വലിയ ഹൃദയഭാരത്തോടെയാണ് ആ രാത്രിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നത്. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായാമംമാത്രം ആയിരുന്നു. മനസ് നിറയെ ചോദ്യങ്ങളാണ്.
പരിത്യജിക്കപ്പെടുന്നതിന്റെ വേദന എത്ര വലുതാണ്. അതും സ്വന്തമെന്നും, എന്നും കൂടെ നില്‍ക്കുമെന്നും ഉറപ്പിച്ചിരുന്ന ഒരാളില്‍നിന്ന്. സങ്കീര്‍ത്തകന്‍ പാടുന്നതുപോലെ ”ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു. എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുമായിരുന്നു. എന്നാല്‍ എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്” (സങ്കീര്‍ത്തനങ്ങള്‍ 55/12-13). തിരസ്‌കരണത്തിന്റെ തീവ്രമായ ഒരു അനുഭവം ആയിരുന്നു അത്. എന്നും കൂടെ ഉണ്ടാകുമെന്ന് കരുതിയ സുഹൃത്ത് വളരെ ലാഘവത്വത്തോടെ അവളുടെ ജീവിതത്തില്‍നിന്ന് എന്നെ അടര്‍ത്തി മാറ്റിയത് എനിക്ക് സഹിക്കാന്‍
പറ്റുന്നതിലും അപ്പുറം ആയിരുന്നു. അതും മതിയായ ഒരു കാരണംപോലും പറയാതെ. വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം വില കൊടുത്തിരുന്ന ഞാന്‍ ആകെ തകര്‍ന്നുപോയി. എന്ത് ദൈവിക പദ്ധതിയാണ് ഇതില്‍ കാണുവാന്‍ കഴിയുക? എന്തിനാണ് ദൈവമേ അങ്ങ് ഇത് അനുവദിച്ചത്!
തീരാത്ത പരാതികളുമായി ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഇരുന്നു. അവിടുത്തെ ഉത്തരത്തിനായി ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയത് യോനാ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായം ആയിരുന്നു. ഈ തിക്താനുഭവത്തോട് അതിനെ ബന്ധപ്പെടുത്താന്‍ സാധിച്ചില്ലെങ്കിലും ഒരു ആത്മീയദാഹത്തോടെ എല്ലാ അധ്യായങ്ങളും വായിച്ചു തീര്‍ത്തു. അപ്പോള്‍ അതാ ഉള്ളില്‍നിന്ന് ദൈവാത്മാവിന്റെ മധുരസ്വരം. ”കുഞ്ഞേ, നീ തകരരുത്. താര്‍ഷീഷില്‍നിന്നും നിനവേയിലേക്കുള്ള ദൂരമാണ് ഇത്.” അതെ, എന്റെ പദ്ധതിയാകുന്ന താര്‍ഷീഷില്‍നിന്നും ദൈവം എനിക്കായി ഒരുക്കിയിരിക്കുന്ന നിനവേയിലേക്കുള്ള യാത്രയായിരുന്നു ഈ തിരസ്‌കരണത്തിന്റെ അനുഭവം. നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് നാം അനുഭവങ്ങളെ അളക്കുന്നു. എന്നാല്‍ അവ അനുവദിക്കുന്ന സര്‍വശക്തന്റെ പദ്ധതികള്‍ നമുക്ക് പലപ്പോഴും അഗ്രാഹ്യമാണ്. ”കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല” (ഏശയ്യാ 55/8). എനിക്കേറ്റവും പ്രിയപ്പെട്ട ആ ബന്ധം എനിക്ക് നന്നല്ല എന്നറിയുന്ന ദൈവം അത് മുറിക്കപ്പെടാന്‍ അനുവദിക്കുകയായിരുന്നു.
ഒരിക്കലെങ്കിലും തിരസ്‌കരണത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്ത ആരെങ്കിലും നമ്മിലുണ്ടോ? അവ ദൈവപദ്ധതിയുടെ ഭാഗമായി കാണുവാന്‍ നമുക്ക് സാധിക്കാറുണ്ടോ? യോനാ പ്രവാചകന്റെ അനുഭവം നമുക്ക് ചിലത് പറഞ്ഞുതരും. താര്‍ഷീഷിലേക്ക് കപ്പല്‍ കയറിയപ്പോള്‍ ദൈവം തനിക്കായി ഒരുക്കിയിരിക്കുന്ന ദൗത്യത്തില്‍നിന്നുമാണല്ലോ അദ്ദേഹം ഒളിച്ചോടിയത്. ”അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി” (യോനാ 1/3). ആഞ്ഞടിച്ച കാറ്റും തന്നെ വിഴുങ്ങിയ തിമിംഗലവും കര്‍ത്താവിന്റെ പദ്ധതിപ്രകാരം ആണെന്ന് വചനം പറയുന്നുണ്ടല്ലോ. ”എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു. കടല്‍ക്ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി” (യോനാ 1/4). ”യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്സ്യത്തെ നിയോഗിച്ചു” (യോനാ 1/17).
ആ കൊടുങ്കാറ്റു വീശുവാന്‍ അവിടുന്ന് അനുവദിച്ചില്ലായിരുന്നെങ്കില്‍ യോനാ കപ്പലില്‍നിന്നും എറിയപ്പെടുമായിരുന്നോ? സ്വന്തം പദ്ധതിപ്രകാരം താര്‍ഷീഷില്‍ എത്തിച്ചേര്‍ന്നാല്‍ ദൈവികപദ്ധതി നിറവേറപ്പെടുന്നതെങ്ങനെ? ആ എറിയപ്പെടല്‍ ദൈവികപദ്ധതിയുടെ ആരംഭംമാത്രം ആയിരുന്നില്ലേ? തിമിംഗലത്തിന്റെ ഉള്ളിലായിരുന്ന സമയം ഭയത്തില്‍ അല്ല പ്രാര്‍ത്ഥനയില്‍ ആയിരുന്നു യോനാ. ആ ഇരുട്ടിന്റെ അനുഭവം അദ്ദേഹം തന്റെ പ്രാര്‍ത്ഥനകൊണ്ട് ദൈവികപദ്ധതിയുടെ മുന്നോടിയാക്കി മാറ്റുകയായിരുന്നു. പലപ്പോഴും നാം ആശ്രയം കണ്ടെത്തുന്ന നമ്മുടെ ചില ബന്ധങ്ങളും സ്വഭാവങ്ങളും തഴക്കങ്ങളുമൊക്കെ ദൈവത്തില്‍നിന്നും നമ്മെ മറയ്ക്കുന്ന ‘താര്‍ഷീഷുകള്‍’ ആവുകയല്ലേ?
താന്‍ സ്‌നേഹിക്കുന്നവരെ, പ്രത്യേകം തിരഞ്ഞെടുത്തവരെ, പലപ്പോഴും അവിടുന്ന് ഇങ്ങനെ ഒരു കൊടുങ്കാറ്റിലൂടെ അതുവഴി ഒരു ശുദ്ധീകരണത്തിലൂടെ കടന്നുപോകുവാന്‍ അനുവദിക്കും. അത് അവിടുന്ന് നമ്മെ ഒരു ദൗത്യം ഏല്‍പിക്കുന്നതിന്റെ മുന്നോടിയായിരിക്കും. എപ്പോഴും അവിടുത്തേക്ക് നമ്മെ എടുത്തുപയോഗിക്കുന്നതിന് തടസമായ ഒരു സ്വഭാവമോ തഴക്കദോഷമോ ഒരു ബന്ധമോ ആയിരിക്കാം നാം ഉപേക്ഷിക്കേണ്ടിവരിക. ഈ കൊടുങ്കാറ്റ് ചിലപ്പോള്‍ നമ്മെ മറ്റുള്ളവര്‍ അവരുടെ ജീവിതത്തില്‍നിന്ന് എടുത്തുകളയാന്‍ കാരണമായേക്കാം. നമ്മളാണ് അവരുടെ ജീവിതത്തിന് നാശകാരണം എന്ന് ആരോപിതരായേക്കാം. യോനാ പ്രവാചകന്റെ കാര്യം ഓര്‍മിക്കുക.
നമ്മെ അവര്‍ വലിച്ചെറിയുമ്പോള്‍ നാം ചെന്നുവീഴുന്നത് നമ്മുടെ ദൈവത്തിന്റെ കരങ്ങളിലാണെന്ന് മറക്കാതിരിക്കുക. അത് അനുവദിക്കുന്ന അവന്‍ നമുക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ പൂര്‍ണമായി വിശ്വസിക്കുക. ഒരുപക്ഷേ യോനാ തിമിംഗലത്തിന്റെ ഉള്ളില്‍ ആയിരുന്നപോലെ ഇരുട്ടിന്റെയും അരക്ഷിതാവസ്ഥയുടെയും ഒരനുഭവത്തിലൂടെ നാം കടന്നുപോയേക്കാം.
നിഷ്‌ക്രിയത്വത്തിന്റെ ഈ ഇരുട്ട് പ്രാര്‍ത്ഥിക്കുവാനായും ദൈവികപദ്ധതിയില്‍നിന്നും നാം എങ്ങനെ വ്യതിചലിച്ചുവെന്ന് വിചിന്തനം ചെയ്യുവാനായും ദൈവം അനുവദിക്കുന്ന സമയം മാത്രമാണ്. ഒരുപക്ഷേ വലിയ പാപാവസ്ഥ ഒന്നും ആയിരിക്കില്ല നമ്മെ വഴിതെറ്റിച്ചത്. പരിശുദ്ധാത്മാവിന്റെ ശാന്തസ്വരം ശ്രവിക്കാനുള്ള ഒരു ആന്തരിക ശാന്തതയുടെ അഭാവം ആയിരിക്കാം അതിനു കാരണം. അത് നാം തിരിച്ചറിയണം. എങ്കില്‍ മാത്രമേ ആത്മാവിന്റെ സ്വരം നമുക്ക് ശ്രാവ്യമാകൂ.
ഏത് വേദന തിങ്ങുന്ന അനുഭവത്തിലും ദൈവികപദ്ധതി കാണുവാന്‍ നമ്മുടെ ആന്തരികനയനങ്ങള്‍ തുറന്നിരിക്കട്ടെ. അനുഭവപ്പെടുന്ന വേദന തീവ്രമെങ്കിലും ഇരുട്ട് ഘനമുള്ളതെങ്കിലും മുമ്പിലുള്ള ആ വഴി അനുഗ്രഹത്തിന്റെ വഴിയായിരിക്കും. ആ സഹനവഴിയുടെ ദൂരമോ നമ്മുടെ പദ്ധതിയാകുന്ന, നമ്മെ ദൈവത്തില്‍നിന്നും മറയ്ക്കുന്ന ‘താര്‍ഷീഷില്‍’നിന്ന് നമുക്കായി ദൈവം കരുതിവച്ചിരിക്കുന്ന അവിടുത്തെ പദ്ധതിയായ ‘നിനവേ’യിലേക്കുള്ള ദൂരംമാത്രം.
ദീപ വിനോദ്