അന്ന് ഒരു അവധി ദിവസമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് എനിക്ക് മേലധികാരിയുടെ വീട്ടില്‍ പോകേണ്ടി വന്നു. അവിടെവച്ച് അവരുടെ ഭര്‍ത്താവുമായി പരിചയപ്പെട്ടു. അദ്ദേഹം എന്നോട് ചോദിച്ചു, ”എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാറുണ്ടോ?”
”ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പോകാറുണ്ട്. എനിക്കും ഭാര്യയ്ക്കും ജോലിക്കും മക്കള്‍ക്ക് സ്‌കൂളിലും പോകേണ്ടതിനാല്‍ എല്ലാ ദിവസവും എനിക്ക് ദൈവാലയത്തില്‍ പോകാന്‍ സാധിക്കാറില്ല,” ഇതായിരുന്നു എന്റെ മറുപടി.
അദ്ദേഹം പറഞ്ഞു, ”മനസു വയ്ക്കുകയാണെങ്കില്‍ നമുക്കെല്ലാം സാധിക്കും. ഞങ്ങള്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനുശേഷമാണ് ജോലിക്ക് പോകാറുള്ളത്. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. ഈശോയെ സ്വീകരിച്ചതിനുശേഷം ഒരു ദിവസം ആരംഭിക്കുമ്പോള്‍ ആ ദിവസം മുഴുവന്‍ ഈശോ ഞങ്ങളെ അനുഗ്രഹിക്കുന്നു.” അതിനുശേഷം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാമുറിയില്‍ കൂട്ടിക്കൊണ്ടുപോയി എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തന്റെ വീടിന്റെ ഏറ്റവും നല്ല മുറി അദ്ദേഹം മനോഹരമായി അലങ്കരിച്ച് പ്രാര്‍ത്ഥനാമുറിയാക്കി മാറ്റിയിരിക്കുന്നു.
ബാങ്കില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം മുടങ്ങാതെ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം എനിക്ക് അത്ഭുതമായി. ദൈവാലയത്തിന്റെ 400 മീറ്ററിനുള്ളില്‍ താമസിക്കുന്ന എനിക്ക് എന്തുകൊണ്ട് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്ക് പോയിക്കൂടായെന്ന് ഞാന്‍ ചിന്തിച്ചു. പിറ്റേന്ന് മുതല്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കാനും ഈശോയെ സ്വീകരിക്കാനും അവിടുന്നെനിക്ക് കൃപ നല്കി. 2017 ഓഗസ്റ്റ് മാസത്തിലാണ് ഈ നല്ല ശീലം തുടങ്ങിയത്. കോവിഡ് -19 മൂലം ദൈവാലയങ്ങള്‍ അടച്ചപ്പോഴും ചുരുക്കം മറ്റു ചില ദിവസങ്ങളും മാത്രമേ പിന്നീട് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നിട്ടുള്ളൂ.
വിശുദ്ധ കുര്‍ബാനയില്‍ മുടങ്ങാതെ സംബന്ധിക്കണമെങ്കില്‍ ദൈവത്തിന്റെ കൃപ വേണം. ആ കൃപയ്ക്കുവേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കണം.
മുടങ്ങുമെന്ന് ഉറപ്പായ ചില അവസരങ്ങളില്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചതുമൂലം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സാധിച്ച പല അവസരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. മകള്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ആ വര്‍ഷത്തെ സ്‌കൂളില്‍നിന്നുള്ള വിനോദയാത്ര മൂന്നാറിലേക്കായിരുന്നു. ഓരോ ക്ലാസില്‍നിന്നും ഒരു രക്ഷാകര്‍ത്താവും പങ്കെടുക്കണമെന്ന് പി.ടി.എ തീരുമാനിച്ചു. അതനുസരിച്ച് കുട്ടികളുടെ കൂടെ പോകുവാന്‍ ക്ലാസ്ടീച്ചര്‍ എന്നോടാണ് ആവശ്യപ്പെട്ടത്. അവരുടെ കൂടെ പോകുവാന്‍ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും രണ്ടുദിവസത്തെ വിശുദ്ധ കുര്‍ബാന മുടങ്ങുമെന്നോര്‍ത്ത് ഞാന്‍ ടീച്ചറോട് പറഞ്ഞു, ”എന്നെ ഈ യാത്രയില്‍നിന്ന് ഒഴിവാക്കിയാല്‍ നന്നായിരുന്നു. ഈ യാത്രയ്ക്കിടെ എന്റെ അനുദിനദിവ്യബലി മുടങ്ങിയേക്കും.” ടീച്ചര്‍ പറഞ്ഞു, ”വെളുപ്പിന് 5.30-ന് നമ്മള്‍ മൂന്നാറില്‍ എത്തും. താമസിക്കുന്ന ഹോട്ടലിന്റെ അടുത്ത് ഒരു ദൈവാലയമുണ്ട്. അവിടെ നിങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാം.” ആ പ്രതീക്ഷയില്‍ ഞാനും യാത്രയായി.
വൈകിട്ട് യാത്ര തിരിച്ച ഞങ്ങള്‍ പിറ്റേന്ന് രാവിലെ 7.30-നാണ് മൂന്നാറില്‍ എത്തിയത്. ടീച്ചര്‍ പറഞ്ഞ ദൈവാലയത്തില്‍ ആ സമയത്ത് വിശുദ്ധ കുര്‍ബാന കഴിഞ്ഞിരുന്നു. എനിക്കാകെ വിഷമമായി. അതുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”ഈശോയേ, ഇന്ന് അങ്ങയെ സ്വീകരിക്കാന്‍ എന്തെങ്കിലും മാര്‍ഗം കാണിച്ചു തരണമേ.” യാത്രയുടെ സമയത്തും ഈ നിയോഗത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ടീച്ചര്‍ വിളിച്ചു, ഞങ്ങളുടെ കൂടെ അധ്യാപകനായ ഒരച്ചന്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം അടുത്തുള്ള ദൈവാലയത്തില്‍വച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെന്നുമാണ് ടീച്ചര്‍ അറിയിച്ചത്. അങ്ങനെ എനിക്ക് മുടങ്ങാതെ പരിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ സാധിച്ചു.
വിമാനമില്ല, കുര്‍ബാനയുണ്ട്!
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഞങ്ങളുടെ ഇടവക ദൈവാലയവും അടച്ചു. ആ ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലൂടെയാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. പക്ഷേ ഈശോയെ സ്വീകരിക്കാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് വിഷമമായിരുന്നു. ദൈവാലയം വേഗം തുറക്കാന്‍വേണ്ടി എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ വികാരിയച്ചനെ വിളിച്ച് ഒരു ദിവസം ഈശോയെ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിത്തരുമോയെന്ന് ചോദിച്ചു. അച്ചന്‍ പറഞ്ഞു, ”നാളെ രാവിലെ പോന്നോളൂ. വേണ്ട സൗകര്യം ചെയ്തുതരാം.”
ഞങ്ങളുടേത് ഒരു ആശ്രമദൈവാലയമാണ്. അവിടെ പെറുവില്‍നിന്ന് അവധിക്കുവന്ന ഒരച്ചനുണ്ടായിരുന്നു. അച്ചന്‍ ദിവസവും തനിയെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനാല്‍ എനിക്ക് മുടങ്ങാതെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിച്ചു. കോവിഡ് മൂലം വിമാന സര്‍വീസ് നീട്ടിയതിനാല്‍ ഞങ്ങളുടെ ഇടവകദൈവാലയം വീണ്ടും തുറക്കുന്നതുവരെ അച്ചന്‍ ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു.
പരിശുദ്ധ ബലിയില്‍ പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാലാഖമാരോടും കൂടെ പങ്കെടുക്കാന്‍ കഴിയുന്നത് എത്രയോ ഭാഗ്യമാണ്. ഈശോ ഒരുപാട് അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയൊന്നും അവിടുത്തേക്ക് വേദനയോ സഹനമോ ഉണ്ടായതായി കാണുന്നില്ല. എന്നാല്‍ ഈശോയ്ക്ക് ഏറ്റവും സഹിക്കേണ്ടി വന്നത് വിശുദ്ധ കുര്‍ബാനയാകാനാണ്. തന്റെ ചങ്ക് പിളര്‍ന്നുകൊണ്ടാണ് അവിടുന്ന് വിശുദ്ധ കുര്‍ബാനയായത്. മനുഷ്യനിര്‍മിതമായ അപ്പവും വീഞ്ഞും തന്റെ ശരീരവും രക്തവുമായി മാറ്റി അവിടുന്ന് ഓരോ വിശുദ്ധ ബലിയിലും നമ്മെ കാത്തിരിക്കുന്നു. അവിടുന്ന് പറയുന്നു, ”എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും” (യോഹന്നാന്‍ 6/54).
തോമസ് പി.എം
വയനാട് തലപ്പുഴ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവകാംഗമാണ് തോമസ്. ശാലോം പ്രസിദ്ധീകരണങ്ങളുടെ
ഏജന്റ് ആയി ശുശ്രൂഷ ചെയ്യുന്നു. ഭാര്യ: മിനി, മക്കള്‍: ധന്യ, ദിവ്യ, റിച്ചാര്‍ഡ്.