പഠനകാലത്ത് വീണുകിട്ടിയ പേരുകളിലൊന്നാണ് ഇരുട്ട്. പിന്നെയുമുണ്ടായിരുന്നു ചിലത്… ബ്ലാക്കി, ബ്ലാക്ക് തണ്ടര്‍… അങ്ങനെയങ്ങനെ…. കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ. അതുകൊണ്ടുതന്നെ മൂന്ന് വര്‍ഷത്തെ ഫിലോസഫി പഠനത്തിനൊടുവിലെ നന്ദി പറച്ചിലിന്റെ വീഡിയോയില്‍ ചെറിയൊരു കുസൃതി കാണിച്ചു, എല്ലാവരും അണിഞ്ഞൊരുങ്ങി പകലിന്റെ വെളിച്ചത്തില്‍ ഷൂട്ട് ചെയ്തപ്പോള്‍ എന്റെ ഭാഗം ഷൂട്ട് ചെയ്തുകൊടുത്തത് രാത്രിയിലെ ഇരുട്ടില്‍. അത്രയും കാലം എന്നെ വിളിച്ച പേരിനോട് ഒരു കൂറ് വേണ്ടേ. ഇന്നതോര്‍ക്കുമ്പോള്‍ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ഒരോര്‍മ്മയാണ്.
കറുപ്പ് ആയിപ്പോയതിന്റെ സങ്കടങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നില്ല.”എനിക്കിന്നുവരെ അത്തരം വിഷമം ഉണ്ടായിട്ടില്ല” എന്ന് നിറം കുറഞ്ഞ ആരെങ്കിലും പറഞ്ഞാല്‍ അത് കള്ളമായിരിക്കാനേ തരമുള്ളൂ. ഓര്‍മ്മ വയ്ക്കുന്ന നാളുമുതല്‍ കിട്ടുന്ന കളിയാക്കലുകളും പരിഹാസങ്ങളും അതില്‍നിന്നുണ്ടാകുന്ന സങ്കടങ്ങളും നിസ്സഹായതയും അപകര്‍ഷതയും ഒക്കെ വല്ലാതെ പരിക്കേല്‍പ്പിച്ചിട്ടേ അവരെന്നും വളര്‍ന്നിട്ടുള്ളൂ. അതിനെ അതിജീവിക്കാനുള്ള കരുത്ത് പിന്നീട് നേടും എന്ന് മാത്രം.
കറുപ്പിന് ഏഴഴകല്ലേ എന്ന് പറഞ്ഞുള്ള ചില ആശ്വസിപ്പിക്കലുണ്ട്. പക്ഷേ വിശ്വസിച്ചേക്കരുത്. വെളുക്കാന്‍ നൂറുകണക്കിന് ക്രീമുകളുള്ളപ്പോള്‍ ‘അത്രേം അഴകു’ണ്ടെന്ന് പറയുന്ന കറുപ്പ് ആവാന്‍ ലോകത്തൊരിടത്തും ക്രീം ഇല്ലെന്നതാണ് സത്യം. അപ്പോള്‍ അത്തരം നിറമുള്ളവര്‍ എന്ത് ചെയ്യും? ചെയ്യാനിത്രയേ ഉള്ളൂ. ആ കറുപ്പാണ് സ്വന്തം നിറമെന്നും അതല്ല ജീവിതത്തില്‍ വലുതെന്നുമുള്ള തിരിച്ചറിവിലേക്ക് വളരുക. ഉല്‍പത്തി 1/6-ല്‍ തിരുവചനം ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ ”ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു” എന്ന്. ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ ഛായയിലാണെന്ന് മനസില്‍ ഉറപ്പിക്കാന്‍ സാധിച്ചാല്‍ പിന്നെ ആര് കളിയാക്കിയാലും പിന്നെന്തുണ്ടായാലും അതൊന്നും വിഷയമാവില്ല.
കറുത്ത പുണ്യാളനെന്ന് ചരിത്രം വിളിച്ച ഒരു വിശുദ്ധനുണ്ട്, വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്. പുണ്യാളനുമുണ്ടോ നിറവും വര്‍ണ്ണവും എന്ന് ചിന്തിക്കണ്ട, ചരിത്രത്തില്‍ ചിലയിടത്ത് രേഖപ്പെടുത്തിയത് അങ്ങനെയാണ്. പക്ഷേ, മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. ”മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും” (1 സാമുവല്‍ 16/7). അതിനാല്‍ത്തന്നെ അദ്ദേഹം വിശുദ്ധനെന്ന് വിളിക്കപ്പെടുന്നു. മുമ്പ്, പഠിച്ചിരുന്ന സമയത്ത്, ഒരു ‘അടിപൊളി’ സംഘടനയുണ്ടായിരുന്നു IAS എന്ന പേരില്‍. Invisible After Sunset-അതായത്, സൂര്യന്‍ അസ്തമിച്ചാല്‍ ‘അദൃശ്യരാ’കുന്നവരുടെ സംഘടന. അതിന്റെ മധ്യസ്ഥനായി വച്ചത് ഈ പുണ്യാളനെയായിരുന്നു.
ആസിഡ് അറ്റാക്കില്‍ മുഖം വികൃതമായ ലക്ഷ്മിയെന്നൊരു പെണ്‍കുട്ടിയുണ്ട്. ആ മുഖവുമായി സധൈര്യം സമൂഹത്തിലേക്ക് ഇറങ്ങിയവള്‍. പക്ഷേ അവള്‍ക്കൊരു പേടിയുണ്ടായിരുന്നു. തന്റെ കുഞ്ഞ് തന്റെ മുഖം കാണുമ്പോള്‍ പേടിച്ചു കരയുമോ എന്ന്. പക്ഷേ ആദ്യമായി അവളുടെ മുഖം കണ്ട കുഞ്ഞ് ചിരിച്ചുകൊണ്ട് കൈകാലിട്ടടിച്ച് കൊഞ്ചിക്കളിച്ചു. അതുകൊണ്ടുതന്നെ ആ കുഞ്ഞിന് അവള്‍ പേരിട്ടു, ‘പിഹു.’ കിളിക്കൊഞ്ചല്‍ എന്നര്‍ത്ഥം. കുഞ്ഞുപിഹുവിനെപ്പോലെ ചിരിക്കാന്‍ സ്‌നേഹം തിരിച്ചറിയാനുള്ള കഴിവുമാത്രം മതി. അതുകൊണ്ടൊക്കെയല്ലേ യേശു പറഞ്ഞത്, ”ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (ലൂക്കാ 18/16).
പുറമേ കാണുന്നത് പരിഗണിക്കാതെ സ്‌നേഹിക്കാന്‍ കഴിയുന്ന നനവുള്ള മനസുകള്‍ക്ക് സ്തുതിയായിരിക്കട്ടെ.
ഫാ. റിന്റോ പയ്യപ്പിള്ളി