മെഡിസിന്‍ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള NEET പരീക്ഷ എഴുതാനുള്ള യാത്രയായിരുന്നു അത്. പ്രകൃതിരമണീയമായ ഇടുക്കി ഹൈറേഞ്ചിലൂടെ പോകുമ്പോള്‍ പ്രകൃതിയുടെ സൗന്ദര്യം തെല്ലും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ. വലിയ മത്സരസ്വഭാവമുള്ള ആ പരീക്ഷയ്ക്ക് ഏതാണ്ട് 50 ശതമാനംമാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. അതില്‍ത്തന്നെ 10 ശതമാനമേ ഓര്‍മ്മയിലുള്ളൂ. റോഡിന്റെ ഇരുവശങ്ങളിലും കണ്ട മലനിരകളെക്കാള്‍ ഉയരത്തില്‍ എന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നുകൊണ്ടിരുന്നു. എന്ത് ധൈര്യത്തിലാണ് ഈശോയേ ഞാന്‍ ഈ പരീക്ഷ എഴുതുന്നത്? എന്നെ പഠിക്കാനയച്ച അധികാരികള്‍ക്ക് ഞാന്‍ നിരാശ നല്‌കേണ്ടിവരുമോ? അങ്ങനെ നിരവധി ചോദ്യങ്ങള്‍.
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ മുന്നിലിരുന്ന പെണ്‍കുട്ടി അവളുടെ സ്മാര്‍ട്ട്‌ഫോണ്‍ എന്റെനേരെ തിരിച്ചുപിടിച്ചിരിക്കുന്നു. അതിന്റെ ംമഹഹുമുലൃല്‍ ഈശോയുടെ ഒരു ചിത്രം. അതിന്റെ അടിക്കുറിപ്പ് എനിക്ക് വായിക്കാന്‍ സാധിക്കുന്നത്ര വലുപ്പത്തിലുമായിരുന്നു. I have a plan for U, Do you trust me (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നീ എന്നില്‍ ആശ്രയിക്കുന്നുവോ?) എന്ന്.
YES, YES, YES എന്ന് ഉറക്കെ ഉത്തരം പറയണമെന്ന് എനിക്ക് തോന്നി. എന്റെ മനസ് ശാന്തമായി. പിന്നെയങ്ങോട്ട് ഈ ചോദ്യവും ഉത്തരവും എന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുകയായിരുന്നു. പരീക്ഷ എഴുതുമ്പോഴും എന്റെയുള്ളില്‍ അതുതന്നെ നിറഞ്ഞുനിന്നു. ഭൂരിഭാഗം ചോദ്യങ്ങളുടെയും ഉത്തരം അറിയില്ലെന്ന് തോന്നി. എന്നാല്‍ ദൈവം ഉള്ളില്‍ നിറച്ചുതന്ന ധൈര്യത്തോടെ ഞാന്‍ പരീക്ഷ എഴുതി. ഒടുവില്‍ റിസല്‍റ്റ് വന്നു. അപ്പോഴാണ് അത്ഭുതകരമായ ദൈവികപദ്ധതി മനസിലായത്. ആവശ്യത്തിന് സ്‌കോര്‍ ലഭിച്ചു. എനിക്ക് ഇഷ്ടപ്പെട്ട വിഷയം ആഗ്രഹിച്ച മെഡിക്കല്‍ കോളേജില്‍ത്തന്നെ പഠിക്കാനുള്ള അവസരവും കിട്ടി.
അതുതന്നെയാണല്ലോ അന്ന് ഈശോ പറഞ്ഞത്, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയാ 29/11)
സിസ്റ്റര്‍ അമല എസ്.എച്ച്