ഹൃദയം മാറ്റിവച്ച പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ഹൃദയം മാറ്റിവച്ച പ്രാര്‍ത്ഥന

2020 സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ എനിക്ക് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയുടെ നിര്‍ബന്ധംമൂലം അടുത്തുള്ള ആശുപത്രിയില്‍ പോയി ചെക്കപ്പ് നടത്തി. ഇസിജി എടുത്ത ഡോക്ടര്‍ പറഞ്ഞത് ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണമെന്നാണ്. ഞാന്‍ കണ്ണൂരിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയിലെ എനിക്ക് പരിചയമുള്ള കാര്‍ഡിയോളജിസ്റ്റിനെ കണ്ടു. അദ്ദേഹം എല്ലാ ചെക്കപ്പുകളും ചെയ്തശേഷം പറഞ്ഞു, ‘നമുക്ക് ഒരു ആന്‍ജിയോഗ്രാം ടെസ്റ്റുകൂടി നടത്തിനോക്കാം.’
അത് ചെയ്യാനായി ഓപ്പറേഷന്‍ തിയറ്ററിലെ ബെഡില്‍ കിടക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു. പണ്ട്, അമ്മ ചൊല്ലുന്ന തിരുഹൃദയ കൊന്തയിലെ പ്രാര്‍ത്ഥന- ‘ഈശോയുടെ ഏറ്റവും മാധുര്യമുള്ള തിരുഹൃദയമേ, എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനൊത്തതാക്കി തീര്‍ക്കണമേ.’ ഏതായാലും ടെസ്റ്റിനുശേഷം ഡോക്ടര്‍ പറഞ്ഞു, കാര്യമായ മൂന്ന് ബ്ലോക്കുകള്‍ ഉണ്ട്. ഒന്ന് 99 ശതമാനവും അടഞ്ഞതാണ്. മറ്റ് രണ്ട് ബ്ലോക്കുകളും 85 ശതമാനത്തിന് മുകളിലാണ്. അതിനാല്‍ ഉടന്‍തന്നെ ഒരു ബൈപാസ് ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യണം. എന്റെ കൂടെ വന്നത് എന്റെ ഭാര്യയും അനുജനുമായിരുന്നു. ഭാര്യ പറഞ്ഞു, ”ഞങ്ങള്‍ ഒരു തയാറെടുപ്പിലുമല്ല വന്നത്. വീട്ടില്‍ പോയി വന്നാല്‍ മതിയോ?” പരമാവധി നേരത്തേ, കൂടിപ്പോയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍, വന്ന് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
തുടര്‍ന്ന് കുടുംബമൊന്നിച്ച് ഞങ്ങള്‍ വളരെയധികം പ്രാര്‍ത്ഥിച്ചു. ധാരാളം പ്രാര്‍ത്ഥനാസുഹൃത്തുക്കള്‍ ഉള്ളതിനാല്‍ അവരോടെല്ലാം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു. ഒക്‌ടോബര്‍ 14-നാണ് ഓപ്പറേഷന്‍ തിയതി കുറിച്ചത്. 13-ന് പോയി അഡ്മിറ്റാകാനും തീരുമാനിച്ചു.
അങ്ങനെയിരിക്കേയാണ് തൊട്ടുതലേദിവസം സന്ധ്യാപ്രാര്‍ത്ഥനയ്ക്കുമുമ്പ് ഒരു പഴയ പ്രാര്‍ത്ഥനാസുഹൃത്തായ ചാക്കോച്ചേട്ടന്‍ വിളിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ കര്‍ണാടകയില്‍ ശുശ്രൂഷ ചെയ്യുകയാണ്. അദ്ദേഹം ചോദിച്ചു, ”ഇന്നത്തെ നിങ്ങളുടെ ജപമാലപ്രാര്‍ത്ഥന കഴിഞ്ഞോ?” ഞാന്‍ പറഞ്ഞു, ”എട്ടുമണിക്കാണ് സാധാരണ ചൊല്ലാറ്.” അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”ഇന്ന് നിങ്ങളോട് ദൈവം സംസാരിക്കും. ഇന്നത്തെ ജപമാല കൂടുതല്‍ ഭക്തിപൂര്‍വം ചൊല്ലണം. ശേഷം ബൈബിള്‍ വായിക്കാന്‍ ഇളയ മോളോട് പറയണം. വചനത്തിലൂടെ നിങ്ങളോട് ഈശോ സംസാരിക്കും.”
അന്ന് ഞങ്ങള്‍ എട്ടുമണിക്കുമുമ്പേ പ്രാര്‍ത്ഥന ചൊല്ലി. സാധാരണ ഒന്നും മൂന്നും അഞ്ചും രഹസ്യങ്ങള്‍മാത്രമേ ഞങ്ങള്‍ മുട്ടിന്മേല്‍നിന്ന് ചൊല്ലാറുണ്ടായിരുന്നുള്ളൂ. അന്ന് ഞങ്ങള്‍ അഞ്ച് രഹസ്യങ്ങളും മുട്ടിന്മേല്‍നിന്നും കൂടുതല്‍ ഭക്തിപൂര്‍വവും ചൊല്ലി. ഈശോയെ, ഞങ്ങളോട് സംസാരിക്കണമേ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ് ജപമാല ചൊല്ലിയത്. പ്രാര്‍ത്ഥനയ്ക്കുശേഷം ഇളയ മകള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ആഗ്നസാണ് വചനം എടുത്തത്. അവള്‍ പറഞ്ഞു, ”അച്ചായാ, പഴയനിയമമാണല്ലോ കിട്ടിയത്.” അവള്‍ ബൈബിള്‍ അടച്ച് വീണ്ടും തുറന്നു. എന്നിട്ട് പറയുകയാണ്, ”ആദ്യം കിട്ടിയ ഭാഗംതന്നെ വീണ്ടും കിട്ടുന്നല്ലോ.” അതുകേട്ട ഞാന്‍ പറഞ്ഞു, ”എന്തായാലും കുഴപ്പമില്ല, നീ വായിക്ക് മോളേ.” അവള്‍ വായിച്ചു- ഏശയ്യാ 38/5 ”നീ ചെന്ന് ഹെസക്കിയായോട് പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു. നിന്റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്റെ ആയുസ് പതിനഞ്ചുവര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും.” ഇത്രയും വായിച്ചിട്ട് അവള്‍ ബൈബിള്‍ അടച്ചു.
അഞ്ച് മിനിറ്റിനുള്ളില്‍ ചാക്കോച്ചേട്ടന്‍ വീണ്ടും വിളിക്കുന്നു. ‘പ്രാര്‍ത്ഥന കഴിഞ്ഞോ? കിട്ടിയ വചനം ഏതാണ്?’ എന്ന് അദ്ദേഹം ഫോണിലൂടെ ചോദിച്ചു. എന്റെ മറുപടി കേട്ടതോടെ അദ്ദേഹം പറഞ്ഞു, ”ആഹ്ലാദിച്ച് തുള്ളിച്ചാടിക്കോ. വിശ്വസിച്ച് സൗഖ്യം സ്വന്തമാക്കിക്കോ.” ശേഷം അദ്ദേഹം ഫോണില്‍ക്കൂടി കുറച്ചുനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. ഞങ്ങളും കൂടി സ്തുതിക്കാന്‍ തുടങ്ങി. എന്റെ നെഞ്ചില്‍നിന്ന് എന്തോ ഭാരം എടുത്തുമാറ്റുന്ന അനുഭവം ഉണ്ടായി. അതിനാല്‍ മറ്റന്നാള്‍ ഓപ്പറേഷന് പോകണ്ട, അല്പംകൂടെ കാത്തിരിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ശേഷം 15 ദിവസം കഴിഞ്ഞ് ഞാന്‍ വീണ്ടും ഡോക്ടറിനെ സമീപിച്ച് ആന്‍ജിയോഗ്രാം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ എന്നോട് സ്‌നേഹപൂര്‍വം ദേഷ്യപ്പെടുകയാണ് ചെയ്തത്. ”രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഈ ടെസ്റ്റ് നടത്താന്‍ സാധിക്കില്ല. നിങ്ങള്‍ ഒരു മാസത്തെ മരുന്ന് കഴിച്ച് വീണ്ടും വരിക” ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
പിന്നീട് ആറുമാസത്തിനുശേഷം ഞാന്‍ ഇസിജി എടുത്തു. ആദ്യം എടുത്ത ഇസിജിയും അവസാനം എടുത്ത ഇസിജിയും കണ്ടിട്ട് ഡോക്ടര്‍ പറഞ്ഞ മറുപടിയാണ് അത്ഭുതകരം, ”നിങ്ങളുടെ ഹാര്‍ട്ട് ഇപ്പോള്‍ ഒ.കെ ആണ്!”
എന്റെ ഹൃദയത്തെ തൊട്ട ഈശോയില്‍ ഞാന്‍ വിശ്വസിക്കുന്നു. ആ ഒക്‌ടോബര്‍ 12 രാത്രിയിലെ കുടുംബപ്രാര്‍ത്ഥനയും സൗഖ്യാനുഭവവും ഒരിക്കലും മറക്കാനാവില്ല. ഈശോയുടെ ഏറ്റവും മാധുര്യമുള്ള തിരുഹൃദയമേ, എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ…

റെമീജിയസ് മച്ചിയാനിക്കല്‍
കാസര്‍ഗോഡ് തോമാപുരം ഇടവകാംഗമാണ് റെമീജിയസ്. ഭാര്യ ഡെയ്‌സി, മക്കള്‍: ടോണി, മരിയ, ആഗ്നസ്