരുവചനം സുവ്യക്തമാക്കുന്നു.
ക്രിസ്തു ഉത്ഥാനം ചെയ്തത് പിതാവിന്റെ മഹത്വത്തിലാണ്. അത് സൂര്യനെ വെല്ലുന്ന ശോഭയോടെയാണെന്ന് മിസ്റ്റിക്കുകള്‍ക്ക് വെളിപ്പെടുത്തപ്പട്ടിട്ടുണ്ട്. എങ്കില്‍, ആ തേജസും മഹത്വവും നമുക്കും കൈവരും. ‘അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍
നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും’ എന്ന് ദാനിയേല്‍ 12/3- ഉം
സാക്ഷ്യപ്പെടുത്തുന്നു. പീഡിതനായ ക്രിസ്തുവിനോട് എത്രമാത്രം താദാന്മ്യപ്പെടുന്നുവോ അത്രമാത്രം അവിടുത്തെ മഹത്വത്തിലും നമുക്കു പങ്കുലഭിക്കും. അതിനാല്‍
പരിഹാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഈ നാളില്‍ ക്രിസ്തുവില്‍ അനേകരുടെ
പരിഹാരബലിയായിക്കൊണ്ട്, ഈസ്റ്ററില്‍ അവിടുത്തെ ഉത്ഥാനത്തിന്റെ തേജസ്
സ്വന്തമാക്കാം.
കര്‍ത്താവേ, അനേകര്‍ക്കുവേണ്ടി അങ്ങയോടൊപ്പം പരിഹാരബലിയായിക്കൊണ്ട്, ഉത്ഥാനതിരുനാളിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേന്‍.