ഒളിഞ്ഞിരുന്ന ‘ഗോസ്പാ’ – Shalom Times Shalom Times |
Welcome to Shalom Times

ഒളിഞ്ഞിരുന്ന ‘ഗോസ്പാ’

ഞങ്ങളുടെ ഇളയ കുഞ്ഞ് 2019 ഒക്‌ടോബര്‍ ഏഴിനാണ് ജനിച്ചത്. ജപമാലറാണിയുടെ തിരുനാള്‍ദിനംകൂടിയാണ് ഒക്‌ടോബര്‍ ഏഴ് എന്നതിനാല്‍ അവന്റെ രണ്ടാം പിറന്നാള്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെഡ്ജുഗോരെയില്‍വച്ച് ആഘോഷിക്കാന്‍ ഞങ്ങള്‍ക്കൊരു ആഗ്രഹം. പക്ഷേ കൊവിഡിന്റെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതിനാല്‍ യാത്ര എങ്ങനെ നടക്കുമെന്ന് അറിയില്ലായിരുന്നു. ആ സമയത്ത് സാധാരണയായി ഞങ്ങള്‍ ചെയ്യാറുള്ളതുപോലെ, ബൈബിള്‍ തുറന്ന് വായിച്ചു. വിശുദ്ധ പൗലോസ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്ന വചനഭാഗമാണ് ലഭിച്ചത്. അതോടെ ധൈര്യമായി. അങ്ങനെ ഖത്തറില്‍നിന്ന് ബോസ്‌നിയ-ഹെര്‍സെഗോവിനയിലുള്ള മെഡ്ജുഗോരെ എന്ന ഗ്രാമത്തിലേക്ക് ഞങ്ങള്‍ യാത്രയായി.

പത്ത് ദിവസം നീണ്ട മെഡ്ജുഗോരെ തീര്‍ത്ഥാടനത്തിനിടെ മാതാവിന്റെ രൂപത്തില്‍ സുന്ദരമായ കാല്‍പ്പാദം ശ്രദ്ധിച്ച നിമിഷങ്ങള്‍… ഭാര്യ റിയ അല്പനാളുകള്‍ക്കുമുമ്പ് ദര്‍ശനത്തില്‍ കണ്ടത് ആ കാല്‍പ്പാദങ്ങളാണെന്ന് ഞങ്ങള്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മെഡ്ജുഗോരെയിലെങ്ങും പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. പക്ഷേ മാതാവിനെ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് ഞങ്ങള്‍ക്ക് അല്പം വിഷമമുണ്ടാക്കി.

അതേ സമയത്താണ് അവിടെവച്ച് കുട്ടികളെ എടുക്കുമ്പോഴും കുരിശുമല കയറുമ്പോഴും സ്തനത്തിലെ തടിപ്പ് വേദനിക്കുന്നതായി റിയക്ക് അനുഭവപ്പെട്ടുതുടങ്ങിയത്. തിരികെ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ അത് ട്യൂമറാണെന്ന് മനസിലായി. പതുക്കെ മെഡ്ജുഗോരെയില്‍നിന്ന് ലഭിച്ച ആനന്ദാനുഭവങ്ങള്‍ മങ്ങുന്നതുപോലെ…
പ്രയാസകരമായ ആ സാഹചര്യത്തിനിടെ ഒരു ഓണ്‍ലൈന്‍ ധ്യാനത്തില്‍ റിയ പങ്കെടുത്തു. പങ്കുവയ്ക്കലുകള്‍ക്കിടെ മെഡ്ജുഗോരെയില്‍ മാതാവിനെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല എന്ന് അവള്‍ പറഞ്ഞു. പക്ഷേ, വ്യക്തികളുടെ രൂപത്തിലായിരിക്കാം

പരിശുദ്ധ അമ്മ വന്നിട്ടുണ്ടാവുക, അതിനാല്‍ അവിടെ കണ്ടുമുട്ടിയവരെക്കുറിച്ച് ഓര്‍ത്തുനോക്കൂ എന്നായിരുന്നു ധ്യാനഗുരു നിര്‍ദേശിച്ചത്. അതുപ്രകാരം പിന്നീട്, ഞങ്ങള്‍ അവിടെവച്ച് കണ്ടുമുട്ടിയവരെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
പെട്ടെന്ന് റിയ, ഞങ്ങള്‍ കണ്ടുമുട്ടിയ വൃദ്ധയായ ഒരു സ്ത്രീയെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചു. മെഡ്ജുഗോരെയിലായിരുന്ന ദിവസങ്ങളിലെല്ലാം ഞങ്ങള്‍ രാവിലെ പത്ത് മണിക്ക് ഇംഗ്ലീഷ് ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു.

ജീവിക്കുന്ന ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കാന്‍ സാധിക്കുന്ന വളരെ മനോഹരമായ അനുഭവമായിരുന്നു അത്, പ്രത്യേകിച്ച് ദിവ്യകാരുണ്യസ്വീകരണസമയം. കുഞ്ഞുങ്ങളുള്ളതിനാല്‍ പിന്‍നിരയിലാണ് ഇരുന്നിരുന്നത്. ഒരു ദിവസം ദിവ്യബലിയുടെ അവസാനം മാതാവിന്റെ സ്തുതിഗീതം പാടുന്ന സമയത്ത് എഴുപതോ എണ്‍പതോ വയസ് തോന്നുന്ന ആ സ്ത്രീ ഞങ്ങള്‍ക്കരികില്‍ വന്നു. മദര്‍ തെരേസയെ ഓര്‍മ്മിപ്പിക്കുംവിധം ചുക്കിച്ചുളിഞ്ഞ മുഖമുള്ള, പ്രത്യേകതരം പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ, നല്ല ശോഭയുള്ള സ്ത്രീ.

അവര്‍ റിയയെ തൊട്ടു, എന്നെയും മക്കളെയും നോക്കി അതീവഹൃദ്യമായി പുഞ്ചിരിച്ചു. ഞങ്ങളെ ആശീര്‍വദിക്കുന്നതുപോലെ കൈകള്‍ ചലിപ്പിച്ചു. ഞാനവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല, പക്ഷേ പ്രകാശം നിറഞ്ഞ നോട്ടം ഞങ്ങള്‍ക്ക് സമ്മാനിക്കുകയും ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുകയും ചെയ്തു. അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ലായിരിക്കും എന്ന് തോന്നി. പിന്നീട് അവരെ കണ്ടില്ല. ഞങ്ങളും വിശുദ്ധബലി അര്‍പ്പിക്കപ്പെടുന്ന ‘യെല്ലോ ഹാളി’ല്‍നിന്ന് മടങ്ങി.

പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത്, എന്നും ഹാളില്‍ ദിവ്യബലിക്ക് വരുന്നവരെല്ലാം മറ്റ് ദിവസങ്ങളിലും വീണ്ടും കണ്ടുമുട്ടും. പക്ഷേ ഈ സ്ത്രീയെ പിന്നീട് ആ ഗ്രാമത്തിലെവിടെയും ഞങ്ങള്‍ കണ്ടില്ല. മാത്രവുമല്ല, മറ്റ് ഭാഷകളിലും ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടുന്ന അവിടെ, ഇംഗ്ലീഷ് അറിയാത്ത അങ്ങനെയൊരു സ്ത്രീ ഇംഗ്ലീഷ് ദിവ്യബലിക്ക് വരികയില്ല. ഇതെല്ലാം ഓര്‍ത്തെടുത്തപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പായി, ഞങ്ങളെ സന്ദര്‍ശിച്ചത് മെഡ്ജുഗോരെ നിവാസികളുടെ ‘ഗോസ്പാ’ അഥവാ ദൈവമാതാവ് ആയിരുന്നു…!

എങ്കിലും ഒരു ഉറപ്പ് വേണമെന്ന ആഗ്രഹത്തില്‍ ഞാന്‍ മെഡ്ജുഗോരെയില്‍ ഇടയ്ക്കിടെ പോകാറുള്ള ബ്രദര്‍ ജോസിയുമായി ഇക്കാര്യം പങ്കുവച്ചു. അത് കേട്ടപ്പോള്‍, മെഡ്ജുഗോരെയില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം ഗുരുതരമായ ബ്രെയിന്‍ ട്യൂമര്‍ സുഖപ്പെട്ട പ്രകാശ് എന്ന ഹിന്ദു സഹോദരനെക്കുറിച്ചാണ് അദ്ദേഹവും ഭാര്യയും പങ്കുവച്ചത്. തുടര്‍ന്ന് ആരാധനാചാപ്പലില്‍ പോയി സ്തുതിച്ചുകൊണ്ട്, ഈശോ എന്തുപറയുന്നു എന്നറിയാന്‍ ബൈബിള്‍ തുറന്നപ്പോള്‍ ലൂക്കാ 15/8-10 വചനങ്ങളാണ് ലഭിച്ചത്. നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്ന സ്ത്രീയെക്കുറിച്ച് അവിടെ കാണുന്നു. നഷ്ടപ്പെട്ട നാണയം കണ്ടെത്തുമ്പോള്‍ അതിയായി സന്തോഷിക്കുന്ന സ്ത്രീ തന്റെ അമ്മയാണെന്ന് ഈശോ എനിക്ക് പറഞ്ഞുതന്നു. നഷ്ടപ്പെടുന്ന ആത്മാക്കളെ തേടി കണ്ടെത്തുന്ന ദൈവമാതാവാണ് അത്, സുവിശേഷത്തിലെ ഒളിഞ്ഞിരിക്കുന്ന പരിശുദ്ധ അമ്മ!

ചാപ്പലില്‍നിന്ന് പുറത്തിറങ്ങിയ ഞാന്‍ എന്നോട് ”നിങ്ങള്‍ പരിശുദ്ധ അമ്മയെ കണ്ടോ” എന്ന് ചോദിച്ച ഒരു സുഹൃത്തിനെ വിളിച്ച് മാതാവിനെ കണ്ട അനുഭവം പങ്കുവച്ചു. അതുകേട്ട് അദ്ദേഹം കോരിത്തരിച്ചുപോയെന്നാണ് പറഞ്ഞത്. തീര്‍ന്നില്ല ദൈവസ്‌നേഹാനുഭവങ്ങള്‍. പിറ്റേ ദിവസം വൈകിട്ട് ഞങ്ങള്‍ ദിവ്യബലിക്കായി പോയി. ബലി കഴിഞ്ഞ് ആരാധനാചാപ്പലില്‍ കയറുമ്പോള്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, ”ദൈവമാതാവിന്റെ ദര്‍ശനത്തിന് വീണ്ടും ഉറപ്പ് നല്കാനായി എനിക്ക് നല്കിയ അതേ വചനഭാഗം റിയക്കും നല്കണേ…” അല്പസമയത്തിനകം തുറന്ന ബൈബിളും നിറഞ്ഞ കണ്ണുകളുമായി റിയ ഓടിവന്നു. അവളുടെ കൈയിലെ ബൈബിളില്‍ ലൂക്കാ 15/8-10 തിരുവചനങ്ങള്‍ ഞാന്‍ കണ്ടു!!

ആ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ധ്യാനത്തിനിടെ ട്യൂമര്‍ സുഖപ്പെടുന്നതായുള്ള സന്ദേശമുണ്ടായിരുന്നു. അതിനുശേഷം നോക്കിയപ്പോള്‍ ആ മുഴ കാണാനില്ല എന്ന് റിയ മനസിലാക്കി, വേദനയും മാറി. അപ്പോസ്‌തോലപ്രവര്‍ത്തനങ്ങള്‍ 4/12 പറയുന്നു, ”ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.” ഏകരക്ഷകനായ യേശുവാണ് റിയയെ സൗഖ്യപ്പെടുത്തിയത്.
പിന്നീട് ഇക്കാര്യങ്ങള്‍ ഞങ്ങള്‍ പലരോടും പങ്കുവച്ചു. ചിലര്‍ കോരിത്തരിച്ചു, ചിലരുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി, ചിലരുടെ ചുണ്ടുകളില്‍ തടഞ്ഞുനിര്‍ത്താനാവാത്ത ആനന്ദം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു…. ഈ അനുഭവം പങ്കുവയ്ക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അമ്മമറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ സംഭവിച്ചത് അവിടെയും നിറവേറുകയാണ്.

മെഡ്ജുഗോരെ യാത്രയും തുടര്‍ന്നുണ്ടായ സംഭവങ്ങളും മറക്കാനാവില്ല. അമ്മ പറഞ്ഞതുപോലെ, നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് നോക്കാം. അതോടൊപ്പം നഷ്ടപ്പെട്ട നാണയങ്ങള്‍പോലെയുള്ള ആത്മാക്കള്‍ക്കായി അമ്മയോടുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ജോഫിന്‍ ജോസഫ് ചൊവ്വല്ലൂര്‍