കിളിപോയ Catch – Shalom Times Shalom Times |
Welcome to Shalom Times

കിളിപോയ Catch

എനിക്കറിയാവുന്ന ഒരു ചേട്ടായി മ്യൂസിക് മിനിസ്ട്രിയില്‍ സജീവമായ താരമാണ്. ദൈവശുശ്രൂഷക്കുവേണ്ടി മാത്രമായി തന്റെ ജോലിയെല്ലാം മാറ്റി വച്ച് ഈശോക്കുവേണ്ടി പാടുന്ന വ്യക്തി. ഒറ്റ പ്രാര്‍ത്ഥന മാത്രമേ അദ്ദേഹത്തിനുള്ളൂ. പാട്ട് കിടു ആകണമെന്നോ കൈയടി കിട്ടണമെന്നോ എന്നൊന്നുമില്ല. മറിച്ച്, തന്റെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവ് തന്നെയും ആളുകളെയും തൊടണേ, അനുതാപവും ആന്തരിക സൗഖ്യവും വിടുതലും പ്രദാനം ചെയ്യണേ… ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
എത്ര ശരിയാണ്! ഒരു ശുശ്രൂഷയുടെ വിജയം വലിയ അത്ഭുതങ്ങള്‍ നടക്കുന്നതിലോ രോഗശാന്തികളുടെ എണ്ണപ്പെരുപ്പത്തിലോ ഒന്നുമല്ല, പരിശുദ്ധാത്മാവ് ആത്മാക്കളെ തൊടുന്നു എന്നതിലാണ്. പരിശുദ്ധാത്മാവ് ഒരാത്മാവിനെ പ്രത്യേകമാം വിധം തൊടുന്നതിലേക്ക് വിരല്‍ ചൂണ്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ശിമയോനാണ് ആ ആത്മാവ്. രണ്ട് വള്ളങ്ങളുണ്ടായിട്ടും ഈശോ ശിമയോന്റെ വള്ളത്തില്‍ത്തന്നെ കയറിയതും, അവിടിരുന്ന് വചനം പ്രഘോഷിച്ചതുമൊക്കെ ശിമയോനെ പ്രത്യേകമാംവിധം സ്വാധീനിക്കുന്നുണ്ട്. തുടര്‍ന്ന്, ഈശോയുടെ വാക്കനുസരിച്ച് ശിമയോന്‍ വലയെറിഞ്ഞപ്പോള്‍ വല കീറാന്‍ പാകത്തിനാണ് അവര്‍ക്ക് മീന്‍ ലഭിച്ചത്. അതും ഒരു നത്തോലി പോലും കിട്ടാന്‍ സാധ്യതയില്ലാത്ത അന്തരീക്ഷത്തില്‍…
ഇതെല്ലാംകൂടി ആയപ്പോള്‍, ആ മനുഷ്യനെ പരിശുദ്ധാത്മാവ് പ്രത്യേകമാംവിധം തൊടുന്നതും അനുതാപത്തിലേക്ക് നയിക്കുന്നതുമാണ് നാം കാണുന്നത്. ”ശിമയോന്‍ പത്രോസ് ഇതുകണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്ന് പറഞ്ഞു” (ലൂക്കാ 5/8).
താനെറിഞ്ഞ വലയിലൂടെ ദൈവം വലിയ അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍, താന്‍ സൂപ്പറാണെന്നോ പെര്‍ഫെക്റ്റ് ആണെന്നോ എന്നൊന്നുമല്ല അദ്ദേഹം പറയുന്നത്. തന്റെ ‘ഐശ്വര്യമുള്ള ആ വല’യോ, ‘ആ മീനുകളോ’ ചേര്‍ത്ത് പിടിക്കാനോ അദ്ദേഹം ശ്രമിക്കുന്നില്ല.
എല്ലാം ഉപേക്ഷിച്ച്, ‘ഞാന്‍ പാപിയാണെ’ന്നും പറഞ്ഞ് ഈശോയുടെ പിന്നാലെ പോകുന്ന ശിമയോനെയാണ് നാം കാണുന്നത്. ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച ദൈവത്തിന്റെ ഇമരേവ… അത് ശിമയോനല്ലാതെ വേറെയാരാണ്?!
ആ ഇമരേവ-ല്‍ ഭാഗമാകുവാന്‍ എളുപ്പമാണ്, രണ്ട് കാര്യങ്ങള്‍ മാത്രം:
* ”അപ്പാ, ഞാന്‍ പാപിയാണ്” എന്ന് ഏറ്റുപറയുക.
* എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുക.

ഫാ. ജോസഫ് അലക്‌സ്