‘കൂട്ടു’കൂട്ടിയ യാത്ര – Shalom Times Shalom Times |
Welcome to Shalom Times

‘കൂട്ടു’കൂട്ടിയ യാത്ര

 

ഒരു ദിവസം പ്രാര്‍ത്ഥിക്കാനിരിക്കുകയായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രാര്‍ത്ഥിക്കാന്‍ ഏകാഗ്രത ലഭിക്കുന്നില്ല. പലവിചാരങ്ങള്‍ മനസില്‍ വന്നുനിറയുന്നു… ‘എങ്ങനെ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും’ എന്ന ചിന്ത ആ ദിവസങ്ങളില്‍ അലട്ടിക്കൊണ്ടിരുന്നു.
അതിനിടയിലാണ് കൂട്ടുകാരന്റെ മകളെ ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയത്. സുഹൃത്തും ഞാനും അവിടെയെത്തി കുറച്ചുസമയം കാത്തിരുന്നപ്പോഴേക്കും അതാ കുട്ടി ഏറെ സന്തോഷത്തോടെ അപ്പന്റെയടുത്തേക്ക് ഓടിവരുന്നു. അവള്‍ കോളേജില്‍ ചേര്‍ന്നിട്ട് അധികദിവസങ്ങളായിട്ടില്ല.
കാറില്‍ കയറിയപ്പോള്‍മുതല്‍ അവള്‍ സംസാരം തുടങ്ങി. ”ചാച്ചാ, എനിക്ക് പുതിയ കൂട്ടുകാരിയെ കിട്ടി കേട്ടോ… പിന്നേയ് ക്യാന്റീനിലെ ഭക്ഷണത്തിനെല്ലാം ഉപ്പ് കുറവാ.. ഇനി വീട്ടില്‍നിന്ന് പോകുമ്പോള്‍ ഇത്തിരി ഉപ്പ് കൊണ്ടുപോകണം. പിന്നെയുണ്ടല്ലോ ചാച്ചാ, കഴിഞ്ഞ ദിവസം ടീച്ചര്‍ ഒരു പയ്യനെ വഴക്ക് പറഞ്ഞു, ടീഷര്‍ട്ട് ഇട്ടുവന്നതിന്. പക്ഷേ, ടീച്ചര്‍ നല്ല ടീച്ചറാണ് കേട്ടോ, നന്നായി പഠിപ്പിക്കും….” ഇങ്ങനെയിങ്ങനെ അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു, ”ഇവള്‍ നന്നായി സംസാരിക്കും അല്ലേ?” അദ്ദേഹം എന്നോട് പറഞ്ഞു, ”എടാ, ക്ലാസില്‍ നടന്ന കാര്യങ്ങളും അവളുടെ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം എന്റെ കുഞ്ഞ് എന്നോട് പറയും. അതെനിക്ക് വലിയ ഇഷ്ടമാണ്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ തിരുത്തിക്കൊടുക്കും.”
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു വചനം എന്റെ മനസിലേക്ക് വന്നു, ”കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണ് താനും” (1 യോഹന്നാന്‍ 3/1). സ്വന്തം മാതാപിതാക്കളെക്കാള്‍ എത്രയോ അധികമായി നമ്മെ ദൈവം സ്‌നേഹിക്കുന്നു. ആ കുട്ടി സ്വന്തം അപ്പനോട് വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ ചിലതെല്ലാം കേട്ട് അദ്ദേഹം അവളെ അഭിനന്ദിക്കുന്നു, ചില കാര്യങ്ങള്‍ തിരുത്തിക്കൊടുക്കുന്നു… ചിലത് കേട്ടിരിക്കുകമാത്രം ചെയ്യുന്നു. മാത്രവുമല്ല മകള്‍ അങ്ങനെ തന്നോട് സംസാരിക്കുന്നത് ആ പിതാവിന് വലിയ സന്തോഷവുമാണ്. ഇതുപോലെ നമ്മുടെ സ്‌നേഹപിതാവായ ദൈവത്തോട് നാം സംസാരിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസിലൂടെ കടന്നുപോയി. നമ്മുടെ പ്രശ്‌നങ്ങളും ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങളും നമ്മുടെ എല്ലാ വിശേഷങ്ങളും ദൈവത്തോട് പറയുമ്പോള്‍ ദൈവത്തിന് എത്ര സന്തോഷമായിരിക്കും?
ഇങ്ങനയൊരു ചിന്ത ലഭിച്ചതോടെ എന്റെ പ്രാര്‍ത്ഥന അത്തരത്തിലായി. ഈശോയുടെ അരികിലിരുന്ന് എന്റെ കാര്യങ്ങളെല്ലാം പറയും. ചിലപ്പോഴത് വീട്ടിലുണ്ടായ സന്തോഷങ്ങളെക്കുറിച്ചോ കുഞ്ഞുവഴക്കിനെക്കുറിച്ചോ ഒക്കെയാവും. ചിലപ്പോള്‍ യാത്രയ്ക്കിടയിലുണ്ടായ കാര്യങ്ങളും എന്റെ വിഷമങ്ങളും ആഗ്രഹങ്ങളുമായിരിക്കും. ഇഷ്ടപ്പെട്ട ഒരു വാഹനത്തെക്കുറിച്ചായിരിക്കും വേറൊരു സമയത്ത് പറയുന്നത്. ചില തെറ്റുകള്‍ സംഭവിച്ചുപോയതിനെക്കുറിച്ചായിരിക്കും ചിലപ്പോള്‍ പറയുക. അപ്പോള്‍ അതിനെക്കുറിച്ച് പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും കഴിയുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രാര്‍ത്ഥന എളുപ്പമായി. പലവിചാരങ്ങളും മാറി. ഈശോയുമായുള്ള ബന്ധത്തിന് ഇപ്പോള്‍ പുതിയൊരു ഊഷ്മളതയുണ്ട്.

ബിനു മാത്യു