കാത്തിരുന്നത് ഫോണ്‍കോള്‍, കിട്ടിയത് അതുക്കുംമേലേ! – Shalom Times Shalom Times |
Welcome to Shalom Times

കാത്തിരുന്നത് ഫോണ്‍കോള്‍, കിട്ടിയത് അതുക്കുംമേലേ!

അടുത്ത സുഹൃത്തിന്റെ ഫോണ്‍കോള്‍ വരുന്നത് കേട്ടുകൊണ്ടാണ് മയക്കത്തില്‍ നിന്ന് എഴുന്നേറ്റത്. സാമ്പത്തികമായി മുന്‍പന്തിയില്‍ അല്ലാത്ത ഒരു സാധാരണ കുടുംബമാണ് അവരുടേത്. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെ മുഴുവന്‍ വീടിനുള്ളില്‍ത്തന്നെ ശേഖരിക്കുന്ന തരത്തിലുള്ള ഒരു വീട്. എങ്ങനെയെങ്കിലും ഒരു വീട് പണിതെടുക്കാന്‍ വര്‍ഷങ്ങളായി പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും…
”സ്ഥലം വില്‍പനക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പലതവണ വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങി. സ്ഥലം അളക്കാന്‍ വരാമെന്ന് പറഞ്ഞെങ്കിലും ആരും വരുന്നില്ല. ചിലര്‍ പറഞ്ഞു, കൈക്കൂലി കൊടുക്കാതെ ഇതൊന്നും സമയത്തിന് നടക്കില്ല. ഞങ്ങള്‍ എന്ത് ചെയ്യണം?” ഈ ചോദ്യത്തിന് ഒരു ഉത്തരം ആവശ്യപ്പെട്ടു കൊണ്ടാണ് ഫോണ്‍കോള്‍. ‘കുഴപ്പിക്കുന്ന ചോദ്യം ആണല്ലോ ഈശോയേ’ എന്ന് മനസ്സില്‍ ഓര്‍ത്തു. പലയിടങ്ങളിലും കാര്യം നടക്കണമെങ്കില്‍ കൈമടക്ക് കൊടുക്കേണ്ടി വരുന്നത് സര്‍വ്വ സാധാരണമാണല്ലോ. കൈക്കൂലി കൊടുക്കുന്നത് പലപ്പോഴും തെറ്റായി തോന്നാത്ത അവസ്ഥ.

കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ഈശോയെ ഒരുപോലെ വേദനിപ്പിക്കുന്നു. കൈക്കൂലി വാങ്ങുന്നവരെ അധികാരികള്‍ പിടിയിലാക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പക്ഷേ കൈക്കൂലി കൊടുക്കുന്നവര്‍ പലപ്പോഴും നിഴല്‍മറ നീക്കി പുറത്ത് വരാറില്ല. കൈക്കൂലി കൊടുക്കുന്നത് ഈശോയെ വേദനിപ്പിക്കുമെന്നും അതിനുപകരം മൂന്ന് കരുണയുടെ ജപമാല വില്ലേജ് ഓഫീസിനു മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ പൊയ്‌ക്കോളൂ എന്നും ഞാന്‍ പറഞ്ഞു. അവര്‍ അതനുസരിച്ച് ചെയ്തു. ഈശോയ്ക്ക് ഒന്നും അസാധ്യമല്ലല്ലോ.

”നിങ്ങള്‍ കര്‍ത്താവിനെ ഭയപ്പെടണം. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുവിന്‍. അനീതിയും പക്ഷപാതവും കൈക്കൂലിയും അവിടുന്നു പൊറുക്കുകയില്ല” (2 ദിനവൃത്താന്തം 19/7). ദൈവം തന്റെ ഹൃദയം ആഗ്രഹിക്കുന്നതെന്തെന്നു മനുഷ്യമക്കള്‍ക്ക് കാണിച്ചു കൊടുത്ത സംഗ്രഹമാണല്ലോ വിശുദ്ധ ലിഖിതങ്ങള്‍. ഈശോയുടെ മക്കള്‍ എങ്ങനെ ആയിരിക്കണം എന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്നു.

സമ്മാനം നിരസിക്കുന്നവന്‍ സമ്മാനം നല്കിയവനെയാണ് നിരസിക്കുന്നത്. ഈശോയുടെ വാക്കുകള്‍ നിരസിക്കുമ്പോള്‍ ഈശോയെ അല്ലേ നാം നിരസിക്കുന്നത്…. ദൈവമക്കള്‍ അറിഞ്ഞിരിക്കേണ്ട ‘ബേസിക് ഇന്‍ഫര്‍മേഷന്‍’ ആണല്ലോ വിശുദ്ധ ബൈബിള്‍. പലപ്പോഴും ശരിയും തെറ്റും നമുക്ക് അറിഞ്ഞുകൂടാ. ”യേശു അവരോട് പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്ക് തെറ്റുപറ്റുന്നത്?” (മര്‍ക്കോസ് 12/24).

ഏകദേശം ഒരു മാസത്തോളം പല തവണ ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യമാണ്. അന്ന് കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ആ കുടുംബം വിളിച്ചു. നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍ അന്ന് അവര്‍ക്ക് ലഭിച്ച ഫോണ്‍കോളിനെക്കുറിച്ച് പറയാനും ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് സാക്ഷ്യപ്പെടുത്താനും വേണ്ടിയായിരുന്നു അത്. കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ എത്തിയപ്പോള്‍ കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ വില്ലേജ് ഓഫീസില്‍നിന്നും അവരെ വിളിച്ചു. അന്ന് ഉച്ച കഴിയുമ്പോള്‍ സ്ഥലം അളക്കാന്‍ വരാമെന്ന് ഉറപ്പുനല്‍കി. ഏകദേശം നാല് മണിയോട് കൂടി അളക്കല്‍ പൂര്‍ത്തീകരിച്ച് അവര്‍ മടങ്ങിപ്പോവുകയും ചെയ്തു. ”എന്റെ സാക്ഷി സ്വര്‍ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉന്നതത്തിലും ഇരിക്കുന്നു” (ജോബ് 16/ 19).

ഭൂരിപക്ഷത്തോട് ചേര്‍ന്ന് തിന്മ ചെയ്യരുത് എന്ന ദൈവവചനം മനസ്സില്‍ ഓര്‍ത്തു. പലപ്പോഴും ഈശോയെ വേദനിപ്പിക്കാന്‍ അനേകം അവസരങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പാണ് ഈശോക്ക് സന്തോഷവും ദുഖവും നല്‍കുന്നത്. ഈശോയെ സന്തോഷിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാമെല്ലാവരും. ഈശോ പറഞ്ഞിട്ടില്ലേ, ‘എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ കല്പനകള്‍ പാലിക്കുന്നു.’ നമ്മുടെ ചെറിയ സന്തോഷങ്ങള്‍ക്കുവേണ്ടി ഈശോയെ വേദനിപ്പിക്കാതിരിക്കാം. മുപ്പത് വെള്ളിനാണയങ്ങള്‍ക്കുവേണ്ടി ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ഈശോയെയും അവന്റെ വാക്കുകളെയും ഉപേക്ഷിക്കാതിരിക്കാം.

”മനസുവച്ചാല്‍ നിനക്കു കല്‍പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവന് ലഭിക്കും” (പ്രഭാഷകന്‍ 15/15-17). അധികം വൈകാതെ ഈശോ ഒരു പുതിയ വീട് പണികഴിച്ച് നല്‍കി. മനുഷ്യന്റെ കണ്ണില്‍ നന്മയായവ ദൈവത്തിനു സ്വീകാര്യമായിക്കൊള്ളണം എന്നില്ല. പത്തുപ്രമാണങ്ങളും പാലിക്കാന്‍ കഠിനപരിശ്രമം ചെയ്യുന്നവരോട് ഒരു വാക്ക്.

ചെറിയ കാര്യങ്ങളില്‍ ആദ്യം വിശ്വസ്തത പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഈശോ വലിയ കാര്യങ്ങള്‍ നമുക്കായി ഒരുക്കും. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഒരു തെറ്റ് ഒഴിവാക്കിയപ്പോള്‍ ആ വീടിന്റെ പണി കര്‍ത്താവ് ഏറ്റെടുത്തു നടത്തി. ”നീ ദൈവത്തെ അന്വേഷിക്കുകയും സര്‍വശക്തനോട് കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും” (ജോബ് 8/5-6).

ആന്‍ മരിയ ക്രിസ്റ്റീന