മരണം വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ – Shalom Times Shalom Times |
Welcome to Shalom Times

മരണം വന്നപ്പോള്‍ കണ്ട കാഴ്ചകള്‍

സ്വയം ബുള്ളറ്റ് ഓടിച്ചാണ് അന്ന് ഞാന്‍ ആശുപത്രിയില്‍ പോയത്. ഒരു ചെറിയ തൊണ്ടവേദനയുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്തു. റിസല്‍റ്റ് പോസിറ്റീവായിരുന്നു. മുപ്പത്തിനാല് വയസാണ് പ്രായം. പൂര്‍ണ ആരോഗ്യവാനുമാണ്. അതുകൊണ്ട് കുറച്ച് ദിവസത്തെ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷം അജപാലനശുശ്രൂഷകളിലേക്കും ബി.എഡ് പഠനത്തിലേക്കും തിരികെപ്പോകാമെന്ന ചിന്തയില്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പക്ഷേ അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ശ്വാസമെടുക്കാന്‍ വിഷമം തോന്നുന്നതുപോലെ…. അതോടൊപ്പം കടുത്ത തൊണ്ടവേദനയും ചുമയും. എന്റെ അവസ്ഥ മോശമാവുകയാണെന്നുകണ്ട ആശുപത്രി അധികൃതര്‍ പെട്ടെന്നുതന്നെ ഐ.സി.യുവിലേക്ക് മാറ്റി.
ആത്മശക്തി ചോര്‍ന്നുപോകുന്നു… ”മനസിന്റെ ധൈര്യമാണ് നമുക്ക് വേണ്ടത്” എന്ന് പ്രസംഗവേദികളിലും അല്ലാതെയും പറഞ്ഞിരുന്ന ഞാന്‍ ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ പതറിപ്പോയി. ഐ.സി.യുവില്‍ മറ്റ് രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, അതിനപ്പുറം കണ്‍മുമ്പില്‍ നടക്കുന്ന മരണങ്ങള്‍… എല്ലാം എന്നെ വളരെയധികം തളര്‍ത്തി. ആത്മാര്‍ത്ഥമായി ദൈവത്തെ വിളിച്ചുകരഞ്ഞ നിമിഷങ്ങളായിരുന്നു അത്.
കാരണം, എനിക്കറിയാമായിരുന്നു എന്റെ മനക്കരുത്തുകൊണ്ടും ചുറ്റുമുള്ളവരുടെ സാന്നിധ്യംകൊണ്ടും ഒന്നും എന്റെ മനസ്സിനെ ബലപ്പെടുത്തുവാന്‍ സാധിക്കുകയില്ല എന്ന്. ദൈവസാന്നിധ്യമായിരുന്നു തളരാതെ പിടിച്ചു നില്‍ക്കുവാന്‍ കരുത്ത് നല്കിയത്. ”ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41/10) എന്ന വചനം ഞാന്‍ അനുഭവിച്ചു.
ഐ.സി.യുവില്‍ ആയിരുന്നപ്പോള്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഇങ്ങനെയൊരു രോഗമായതുകൊണ്ട് ആര്‍ക്കും കൂടെ നില്ക്കാനാവില്ലല്ലോ. വാസ്തവമായും ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച ദിവസങ്ങള്‍. ഇഞ്ചക്ഷനുകള്‍ നല്‍കുവാന്‍ ഞരമ്പ് കിട്ടാത്തതിന്റെ ബുദ്ധിമുട്ട്, പല ടെസ്റ്റുകള്‍ക്ക് വേണ്ടിയുള്ള ഇഞ്ചക്ഷനുകളുടെ വേദന. അതിനുമപ്പുറം ശരീരം മുഴുവന്‍ ഇളക്കി മറിക്കുന്ന രീതിയിലുള്ള ചുമ. ഭയം, ഉറക്കമില്ലാത്ത രാത്രികള്‍, കടുത്ത ഒറ്റപ്പെടല്‍, ഈ അവസ്ഥ വന്നല്ലോ എന്ന നിരാശ… അങ്ങനെ നീളുന്നു നൊമ്പരങ്ങളുടെ കണക്കുകള്‍. കുരിശില്‍ കിടന്നുകൊണ്ട് യേശു ചോദിച്ചതുപോലെ ഞാന്‍ ചോദിച്ചു പലപ്പോഴും, ‘എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചോ?’ അപ്പോഴെല്ലാം എനിക്ക് പ്രത്യേകിച്ച് ഒരു ഉത്തരം ലഭിച്ചില്ലെങ്കിലും, വേദനകള്‍ സഹിക്കാനുള്ള ശക്തി ലഭിച്ചിരുന്നു. വചനത്തിലൂടെ അവിടുന്ന് പറയുന്നു, ”അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 147/3).
എന്നാല്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന് അറിഞ്ഞപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്. വിവരിക്കാനാവാത്ത ആ രംഗം എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. വെന്റിലേറ്ററില്‍ ആയിരുന്നപ്പോള്‍ ഒരു സിസ്റ്റര്‍ എന്റെ അടുത്തുവന്ന് ജപമാല കയ്യില്‍ തന്നിട്ട് പറഞ്ഞു, ”അച്ചന്‍ ഭയപ്പെടേണ്ട, അച്ചന്റെ രോഗാവസ്ഥ അറിഞ്ഞ അനേകായിരങ്ങള്‍ കണ്ണീരോടെ അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്, അച്ചനെ ഇനിയും ഈ ലോകത്തിന്, അതുപാലെ ദൈവത്തിന് ആവശ്യമുണ്ട്, എല്ലാറ്റിനും ഉപരി പരിശുദ്ധ അമ്മ അച്ചനെ ഒരിക്കലും കൈവിടുകയില്ല.” ആ വാക്കുകള്‍ എനിക്ക് വളരെ ആശ്വാസമായിരുന്നു. ആ നിമിഷംമുതല്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്ന ജപമാല നെഞ്ചോട് ചേര്‍ത്തുവച്ചിരുന്നു. അപ്പോള്‍ അനുഭവപ്പെട്ടത് വചനം പറയുന്നതുപോലെതന്നെയായിരുന്നു, ”തന്റെ തൂവലുകള്‍കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും” (സങ്കീര്‍ത്തനങ്ങള്‍ 91/4).
പിന്നെ, മരണത്തെ മുഖാഭിമുഖം കാണുകയാണ്. ചുറ്റും ഒരു പ്രകാശവും അതിലുമപ്പുറം എന്റെ കൈകള്‍ ചേര്‍ത്തുപിടിക്കുന്ന ആ ദൈവസാന്നിധ്യവും ഞാന്‍ അനുഭവിച്ചു. ഇത് എഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. അയോഗ്യനായ എന്നെ ദൈവം ഇത്രയധികം സ്‌നേഹിക്കുന്നല്ലോ എന്നോര്‍ത്ത്. വലയം ചെയ്യുന്ന പ്രകാശരശ്മികളിലൂടെ ദൈവം എന്നെ പലതും കാണിച്ചു തന്നു. നീലമേലങ്കിയില്‍ എന്നെ ചേര്‍ത്തു പിടിക്കുന്ന പരിശുദ്ധ അമ്മ. ആ സാന്നിധ്യം ഞാന്‍ വ്യക്തമായി അറിഞ്ഞു. ഞാന്‍ തീര്‍ത്തും നിസ്സാരമെന്നു കരുതിയിരുന്ന നന്മകള്‍, വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഞാന്‍ മുറിപ്പെടുത്തിയ വ്യക്തികളുടെ വേദനിക്കുന്ന മുഖങ്ങള്‍, എല്ലാറ്റിനും അപ്പുറം ഞാന്‍ ഇതുവരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്തവരും എനിക്ക് ഒരു പരിചയവും ഇല്ലാത്തവരുമായ കുറെ ആളുകളുടെ പ്രാര്‍ത്ഥന- എല്ലാം ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു.
എന്നെ വളരെയധികം സ്‌നേഹിച്ച എന്റെ അമ്മ ഞങ്ങളെ വിട്ടു പോയിട്ട് മൂന്നുവര്‍ഷം ആകുകയാണ്. വേദനയുടെയും രോഗത്തിന്റെയുമൊക്കെ നിമിഷങ്ങളില്‍ അമ്മയുണ്ടെങ്കില്‍ അതൊരു ബലംതന്നെയായിരുന്നു എന്നോര്‍ത്ത് വിഷമിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ചുറ്റും ദര്‍ശിച്ചിരുന്ന പ്രകാശരശ്മികളില്‍ ഞാന്‍ പലപ്പോഴും കണ്ടത് വേര്‍പെട്ടുപോയ എന്റെ അച്ചാച്ചനെയും അമ്മയെയുമാണ്. ജീവിതകാലത്ത് അവരുടെ സാന്നിധ്യം ഞാനെങ്ങനെ അനുഭവിച്ചുവോ അതുപോലെതന്നെ അവര്‍ എന്റെ കൂടെ ഉണ്ടായിരുന്നു.
അന്നുവരെ ദൈവം സ്‌നേഹമാണെന്ന്, പ്രസംഗവേദികളില്‍ പറഞ്ഞ് കൂടുതല്‍ പരിചയമുള്ള എനിക്ക്, ആ സ്‌നേഹം എന്റെ വ്യക്തിപരമായ ജീവിതത്തില്‍ അനുഭവിക്കുവാനും തൊട്ടറിയുവാനും മനസ്സിലാക്കാനും സാധിച്ച ദിവസങ്ങളായിരുന്നു അത്. അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി എന്നെ വെന്റിലേറ്ററില്‍നിന്ന് ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ട് ഒരു മാസം കഴിഞ്ഞ ദിവസംതന്നെ, അതായത് 2021 മെയ് 26-ന് ഡിസ്ചാര്‍ജ് ആകുവാന്‍ ദൈവം അനുഗ്രഹിച്ചു. പരിശുദ്ധ ജപമാലയിലൂടെ അമ്മ വാങ്ങിത്തന്ന അനുഗ്രഹം.
എന്നെ പരിചരിച്ച ഡോക്ടര്‍ ഡിസ്ചാര്‍ജ് തന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ”ഞങ്ങളുടെ കഴിവുകള്‍കൊണ്ടോ, വൈദ്യശാസ്ത്രത്തിന്റെ പ്രവര്‍ത്തനം കൊണ്ടോമാത്രമല്ല അച്ചന്‍ ഇപ്പോള്‍ ജീവനിലേക്ക് തിരിച്ചു വന്നിരിക്കുന്നത്, അത് അച്ചനില്‍ പ്രവര്‍ത്തിച്ച ഒരു ശക്തികാരണമാണ്. ആദ്യമൊക്കെ അച്ചന്റെ അവസ്ഥയോര്‍ത്ത് ഞാനും വേദനിച്ചിട്ടുണ്ട്. എന്നാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയശേഷം, അച്ചന്റെ ശരീരം മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുകയും രോഗസൗഖ്യത്തിലേക്ക് അച്ചന്‍ എത്തിച്ചേരുകയുമാണുണ്ടായത്.”
മരണത്തിന്റെ വായില്‍നിന്നും രക്ഷപ്പെട്ട എനിക്ക് പറയാനുള്ളത്-
* നമ്മുടെ ജീവിതത്തിലെ ഏതൊരു സാഹചര്യത്തില്‍ നിന്നും, അത് മരണക്കിടക്കയില്‍നിന്നാണെങ്കില്‍പ്പോലും, നമ്മെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ ദൈവത്തിന് സാധിക്കും.
* പരിശുദ്ധ അമ്മയെ നാം നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണെങ്കില്‍, ജീവിതത്തിലെ ഏത് തകര്‍ച്ചയിലൂടെ കടന്നു പോയാലും പരിശുദ്ധ അമ്മ നമ്മളെ ചേര്‍ത്ത് പിടിക്കും. അത്രയും അമ്മ ചേര്‍ത്ത് പിടിച്ച ഒരു വൈദികനാണ് ഞാന്‍.
* ശ്വാസമെടുക്കാന്‍ സാധിക്കാതെ, ഓക്‌സിജനുവേണ്ടി, എന്റെ പ്രാണനുവേണ്ടി കൊതിയോടെ പിടഞ്ഞതോര്‍ക്കുമ്പോള്‍, ഓരോ നിമിഷവും ഓക്‌സിജന്‍ സൗജന്യമായി തന്നുകൊണ്ടിരിക്കുന്ന കര്‍ത്താവിന് നാം നന്ദി പറയണം.
* ചെയ്യാന്‍ സാധിക്കുന്ന നന്മകളെല്ലാം, പ്രാര്‍ത്ഥനയാലും പ്രവൃത്തിയാലും, നാം മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുക. അപ്പോള്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മെ സ്‌നേഹിക്കാനും വളരെയധികം പേരെ ദൈവം തരും.
* ദൈവം നമ്മെ സ്‌നേഹിക്കുന്നു, ദൈവത്തെ സ്‌നേഹിക്കുക. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല.
സങ്കീര്‍ത്തകനോട് ചേര്‍ന്ന് ഞാനും പറയുന്നു ”അങ്ങ് നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോട് നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അത് ശ്രേഷ്ഠമാണ്” (സങ്കീര്‍ത്തനങ്ങള്‍ 52/9).

ഫാ. സോഗിന്‍ ചിറയില്‍ എം.എസ്.റ്റി