ആ വാചകം എന്നെ വിട്ടില്ല! – Shalom Times Shalom Times |
Welcome to Shalom Times

ആ വാചകം എന്നെ വിട്ടില്ല!

2020-ലെ ലോക്ക്ഡൗണ്‍ സമയത്താണ് ഒരു അഖണ്ഡബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കുന്നത്. അരമണിക്കൂര്‍ ആയിരുന്നു എനിക്ക് വായിക്കേണ്ട സമയം. സമ്പൂര്‍ണ്ണ ബൈബിള്‍ വായന ഏകദേശം തീര്‍ന്നുകൊണ്ടിരുന്ന സമയത്ത് എന്റെ ഊഴം വന്നപ്പോള്‍ കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം ഉറക്കെ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
1 കോറിന്തോസ് 4/20 വായിച്ചുവിട്ട എന്നെ പക്ഷേ ആ വാചകം വിട്ടില്ല. അന്നുവരെ ആ വാചകം ഞാന്‍ അത്ര ശ്രദ്ധിച്ചിട്ടില്ല. കര്‍ത്താവെന്നെ പിടിച്ചുവച്ചു വായിപ്പിക്കും പോലെ… രണ്ടുമൂന്നാവര്‍ത്തി അതുതന്നെ വായിച്ചു. ചേതനയിലും മജ്ജയിലും സന്ധിബന്ധങ്ങളിലുമൊക്കെ തുളച്ചു കയറുന്ന വചനത്തിന്റെ മാജിക്! ബൈബിള്‍ വായന നിര്‍ത്താന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ പേന കൊണ്ട് പലവട്ടം അടിയില്‍ വരച്ചിട്ടു തുടര്‍ന്ന് വായിച്ചു പോയി. എന്റെ വായനാസമയം കഴിഞ്ഞു തിരികെ വന്നു വീണ്ടും വായിച്ചു. ഞാന്‍ ചോദിച്ചുകൊണ്ടിരുന്ന സംശയത്തിന് എനിക്ക് ഈശോ ഉത്തരം തന്നെന്നു തോന്നി…”ദൈവരാജ്യം വാക്കുകളിലല്ല, ശക്തിയിലാണ്” എന്ന്.
കുറച്ചുനേരം ചിന്തിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, വെറുതെ വാക്കുകൊണ്ട് കസര്‍ത്ത് കാണിക്കാനും എഴുതിപ്പിടിപ്പിക്കാനുമൊന്നും അധികം പ്രയാസമില്ല. പക്ഷെ പരിശുദ്ധാരൂപി പകരുന്ന ഒരു ശക്തിയുണ്ട് നമ്മുടെ ജീവിതങ്ങളില്‍… അത് ലഭിക്കാന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യരാകണം. ദൈവത്തോട് ചേര്‍ന്നു നടക്കണം. നമ്മുടെ ജീവിതങ്ങള്‍ നമ്മുടെ വാക്കുകള്‍ക്ക് സാക്ഷ്യമാകണം. നമ്മുടെ ജീവിതങ്ങളെ അവിടുത്തേക്ക് പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുക്കണം… ആ ശക്തി ഉണ്ടെങ്കിലേ നമുക്ക് മറ്റുള്ളവരില്‍ പരിവര്‍ത്തനം ഉണ്ടാക്കാനും ജീവിതങ്ങളെ മാറ്റിമറിക്കാനുമൊക്കെ പറ്റൂ.
ജീവിക്കുന്ന വിശുദ്ധ എന്നറിയപ്പെട്ടിരുന്ന മദര്‍ തെരേസ ദിവസേനയുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നും ദിവ്യകാരുണ്യ ആരാധനയില്‍നിന്നുമായിരുന്നു ശക്തി സംഭരിച്ചിരുന്നത്. പാപത്തില്‍ ആമഗ്‌നമായ ഒരു നാടിനുവേണ്ടി പ്രായശ്ചിത്തം ചെയ്തും കണ്ണീരൊഴുക്കിയും മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതം. സെമിനാരി പഠനകാലത്ത് മണ്ടന്‍ എന്ന് പരിഹസിക്കപ്പെട്ടിരുന്നവനെ മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ വരെ വെളിപ്പെടുത്തിക്കിട്ടുന്നവനായും ഒറ്റവാക്കില്‍ മനസാന്തരപ്പെടുത്തുന്നവനായും ഒക്കെ ദൈവം ഉയര്‍ത്തിയതിന് പിന്നില്‍ എളിമയും തികഞ്ഞ ദൈവാശ്രയത്വബോധവുമുണ്ടായിരുന്നു. നമ്മെ വിളിച്ചിരിക്കുന്നത് മാര്‍ത്തായെപ്പോലെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ മാത്രമല്ല തിരിച്ചുവന്ന് അവളുടെ സഹോദരി മറിയത്തെപ്പോലെ അവിടുത്തെ പാദാന്തികത്തില്‍ ഇരിക്കാനും ധ്യാനത്തില്‍ മുഴുകാനും അവിടുത്തെ ആരാധിക്കാനും കൂടി വേണ്ടിയാണ്.
ദൈവസ്‌നേഹപ്രേരിതമല്ലാതെ തന്നെ വചനം പറയാനും കാരുണ്യപ്രവൃത്തികള്‍ ചെയ്യാനുമെല്ലാം പറ്റും. പക്ഷേ സ്ഥായിയായ ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്നില്ല. അതിന് ഒരാളെ ശക്തനാക്കുന്നത് പരിശുദ്ധാത്മാഭിഷേകത്തിലൂടെ അദ്ദേഹത്തിന്റെ ഉള്ളില്‍ ചൊരിയപ്പെടുന്ന ദൈവസ്‌നേഹമാണ്.
നമ്മള്‍ ചെയ്യുന്ന നന്മപ്രവൃത്തികള്‍ പോലും നമ്മിലുള്ള അഹത്തെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍ ദൈവസന്നിധിയില്‍ നമുക്ക് നീതീകരണമില്ല. സംതൃപ്തിക്കും സ്വന്തം ഉത്കര്‍ഷത്തിനുംവേണ്ടി പലതും ചെയ്തിട്ട് അത് ദൈവഹിതമാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. കുറെ ആത്മീയകാര്യങ്ങളും നന്മകളും ചെയ്തിട്ട് അവ ദൈവഹിതമാണെന്നു വാദിക്കുന്നവരുമുണ്ട്. യഥാര്‍ത്ഥ ഭക്തി ആധ്യാത്മികാഭ്യാസങ്ങളോ ബാഹ്യമായ ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനമോ അല്ല, അവയോടൊപ്പംതന്നെ നമ്മുടെ ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ നേതൃത്വത്തിന്‍ കീഴില്‍ കൊണ്ടുവരലാണ്, ദൈവഹിതം നിറവേറ്റലാണ്. യേശുക്രിസ്തുവില്‍ എത്തിച്ചേരുക എന്നുള്ളതും മറ്റുള്ളവരുടെ ആത്മാക്കളെ കൂടി യേശുവിലേക്ക് എത്തിക്കുക എന്നുള്ളതുമാകണം നമ്മുടെ ലക്ഷ്യം. സ്വര്‍ഗം നമുക്കുള്ള സമ്മാനം മാത്രം.
ന്യായാധിപരുടെ ഗ്രന്ഥത്തില്‍ ദൈവത്തിന്റെ കല്പനയനുസരിച്ച് ഗിദയോന്‍ തന്റെ കൂടെയുള്ള യോദ്ധാക്കളുടെ സംഖ്യ മുപ്പത്തിരണ്ടായിരത്തില്‍ നിന്ന് പതിനായിരമായും പിന്നീട് വെറും മുന്നൂറായും വെട്ടിക്കുറച്ചു. എന്നാല്‍ അവരോട് എതിരിടാനെത്തിയ അസംഖ്യം സൈന്യത്തെ തോല്‍പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ദൈവജനത്തിന്റെ ശക്തി ഭൗതികകാര്യങ്ങളെ ആശ്രയിച്ചല്ല ദൈവത്തിലാണ് എന്ന് കാണിക്കാനാണ് അവിടുന്ന് ഇത് ചെയ്തത്. ”ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്കെതിര് നില്‍ക്കും?” ഇസ്രായേല്യരും അമലേക്യരുമായുള്ള യുദ്ധത്തില്‍ കരം വിരിച്ചു പിടിച്ചു മാധ്യസ്ഥ്യം യാചിച്ച് യുദ്ധം ജയിപ്പിച്ച മോശ തിന്മക്കെതിരായുള്ള യുദ്ധത്തില്‍ നമുക്ക് മാതൃകയാണ്. ഇസ്രായേല്‍ ജനം ജോര്‍ദാന്‍ നദി കടക്കുവോളം വാഗ്ദാനപേടകം താങ്ങിപിടിച്ചു നദിമധ്യത്തില്‍ നിലയുറപ്പിച്ച പുരോഹിതരുടെ ധര്‍മ്മമാണ് മറ്റുള്ളവരുടെ ആത്മരക്ഷയുടെ കാര്യത്തിലും പ്രതിസന്ധികളിലൂടെ ലോകം ഇപ്പോഴുള്ളതുപോലെ കടന്നുപോയ്‌ക്കൊണ്ടിരിക്കുമ്പോഴും നമുക്കും ചെയ്യാനുള്ളത്.
ചുറ്റിനും വിധിവൈപരീത്യങ്ങളും അനിശ്ചിതത്വവും അശാന്തിയും പകര്‍ച്ചവ്യാധിയും നടമാടുമ്പോഴും സമാധാനത്തോടെ നിലയുറപ്പിക്കാന്‍ കഴിയണമെങ്കില്‍ എന്റെ ദൈവം അറിയാതെ എനിക്കൊന്നും സംഭവിക്കില്ലെന്നും ദൈവം മനസ്സാവുന്നതെല്ലാം സഹിക്കാന്‍ ഞാന്‍ ഒരുക്കമാണെന്നുമുള്ള അതിരില്ലാത്ത ദൈവാശ്രയബോധം അത്യാവശ്യം.
അകലെയെവിടെയോ സിംഹാസനത്തില്‍ ഇരുന്നു നമ്മളെ വീക്ഷിക്കുന്ന ഒരു ദൈവത്തോടല്ല നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതും സംസാരിക്കുന്നതും. കൂടെ നടക്കുന്ന, നിറസാന്നിധ്യമായി നമ്മുടെ ഉള്ളില്‍ ജീവിക്കുന്ന ദൈവത്തോടാണ്. കഠിനഹൃദയനായ ഒരു ദൈവമല്ല, നിശ്ചയിച്ചുവച്ച കാര്യങ്ങള്‍ പോലും തന്റെ പ്രിയപ്പെട്ടവര്‍ക്കായി മാറ്റംവരുത്തുന്ന ദൈവമാണവിടുന്ന്. ഹെസക്കിയാ മരിക്കുമെന്ന് പറഞ്ഞു കാര്യങ്ങള്‍ ക്രമപ്പെടുത്തിക്കോളാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടും ഹെസക്കിയായുടെ യാചന കേട്ട് മനസ്സലിഞ്ഞ് തന്റെ തീരുമാനം ദൈവം അപ്പോള്‍ത്തന്നെ മാറ്റിയില്ലേ? (2 രാജാക്കന്‍മാര്‍ 20/1-11). നിനവേ നശിപ്പിക്കാന്‍ തീരുമാനിച്ച ദൈവം അവര്‍ എളിമപ്പെട്ടതു കണ്ടപ്പോള്‍ മനസ്സുമാറ്റിയില്ലേ? (യോനാ 3). കരഞ്ഞു നിലവിളിക്കാന്‍ വയ്യാത്ത നാണയത്തെപ്പോലും വിളക്കു കത്തിച്ചു തിരഞ്ഞു പിടിക്കുന്ന ദൈവമല്ലേ അവിടുന്ന്. എന്നിട്ടും നമ്മള്‍ ആ ദൈവത്തോടടുക്കാന്‍ മടിക്കുന്നതെന്തിന്? വിധിയെയും മോശം സമയത്തെയും പഴിക്കുന്നതന്തിന്?
ഈശോ അപ്പസ്‌തോലന്മാരെ സുവിശേഷ പ്രഘോഷണത്തിനു അയക്കുമ്പോള്‍ കൃപാവരത്തിന്റെ അഭിഷേകം നല്‍കി ആണ് അയച്ചത്. നമ്മുടെ ബുദ്ധിയില്‍ ആശ്രയിക്കാതെ കൃപയുടെ പ്രവര്‍ത്തനത്തിന് സ്വയം വിട്ടുകൊടുക്കാന്‍ കഴിയുംവിധം എളിമയും വിശുദ്ധിയും നിറഞ്ഞവരാകാന്‍ നമുക്ക് ശ്രമിക്കാം. മനുഷ്യര്‍ക്ക് അസാധ്യമായവ ദൈവത്തിനു സാധ്യമാണല്ലോ. ഉപവാസത്തിലൂടെയും വിശുദ്ധ ബലിയര്‍പ്പണത്തിലൂടെയും പരിശുദ്ധ ജപമാലയിലൂടെയും വചനവായനയിലൂടെയുമൊക്കെ ദൈവത്തോട് ചേര്‍ന്നു നിന്ന് കൃപ വിതരണം ചെയ്യുന്ന ചാനലുകളായി നമുക്ക് രൂപാന്തരപ്പെടാം. ദൈവരാജ്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നവരായി മാറാം. 1 കോറിന്തോസ് 4/20 ”ദൈവരാജ്യം വാക്കുകളിലല്ല, ശക്തിയിലാണ്.”

ജില്‍സ ജോയ്
തൃശൂര്‍ സ്വദേശിനിയായ ലേഖിക കുടുംബസമേതം ദുബായില്‍ താമസിക്കുന്നു.
ഭര്‍ത്താവ്: ജോയ്, മക്കള്‍: എയ്ബല്‍, ആന്‍.