നന്മ ചെയ്തു കടന്നുപോയവന്‍! – Shalom Times Shalom Times |
Welcome to Shalom Times

നന്മ ചെയ്തു കടന്നുപോയവന്‍!

മിഷന്‍ലീഗിന്റെ ഒരു ദ്വിദിന സെമിനാര്‍ നടക്കുന്ന സമയം. സെമിനാര്‍ നയിക്കുന്ന അച്ചന്‍ പങ്കെടുക്കുന്ന ഞങ്ങളോടു ചോദിച്ചു, ”പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നമ്മുടെ കര്‍ത്താവായ യേശു ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്തുകൊണ്ട് കടന്നുപോയവനാണ്. അവിടുന്നു ചെയ്ത നന്മപ്രവൃത്തികള്‍ അവിടുത്തേക്ക് ഇന്നും ചെയ്യണമെന്നും ഇനിയും ലോകാന്ത്യം വരെയും തുടരണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഒരു വലിയ പ്രശ്‌നം – നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിക്കുവാന്‍ അവിടുത്തേക്കിന്ന് പാദങ്ങളില്ല. നിങ്ങളുടെ പാദങ്ങളെ നിങ്ങള്‍ അവിടുത്തേക്ക് ദാനമായി നല്‍കുമോ?” വലിയ ആവേശത്തോടുകൂടി കുട്ടികളായ ഞങ്ങള്‍ എല്ലാവരും പറഞ്ഞു ‘ഉവ്വ്, ഞങ്ങള്‍ നല്കാം.’
”ആവശ്യത്തിലായവരെ സഹായിക്കുവാനും വീണുകിടക്കുന്നവരെ താങ്ങിയുയര്‍ത്തുവാനും നിങ്ങളുടെ കൈകളെ അവിടുത്തേക്ക് ദാനമായി നല്കാമോ?”
‘നല്കാം’ ഞങ്ങളൊരുമിച്ചു പറഞ്ഞു.
”മറ്റുള്ളവരെ കരുണയോടെ നോക്കാന്‍ യേശുവിന് കണ്ണുകളില്ല. നിങ്ങളുടെ കണ്ണുകളെ അവിടുത്തേക്ക് ദാനമായി നല്കാമോ?”
‘നല്കാം… നല്കാം’ എല്ലാവരും പറഞ്ഞു.
അടുത്തതായി അച്ചന്‍ ചോദിച്ചു, ”വേദനിക്കുന്നവരോട് ഒരാശ്വാസവാക്കു പറയാന്‍ യേശുവിനിന്ന് നാവില്ല. നിങ്ങളുടെ നാവുകളെ അവിടുത്തേക്ക് ദാനമായി നല്കാമോ?”
‘നല്കാം’ ഞങ്ങളെല്ലാവരും പറഞ്ഞു.
”യേശു മരിച്ചവനെങ്കിലും ഇന്നും ജീവിക്കുന്നവനാണ്. യേശുവിന് ഭൂമിയില്‍ ജീവിക്കുവാന്‍ നിങ്ങളുടെ ജീവിതങ്ങളെ അവിടുത്തേക്ക് ദാനമായി നല്കാമോ?” അച്ചനെന്താണ് ചോദിച്ചതെന്ന് അല്പംപോലും ചിന്തിക്കാതെ ഞങ്ങളെല്ലാവരുംതന്നെ ഉച്ചസ്വരത്തില്‍ പറഞ്ഞു. ‘നല്കാം നല്കാം.’
സെമിനാറിന്റെ ആ സെഷന്‍ വളരെ ആകര്‍ഷകമായിരുന്നു. ആ ചെറുപ്രായത്തില്‍ മനസിലുറച്ചു, എന്റെ ജീവിതം അവിടുത്തേക്ക് നന്മ ചെയ്യാനായി വിട്ടുകൊടുക്കണം. എനിക്ക് യേശുവിനെപ്പോലെയാകണം.
പിന്നീട് കരിസ്മാറ്റിക് നവീകരണത്തിലേക്ക് കടന്നുവന്നപ്പോള്‍ നന്മ ചെയ്തു കടന്നുപോയ യേശുവിന്റെ വചനത്തിന്റെ ചുരുളഴിയുന്നതു ഞാന്‍ നോക്കിനിന്നു. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40) എന്ന ക്രിസ്തുവചനം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ”നിനക്കു ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27) എന്ന ദൈവവചനം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ”ശത്രുവിന് വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന് ജലവും നല്കുക. അത് അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും. കര്‍ത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും” (സുഭാഷിതങ്ങള്‍ 25/21-22) എന്ന തിരുവചനം ജീവിതത്തില്‍ പലവട്ടം അനുഭവതലത്തിലുള്ള വിജയമായി.
തിന്മ തിരിച്ചു കിട്ടിയപ്പോള്‍
ചെയ്ത നന്മകള്‍ക്ക് പ്രതിഫലമായി അത് സ്വീകരിച്ചവരില്‍നിന്നും നന്ദിയും നന്മകളും തിരിച്ചു കിട്ടിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു പ്രാരംഭദശയില്‍. അത് ആത്മീയ ജീവിതത്തിലെ ഒരു ഹണിമൂണ്‍ കാലഘട്ടം. എന്നാല്‍ പിന്നീടങ്ങോട്ട് ശിഷ്യത്വത്തിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സ്‌നേഹം എന്നെ കൈപിടിച്ചു നടത്തിയപ്പോള്‍ നന്മയ്ക്കുപകരം നന്മ സ്വീകരിച്ചവരില്‍നിന്നും നന്ദികേടും തിന്മയും പ്രതിഫലമായി കിട്ടിത്തുടങ്ങിയപ്പോള്‍, വല്ലാത്തൊരങ്കലാപ്പ്. കര്‍ത്താവിനോടുതന്നെ ചോദിച്ചു, ”കര്‍ത്താവേ, ഇതെന്തൊരു പരിപാടി? എന്റെ നാമത്തില്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല എന്നല്ലേ നീ പറഞ്ഞത്. എന്നിട്ടിപ്പോള്‍ എന്താ എന്റെ ജീവിതത്തില്‍ ഇങ്ങനെ?”
അപ്പോള്‍ യേശു പുഞ്ചിരിച്ചുകൊണ്ട് എന്റെനേരെ നോക്കിപ്പറഞ്ഞു. ”എന്റെ കൊച്ചുമണ്ടീ, നന്മ ചെയ്ത് സ്വീകരിച്ചവരില്‍നിന്നും നന്ദിയും നന്മയും പ്രതിഫലം വാങ്ങിക്കുക എന്നത് ആത്മീയ ജീവിതത്തിന്റെ ആദ്യത്തെ തലമാണ്. എന്നാല്‍ കഷ്ടം സഹിച്ചും നഷ്ടം സഹിച്ചും മറ്റുള്ളവര്‍ക്ക് നന്മ ചെയ്തിട്ട് സ്വീകരിച്ചവരില്‍നിന്നും നന്ദികേടും തിന്മയും ഉപദ്രവങ്ങളും പ്രതിഫലം വാങ്ങിക്കുക എന്നത് എന്റെ ശിഷ്യത്വത്തിന്റെ ആഴമേറിയ തലമാണ്. അതിനാല്‍ നീ നല്കിയ നന്മയ്ക്ക് പകരം തിന്മകളും നന്ദികേടും തന്നവരെക്കുറിച്ച് നീ ഏറെ എന്നോടു നന്ദി പറയണം. കാരണം അവരാണ് ശിഷ്യത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് നിന്റെ ജീവിതത്തെ തള്ളിയിട്ടവര്‍. നിന്റെ ഹൃദയവേദനകളും നന്ദിഹീനതയുടെ മുറിപ്പാടുകളും ഞാന്‍ അറിയാതെ സംഭവിച്ചതല്ല. ഞാന്‍ അറിഞ്ഞുകൊണ്ടും അനുവദിച്ചതുകൊണ്ടും സംഭവിച്ചതാണ്.” കര്‍ത്താവിന്റെ ഈ സമാശ്വാസവാക്കുകളെ പിന്‍താങ്ങുന്ന ഒരു തിരുവചനവും അവിടുന്നെനിക്ക് കാണിച്ചുതന്നു. ”നന്മ പ്രവര്‍ത്തിച്ചിട്ട് കഷ്ടതയനുഭവിക്കുക എന്നതാണ് ദൈവഹിതമെങ്കില്‍, അതാണ് തിന്മ പ്രവര്‍ത്തിച്ചിട്ട് കഷ്ടതയനുഭവിക്കുന്നതിനെക്കാള്‍ നല്ലത്” (1 പത്രോസ് 3/17). ചെയ്യുന്ന നന്മകള്‍ക്കുള്ള പ്രതിഫലം മനുഷ്യരില്‍നിന്നും തെല്ലുമല്ല പിന്നെയോ അവ സ്വര്‍ഗത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ് എന്നതാണ് മുകള്‍പറഞ്ഞ വചനങ്ങള്‍ നല്കുന്ന ദൈവദൂത്.
‘അച്ചോ ഞാന്‍ വല്ലാതെ മടുത്തു…’
ഒരിക്കല്‍ കുമ്പസാരത്തിനിടയില്‍ ഇപ്രകാരം പറഞ്ഞു. ”അച്ചോ, വല്ലാതെ മടുത്തുപോയിരിക്കുന്നു. കുറെയേറെ കാലങ്ങളായി യേശു പറഞ്ഞതനുസരിച്ച് വളരെ കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ച് അങ്ങോട്ടുചെന്ന് നന്മ ചെയ്തുകൊടുത്ത് തിന്മകളും തിരിച്ചടികളും പ്രതിഫലമായി വാങ്ങിക്കുന്നവളാണ് ഞാന്‍. നന്മ സ്വീകരിക്കുന്നവര്‍ ആദ്യഘട്ടത്തില്‍ പറയും, ഇത് വലിയ ഉപകാരമാണ്, ദൈവം പ്രതിഫലം തരും എന്ന്. രണ്ടാം ഘട്ടത്തില്‍ അവരിതെല്ലാം മറക്കും. നന്ദിയില്ലാത്തവരെപ്പോലെ പെരുമാറും. മൂന്നാമതൊരു ഘട്ടമുണ്ട് അതാണ് ദുഃസഹം. നമ്മള്‍ കൊടുത്ത നന്മയ്ക്ക് പ്രതിഫലമായി അവര്‍ തിന്മയും ദ്രോഹങ്ങളും തിരിച്ചടികളും തന്ന് അകന്നുപോകും. സത്യത്തില്‍ വല്ലാതെ മടുത്തിരിക്കുന്നച്ചാ…
പക്ഷേ വീണ്ടും ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നതുകൊണ്ട് വീണ്ടും നന്മ ചെയ്തുപോകും. ഓരോ നന്മ ചെയ്യുന്നതിനുമുമ്പും ഞാനിപ്പോള്‍ ചോദിച്ചുതുടങ്ങി. കര്‍ത്താവേ, നീ പറഞ്ഞതുകൊണ്ട് ഞാനിത് ചെയ്യാനൊരുമ്പെടുന്നു. പക്ഷേ എനിക്ക് പേടിയുണ്ട്, ഈ നന്മയ്ക്ക് തിരിച്ചടിയായി എന്താണാവോ കിട്ടാന്‍ പോവുക എന്ന്.”
സമാനമായ വേദനകളിലൂടെ കടന്നുപോകുന്നവര്‍ക്കുവേണ്ടി അച്ചന്‍ തന്ന ഉപദേശം ഞാനിവിടെ കുറിക്കട്ടെ. നമ്മള്‍ ഒരുപകാരം ആര്‍ക്കെങ്കിലും ചെയ്യുമ്പോള്‍ അവരില്‍നിന്നും നന്ദി കിട്ടിയില്ലെങ്കിലും നന്ദികേടെങ്കിലും കിട്ടരുത് എന്ന് ആഗ്രഹിക്കുക തികച്ചും സ്വാഭാവികമാണ്. യേശുവിന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഈ പ്രതിസന്ധി. അതുകൊണ്ടല്ലേ പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തി പറഞ്ഞയച്ചിട്ട് അക്കൂട്ടത്തിലുണ്ടായിരുന്ന വിജാതീയനായ ഒരുവന്‍മാത്രം വന്ന് നന്ദി പറഞ്ഞപ്പോള്‍ കര്‍ത്താവ് ഇപ്രകാരം ചോദിക്കുന്നത്, പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒമ്പതുപേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് നന്ദി പറയണമെന്നും ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ?
പക്ഷേ ബാക്കി ഒന്‍പതുപേരും തിരികെ വരുന്നതും നന്ദി പറയുന്നതും പ്രതീക്ഷിച്ച് അവന്‍ അവിടെ തങ്ങുന്നില്ല. നന്മ ചെയ്തുകൊണ്ട് അവന്‍ കടന്നുപോയി. നമുക്ക് പറ്റുന്ന അബദ്ധം നാം നന്ദി പ്രതീക്ഷിച്ച് അവിടെത്തന്നെ നില്ക്കുന്നു എന്നതാണ്. അത് മിക്കപ്പോഴും കിട്ടുകയില്ല എന്നു മാത്രമല്ല, ഉപദ്രവങ്ങള്‍ തിരികെ കിട്ടിയെന്നുമിരിക്കും. അതുകൊണ്ട് നന്മ ചെയ്തിട്ട് പ്രതിനന്ദിയും പ്രതീക്ഷിച്ച് അവിടെ തങ്ങരുത്. യേശുവിനെപ്പോലെ നന്മ ചെയ്ത് കടന്നുപോകണം. അവന്റെ ഈ കടന്നുപോക്ക് അവനെ എത്തിച്ചുചേര്‍ത്തത് കാല്‍വരിയിലെ കുരിശിലേക്കാണ്.
പീലാത്തോസിന്റെ വീട്ടിലെ മുറ്റത്തുവച്ച് ‘അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിച്ചു പറഞ്ഞവരില്‍ അനേകം പേര്‍ തന്റെ പരസ്യജീവിതകാലത്ത് അവനില്‍നിന്നും അനേകം നന്മകള്‍ സ്വീകരിച്ചവര്‍തന്നെയായിരുന്നു. പക്ഷേ കുരിശില്‍ മൂന്നാണികളിന്മേല്‍ തൂക്കപ്പെട്ട് മരിച്ചുകിടക്കുമ്പോഴും അവന്‍ നന്മ ചെയ്യാന്‍ മറന്നില്ല. തന്റെ മാറ് കുന്തംകൊണ്ട് കുത്തിപ്പിളര്‍ന്ന ലോഞ്ചിനൂസ് എന്ന പടയാളിയുടെ കണ്ണിലേക്ക് തന്റെ ചങ്കിലെ അവസാനതുള്ളി രക്തവും ഒഴുക്കി അവനെ യേശു സുഖപ്പെടുത്തുന്നു. അവിടെയും അവന്‍ നന്മ ചെയ്തുകൊണ്ടുതന്നെയാണ് കല്ലറയിലേക്ക് കടന്നുപോയത്. യേശുവിനെ അനുഗമിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ കടന്നുപോകലും ഇത്തരത്തിലുള്ളതായിരിക്കണം. ”അവനില്‍ വസിക്കുന്നു എന്ന് പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു” (1 യോഹന്നാന്‍ 2/6).
കുമ്പസാരം കഴിഞ്ഞ് കുരിശുരൂപത്തിന്റെ മുമ്പില്‍ ചെന്നിരുന്ന് യേശുവിന്റെ തിരുമാറിലെ തിരുമുറിവിലേക്ക് നോക്കിനിന്നപ്പോള്‍ വലിയൊരാശ്വാസം തോന്നി. ഞാനറിയാതെയൊരു പ്രാര്‍ത്ഥന എന്റെ ഉള്ളില്‍നിന്നും ഉയര്‍ന്നു. യേശുവേ, നന്മ ചെയ്തിട്ട് എനിക്ക് പ്രതിഫലമായി കിട്ടിയ എന്റെ ഹൃദയത്തിന്റെ മുറിവുകളെ നിന്റെ തിരുമാറിലെ മുറിവിനോട് ഞാന്‍ ചേര്‍ക്കുന്നു. നിന്നോടൊന്നിക്കപ്പെട്ട എന്റെ മുറിവുകളെയും ലോകത്തെ അനുഗ്രഹിക്കുന്ന മുറിവുകളാക്കി മാറ്റണമേ, ആമ്മേന്‍. ആവേ മരിയ.

സ്റ്റെല്ല ബെന്നി