2 അത്ഭുതങ്ങള്‍ ഒരു പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

2 അത്ഭുതങ്ങള്‍ ഒരു പ്രാര്‍ത്ഥന

ഞാനും കുടുംബവും കുവൈറ്റിലാണ് താമസം. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. രാത്രി 9.30 ആയിട്ടുണ്ട്. ഞങ്ങള്‍ ഒരു കടയില്‍ കയറാനായി വേറൊരു വഴിയിലേക്ക് കാര്‍ തിരിച്ചു. രാത്രിയായിരുന്നതിനാല്‍ ആ വഴിയില്‍ അധികം ആളുകളോ വാഹനങ്ങളോ ഇല്ല. പെട്ടെന്ന് വലിയ മൂന്ന് പട്ടികള്‍ ഞങ്ങളുടെ കാറിന്റെ പുറകെ വലിയ സ്വരത്തില്‍ കുരച്ചുകൊണ്ട് അതിവേഗം വന്നു.

സാധാരണ പട്ടികളെക്കാള്‍ വലിപ്പവും ഭയാനകമായ മുഖഭാവവും കണ്ട് വലിയ ഭയം തോന്നി. ഞങ്ങള്‍ കുട്ടികളുമൊരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നിട്ടും ഈ പട്ടികള്‍ ഞങ്ങളെ വിടാതെ വലിയ ശബ്ദത്തില്‍ കുരച്ചുകൊണ്ട് ക്രൂരഭാവത്തോടെ കാറിനെ പിന്തുടര്‍ന്നു.

ആ സമയത്ത് ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചത് എന്റെ ഓര്‍മ്മയിലെത്തി. ഒരു സുവിശേഷപ്രസംഗകന്‍ തന്റെ ജീവിതാനുഭവങ്ങള്‍ എഴുതിയ ഒരു പുസ്തകമായിരുന്നു അത്. യേശുവിന്റെ തിരുരക്തത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ആ വ്യക്തി രക്ഷപെട്ട ചില അനുഭവങ്ങള്‍ അതില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. അതോര്‍ത്തപ്പോള്‍ പെട്ടെന്ന് ഞാന്‍ ‘ഈശോയുടെ തിരുരക്തമേ ഞങ്ങളെ രക്ഷിക്കണമേ’ എന്നുറക്കെ പ്രാര്‍ത്ഥിച്ചു.

മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിച്ചപ്പോഴേക്കും പട്ടികള്‍ കുര നിര്‍ത്തി! തുടര്‍ന്ന് ഒരു സ്ഥലത്ത് ശാന്തമായി ഇരുന്നു. പിന്നീട് ഞങ്ങള്‍ കാര്‍ തിരിച്ച് ആ പട്ടികളുടെ അടുത്തുകൂടി കടന്നുപോയിട്ടും അവ അവിടെനിന്ന് അനങ്ങാതെ അവിടെ ശാന്തമായി ഇരിക്കുന്നു. ഈശോയുടെ തിരുരക്തത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. വേറൊരു സംഭവം ഏകദേശം നാലുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ദൈവാലയത്തില്‍ വാര്‍ഷികധ്യാനത്തിന്റെ സമയം.

ഭര്‍ത്താവ് നാട്ടില്‍ പോയിരുന്നതിനാല്‍ ഞാനും മക്കളും സണ്‍ഡേ സ്‌കൂളിലെ ഒരു ടീച്ചറുംകൂടി ടാക്‌സി വിളിച്ചാണ് പോയത്. പോകുന്ന വഴി സിഗ്നല്‍ കടന്നപ്പോള്‍ അടുത്ത ട്രാക്കില്‍നിന്നും സിഗ്നല്‍ തെറ്റിച്ച് ഒരു വാന്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ അടുത്തേക്ക് പാഞ്ഞുവരുന്നത് കണ്ടു. ഇടിക്കും എന്നുറപ്പായി. പെട്ടെന്ന് കണ്ണടച്ചുപിടിച്ച് ഞാന്‍ ഉറക്കെ ഈശോയുടെ തിരുരക്തത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അല്പനിമിഷങ്ങള്‍ കഴിഞ്ഞാണ് കണ്ണ് തുറന്നത്.

ഒന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായി. ഡ്രൈവര്‍ പുറത്തിറങ്ങി ചുറ്റും നോക്കി, ഒരു പോറല്‍പോലും കാറിന് പറ്റിയിട്ടില്ല. പക്ഷേ, റോഡില്‍നിന്നും കുറച്ച് മാറി മുക്കാല്‍ഭാഗം മണ്ണിലേക്കായി ഇരിക്കുന്നു! വിശ്വസിക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. തുടര്‍ന്ന് ധ്യാനഗുരുവിനെ കണ്ട് പ്രാര്‍ത്ഥിക്കുന്ന സമയത്ത് പരിശുദ്ധാത്മാവ് നല്കിയ വെളിപ്പെടുത്തലനുസരിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ”പ്രാര്‍ത്ഥനമൂലം എത്രയോ അപകടങ്ങളില്‍നിന്ന് ദൈവം നിങ്ങളെ രക്ഷിച്ചിരിക്കുന്നു!” എന്നും നമ്മളെ കാത്തുപരിപാലിക്കുന്ന ആ സ്‌നേഹനിധിയായ ദൈവത്തിന് ഒരായിരം സ്തുതിയും പുകഴ്ചയും അര്‍പ്പിക്കുന്നു.

നീന സുനില്‍