ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍ – Shalom Times Shalom Times |
Welcome to Shalom Times

ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍


രാവിലെ മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. ”ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്‍ത്ഥിക്കണം.” വിദേശത്ത് ജോലിയുള്ള ഒരു ലേഡി ഡോക്ടര്‍ ആണ്. നാട്ടിലെപ്പോലെയല്ല, വിദേശത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക പ്രയാസകരമായ കടമ്പയാണ്. ഓരോ തവണ ശ്രമിക്കുമ്പോഴും വലിയ പണച്ചെലവും.
ഡോക്ടറെ എനിക്ക് ഫോണ്‍ മെസേജുകളിലൂടെയുള്ള പരിചയമേയുള്ളൂ. ആദ്യമായി എന്നെ സമീപിക്കുന്നത് ഭര്‍ത്താവിന്റെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ടാണ്. അദ്ദേഹത്തിന് ദുശീലങ്ങള്‍ ഒന്നുമില്ല. പക്ഷേ പല കാര്യങ്ങളിലും അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് മനസ്സിലായിട്ടുണ്ട്.
ഡോക്ടര്‍ ഒരുപാട് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. എങ്കിലും എപ്പോഴും ഭര്‍ത്താവിനെക്കുറിച്ച് പരാതികള്‍മാത്രമേ അവര്‍ പങ്കുവച്ചിട്ടുള്ളൂ. അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഈശോയല്ലേ അറിയുന്നത്, ഞാന്‍ എന്തിന് അവരെ വിധിക്കണം എന്ന് കരുതി പലപ്പോഴും അവരെ ശാന്തമായി കേള്‍ക്കും. ആ കേള്‍വിതന്നെ അവര്‍ക്ക് ഒരു ആശ്വാസം ആയിരുന്നിരിക്കാം…
അന്ന് പരിശുദ്ധ കുര്‍ബ്ബാനയില്‍ ഡോക്ടറെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. മുറിയിലെത്തിയപ്പോള്‍ വീണ്ടും ഡോക്ടറുടെ മൊബൈല്‍ സന്ദേശം. ”ഫഌറ്റില്‍നിന്നും ഇറങ്ങാന്‍ പോവുകയാണ്. പ്രാര്‍ത്ഥിക്കണേ.”
പെട്ടെന്ന് മനസ്സില്‍ ശക്തമായ ഒരു പ്രേരണ. പക്ഷേ അത് അവരോടു പറയാനുള്ള ധൈര്യം എനിക്ക് ഇല്ലാത്തതു പോലെ. സമയം പോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍ രണ്ടും കല്പിച്ച് വാട്ട്‌സാപ്പ് സന്ദേശം അയച്ചു.
”ഡോക്ടര്‍ എന്നോട് ക്ഷമിക്കണം. ഒരു പ്രേരണ മനസ്സില്‍ വന്നത് കൊണ്ടാണ് ഈ മെസേജ് അയക്കുന്നത്. വീട്ടില്‍നിന്നും ഇറങ്ങും മുന്‍പ് ഭര്‍ത്താവിനോടൊപ്പം ഈശോയുടെ മുന്‍പില്‍ ഒരുമിച്ചു നിന്ന് പ്രാര്‍ത്ഥിക്കാമോ? ഭര്‍ത്താവിനോട് ഡോക്ടറുടെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കാന്‍ പറയാമോ? ഞാന്‍ ഡ്രൈവിംഗ് ടെസ്റ്റ് സമയത്തു പ്രാര്‍ത്ഥിച്ചോളാം.”
ഒരു നല്ല കാര്യത്തിന് പോകുമ്പോള്‍ അവരുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തിയോ എന്ന് ഞാന്‍ ശങ്കിച്ചു. എന്നെ ശകാരിച്ചുകൊണ്ടൊരു മറുപടി വരാം. അല്ലെങ്കില്‍ ഈ ബന്ധം മുറിഞ്ഞേക്കാം. അങ്ങനെയൊക്കെ പ്രതീക്ഷിച്ച് മൊബൈല്‍ കയ്യില്‍ത്തന്നെ പിടിച്ചു അല്പസമയം. മറുപടി ഒന്നും ലഭിച്ചില്ല.
ഏകദേശം പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നു. ഡോക്ടറുടെ നമ്പറില്‍നിന്നും ഫോണ്‍കോള്‍. ഉള്ളില്‍ അല്പം ഭയത്തോടെയാണ് അറ്റന്‍ഡ് ചെയ്തത്. ഏങ്ങിക്കരയുന്ന ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ. രാവിലെ മെസേജ് അയച്ച് അവരെ വിഷമിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഒരിക്കല്‍ക്കൂടി തോന്നി.
”ഡോക്ടര്‍ വിഷമിക്കാതെ, ഈശോ തക്കസമയത്ത് ഇടപെട്ടോളും” എന്ന് ആശ്വാസവാക്കായി പറഞ്ഞു. പൊട്ടിക്കരയുന്ന അവരോട് മറ്റെന്ത് പറയാന്‍? ‘പിന്നീട് വിളിക്കാം’ എന്ന് പറഞ്ഞ് ഞാന്‍ കോള്‍ കട്ട് ചെയ്യാനൊരുങ്ങി. ഉടനെ ഡോക്ടര്‍ സംസാരിക്കാന്‍ തുടങ്ങി, ”ഞാന്‍ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പാസ് ആയി!” എന്നില്‍നിന്ന് ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു. ഇനി എന്തായാലും ഡോക്ടര്‍ എന്നോട് വഴക്കു കൂടില്ലെന്ന് ഉറപ്പായി. അങ്ങനെ ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിച്ചു.
ഡ്രൈവിംഗ് ടെസ്റ്റിന് പോകും മുന്‍പ് ഡോക്ടറുടെ ഫഌറ്റില്‍ നടന്ന സംഭവങ്ങള്‍ അവര്‍ വിവരിക്കാന്‍ തുടങ്ങി. എന്റെ മെസേജ് കിട്ടിയ ശേഷം മനസ്സില്ലാ മനസ്സോടെ അവര്‍ ഭര്‍ത്താവിനെ വിളിച്ചു ഈശോയുടെ മുന്‍പില്‍ നിര്‍ത്തി. അവര്‍ തുടര്‍ന്നു, ”വര്‍ഷങ്ങളായി ഒരുമിച്ച് ദൈവസന്നിധിയില്‍ നിന്ന് പ്രാര്‍ത്ഥിച്ചിട്ട്. അദ്ദേഹത്തോട് എന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിക്കാന്‍ പറഞ്ഞു. അറിയാതെ ഞാന്‍ നിലത്തു മുട്ടുകുത്തി. ഭര്‍ത്താവ് എന്റെ ശിരസ്സില്‍ കൈവച്ചുകൊണ്ടു പറഞ്ഞു, നീ ഇന്ന് പാസാവും. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തൊക്കെയോ ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ എഴുന്നേല്‍പ്പിച്ച് ചേര്‍ത്തുപിടിച്ച് ചുംബിച്ചു. എവിടെയോ നഷ്ടപ്പെട്ടുപോയ പുതുവീഞ്ഞിന്റെ ക്രിസ്തുലഹരി ഞങ്ങളുടെ ജീവിതത്തില്‍ വീണ്ടും നിറയുന്ന പോലെ….
പിന്നെ ഭര്‍ത്താവ് എന്നോട് പറഞ്ഞു. ഇന്ന് ഞാനും കൂടെ വരാം. ഒരുമിച്ചാണ് ഞങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് പോയത്. ഇന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം അനായാസം ചെയ്തു. വാസ്തവത്തില്‍ ഇന്ന് ഞാന്‍ പാസായത് ഡ്രൈവിംഗ് ടെസ്റ്റ് അല്ല. എന്റെ ജീവിതമാകുന്ന വാഹനത്തില്‍ എങ്ങനെ സഞ്ചരിക്കണം എന്ന പരീക്ഷയാണ്. എന്റെ ഭര്‍ത്താവിന്റെ കുറവുകളെമാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. ഇനി ഒരിക്കലും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പരാതി പറയുകയില്ല. എനിക്ക് എളിമപ്പെടാന്‍ സാധിക്കാത്തതുകൊണ്ടാണ് പലയിടത്തും ഞാന്‍ തോറ്റുപോയത്.”
ഡോക്ടറെ കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. വീഞ്ഞ് തീര്‍ന്നു പോയ കാനായിലെ ഭവനത്തില്‍ പുതുവീഞ്ഞ് നിറച്ച ചങ്ക് നസ്രായന്‍ ഡോക്ടറുടെ വീട്ടിലും ചെന്നത്രേ. സ്‌നേഹത്തിന്റെ ഊഷ്മളതയും ധാര്‍മികതയും വറ്റിപ്പോയ ഒഴിഞ്ഞ തോല്‍ക്കുടങ്ങളായി കുടുംബ ജീവിതങ്ങള്‍ മാറുമ്പോള്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലെ ഈശോയുടെ വാക്കുകള്‍ ഓര്‍ക്കാം. ‘നിന്റെ വീഴ്ചകള്‍ക്ക് കാരണം നീ എന്നില്‍ ആശ്രയിക്കാതെ നിന്റെ കഴിവില്‍ത്തന്നെ കൂടുതല്‍ ആശ്രയിക്കുന്നതാണ്. സ്വന്തം കഴിവുകൊണ്ട് നിനക്കൊന്നും ചെയ്യാനാകില്ലെന്നു നീ അറിയണം.’ (1488)
കുടുംബജീവിതത്തിന്റെ ദുഃഖങ്ങളും വേദനകളും കൊടുങ്കാറ്റുപോലെ തിരകളെ ഇളക്കി മറിക്കുമ്പോള്‍ നമ്മുടെ ജീവിതമാകുന്ന കൊച്ചുതോണിയുടെ അമരത്ത് ശാന്തമായി ഉറങ്ങുന്ന ഈശോയെ നമുക്കും വിളിച്ചുണര്‍ത്താം. അവന്‍ ഉണര്‍ന്നാല്‍ കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കും എന്നതാണ് അവനിലുള്ള നമ്മുടെ ഉറപ്പ്. കാരണം, ”നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്” (ഏശയ്യാ 53/4).
കുടുംബം ഭൂമിയിലെ സ്വര്‍ഗം എന്നാണല്ലോ. ആലിലയുടെ രൂപത്തിലുള്ള താലിയും അതിനു നടുവില്‍ ഉള്ള കുരിശും അര്‍ത്ഥമാക്കുന്നത് എന്നും തളിര്‍ത്തു നില്‍ക്കുന്ന ആല്‍മരംപോലെ കുടുംബ ജീവിതവും കുരിശിലെ ഈശോയോടു ചേര്‍ന്ന് തളിര്‍ത്തു നിത്യവസന്തമായി മാറണം എന്നാണ്. ”കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ. അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും” (ജറെമിയാ 17/7-8).
വസന്തകാലം ജീവന്റെയും പുതുക്കലിന്റെയും ഓര്‍മപ്പെടുത്തലാണ്. സകലതും ഭൗതികതയിലേക്കു മനുഷ്യനെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്നാളുകളില്‍ നമ്മുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഈശോയോടു നമുക്കും പ്രാര്‍ത്ഥിക്കാം.
ഈശോയേ, എന്റെ അനുദിന ജീവിതത്തിന്റെ വിരസതകളില്‍ മാനുഷിക ചിന്തകളാല്‍ നയിക്കപ്പെടാതെ, ദൈവാരൂപിയാല്‍ നയിക്കപ്പെടാന്‍ തക്കവിധം എന്റെ വിശ്വാസത്തെ ബലപ്പെടുത്തണമെന്നു തീക്ഷ്ണതയോടെ യാചിക്കുന്നു. എന്റെ ജീവിതം മുഴുവനും കരുണയായി രൂപാന്തരപ്പെടുത്തിയാലും…

ആന്‍ മരിയ ക്രിസ്റ്റീന