നിസ്‌കാരത്തഴമ്പില്‍ കുരിശുവരയ്ക്കുന്ന യുവാവ് – Shalom Times Shalom Times |
Welcome to Shalom Times

നിസ്‌കാരത്തഴമ്പില്‍ കുരിശുവരയ്ക്കുന്ന യുവാവ്

ഒരിക്കല്‍ പാലക്കാട് വെച്ച് ഒരു ബ്രദറിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ‘Siraj you are unique, and me also. നീയും ഞാനും ദൈവത്തിന് വിലപ്പെട്ടതാണ്. ദൈവം നിന്നിലും എന്നിലും ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം ചെയ്യാന്‍ ഈ ലോകത്ത് മറ്റാര്‍ക്കും സാധിക്കില്ല. ദൈവം നിന്നെ ഏല്‍പ്പിച്ചത് നീ ചെയ്തില്ലെങ്കില്‍ ആ ഭാഗം ശൂന്യമായിരിക്കും.” എനിക്ക് ആ നാളുവരെ അത്തരത്തിലൊരു ബോധ്യം ഉണ്ടായിരുന്നില്ല. ഒരു കാര്യം ഞാന്‍ ചെയ്തില്ലെങ്കില്‍ മറ്റൊരുവന്‍ ചെയ്യും എന്നതായിരുന്നു ധാരണ. എന്നാല്‍ അദ്ദേഹം എന്നെ തിരുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ വളരെ ചിന്തിപ്പിച്ചു. ജീവിതയാത്രയില്‍ ദൈവം പരിപാലിച്ച നിമിഷങ്ങള്‍ ഓരോന്നും ഞാന്‍ ഓര്‍ത്തെടുത്തു.

ദൈവത്തിന്റെ കരുണയാണ് എന്റെ ജന്മംതന്നെ. മിശ്രവിവാഹിതരായ മാതാപിതാക്കളുടെ മൂന്നാമത്തെ മകന്‍. രണ്ട് ചേച്ചിമാരില്‍ രണ്ടാമത്തെയാളെ ജനിച്ചയുടന്‍ ദൈവം തിരികെവിളിച്ചു. അതിനു പിന്നാലെയാണ് ദൈവം എന്റെ അമ്മയുടെ ഉദരത്തിലേക്ക് എന്നെ അയക്കുന്നത്. എന്നാല്‍…. അപ്പോള്‍ ഒരു കുട്ടിയെ വേണ്ട എന്നുള്ള പിതാവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി എന്റെ അമ്മ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചു. പക്ഷേ ഫലമുണ്ടായില്ല.
പ്രസവത്തിന്റെ സമയം അടുത്തുവന്നപ്പോള്‍ അമ്മയുടെ മനസില്‍ വല്ലാത്ത ഭയം. അതിനാല്‍ ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചതും പരാജയപ്പെട്ടതുമെല്ലാം അമ്മയുടെ അമ്മയോട് തുറന്നു പറഞ്ഞു. അതെല്ലാം കേട്ട അമ്മൂമ്മ ഭയത്തോടെ ആണെങ്കിലും ഓടിച്ചെന്നത് ദൈവസന്നിധിയിലേക്കായിരുന്നു, ആലപ്പുഴയിലെ ഐഎംഎസ് ധ്യാനകേന്ദ്രത്തിലേക്ക്.

അവിടെയുള്ള അച്ചന്‍ ഇപ്രകാരമാണ് നിര്‍ദേശിച്ചത്: ”കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ദൈവത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച് ദൈവത്തിനു നന്ദി പറഞ്ഞ് മഹത്വപ്പെടുത്താം എന്നു നേര്‍ച്ചനേരുക, ഞങ്ങളും പ്രാര്‍ത്ഥിക്കാം. നിങ്ങള്‍ക്ക് ആ കുഞ്ഞിനെ ദൈവം നല്‍കും.” അമ്മൂമ്മ നേര്‍ച്ച നേര്‍ന്നു പ്രാര്‍ത്ഥിച്ചു. ദൈവം ആ പ്രാര്‍ത്ഥന കേട്ടു, ഞാന്‍ ജനിച്ചു. ആശുപത്രിയില്‍ നിന്ന് അമ്മൂമ്മ എന്നെ ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോയി ഈശോയ്ക്ക് സമര്‍പ്പിച്ച് നന്ദി പറഞ്ഞു.

തുടര്‍ന്ന് പിതാവിന്റെ സംരക്ഷണത്തിന്‍കീഴില്‍ ഇസ്ലാം മതവിശ്വാസത്തില്‍ ജീവിതം. എല്ലാ ദിവസവും നിസ്‌കരിക്കും, മദ്രസയില്‍ പോകും. പക്ഷേ നാലാം ക്ലാസ്സില്‍വച്ച് ആകസ്മികമായി പിതാവ് മരിച്ചു. ആ വേര്‍പാടില്‍ വീണ്ടും ഈശോ എന്നെ താങ്ങി, അവിടുത്തോട് ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് അല്പനാള്‍ കഴിഞ്ഞപ്പോള്‍ മാമ്മോദീസ സ്വീകരിച്ച് യഥാര്‍ത്ഥ ജീവന്റെ ഉറവിടത്തിലേക്ക് വന്നുചേര്‍ന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ കുമ്പസാരം നടത്തി ഞാനെന്റെ ഈശോയെ സ്വീകരിച്ചത്.

അന്നുമുതല്‍ കൂടുതലായി ഈശോയെ സ്‌നേഹിക്കുവാനും ദൈവകാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും എനിക്ക് ദൈവം അവസരം തന്നു. അള്‍ത്താര ബാലനായി, അതോടൊപ്പം മിഷന്‍ ലീഗിലും മരിയന്‍ സൊഡാലിറ്റിയിലും അംഗം. മുതിര്‍ന്നു വന്നപ്പോള്‍ ജീസസ് യൂത്ത് അംഗവുമായി. ”ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?” (ലൂക്ക 2/49). ഈ വചനം അവിടുന്ന് എന്നിലും നിറവേറ്റുകയായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

ഈശോയുടെ വലിയ കൃപയാല്‍ ആ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് നേടിയാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മറ്റൊരു സ്‌കൂളില്‍ പ്ലസ് ടു പഠനം ആരംഭിച്ചപ്പോഴും അദ്ധ്യാപകരോട് ചേര്‍ന്ന് അവിടെ ജീസസ് യൂത്തിന്റെ ഒരു യൂണിറ്റ് തുടങ്ങാന്‍ ഈശോ എന്നെ ഉപകരണമാക്കി. പിന്നീടായിരുന്നു ഏതൊരു ചെറുപ്പക്കാരനെയും പോലെ പെട്ടെന്ന് ഒരു ജോലി വേണം എന്നുള്ള ഒരു തോന്നല്‍ ഉണ്ടായത്. ജോലി ലക്ഷ്യമാക്കിയുള്ള കോഴ്‌സുകള്‍ തിരഞ്ഞു നടന്ന എനിക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് സീറ്റ് ലഭിച്ചു. പഠനത്തോടൊപ്പം ജോലിചെയ്തിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ ട്രെയിനിങ്ങും ജോലിയുമായി മുന്നോട്ടുപോയി.

തികച്ചും ഒരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമായിരുന്നു അത്. ആധ്യാത്മിക ജീവിതത്തില്‍ നിന്ന് ഓരോ നന്മകളും കുറഞ്ഞുവന്നുകൊണ്ടിരുന്ന കാലം. പുതിയ കൂട്ടുകെട്ടുകള്‍, പുതിയ സാഹചര്യങ്ങള്‍ ഇവയെല്ലാം എന്നെ ലോകത്തിന്റെ മനുഷ്യനാക്കാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങള്‍. ഈശോയുടെ പദ്ധതികളെ എന്നിലെ തിന്മയുടെ ശക്തി എന്നില്‍നിന്നും അകറ്റിയ ദിവസങ്ങള്‍… മാസങ്ങളോളം വിശുദ്ധ കുര്‍ബാനയില്ല, കുമ്പസാരമില്ല, പ്രാര്‍ത്ഥനയില്ല! അങ്ങനെപോയി കുറേക്കാലം. പക്ഷേ മനസില്‍ ഒരു ഭാരം തങ്ങിനില്‍ക്കുന്നതുപോലെ…

അവധിയെടുത്ത് ധ്യാനത്തിന് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചത് അങ്ങനെയാണ്. അവധിയെടുക്കണമെങ്കില്‍ ഓവര്‍ടൈം ജോലി ചെയ്ത് പല കാര്യങ്ങളും ക്രമപ്പെടുത്തണമായിരുന്നു. എങ്കിലും അതെല്ലാം പൂര്‍ത്തിയാക്കി അവധി വാങ്ങി. എന്നിട്ട് ധ്യാനത്തില്‍ പങ്കെടുത്തു. എന്നെ മാറ്റിമറിച്ച ഒരു അനുഭവം. അവിടുന്ന് സ്വന്തരക്തം കൊടുത്ത് എന്നെ വീണ്ടെടുത്തതാണെന്നുള്ള ബോധ്യം പരിശുദ്ധാത്മാവ് എനിക്ക് തിരിച്ചു തന്നു. കൈവിട്ടുപോയ ആത്മീയജീവിതത്തിന്റെ ആനന്ദം തിരികെ ലഭിക്കുകയായിരുന്നു. അവധിയെടുത്ത് ഇറങ്ങിയ ഞാന്‍ പിന്നീട് തിരികെ പോയില്ല, ആ ജോലി ഉപേക്ഷിച്ചു.

മുമ്പ് അമ്മ ആ മേഖലയിലെ ജോലി ഉപേക്ഷിക്കാന്‍ പല തവണ പറഞ്ഞിരുന്നുവെങ്കിലും ഞാനതിന് തയാറായിരുന്നില്ല. എന്നാല്‍ പിന്നെ മനസിലായി, ആ വാക്കുകള്‍ ഈശോയുടേതായിരുന്നു. തുടര്‍ന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയനേതൃത്വത്തിന് കീഴില്‍ വളരാന്‍ ഭാഗ്യം ലഭിച്ചു. അദ്ദേഹംവഴി ഞാന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് സഭയ്ക്കായി പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ അച്ചന്റെ ആശീര്‍വാദാനുഗ്രഹങ്ങളോടെ പഠനശേഷം സഭയ്ക്കായി ശബ്ദമുയര്‍ത്തുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ടീമില്‍ അംഗമായി, സോഷ്യല്‍ മീഡിയയിലൂടെയുള്ള സുവിശേഷ വേല.

അങ്ങനെയിരിക്കെ ഒരിക്കല്‍ ഇടവക വികാരിയായ വൈദികന്‍ ഞങ്ങളുടെ ജീസസ് യൂത്ത് മീറ്റിങ്ങില്‍ വചനം പങ്കുവയ്ക്കുകയായിരുന്നു. സഭയ്ക്ക് പ്രശ്‌നം ഉണ്ടാകുമ്പോള്‍ ക്രിസ്തുവിന്റെ അവയവങ്ങളായ നാം പ്രതികരിക്കണമെന്ന് കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചുക്കൊണ്ട് അച്ചന്‍ പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍, എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നായി ചിന്ത. അങ്ങനെ ഫേസ്ബുക്കിലൂടെ എന്റെ പ്രതികരണങ്ങള്‍ പങ്കുവച്ചു. തുടര്‍ന്നുണ്ടായത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന ചില നിമിഷങ്ങള്‍ ആയിരുന്നു. അനേകര്‍, പ്രത്യേകിച്ചും, സമപ്രായക്കാരായ ധാരാളം യുവതിയുവാക്കള്‍ ആ വാക്കുകള്‍ സ്വീകരിച്ച് എന്നോടും സഭയോടും ‘സപ്പോര്‍ട്ട്’ പ്രകടിപ്പിച്ചു. അതോടെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ സഭയ്ക്കായി, ക്രിസ്തുവിനായി, സംസാരിച്ചാല്‍ കേള്‍ക്കാന്‍ ആളുണ്ട് എന്ന് എനിക്ക് ബോധ്യമായി.

തുടര്‍ന്നുള്ള ജീവിതത്തില്‍ പല സ്ഥലങ്ങളില്‍, പലരുടെ ഇടയില്‍, ദൈവം എന്നെ എത്തിച്ചു. ”കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല. കര്‍ത്താവ് എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം” (ജറെമിയാ 1/47). ഈ വചനമാണ് എന്റെ ജീവിതം.

എന്റെ ബലഹീനതകളില്‍ ബലമേകുന്ന ദൈവത്തിന്റെ കരുണ ഞാന്‍ ആവോളം കാണുന്നു. എന്റെ ജീവിതത്തില്‍ എനിക്കുവേണ്ടി രക്തം ചിന്തിയ എന്റെ ക്രിസ്തുവിന്റെ സാക്ഷിയാകാന്‍ എനിക്ക് സാധിച്ചില്ല എങ്കില്‍, പിന്നെ എന്തിനാണ് ക്രിസ്ത്യാനിയായി ജീവിക്കുന്നത് എന്നാണ് എന്റെ ചിന്ത. നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്. പൗലോസ് ശ്ലീഹായെപ്പോലെ എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവും ആണ് (ഫിലിപ്പി 1/21) എന്ന് പറയാനുള്ള ചങ്കുറപ്പ് നമുക്ക് ലഭിക്കട്ടെ.

ജോസഫ് സിറാജ്

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിറാജ്, ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളിലും സജീവം. ആലപ്പുഴ പൂങ്കാവ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ ഇടവകാംഗം.